Politics

വംശീയത: പടിഞ്ഞാറിന്റെ ചരിത്രവും നവ രാഷ്ട്രീയ പ്രതിസന്ധികളും

Pinterest LinkedIn Tumblr

1865 ഏപ്രിൽ 9, നാല് വർഷത്തെ അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് ശേഷം മക്ലീൻ ഹൗസിൽ വെച്ച് റോബർട്ട് ഇ ലീയെന്ന കോൺഫെഡറേറ്റ് പട്ടാള മേധാവി ലിങ്കൺ നയിച്ച യൂണിയൻ ഭരണത്തിന് കീഴടങ്ങിയ ദിവസം. നൂറ്റാണ്ടുകളായി അമേരിക്കയിൽ തുടർന്ന് വന്ന അടിമത്ത വ്യവസ്ഥക്കെതിരിൽ നിയമ നിർമ്മാണം ആരംഭിച്ചതായിരുന്നു ഈ ആഭ്യന്തരയുദ്ധത്തിന്റെ മൂല കാരണം. കാലം കടന്നപ്പോൾ ലീ അമേരിക്കൻ ചരിത്രത്തിൽ അസാമാന്യ പോരാളിയും എതിരാളികൾ പോലും ബഹുമാനിച്ചിരുന്ന കഴിവുറ്റ പട്ടാള ജനറലുമായി. തെരുവുകളിൽ അനവധി പ്രതിമകൾ ഉയർന്നു. വർണ്ണ വെറിയുടെ കരങ്ങളാൽ  വെടിയേറ്റ് കൊല്ലപ്പെട്ട ലിങ്കൺ സ്മാരകത്തിന് എതിർവശത്തായി ആർലിംഗ്ടൺ ഹൌസ് എന്ന റോബർട്ട് ഇ ലീയുടെ സ്മാരകം ഇന്നും തലയുയർത്തി നിൽക്കുന്നു. ആർലിംഗ്ടൺ തോട്ടത്തിൽ തന്റെ കീഴിൽ ഉണ്ടായിരുന്ന അടിമകളക്കെതിരിൽ ലീ നടത്തിയ ക്രൂരതകൾ വലിയ കലാപങ്ങൾക്ക് കാരണമായിരുന്നു. ഇതേ സ്മാരകത്തിന്റെ മുന്നിൽ വെച്ചാണ് രണ്ടര ലക്ഷത്തോളം വരുന്ന ജനങ്ങളോടായി മാർട്ടിൻ ലൂതർ കിംഗ് ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന ലോകചരിത്രത്തിലെ ജ്വലിക്കുന്ന പ്രസംഗം നടത്തിയത്.

ആഴ്ചകളോളം അമേരിക്കൻ തെരുവുകളെ പ്രക്ഷുബ്ധമാക്കി തുടർന്ന് കൊണ്ടിരിക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ ചരിത്രപരമായ ഈ വിരോധാഭാസത്തിന് മറുപടി കൊടുക്കുന്നത് സ്വാഭാവികം മാത്രം. പല നഗരങ്ങളിലും കോൺഫെഡറേറ്റ് നേതാക്കളുടെയും, അടിമവ്യാപാരികളുടെയും പ്രതിമകൾ നീക്കം ചെയ്യാൻ അധികൃതർ നിർബന്ധിതരായി.

Martin Luther King Jr
കറുത്ത വർഗ്ഗക്കാരുടെ പ്രക്ഷോഭങ്ങൾക്കിടെ ജീവനക്കാരോട് പിന്തുണ പ്രഖ്യാപിക്കാനെത്തിയ മാർട്ട്ലിൻ ലൂഥർ കിംഗ് Credit: Getty Images

തദ്ദേശീയരായ അമേരിക്കക്കാരുടെ നിർബന്ധിത കുടിയേറ്റത്തിലേക്കും കൂട്ടക്കൊലയിലേക്കും നയിച്ച ഇറ്റാലിയൻ പര്യവേക്ഷകൻ കൊളംബസിന്റെ പ്രതിമകൾ ഇറ്റലിയടക്കം പല രാജ്യങ്ങളിലും പ്രതിഷേധക്കാരുടെ കൈക്കരുത്തിനിരയായി. ബ്രിട്ടീഷ് അടിമവ്യാപാരി എഡ്‌വേർഡ് കോൾസ്റ്റൻ (Edward Colston) ന്റെ പ്രതിമ പ്രതിഷേധക്കാർ പുഴയിലേക്ക് വലിച്ചെറിയുന്ന കാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമ ഇരുമ്പു കൂട്ടിനകത്ത് അടച്ചു പോലീസ് കാവൽ നിൽക്കുന്ന ദൃശ്യങ്ങളും ഫ്ലോയ്ഡ് എന്ന ചെറുപ്പക്കാരന്റെ മരണത്തെ തുടർന്ന് ലോകം വിസ്മയത്തോടെ വീക്ഷിച്ചു. പ്രതിഷേധങ്ങൾക്കു കൃത്യമായ രാഷ്ട്രീയമുണ്ടെന്ന സന്ദേശമാണീ സംഭവവികാസങ്ങൾക്കു പിന്നിൽ. നൂറ്റാണ്ടുകളായി പടിഞ്ഞാറിന്റെ മണ്ണിൽ അന്തർലീനമായിട്ടുള്ള വെള്ള വർഗ്ഗക്കാരുടെ ശുദ്ധതാ വാദങ്ങളെയും, ആധിപത്യത്തിന്റെയും അടിമത്തത്തിന്റെയും വംശീയ അതിക്രമങ്ങളുടെയും കൃത്യമായ വെളിപ്പെടുത്തലുകളാണ് പ്രക്ഷോഭങ്ങളിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അമേരിക്കയിലുടനീളമുള്ള വിവിധ നഗരങ്ങളിൽ കറുത്തവർഗക്കാർ പ്രതിഷേധങ്ങളുടെ ഭാഗമായി മാറുന്നത് തങ്ങൾ ഇതിനകം രണ്ടാംകിട പൗരന്മാരായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. “നിയമങ്ങൾക്കു മുന്നിൽ എല്ലാവരും തുല്യരാണ്” എന്ന ഭരണകൂടത്തിന്റെ വിശദീകരണങ്ങളെ പ്രതിഷേധക്കാർ വിശ്വാസത്തിലെടുക്കാത്തത് തെരുവുകളിൽ ആളുകളുടെ നിറം നോക്കി അറസ്റ്റു ചെയ്യുന്ന പോലീസിനെ നേരിട്ട് അനുഭവിക്കുന്നതിനാലാണ്. കൊല്ലപ്പെട്ട ജോർജ്ജ് ഫ്ലോയിഡും ഇതേ വിവേചനത്തിന്റെ ഇരയായിരുന്നു. ഭരണവര്‍ഗം വേട്ടക്കാരായി മാറുകയും അവരുടെ അക്രമങ്ങൾ  മറച്ചു വെക്കപ്പെടുകയോ ഗൗരവത്തിലെടുക്കാതിരിക്കുകയോ ചെയ്യുന്നു. പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടു പോരുന്ന ഒരു വിഭാഗം തങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്ന വിവേചനങ്ങൾക്കെതിരിൽ നടത്തിയ പൊട്ടിത്തെറിയാണ് അമേരിക്കയിൽ ഒരു വിപ്ലവമെന്നോണം നാം കണ്ടുകൊണ്ടിരിക്കുന്നത്.

ലോകത്തിനു മുൻപിൽ ഒരു മാതൃകാ ജനാധിപത്യ വ്യവസ്ഥയായി സ്വയം അവരോധിക്കുകയും മറ്റു രാജ്യങ്ങളിൽ നില നിൽക്കുന്ന ജനാധിപത്യ സംവിധാനങ്ങളുടെ പോരായ്മകളെ കുറിച്ചു ആശങ്കിക്കുകയും ലോകപൊലീസായി ഇടപെടുകയും ചെയ്യുന്ന രാജ്യമാണ് അമേരിക്ക. എന്നാൽ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച വലിയ വർത്തമാനങ്ങളോടോ തങ്ങളുടെ തന്നെ ജാനാധിപത്യ വാദങ്ങളോടോ നീതി പുലർത്താൻ പതിറ്റാണ്ടുകളായി തുടർന്ന് വരുന്ന വംശീയാതിക്രമങ്ങൾ കാരണം അവർക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം.  1948 ൽ ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കപ്പെട്ട ആഗോള മനുഷ്യാവകാശ രേഖക്ക് നിയമസാധുത കൽപ്പിക്കുന്ന പ്രതിജ്ഞാപത്രത്തെ അനുകൂലിക്കുന്നതിൽ നിന്നും റൂസ്‌വെൽറ്റിനെ പിന്തിരിപ്പിച്ചത് മറ്റൊന്നുമല്ല. 53 ൽ പടിയിറങ്ങിയ ട്രൂമാൻ ഭരണകൂടം സുപ്രീം കോടതിയിൽ സമർപ്പിച്ച വിശദീകരണത്തിൽ, സോവിയറ്റുകൾ ഒരു ദേശീയ സുരക്ഷാ പ്രശ്‌നമായി അവതരിപ്പിച്ചത് പൊതുവിദ്യാഭ്യാസ സംവിധാനങ്ങളിൽ നില നിൽക്കുന്ന വംശീയമായ അസമത്വം ആയിരുന്നു. വൈറ്റ് ഹൗസിനു മുൻപിലെ പ്രതിഷേധങ്ങളെ ഭയന്ന് ബങ്കറിനകത്തേക്ക് നീങ്ങേണ്ടി വന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാതൃകാപരം എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന അമേരിക്കൻ ജനാധിപത്യ സംവിധാനത്തിന്റെ പോരായ്മകളെയാണ് തുറന്നു കാട്ടുന്നത്.

American Protests
‘നോ ജസ്റ്റിസ് നോ പീസ്’ പ്ലക്കാർഡുമായി പൊലീസിന് മുന്നിൽ നിൽക്കുന്ന യുവതി Credit: Getty Images

അന്തർ‌ദ്ദേശീയ രാഷ്ട്രീയ വ്യവഹാരങ്ങളിൽ സ്ഥിരമായി ഇടപെടുകയും സൗകര്യങ്ങൾക്കനുസരിച്ചു മറ്റു രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കുകയോ അനുകൂലിക്കുകയോ ചെയ്തു വരുന്ന അമേരിക്കയും യൂറോപ്പുമടങ്ങുന്ന പടിഞ്ഞാറിന്റെ  നയ നിലപാടുകൾ ഇത്തരത്തിൽ  വംശീയവും അസമത്വവും നിറഞ്ഞതാണെന്ന് ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. രണ്ട് ലോകമഹായുദ്ധങ്ങളും, ശീതയുദ്ധ കാലഘട്ടവുമെല്ലാം ഇത്തരം അജണ്ടകൾ നടപ്പിലാക്കാൻ ആ കാലത്തെ കൊളോണിയൽ ശക്തികൾ കൂടിയായിരുന്ന ഇവർ ശ്രമിച്ചതായും മനസിലാക്കാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കൊളോണിയല്‍ കാലത്ത് തങ്ങളുടെ അധികാര പദവികൾ നില നിർത്താൻ വരേണ്യ വർഗത്തെ ഒപ്പം ചേർത്ത്, കീഴാളരുടെ സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങളെ ആസൂത്രിതമായി ചൂഷണം ചെയ്യാനും, തരംതാഴ്ത്താനും ഇവർക്കായി.

 രാജ്യത്തിനകത്തെ മൗലികമായ ഇത്തരം വംശീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനും പകരം വ്യക്തിയുടെ അവകാശ നിഷേധ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ചെയ്യാറുള്ളത്. ഇതര രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ , പീഡനങ്ങൾ, അനധികൃതമായി അനിശ്ചിതകാലം തുറങ്കിലടക്കപ്പെട്ടവർ തുടങ്ങിയ നിരവധി അവകാശ നിഷേധ പ്രശ്ങ്ങൾക്കായി അനേകം എൻ‌ജി‌ഒകൾ പ്രവർത്തിക്കുന്നതായി കാണാം. എന്നാൽ സ്വന്തം മണ്ണിൽ നടക്കുന്ന വംശീയാതിക്രമങ്ങളോടും മനുഷ്യാവകാശ ധ്വംസനങ്ങളോടും  അവഗണനാ മനോഭാവം വച്ചുപുലർത്തുകയും വംശീയ അതിക്രമങ്ങൾ സ്ഥാപനവത്കരിക്കപ്പെട്ട ഒരു സാമൂഹിക തിന്മയായി സംബോധന ചെയ്യാതിരുന്നതും പ്രക്ഷോഭങ്ങളുടെ കാരണമായി മാറി. വംശീയ അതിക്രമങ്ങളുടെ കാരണങ്ങളെ മനുഷ്യാവകാശ ലംഘനങ്ങളോട് ചേർത്ത് കെട്ടുന്നതിനെ അവർ വിമർശിക്കുന്നതും ഇത് കൊണ്ടാണ്. ജോർജ് ഫ്ലോയിഡിന്റെ പ്രക്ഷോഭം കത്തി നിൽക്കുന്നതിനിടയിൽ മറ്റൊരു കറുത്ത വർഗ്ഗക്കാരനായ റേയ്ഷർഡ് ബ്രൂക്ക്സ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഇത്തരത്തിൽ വ്യവസ്ഥാപിതമായ ഒരു സാമൂഹിക പ്രശ്നമായി വംശീയത നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ്.

Ibrahim Kendi
ഡോ. ഇബ്രാഹിം കെന്ദി

തെരുവുകളിൽ കറുത്തവർഗ്ഗക്കാർ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളിലെ കാതലായ പ്രശ്നവും ഇത് തന്നെയായിരുന്നു. നീതിന്യായ വ്യവസ്ഥകളിലും, സർക്കാർ നിയന്ത്രിക്കുന്ന പോലീസടങ്ങുന്ന ക്രമസമാധാന വകുപ്പുകളിലും നിലനിൽക്കുന്ന വംശീയ അസമത്വങ്ങൾ പ്രത്യയശാസ്ത്രപരമായി ന്യായീകരിക്കപ്പെടുകയും നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന കൊലപാതകങ്ങളെയും അതിക്രമങ്ങളെയും വ്യക്തിപരമായ അവകാശലംഘനങ്ങളായി നിർവ്വചിച്ച്‌ വരികയും ചെയ്തു. സർക്കാർ സംവിധാനങ്ങളിൽ അടക്കം നില നിൽക്കുന്ന വ്യവസ്ഥാപിതമായ പക്ഷപാതിത്വങ്ങളെ കുറിച്ച്‌ പുനർ‌ചിന്തനം നടത്താനോ, ഇത്തരം അനീതികൾക്കെതിരിൽ നയപരമായ മാറ്റങ്ങൾക്കോ തയ്യാറാവുന്നില്ല എന്നതാണ് സമരങ്ങൾക്ക് തീവ്ര സ്വഭാവം കൈവരാനുള്ള കാരണവും.

ഒരേ കുറ്റത്തിന് കറുത്ത വർഗ്ഗക്കാരനെ അപേക്ഷിച്ചു വെള്ളക്കാർക്ക് ലഭിക്കുന്ന പ്രത്യേകാനുകൂല്യങ്ങളെക്കുറിച്ചും മുദ്രാവാക്യങ്ങളിൽ മുഴങ്ങിക്കേട്ടു. “നിയമ നിർവ്വഹണ സംവിധാനം വ്യവസ്ഥാപിതമായി വംശീയമാണെന്ന് ഞാൻ കരുതുന്നില്ല” എന്ന അറ്റോർണി ജനറൽ ബിൽ ബാറിന്റെ പ്രസ്താവന വിഷയത്തെ ഇനിയും മെറിറ്റിൽ കൈകാര്യം ചെയ്യാൻ ഉദ്ദേശമില്ലെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനെയാണ് തുറന്നു കാണിക്കുന്നത്. ഇത്തരം നിലപാടുകളെ സ്വാഗതം ചെയ്യുകയും ഏകാധിപത്യ സ്വഭാവത്തിൽ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി സമരങ്ങളെ കൂടുതൽ അക്രമാസക്തമാക്കുന്ന നടപടികളിലേക്ക് നീങ്ങിയ പ്രെസിഡന്റ്റ് ട്രംപും, അദ്ദേഹത്തെ അനുകൂലിക്കുന്ന അമ്പത് ശതമാനത്തിനടുത്ത് വരുന്ന അനുകൂലികളുമാണ് അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളുടെ രാഷ്ട്രീയ പ്രതിസന്ധി. ഈ പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്യാത്തിടത്തോളം പടിഞ്ഞാറൻ ജനാധിപത്യ മാതൃകകളെ ഉൾക്കൊള്ളാൻ മനുഷ്യാവകാശങ്ങളെയും സാമൂഹിക അസമത്വങ്ങളെയും കൂടുതൽ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന പുതിയ ലോകത്തിനു സാധിച്ചെന്നു വരില്ല.

അമേരിക്കൻ വംശീയ പാരമ്പര്യത്തിന്റെ നിർവചന ചരിത്രം കൊണ്ടും തദ്‌വിഷയത്തിൽ എഴുതിയ പുസ്തകങ്ങൾ കൊണ്ടും പ്രസിദ്ധനാണ് ഡോ. ഇബ്രാഹിം കെന്ദി (Ibram X. Kendi). ആഴത്തിൽ വേരൂന്നിയതും വ്യവസ്ഥാപിതവുമായ വംശീയതക്കുമുള്ള മറുപടി വിദ്യാഭ്യാസവും സ്നേഹപ്രകടങ്ങളും മാത്രമല്ല എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ശിക്ഷാനിയമാവലികൾ, വിദ്യാഭ്യാസം, സാമ്പത്തികശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി, രാഷ്ട്രീയം എന്നിങ്ങനെ ആറ് മേഖലകളിലെ അസമത്വങ്ങൾ തിരിച്ചറിയുക, ഇത്തരം അസമത്വങ്ങൾ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നയങ്ങൾ തിരിച്ചറിയുകയും, തിരുത്തലുകൾ നിർദ്ദേശിക്കുകയും ചെയ്യുക തുടങ്ങി  വംശീയ വിരുദ്ധ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്ന മൗലികമായ ഇടപെടലുകളുടെ സാധ്യതകളെ മുന്നിൽ കണ്ടാണ് കെന്ദിയുടെ പ്രവർത്തനങ്ങൾ. “വംശീയതയുടെ യഥാർത്ഥ അടിത്തറ അജ്ഞതയും വിദ്വേഷവും മാത്രമല്ല, മറിച്ച് സ്വാർത്ഥതാൽപര്യങ്ങളാണ്” എന്ന് അദ്ദേഹം അടിവരയിടുന്നു.

Black Lives Matter Street Painting
വൈറ്റ് ഹൗസിന് സമീപമുള്ള തെരുവിൽ പ്രതിഷേധക്കാർ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ ചായം പൂശിയപ്പോൾ Satellite Image

മോൺമൗത്ത് യൂണിവേഴ്‌സിറ്റി നടത്തിയ സർവ്വേ പ്രകാരം 76 ശതമാനം അമേരിക്കക്കാരും ആഫ്രിക്കൻ-അമേരിക്കൻ വംശജർക്കെതിരിൽ പോലീസ് കൂടുതൽ മാരകമായ ബലപ്രയോഗം നടത്തുന്നുണ്ടെന്നും, സാമൂഹിക രാഷ്ട്രീയ വ്യവഹാരങ്ങളിൽ കറുത്ത വർഗ്ഗക്കാർക്കെതിരിൽ സ്പഷ്ടമായ വിവേചനങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വർഗ്ഗീയത, സ്വജനപക്ഷപാതം, വിവേചനം തുടങ്ങിയവ അഭുമുഖീകരിക്കപ്പെടേണ്ട പ്രശ്നമാണ് എന്ന് ഇവർ മനസിലാക്കുന്നു. 57 ശതമാനം വോട്ടർമാരും പ്രക്ഷോഭങ്ങളിൽ സംഭവിച്ച കോപ പ്രകടനങ്ങളെ ന്യായമായി മനസിലാക്കുന്നു. ഇത് 2013 ൽ ബ്ലാക്ക് ലൈവ്സ് മാറ്റർ രൂപീകരിച്ച സമയത്തെ അപേക്ഷിച്ചു വലിയ മാറ്റമാണ്. ഫ്ലോയിഡിന്റെ ക്രൂരമായ കൊലപാതകത്തെത്തുടർന്ന് ഇതൊരു ദീർഘകാല പ്രവണതയുടെ ഭാഗം മാത്രമാണെന്ന തിരിച്ചറിവായിരിക്കണം പ്രക്ഷോഭങ്ങൾക്ക് വലിയ പിന്തുണ ലഭിക്കാനും പൊതുജനാഭിപ്രായത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനും കാരണം. തീവ്രദേശീയവാദിയും വംശീയ വിരോധിയുമായ ട്രംപിന്റെ തിരഞ്ഞെടുപ്പും മറ്റൊരു പ്രേരണയായി കണക്കാക്കാം.

അതെ സമയം വംശീയസമത്വത്തിനായുള്ള മുറവിളികൾ മുമ്പെന്നത്തേക്കാളും ശക്തമാണിന്ന്. തൊലിയുടെ നിറം അസമത്വഹേതുവാണെന്നു കരുതാൻ വിസമ്മതിക്കുന്ന ഒരു തലമുറ വളർന്നുവന്നിട്ടുണ്ട് എന്ന് ന്യായമായും കരുതാം. ഈ പ്രക്ഷോഭങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ വസ്തുത, വംശീയാതിക്രമങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ അണിനിരക്കുന്ന വെള്ളവർഗ്ഗക്കാരുടെ അത്ഭുതാവഹമായ എണ്ണമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന വംശീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരിൽ അറുപതുശതമാനത്തിലധികം വെള്ളക്കാരാണ്‌. മുദ്രാവാക്യങ്ങൾ വിളിച്ചു തെരുവിലിറങ്ങുകയും തങ്ങളുടെ കറുത്തവർഗ്ഗക്കാരായ സഹോദരങ്ങൾക്കുവേണ്ടി, അവരോടു തോൾചേർന്നു നീതിക്കായുള്ള പോരാട്ടങ്ങളിൽ വെളുത്തവർഗ്ഗക്കാർ നിറഞ്ഞുനിന്നു. അനീതിക്കെതിരായുള്ള ഏതൊരു പോരാട്ടങ്ങളിലും സ്വത്വബോധങ്ങൾക്കപ്പുറം, നീതിബോധമാണ് മുന്നിട്ടു നിൽക്കേണ്ടതെന്നു ലോകത്തോട് വിളിച്ചുപറയുന്ന ഈ ചെറുപ്പക്കാർ മാതൃകയാണ്.

ഭരണത്തിലിരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ സെനറ്റർ മിറ്റ് റോംനിയെപ്പോലെയുള്ളവരുടെ പിന്തുണ റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിൽ പ്രക്ഷോഭങ്ങളെപ്പറ്റിയുള്ള പുനർവിചിന്തനത്തിനു കാരണമായേക്കും. കോൺഫെഡറേറ്റ് നേതാക്കന്മാരുടെ ഛായാചിത്രങ്ങൾ ക്യാപിറ്റോൾ കെട്ടിടത്തിൽ നിന്നും നീക്കം ചെയ്ത നടപടികൾ സമരങ്ങളുടെ പ്രത്യക്ഷഫലം മാത്രമല്ല, പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ രാഷ്ട്രീയ നേതൃത്വം ഉൾക്കൊള്ളുന്നു എന്നതിന്റെ സൂചകമാണ്. തുടക്കത്തിൽ വൈകാരിക പ്രതിഷേധങ്ങൾ അക്രമങ്ങളിലേക്ക് വഴിമാറിയെങ്കിലും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിന്റെ പൊതു പ്രതിച്ഛായയെ ഇവയൊന്നും ബാധിച്ചിട്ടില്ലെന്ന് മനസിലാക്കാം. തുടർന്ന് കൊണ്ടിരിക്കുന്ന സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങളും അവയിൽ അണി നിരക്കുന്ന പതിനായിരങ്ങളും വർണ്ണവ്യവസ്ഥയിൽ അടിസ്ഥാനമായ അമേരിക്കൻ രാഷ്ട്രീയത്തെ പുതുക്കിപ്പണിയുമെന്നതിൽ സംശയമില്ല.  ഇത്തരം മുന്നേറ്റങ്ങളെയും വ്യാവഹാരിക സംഘർഷങ്ങളേയും എങ്ങനെ നേരിടുമെന്നതായിരിക്കും പുതിയ കാലത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ നേരിടുന്ന വെല്ലുവിളി.

(കവർ ചിത്രം കടപ്പാട്: പ്രശസ്ത ചിത്രകാരൻ ബാൻക്സി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം)

msg2ameen@hotmail.com

42 Comments

  1. Fantastic web site. A lot of useful info here. I’m sending it to a few friends ans also sharing in delicious. And certainly, thanks for your sweat!

Write A Comment