History

സയ്യിദ് നൂര്‍സി: ജിഹാദിന്റെ അഹിംസാത്മക മാതൃക

Pinterest LinkedIn Tumblr

ഇസ്ലാം സാര്‍വത്രികമാണെന്നും അത് സകല സൃഷ്ടിചരാചരങ്ങള്‍ക്കും മുകളില്‍ വര്‍ഷിക്കുന്ന അനുഗ്രഹമാണെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഒരു സാര്‍വലൗകിക വിശ്വാസ സംഹിതയെന്ന നിലയില്‍ കാലഗതികള്‍ക്കനുസരിച്ചു വൈവിധ്യമാര്‍ന്ന വ്യാഖ്യാനങ്ങള്‍ക്കു ഇസ്ലാം വിധേയമായിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും സ്വയം ബന്ധപ്പെടുത്താന്‍ കഴിയുന്ന അനുകമ്പ, ദയ, സഹിഷ്ണുത, സ്‌നേഹം തുടങ്ങിയ ഉല്കൃഷ്ട ഗുണങ്ങള്‍ അത് ഉയര്‍ത്തിക്കാണിക്കുകയും പ്രായോഗികമായ ഒരു ജീവിത ശൈലി മുന്നോട്ട് വെക്കുകയും ചെയ്യുന്നു.

മുകളില്‍ പറഞ്ഞ അധ്യാപനങ്ങളില്‍ നിന്നും അടിസ്ഥാനസ്വഭാവങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഇന്ന് ലോകത്തിനു മുന്‍പില്‍ ഇസ്ലാമിന്റെ മുഖം. മുഖ്യധാരാ മാധ്യമങ്ങള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും ഇസ്ലാമിനെക്കുറിച്ച വളരെ വികലവും തെറ്റിദ്ധാരണജനകവുമായ പ്രചരണങ്ങള്‍ ദിനേനയെന്നോണം നടന്നു വരുന്നു. ഇക്കാര്യത്തില്‍ സ്ഥിരമായുന്നയിക്കുന്ന മൂന്ന് വാദഗതികള്‍ പരിശോധിക്കാം:

ആദ്യത്തേത് ഇസ്ലാം അന്തര്‍ലീനമായി ഒരു ഹിംസാത്മക തത്വശാസ്ത്രമാണെന്ന വിമര്‍ശനമാണ്. ഇതിനു തെളിവായി ഖുര്‍ആനില്‍ നിന്ന് തിരഞ്ഞെടുത്ത ആയത്തുകളും പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകളും പതിവായി ഉദ്ധരിക്കപ്പെടുന്നു. ഇതോടൊപ്പം തന്നെ പ്രവാചകന്‍ തന്നെ നിരവധി യുദ്ധങ്ങളില്‍ പങ്കാളിയായിരുന്നുവെന്നും ഇസ്ലാമിക സാമ്രാജ്യത്തിന്റെ സ്ഥാപനത്തിനും വികാസത്തിനും യുദ്ധങ്ങള്‍ ഒരു പ്രധാന ഘടകമായിരുന്നെന്നും വാദിക്കുകയും ചെയ്യുന്നു. ഇസ്ലാമിന്റെ വ്യാപനം സാധ്യമായത് വാള് കൊണ്ടും ജിഹാദ് കൊണ്ടുമാണെന്നും സമകാലീന സമൂഹങ്ങളില്‍ ഈ വീക്ഷണത്തിന്റെ വക്താക്കള്‍ നടത്തുന്ന അക്രമങ്ങളും സംഘര്‍ഷങ്ങളും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

രണ്ടാമത്തെ വാദം ഇസ്ലാം മൂല്യങ്ങളുടെയും ആത്മീയതയുടെയും ശിക്ഷണങ്ങള്‍ നല്‍കുന്നതിന് പകരം അതിന്റെ അനുയായികള്‍ക്ക് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്ര ബോധനമാണ് നല്‍കുന്നത് എന്നതാണ്. ഇരുപതാം നൂറ്റാണ്ടില്‍ രാഷ്ട്രീയ ഇസ്ലാമിന് മുസ്ലിം സമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് പല മുസ്ലിംകളും വിശ്വസിച്ചിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വാദം. ഇസ്ലാമിക മൂല്യങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുന്ന ഒരു സമൂഹത്തെ ഭരിക്കുന്നതില്‍ ഇസ്ലാമിക ഗവണ്മെന്റ് മികച്ച സേവനം നല്‍കുമെന്നായിരുന്നു ആശയം.

മറ്റു മതങ്ങളോടും ആശയ സംഹിതകളോടും സഹിഷ്ണുത പുലര്‍ത്തുന്ന ഒരു മതേതര അന്തരീക്ഷം ഉള്‍ക്കൊള്ളാന്‍ ഇസ്ലാമിന് സാധിക്കില്ലെന്നാണ് മൂന്നാമത്തെ വാദം. അതായത്, ദൈവഹിതത്തിന് അനുസൃതമായി ജീവിതം നയിക്കാന്‍, ഇസ്ലാമിക നിയമപ്രകാരം (ശരീഅത്ത്) ഭരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ജീവിക്കണം, പല മുസ്ലികളും ഈ ഒരു ആശയത്തില്‍ വിശ്വസിക്കുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.

ജിഹാദിന്റെ അഹിംസാത്മക മാതൃക:

ഈ മൂന്ന് വാദങ്ങളെയും നേരിട്ട് വെല്ലുവിളിക്കുന്ന ഒരു ഇസ്ലാമിക മാതൃക അവതരിപ്പിച്ചയാളാണ് പ്രസിദ്ധനായ മുസ്ലിം ദൈവശാസ്ത്രപണ്ഡിതന്‍ ബദീഉസ്സമാന്‍ സയ്യിദ് നൂര്‍സി (1877–1960). ഓട്ടോമന്‍ ഖിലാഫത്തിന്റെ തകര്‍ച്ചയ്ക്കും ആധുനിക തുര്‍ക്കിയുടെ ആവിര്‍ഭാവത്തിനും സാക്ഷ്യം വഹിച്ച ഊര്ജ്ജിതപ്രഭാവവും ആദ്ധ്യാത്മിക പണ്ഡിതനുമായിരുന്നു നൂര്‍സി. മത വിദ്യാഭ്യാസ സംവിധാനങ്ങളെ അവസാനിപ്പിക്കുകയും ഇസ്ലാമിന്റെ ആത്മാവിനെ രാജ്യത്തു നിന്നും തുടച്ചു നീക്കാനായി മുസ്തഫ കമാലിന്റെ മതേതര രാഷ്ട്രം പണിയെടുത്തു കൊണ്ടിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് നൂര്‍സി തന്റെ ദിനേനയുള്ള ‘ജിഹാദിന്’ തുടക്കം കുറിക്കുന്നത്. ഇക്കാരണത്താല്‍ നിരവധി തവണ ജയിലിലടക്കപ്പെടുകയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും നാട് കടത്തലിനും അദ്ദേഹം വിധേയമാക്കപ്പെടുകയും ഉണ്ടായി.

ചരിത്രപരമായ സന്ദര്‍ഭം:

നൂര്‍സി ജനിക്കുന്നതിനു മുമ്പുള്ള നൂറ്റാണ്ട്: മുസ്ലിം ലോകം സാംസ്‌കാരികമായും സാമൂഹികമായും സാമ്പത്തികമായും സൈനികമായും മാനസികവും ശാരീരികവുമായ തകര്‍ച്ചയിലുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ശക്തികള്‍ കൈവശപ്പെടുത്തിയ മുസ്ലിം ഭൂസ്വത്തുക്കളുടെ വിസ്താരവലുപ്പം ചെറുതായിരുന്നെങ്കിലും മുസ്ലിം ലോകത്തെല്ലായിടത്തും പടിഞ്ഞാറിന്റെ ശക്തമായ സ്വാധീനവും ആധിപത്യവും അനുഭവപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, പാശ്ചാത്യ ശക്തികള്‍ റഷ്യക്കൊപ്പം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മുസ്ലിം പ്രദേശങ്ങളില്‍ വിശേഷിച്ചും അമിതാധിപത്യം പുലര്‍ത്തിയിരുന്നു. മാര്‍ഷല്‍ ഹോഗ്‌സന്റെ അഭിപ്രായത്തില്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ നേരിട്ടുള്ള കോളനിവല്‍ക്കരണം നടന്നില്ലെങ്കിലും ഒരു സ്വതന്ത്ര ഇസ്ലാമിക നേതൃത്വമോ ഏകീകരണമോ പാശ്ചാത്യര്‍ വെച്ച് പൊറുപ്പിച്ചിരുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്യന്‍ ശക്തികള്‍ നിയന്ത്രിച്ചിരുന്ന മുസ്ലിം ലോകത്തിന്റെ അവസ്ഥ കൂടുതല്‍ വിചിത്രവും നാടകീയവുമായിരുന്നു. ബ്രിട്ടീഷുകാര്‍ ഈജിപ്ത്, പലസ്തീന്‍, ഇറാഖ്, ഇന്ത്യ എന്നിവ കോളനിവത്കരിച്ചപ്പോള്‍ ഫ്രഞ്ചുകാര്‍ വടക്കേ ആഫ്രിക്കയെയും സിറിയയെയും നിയന്ത്രിച്ചു, ഡച്ച്കാര്‍ ഇന്തോനേഷ്യയും മലേഷ്യയും കൈവശപ്പെടുത്തി.

ഓട്ടോമന്‍ സാമ്രാജ്യം മുസ്ലിം ലോകത്തിന്റെ പല പ്രദേശങ്ങളിലും സൈനിക പരാജയങ്ങളും സാമ്പത്തിക തകര്‍ച്ചയുമടക്കം കനത്ത തിരിച്ചടി നേരിട്ടു. ഭരണാധികാരികള്‍ സൈന്യത്തെ പുനരുജ്ജീവിപ്പിക്കാനും സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്ക് തുടക്കം കുറിക്കാനും ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ബാല്‍ക്കന്‍ മേഖലകളില്‍ വസിച്ചിരുന്ന ക്രിസ്തീയ വിശ്വാസികള്‍ തീവ്ര ദേശീയതയിലേക്ക് തിരിഞ്ഞതും തിരിച്ചടിയായി.

ഓട്ടോമന്‍ സാമ്രാജ്യത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ പല സമകാലീന ബുദ്ധിജീവികളെപ്പോലെ നൂര്‍സിയും പരിഹാരങ്ങള്‍ തേടി. ഭരണഘടനയെ പിന്തുണച്ച അദ്ദേഹം വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഷ്‌കരിക്കാന്‍ ആഗ്രഹിച്ചു. മതപരവും ആധുനികവുമായ ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്ന മദ്രസ സംവിധാനങ്ങള്‍ സ്ഥാപിക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു മുന്‍പേ ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നു. പിന്നീടുയര്‍ന്നു വന്ന പുതിയ റിപ്പബ്ലിക് മത പഠനങ്ങളില്‍ ഒരു സാധ്യതയും കണ്ടില്ല. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മത വിദ്യാഭ്യാസം നല്‍കുന്നതും മുസ്ലിംകള്‍ക്ക് ആത്മീയ വിഭവമായി പ്രവര്‍ത്തിക്കുന്നതുമായ എല്ലാ സ്ഥാപനങ്ങളും ഭരണകൂടം പൊളിച്ചുമാറ്റി.

സയ്യിദ് നൂര്‍സിയുടെ ലോകപ്രസിദ്ധമായ രിസാലെ നൂർ, പുസ്തക സമാഹാരം

പുതിയ തുര്‍ക്കി റിപ്പബ്ലിക്കും നൂര്‍സിയുടെ ദുരവസ്ഥയും:

ആധുനിക തുര്‍ക്കിക്കായുള്ള പദ്ധതികളില്‍ ഇസ്ലാമിനും മതസ്വാതന്ത്ര്യത്തിനും ഇടമുണ്ടായിരുന്നില്ല. രാജ്യത്തെ മതേതരമാക്കി മാറ്റുന്നതിനായി പാശ്ചാത്യന്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. അമേരിക്കയിലെതിനും യൂറോപ്പിലെതിനും വിപരീതമായി മതേതരത്വം അടിച്ചേല്‍പ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. നിര്‍ബന്ധിതമായി നടപ്പിലാക്കിയ മാറ്റങ്ങള്‍ മതിയായ കൂടിയാലോചനയോ ജനസമ്മതമോ ഇല്ലാതെയായിരുന്നു. 1924 ല്‍ ഖിലാഫത്ത് തകര്‍ന്നു. എല്ലാ മത സംവിധാനങ്ങളും സ്ഥാപനങ്ങളും പൊളിച്ചു മാറ്റി, സ്വത്തുവകകള്‍ കണ്ടു കെട്ടി, ചില സൂഫി ഉദ്യാനഗൃഹങ്ങള്‍ മ്യൂസിയങ്ങളാക്കി. പള്ളികള്‍, മദ്രസകള്‍, ഇസ്ലാമിക സെമിനാരികള്‍ എന്നിവ അടച്ചു പൂട്ടി. മതപരമായ വസ്തുദാന സംവിധാനങ്ങള്‍ (വഖഫ്) പിടിച്ചെടുത്തു. ഇസ്ലാമിക നിയമങ്ങള്‍ക്കു പകരം യൂറോപ്യന്‍ നിയമ വ്യവസ്ഥകള്‍ പ്രതിഷ്ഠിച്ചു.

ഒരു മുസ്ലീം പണ്ഡിതനെന്ന നിലയില്‍ പുതിയ റിപ്പബ്ലിക്കിന്റെ പരിഷ്‌ക്കാരങ്ങള്‍ നൂര്‍സിയെ സ്വാഭാവികമായും നിരാശനാക്കി. എന്നാല്‍ നൂര്‍സി തനിക്ക് ചുറ്റുമുള്ള വിശ്വാസികള്‍ക്ക് ആത്മീയ ജ്ഞാനം പകരുന്നത് തുടര്‍ന്നു. മുപ്പതുവര്‍ഷത്തെ നാടുകടത്തലിനും ജയില്‍ വാസത്തിനുമിടെയാണ് അദ്ദേഹം ലോക പ്രസിദ്ധമായ റിസാലെഇ നൂര്‍ സമാഹാരങ്ങള്‍ എഴുതുന്നത്. പുതിയ സാഹചര്യങ്ങളില്‍ സര്‍ക്കാരുമായി നേരിട്ടുള്ള ശാരീരിക ഏറ്റുമുട്ടലുകള്‍ നൂര്‍സിക്കു മുന്‍പില്‍ ഒരു വഴിയേ ആയിരുന്നില്ല. മറിച്ചു വിജ്ഞാന സാഹിത്യങ്ങള്‍ എഴുതുന്നതും ആത്മീയ വിഭവങ്ങള്‍ അനുയായികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതും തന്റെ ജിഹാദായി കാണുകയായിരുന്നു അദ്ദേഹം. പോസിറ്റീവ് ആക്ഷന്‍ (മുസ്‌ബെത് ഹരികത്ത്), അഹിംസ എന്നിവയാണ് അദ്ദേഹം സ്വീകരിച്ച രീതിയുടെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങള്‍.

പോസിറ്റീവ് ആക്ഷന്‍ (മുസ്‌ബെത് ഹരികത്ത്) നൂര്‍സി രചനകളിലെ അഹിംസ:

മതസ്ഥാപനങ്ങളെ പൂര്‍ണമായും ഇല്ലാതാക്കിയത് നിമിത്തം രൂപപ്പെട്ടു വന്ന ആക്രമണാത്മക മതേതരത്വം, ശാസ്ത്രീയ ഭൗതിക വാദം, പ്രകൃതിതത്ത്വജ്ഞാനം എന്നിവയാല്‍ വര്‍ദ്ധിച്ച ആത്മീയ ശൂന്യത അനുഭവപ്പെട്ടിരുന്നു. ഈ അവസ്ഥകളെ ക്രിയാത്മകമായി അഭിമുഖീകരിച്ച നൂര്‍സിയും അനുയായികളും അഹിംസാത്മക ചെറുത്തുനില്‍പ്പിലൂടെ പുതിയ റിപ്പബ്ലിക്കിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളെ ചെറുക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഇസ്ലാമിനെ സംബന്ധിച്ച് മുസ്ലിം സമൂഹത്തിന് മൂന്ന് സുപ്രധാന ഘട്ടങ്ങളുണ്ടെന്ന് നൂര്‍സി തന്റെ രിസാലില്‍ പറയുന്നു. ആദ്യത്തേത് വിശ്വാസം (ഈമാന്‍) ആണ്. രണ്ടാമത്തേത് വ്യക്തികളിലും സമൂഹത്തിലുമുള്ള (ഹയാത്ത്) വിശ്വാസ പരിശീലനമാണ്. വിശ്വാസം ശക്തമാകുന്നതോടെ അതിന്റെ ആവിഷ്‌ക്കാരങ്ങളും ശക്തമാകും എന്ന് നൂര്‍സി അഭിപ്രായപ്പെട്ടു. മൂന്നാമത്തെ ഘട്ടം ശരീഅത്ത് (ശരീഅത്) ആണ്. തുര്‍ക്കിയിലെ മുസ്ലിം സമൂഹം നേരിടുന്ന പുതിയ കാല വെല്ലുവിളികളെ നേരിടാന്‍ ഇങ്ങനെയൊരു റോഡ് മാപ്പ് അവതരിപ്പിക്കുകയിരുന്നു നൂര്‍സി ചെയ്തത്. ആധുനിക മതേതര തുര്‍ക്കിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക മാത്രമല്ല മറിച്ചു ലോകമെമ്പാടുമുള്ള സമുദായത്തിന്റെ വൈഷമ്യം നൂര്‍സി മുന്‍കൂട്ടി മനസ്സിലാക്കിയതായി അദ്ദേഹത്തിന്റെ രചനകളില്‍ കാണാം.

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ആളുകളുടെ വ്യക്തി ജീവിതത്തിലെ വിശ്വാസത്തെ (ഈമാന്‍) ഊട്ടിയുറപ്പിക്കുക എന്നത് പ്രധാനമായിരുന്നു. അപ്രകാരം തന്നെ സമൂഹത്തിന്റെ വിശ്വാസ കാര്യങ്ങളും പ്രായോഗിക സമീപനങ്ങളും, ശരീഅത്തും ഒന്നിച്ചു ക്രമീകരിക്കല്‍ അസാധ്യവുമാണ്. ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നില്ല നൂര്‍സിയുടെ ലക്ഷ്യം, മറിച്ചു മനസ്സും ഹൃദയവും ഇസ്ലാമിക അവസ്ഥയിലേക്ക് മടങ്ങുക എന്നതായിരുന്നു. ആഗോള മുസ്ലിം സമുദായത്തിന്റെ (ഉമ്മ) പല പ്രശ്‌നങ്ങളും വിശ്വാസ ദൗര്‍ബല്യത്തില്‍ നിന്നാണ് ഉണ്ടായതെന്ന് അദ്ദേഹം വിശ്വസിച്ചു.

തന്റെ കാഴ്ചപ്പാടുകള്‍ സാക്ഷാത്കരിക്കുന്നതിനായി സൃഷ്ടിപരമായ വഴികള്‍ തേടിയ നൂര്‍സി പോസിറ്റീവ് പ്രവര്‍ത്തനങ്ങള്‍ (മുസ്‌ബെത് ഹരികത്ത് ) എന്ന ആശയം ഉണ്ടാക്കി. അത് നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാണാത്മകതയില്‍ ഊന്നിയിട്ടാവണം. സംഹാരവും ദുര്‍വൃത്തിയും ഒരിക്കലും ഒരു പരിഹാരമല്ല. കഠിനമായ സാഹചര്യങ്ങളില്‍പ്പോലും, നൂര്‍സിയും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സംയമനം കൈവെടിഞ്ഞില്ല, അത് അദ്ദേഹത്തിന്റെ അഹിംസാത്മക പ്രതിരോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായിരുന്നു. തന്റെ കാഴ്ചപ്പാടുകള്‍ ഫലപ്രാപ്തിയിലെത്തുമ്പോള്‍ ആവശ്യമായ മാറ്റം വരുത്താനുള്ള ഉപാധിയല്ല രാഷ്ട്രീയ ഇസ്ലാം എന്നദ്ദേഹം വിശ്വസിച്ചു. ഭരണത്തിലെ മാറ്റങ്ങളും ശരീഅത്ത് അധിഷ്ഠിത സര്‍ക്കാര്‍ സ്ഥാപിക്കുന്നതും അദ്ദേഹത്തിന്റെ ആശങ്കകളില്‍ പെട്ടതായിരുന്നില്ല. മറിച്ച്, വിശ്വാസ കാര്യങ്ങളിലും വ്യക്തികളുടെ പരിവര്‍ത്തനങ്ങളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തരം പ്രയത്‌നങ്ങളിലൂടെ നൂര്‍സി നടത്തിയ അഹിംസയില്‍ അധിഷ്ഠിതമായ ക്രിയാത്മക പ്രവര്‍ത്തങ്ങള്‍ ജിഹാദിന്റെ ഉജ്ജ്വല രൂപമായി ഇന്നും മനസ്സിലാക്കപ്പെടുന്നു.

നൂർസിയും സമകാലീനരും:

സാമൂഹിക പരിവര്‍ത്തനങ്ങളോടുള്ള സമീപനങ്ങളില്‍ ഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, മണ്ടേല എന്നിവര്‍ക്ക് നൂര്‍സിയുമായി ഏറെ സാമ്യമുണ്ട്. ഗാന്ധിയുടെ ഉപ്പു സത്യാഗ്രഹവും, മണ്ടേലയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും, കിങ്ങിന്റെ ബിര്‍മിങ്ഹാം ജയിലില്‍ നിന്നുള്ള കത്തുകളുമെല്ലാം പോലെ തന്നെ ചരിത്രത്തില്‍ നൂര്‍സി അറിയപ്പെടുന്നത് തന്റെ രിസാലെ നൂര്‍ സമാഹാരത്തിലൂടെയും
നിശബ്ദമായി അദ്ദേഹം നടത്തിയ സാമൂഹിക പരിവര്‍ത്തനങ്ങളിലൂടെയുമാണ്. മരണ ശേഷം പോലും അദ്ദേഹത്തെ വെറുതെ വിടാതിരുന്ന ഭരണകൂടം ഖബര്‍ മാന്തിയെടുക്കുകയും അജ്ഞാത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ പിന്നീട് വന്ന സമൂഹം നൂര്‍സി പഠിപ്പിച്ച ‘ജിഹാദിനെ’ മനസിലാക്കുകയും അതിനെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തതാണ് ചരിത്രം. വര്‍ത്തമാനകാലത്തും നൂര്‍സി വായിക്കപ്പെടുകയും അദ്ദേഹം കാണിച്ചുതന്ന പ്രവര്‍ത്തന മാര്‍ഗങ്ങളെയും, പരിവര്‍ത്തന രീതികളെയും, മുസ്‌ബെത് ഹരികത്തി അടിസ്ഥാനമാക്കിയ അഹിംസാത്മക പാരമ്പര്യങ്ങളെ ഉള്‍ക്കൊള്ളുകയും നെഞ്ചേറ്റുകയും ചെയ്യുന്നു.

Dr. Salih Sayilgan is Visiting Assistant Professor of Islamic and Interreligious Studies at Wesley Theological Seminary in Washington, DC. He also serves as the managing editor of the Journal of Interreligious Studies and Intercultural Theology.

3 Comments

  1. Great post. I was checking continuously this blog and I am impressed! Extremely helpful information specifically the last part 🙂 I care for such info much. I was looking for this certain info for a very long time. Thank you and best of luck.

Write A Comment