Biography

മുഹമ്മദ് അസദ്: പടിഞ്ഞാറുദിച്ചു കിഴക്കോട്ടു ചരിച്ച താരകം

Pinterest LinkedIn Tumblr

ആരായിരുന്നു മുഹമ്മദ് അസദ്? ആയിരത്തിതൊള്ളായിരമാണ്ടിൽപിറന്നു ഒരു നൂറ്റാണ്ടിന്റെ ഏകദേശം അന്ത്യത്തോടുടക്കം ജീവിച്ച അദ്ദേഹത്തെ ചുരുങ്ങിയവാക്കുകളിൽ നിവചിക്കുക സാധ്യമല്ല. മുഹമ്മദ് അസദ്, അദ്ദേഹം പലതും ആയിരുന്നു. എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ , നയതന്ത്രജ്ഞൻ, സഞ്ചാരി, എല്ലാത്തിനുമപരി ഖുർആൻ പരിഭാഷകൻ. ഇന്നത്തെ ഉക്രയിനിലെ ഒരു ജൂതകുടുംബത്തിൽ റബ്ബി വംശപരമ്പരയിൽ ജനിച്ച ലിയോപോൾഡ് വെയ്സ് എന്ന യുവാവ് ലോകം അറിയപ്പെടുന്ന മുഹമ്മദ് അസദിലേക്ക് വളർന്നത് അതിശയകരമായ വഴികൾ താണ്ടിയാണ്. കുടുംബ പാരമ്പര്യം ലംഘിച്ചു നിയമ പഠനം നടത്താൻ പോയ പിതാവിന്റെ പാത തന്നെയാണ് അസദിന് പ്രചോദനം ആയതെന്നു പറയാം. ഹീബ്രുവും, തോറയും, ജൂത നിയമങ്ങളും പഠിച്ചു ബിരുദാന്തരബിരുദം വരെ നേടിയ ആ യുവാവ് കുടുംബത്തെ മുഴുവനും അമ്പരപ്പിച്ചുകൊണ്ടാണ് എഴുത്തിന്റെ വഴി തെരെഞ്ഞെടുത്തത്. എന്നാൽ ആ യാത്ര അവിടെ അവസാനിച്ചില്ല. വിങ്ങുന്ന ഹൃദയത്തിൽ ഒരു പറ്റം ചോദ്യചിഹ്നങ്ങളുമായി അദ്ദേഹം തന്റെ പര്യവേഷണങ്ങൾക്ക് തുടക്കമിട്ടു. പടിഞ്ഞാറു നിന്നും കിഴക്കിന്റെ ദിശയിലേക്കായിരുന്നു ആ യാത്രകൾ. തന്റെ ചോദനകളെ തൃപ്തിപ്പെടുത്തുന്ന അനുഭവ പരമ്പരകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ഒടുവിൽ ഇസ്ലാമിന്റെ തണലിൽ എത്തിപ്പെട്ട അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള യാത്രവിവരണമായ ‘മക്കയിലേക്കുള്ള പാത’ (The Road to Makkah) കേവലം ഒരു ആത്മപരിവർത്തനത്തിന്റെ അക്കമിട്ട തിട്ടപ്പെടുത്തലുകൾ എന്നതിലുപരി ദൈവശാസ്ത്രാഖ്യാനങ്ങളും ആത്മീയതയും ഇഴചേർന്ന ഒരു അനുഭവ പ്രപഞ്ചം ആണെന്ന് പറയാം.

Road To Mecca
റോഡ് റ്റു മക്ക

പടിഞ്ഞാറിനെ വിട്ടകന്ന് ആത്മീയ ദാഹശമനം തേടിയുള്ള ആ അന്വേഷണങ്ങൾ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ: “എല്ലാത്തിലുമപരി സ്നേഹമായിരുന്നു അതിൽ വിഷയം. സ്നേഹം രചിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ മോഹങ്ങളും നമ്മുടെ ഏകാന്തതയും കൊണ്ടാണ്. നമ്മുടെ ഉന്നതമായലക്ഷ്യങ്ങളും നമ്മുടെ പോരായ്മകളും കൊണ്ടാണ്. നമ്മുടെ ശക്തിയും നമ്മുടെ ദൗർബല്യങ്ങളും കൊണ്ടുകൂടിയാണ്. എന്റെ കാര്യത്തിൽ ഇസ്ലാം ഒരു കള്ളനെപ്പോലെ രാത്രിയുടെ ഇരുളിൽ എന്റെ വീട്ടിൽപ്രവേശിക്കുകയായിരുന്നു. എന്നാൽ ഒരു കള്ളനിൽ നിന്നും വ്യത്യസ്തമായി അത് എന്നെന്നേക്കുമായി അവിടെ നിലകൊണ്ടു”.

യൂറോപ്യൻ ജീവിതരീതികളിൽ നിന്നും വ്യത്യസ്തമായി ഇസ്ലാമികലോകത്തു കാണപ്പെട്ട സാമൂഹ്യക്രമവും ഇസ്ലാമിന്റെ സാമൂഹ്യവീക്ഷണവും അദ്ദേഹത്തിന്റെ അന്വേഷണതൃഷ്ണയെ ഉണർത്തി. തന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന ചോദ്യങ്ങൾക്ക് ഉത്തരമായി അദ്ദേഹം കണ്ടെത്തിയ ഇസ്ലാമിന്റെ ധാർമികാധ്യാപനങ്ങളും പ്രായോഗിക ജീവിത പദ്ധതികളും അദ്ദേഹത്തെ ഇസ്ലാമിലേക്ക് കൊണ്ടെത്തിച്ചു. ഇസ്ലാമിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഘടകമല്ല, മറിച്ചു അതിന്റെ സമഗ്രത തന്നെയാണ് അദ്ദേഹത്തിന് ഏറ്റവും ആകർഷകമായത്.

ഡാമസ്ക്കസിലെ തന്റെ താമസകാലത്തു സുഹൃത്തിനൊപ്പം ഉമയ്യദ് പള്ളിയിൽ പ്രവേശിച്ച അദ്ദേഹം വിശ്വാസികളുടെ ഹൃദയത്തിൽ എത്ര സമീപത്താണ് ദൈവത്തിന്റെ സ്ഥാനം എന്ന് ആദ്യമായി അനുഭവിച്ചറിഞ്ഞു. അത്തരമൊരു സാമിപ്യം ദൈവവുമായി തനിക്ക് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിച്ചു. ഡമാസ്ക്കസിൽ താമസിച്ചുകൊണ്ട് അദ്ദേഹം ഇസ്ലാമിക സാഹിത്യങ്ങളുടെ പാരായണത്തിൽ മുഴുകി. വിശുദ്ധഖുർആന്റെ ഫ്രഞ്ച്, ജർമൻ പരിഭാഷകളും വായിച്ചു. വിവിധ അറബ് നാടുകളിലെ താമസത്തിനു ശേഷം യൂറോപ്പിലേക്ക് മടങ്ങിപ്പോയ അദ്ദേഹം ഒരു വാർത്താഏജൻസി ആയ ഫ്രാങ്ക്ഫർട് സിയ്തുങിന്റെ മധ്യപൂർവദേശത്തെ റിപ്പോർട്ടർ ആയി നിയമിതനായി. ഇതിലൂടെ സാധാരണക്കാരുമായി ഇടപഴകുവാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു. ഈയൊരു ഘട്ടത്തിൽ തന്നെ അദ്ദേഹം തന്റെ പൂർവിക മതത്തിൽ അസംതൃപ്തനായിത്തീരുകയും ക്രിസ്തു മതത്തിലേക്ക് ശ്രദ്ധ തിരിയുകയും ചെയ്തിരുന്നു.

Asad Profile
മുഹമ്മദ് അസദ്

ജോലിയുടെ ഭാഗമായി അദ്ദേഹത്തിനു ധാരാളം യാത്രകൾ ചെയ്യേണ്ടതായി വന്നു. ഈ യാത്രകളിൽ പല വിഭാഗം ജനങ്ങളുമായി ഇടപഴകുകേണ്ടതായി വന്നു. ഇതിൽ സാധാരണക്കാർ മുതൽ രാഷ്ട്രത്തലവന്മാർ വരെ ഉൾപ്പെട്ടു. അത്തരമൊരു യാത്രയിലാണ് ബെർലിനിൽ വെച്ച് പരിചയപ്പെട്ട നാല്പതുകാരിയും ആറ് വയസ്സുള്ള കുഞ്ഞിന്റെ മാതാവുമായ എൽസ എന്ന ചിത്രകാരിയെ തന്റെ ഇരുപത്തഞ്ചാം വയസ്സിൽ അദ്ദേഹം വിവാഹം കഴിക്കുന്നത്. ഇരുപത് വയസ്സ് പിന്നിട്ടപ്പോൾ തന്നെ അദ്ദേഹം അറബി ഭാഷ പഠിക്കുകയും ഖുർആനിന്റെ വചനങ്ങളിലേക്ക് നേർക്കുനേരെ പ്രവേശിക്കുകയും ചെയ്തിരുന്നു. ആ വചനങ്ങൾ അവഗണിക്കത്തക്കതല്ല എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായി.

വിവാഹത്തിന് ശേഷം പത്നിയോടൊപ്പവും അദ്ദേഹം ഖുർആൻ പഠനത്തിലും ഖുർആനികാശയങ്ങളുടെ ചർച്ചകളിലും ഏർപ്പെട്ടു. ഖുർആന്റെ ധാർമികാധ്യാപങ്ങളും പ്രായോഗികമാർഗ്ഗനിർദ്ദേശങ്ങളും തമ്മിലുള്ള മനോഹരമായ ഏകീകരണം അവരിൽ അതിയായ മതിപ്പുളവാക്കി. തന്റെ യാത്രകളിലൂടെയും പരന്ന വായനയിലൂടെയും ഇസ്ലാമികാധ്യാപനങ്ങളും ഇസ്ലാമിക ചരിത്രവും സാഹിത്യങ്ങളും ജനജീവിതവും തൊട്ടറിഞ്ഞ അദ്ദേഹം ഇസ്ലാമാണ് തന്റെ വഴി എന്ന് കണ്ടെത്തുകയായിരുന്നു. ഭൗതികതയോടുള്ള അമിതാസക്തിയാണ് ജനങ്ങളെ അസംതൃപ്തരാക്കുന്നതെന്ന ഖുർആൻ വചനങ്ങൾ അദ്ദേഹത്തിന് തന്റെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിലൂടെ കണ്ണോടിച്ചപ്പോൾ ബോധ്യമായി. അങ്ങനെ 1926 ലെ ഒരു സെപ്റ്റംബർ മാസത്തിൽ ബെർലിനിലെ ഒരു പള്ളിയിൽ വെച്ച് തന്റെ ഇരുപത്തി ആറാമത്തെ വയസ്സിൽ ഇസ്ലാം ആശ്ലേഷിച്ചു. ഏതാനും ദിവസങ്ങൾക്കകം അദ്ദേഹത്തിന്റെ പത്നിയും അവരുടെ ഏഴ് വയസ്സുള്ള മകനും ഇസ്ലാമിലേക്ക് കടന്നു വന്നു.

Muhammed asad street
വിയന്നയിലെ ഡോണസ്റ്റാഡിലെ മുഹമ്മദ് അസദ് സ്ക്വയർ

മാതാപിതാക്കളും സഹോദരിയുമടക്കമുള്ള കുടുംബത്തിന്റെ നിസ്സഹകരണവും പൊരുത്തപ്പെടാനാവാത്ത സാംസ്കാരിക പരിസരങ്ങളും അദ്ദേഹത്തെയും കുടുംബത്തെയും യൂറോപ്പിൽ നിന്നും മറ്റൊരു ഗതിയിലേക്ക് ജീവിതം പറിച്ചുനടാൻ പ്രേരിപ്പിച്ചു. അറേബ്യയിൽ എത്തിയ അദ്ദേഹം ആറ് വർഷത്തോളം പ്രവാചക ജീവിതസാമീപ്യമുള്ള ഹിജാസിൽ താമസിച്ചു. ഇതിനിടെ രോഗം ബാധിച്ചു എൽസ മരണപ്പെടുകയും അവരെ മക്കയിൽ തന്നെ മറമാടുകയും ചെയ്തു. അവരുടെ മകനെ അവന്റെ മാതാവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം അവരുടെ അടുത്തേക്ക് തിരിച്ചയച്ചു.

മദീനയിൽ വെച്ച് പുനർ:വിവാഹിതനായ അദ്ദേഹം അറേബ്യയിലെ രാജാവായ അബ്ദുൽ അസീസ് ഇബ്നു സൗദുമായി അടുത്ത സൗഹൃദം പങ്കിട്ടു. വെറുമൊരു മാധ്യമപ്രവർത്തകനായ തന്നോട് രാജാവിനുണ്ടായിരുന്ന സ്നേഹവും ആദരവും അദ്ദേഹം തന്റെ ജീവചരിത്രത്തിൽ അഭിമാനത്തോടെ വിവരിക്കുന്നുണ്ട്. അറേബ്യയിലെ കുറച്ചു നാളത്തെ വാസത്തിനു ശേഷം അദ്ദേഹം ലിബിയലയിലേക്ക് പോയി. മരുഭൂമിയും മലകളും താണ്ടി അതിസാഹസികമായ യാത്രക്കൊടുവിൽ ഇറ്റാലിയൻ അധിനിവേശകരോടേറ്റുമുട്ടുന്ന മരുഭൂമിയിലെ സിംഹം ഉമർ മുക്താറുമായി രാത്രിയുടെ അന്ത്യയാമങ്ങളിൽ കണ്ടുമുട്ടി. ദുർബലരായ ഒരു സംഘത്തിന് തങ്ങളേക്കാൾ പതിന്മടങ്ങ് കരുത്തരായ ശത്രുവുമായി ഏറ്റുമുട്ടാൻ പ്രേരണ നൽകുന്ന ആ പ്രത്യയശാസ്ത്രത്തെ കുറച്ചു അദ്ദേഹവുമായി സംവദിച്ചു. മുഹമ്മദ് അസദ് ഇന്ത്യയിലുമെത്തി. ഇൻഡോപാക് മേഖലകളിൽ നിന്നുകൊണ്ട് വൈജ്ഞാനിക ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെട്ടു. അല്ലാമാ ഇഖ്ബാലുമായി സഹവസിച്ചു. ഇഖ്ബാൽ ആവശ്യപ്പെട്ടതനുസരിച് ഇന്ത്യയിൽ ദീർഘനാൾ തങ്ങി. പത്താൻകോട്ടിൽ എത്തി മൗലാനാ സയ്യിദ് അബുൽ അഅലാ മൗദൂദിയുടെ ദാറുസ്സലാമിൽ താമസിച്ചു.

കാശ്മീരിൽ പോയി അവിടത്തെ ഹൌസ് ബോട്ടുകളിൽ താമസിച്ചു. കാശ്മീർ ജനതയുമായി അടുത്തിടപഴുകി. അഫ്ഗാനിസ്ഥാനും ഇറാനും സന്ദർശിച്ചു. ഇതിനിടെ അസദിന്റെ പിതാവിന് അദ്ദേഹത്തിന്റെ വിശ്വാസപരിവർത്തനം ബോധ്യമാവുകയും അനുമോദിക്കുകയും ചെയ്തുവെങ്കിലും അവർക്ക് പിന്നീട് പരസ്പരം കണ്ടുമുട്ടാനായില്ല. പിതാവും സഹോദരിയും 1942 ഇൽ വിയന്നയിലെ കോണ്സെന്ട്രേഷൻ ക്യാമ്പിൽ വെച്ച് കൊല്ലപ്പെടുകയുണ്ടായി.

Muhammed Asad Family
പാകിസ്ഥാനിലെ സുഹൃത്തിന്റെ വസതിയിൽ മുഹമ്മദ് അസദും ഭാര്യ പോള ഹമീദ അസദും (1957)

പാകിസ്ഥാൻ രൂപീകരണത്തിന് ശേഷം 1949 ഇൽ അവിടത്തെ വിദേശകാര്യ വകുപ്പിൽ ഉയർന്ന പദവിയിൽ നിയമിതനായി. 1952 ഇൽ ആത്മകഥയായ ‘മക്കയിലേക്കുള്ള പാത’ എഴുതുന്നതിനു വേണ്ടിയാണ് അവിടെ നിന്നും രാജിവെച്ചു പോയത്. പിന്നീട് ന്യൂയോർക്കിൽ എത്തിയ അസദ് അവിടെവെച്ചു തന്റെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിച്ച പോള ഹാമിദ എന്ന അമേരിക്കൻ മുസ്ലിമിനെ വിവാഹം ചെയ്തു . പിന്നീട് അവരിരുവരും ജനീവയിൽ താമസമാക്കി. തുടർന്നങ്ങോട്ടുള്ള അദ്ദേഹത്തിന്റെ വൈജ്ഞാനിക സംഭാവനകളിലും ധിഷണാമണ്ഡലത്തിലും നിഷേധിക്കാനാവാത്ത ഒരു സ്ഥാനം അവർക്കുണ്ടായിരുന്നു. അത് അദ്ദേഹം തന്റെ പല പുസ്തകങ്ങളിലും രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട് . ജനീവയിൽ വെച്ച് അദ്ദേഹം വിശുദ്ധ ഖുർആന്റെ പരിഭാഷ ആരംഭിച്ചു. ഈ ഭാരിച്ച ദൗത്യത്തിന് അദ്ദേഹത്തിന് കൈത്താങ്ങായത് അപ്പോഴത്തെ സൗദി ഭരണാധികാരി ഫൈസൽ രാജാവായിരുന്നു. 1992 ഇൽ സ്പെയിനിലെ ഗ്രാനഡയിൽ വെച്ച് തന്റെ തൊണ്ണൂറ്റിരണ്ടാമത്തെ വയസ്സിൽ മരണപ്പെടുന്നത് വരെ മുഹമ്മദ് അസദ് ഇസ്ലാമിക ലോകത്തിനു തന്റെ സംഭാവനകൾ തുടർന്ന് വന്നു. ഇസ്ലാമിനെ ആധുനിക കാലഘട്ടത്തിൽ യുക്തിസഹമായി അവതരിപ്പിക്കാൻ ആയിരുന്നു അസദ് ശ്രമിച്ചു വന്നത്.

അറേബ്യൻ മണലാരണ്യങ്ങളിലും കശ്മീർ താഴ്വരകളിലും അഫ്ഗാൻ മലനിരകളിലും അദ്ദേഹം തന്റെ ജീവിതം ചെലവിട്ടു. ഇറാനിലും ലിബിയയിലും ഫലസ്തീനിലും പാകിസ്ഥാനിലും അദ്ദേഹം തന്റെ ജീവിതദൗത്യവുമായി കടന്നുവന്നു. സത്യാന്വേഷണപരതയും ധൈഷണിക ത്വരയും നിറഞ്ഞുനിന്ന സാഹസികതയും കാല്പനികതയും ഇഴചേർന്ന അപൂർവവ്യക്തിത്വമായിരുന്നു മുഹമ്മദ് അസദിന്റേത്. മുസ്ലിം സമൂഹങ്ങൾക്കിടയിൽ ജീവിക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത് എന്നാൽ അവിടങ്ങളിൽ അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ക്രൂരമായി നിരസിക്കപ്പെട്ടു.

പാരമ്പര്യമതത്തിന്റെ സ്വയം പ്രഖ്യാപിത കാവൽക്കാർക്ക് അദ്ദേഹത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും ഉൾക്കൊള്ളാനായില്ല. വിരോധാഭാസമായത് പടിഞ്ഞാറ് അദ്ദേഹത്തെ ആശ്ലേഷിച്ച രീതിയാണ്. തന്റെ ആശയങ്ങളോട് സംവേദനക്ഷമതയുള്ള ഒരു ജനത പടിഞ്ഞാറുണ്ടായത് ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ഇസ്ലാമികലോകത്തിന്റെ തിരസ്ക്കാരങ്ങളിൽ അദ്ദേഹത്തിന് അഭയമായി.

References:
Muhammad Asad: A Jew in Palestine (Dr. Muhammad Ghilan)
Muhammad Asad: His Contributions to Islamic Learning (Dr.Abroo Aman)

shaminaziz@gmail.com

22 Comments

 1. I will right away take hold of your rss as I can’t to find your email subscription link or e-newsletter service. Do you’ve any? Kindly allow me realize in order that I may just subscribe. Thanks.

 2. My partner and I absolutely love your blog and find many of your post’s to be precisely what I’m looking for. Do you offer guest writers to write content in your case? I wouldn’t mind creating a post or elaborating on most of the subjects you write with regards to here. Again, awesome web site!

 3. I know this if off topic but I’m looking into starting my own weblog
  and was wondering what all is needed to get set up?
  I’m assuming having a blog like yours would cost a pretty penny?
  I’m not very internet smart so I’m not 100% sure.
  Any tips or advice would be greatly appreciated.
  Appreciate it

  My site :: tracfone special

Write A Comment