Ideology

സാമൂഹിക സഹവർത്തിത്വത്തിനു മതാന്തര സംഭാഷണങ്ങൾ

Pinterest LinkedIn Tumblr

ഭൂരിപക്ഷ  ക്രിസ്ത്യൻ വായനക്കാരുള്ള  ഒരു പത്രത്തിൽ ഒരു മുസ്‌ലിം എഴുതുക എന്നത് തന്നെ മതാന്തര സംഭാഷണങ്ങളുടെ പ്രാധാന്യത്തെയും മൂല്യത്തെയും കുറിക്കുന്നു. നിരന്തരം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, നമ്മുടെ  വിശ്വാസ വൈജാത്യങ്ങൾ പരസ്പരബന്ധത്തിന്റെയും ഇടപഴകലുകളുടെയും മാനദണ്ഡമാകാതിരിക്കുക എന്നത് അത്യാവശ്യമാണ്. മറ്റു മതങ്ങളെപ്പറ്റി അജ്ഞരായിരിക്കാൻ നമുക് നിർവാഹമില്ല. എന്റേത്  മാത്രമാണ് പ്രധാനം, അപരനില്ല, എന്ന് അവകാശപ്പെട്ടുകൊണ്ട് മതത്തിന്റെ വക്താവാകാൻ കഴിയില്ല.

വൈജാത്യങ്ങളിൽ ശ്രേഷ്ഠതയും അന്തസ്സുമുണ്ടെന്നു നാം മനസ്സിലാക്കണം. നമ്മളിൽ നിന്ന് വ്യത്യസ്തരായവരെ ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നത് നമ്മുടെ തന്നെ വിശ്വാസത്തിന്റെ ഭാഗമാക്കണം. മതാന്തര സംഭാഷണങ്ങളുടെ അടിസ്ഥാന പ്രമാണം ആണിത്. വിഭിന്നങ്ങളായ വിശ്വാസ സംസ്കാരങ്ങളെ പറ്റിയുള്ള പഠനമാണത്. വിവിധങ്ങളായ മതങ്ങളോടും സംസ്കാരങ്ങളോടും ലോകവീക്ഷണങ്ങളോടും സാഹോദര്യത്തോടെ സഹവർത്തിക്കുക എന്നതാണ് മതാന്തര സംഭാഷണങ്ങളുടെ കാതൽ.

ക്രിയാത്മക ജനാധിപത്യത്തിന്റെ താക്കോലാണു മതാന്തര സംഭാഷണങ്ങൾ. ഇതര മതസ്ഥരെ അവരുടെ വിശ്വാസങ്ങളുടെ പേരിൽ അരികുവൽക്കരിക്കാതിരിക്കുക എന്നത് സുപ്രധാനമാണ്. വിവിധ മതവിശ്വാസികൾ തമ്മിൽ മുൻധാരണകളില്ലാതെയും ശത്രുതയില്ലാതെയും തുറന്ന മനസ്സോടെ സംഭാഷണത്തിലേർപ്പെടുക എന്നതാണ് മതാന്തര സംഭാഷണങ്ങളുടെ അടിസ്ഥാനം. മതങ്ങൾ തമ്മിലുള്ള വീക്ഷണവ്യത്യാസങ്ങളെയും അഭിപ്രായഭിന്നതകളെയും പരിഹരിക്കുക എന്നതല്ല മതാന്തര സംഭാഷണങ്ങളുടെ ലക്ഷ്യം. മറിച്ച് എല്ലാമതവിശ്വാസങ്ങളെയും വിലമതിക്കുക എന്നതാണ്.

bylines malayalam magazine publication bylines.in  bylines bylines.in byline malayalam bylines malayalam debates image post

വിശ്വാസഭിന്നത  പുരോഗതിക്കായി ഒരുമിച്ചു പ്രവർത്തിക്കുന്നതിൽ തടസ്സമാകാവതല്ല. പരസ്പരധാരണയുടെ പാലം ആകാശത്ത് നിന്നിറങ്ങിവരില്ല, ഭൂമിയിൽ നിന്നുയർന്നു വരികയുമില്ല. ആരോഗ്യപരമായ സംഭാഷണങ്ങളിലൂടെയാണ് ഈ പാലം നിർമ്മിക്കേണ്ടത്. മതവൈവിധ്യങ്ങളുടെ ജനാധിപത്യപരമായ ഇടങ്ങൾക്ക് വിവിധ മതവിശ്വാസികൾക്കിടയിലുള്ള വിടവിന്റെ വ്യാപ്തി കുറക്കാനും അവർക്കിടയിൽ സ്നേഹവും സൗഹൃദവും വളർത്താനും സാധിക്കും.

ആയിരത്തി നാനൂറു വര്ഷങ്ങള്ക്കു മുന്നേ പ്രവാചക ജീവിതത്തിൽ നിന്നാണ് ഇതര മതവിശ്വാസികളുമായുള്ള സൗഹാർദ്ധപരമായ സഹവർത്തിത്വത്തിന്റെ പാഠങ്ങൾ മുസ്‌ലിംകൾ ഉൾക്കൊള്ളുന്നത്. മദീന കേന്ദ്രമായി പ്രവാചകൻ ഒരു രാഷ്ട്രം സ്ഥാപിക്കുമ്പോൾ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ജൂതരോടും ബഹുദൈവ വിശ്വാസികളോടുമൊപ്പം  മുസ്‌ലിംകൾ സമാധാനപരമായി ജീവിച്ചിരുന്നു. ക്രിസ്ത്യാനികൾ അന്ന് മദീനയിൽ ഉണ്ടായിരുന്നില്ല. ലോകത്തിലെ ആദ്യത്തെ ഭരണഘടന എന്നറിയപ്പെടുന്ന മദീന ചാർട്ടർ പ്രവാചകൻ മുഹമ്മദ് നടപ്പിലാക്കി. മുസ്‌ലിംകൾക്കും അമുസ്‌ലിംകൾക്കും ഒരുപോലെ വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഒന്നായിരുന്നു മദീന ചാർട്ടർ. എല്ലാവര്ക്കും നീതിയും തുല്യാവകാശങ്ങളും മദീന ചാർട്ടർ ഉറപ്പുവരുത്തി. രാജ്യനിവാസികൾ ഒരുമിച്ചുനിന്നു വൈദേശികാക്രമങ്ങളെ ചെറുക്കാനും നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ആവശ്യപ്പെട്ടുള്ള ഒന്നായിരുന്നു അത്.

നമ്മുടേത് ഒരു ബഹുസംസ്കാര, ബഹുമത സമൂഹമാണ്. ഈ ബഹുത്വങ്ങളുടെ സമൂഹത്തെ ഒരുമിച്ചു നിർത്തുന്ന പശയാണ്  മതാന്തര സംഭാഷണങ്ങൾ. വൈവിധ്യങ്ങളിലൂടെ നീന്തിത്തുടിക്കുമ്പോൾ, അപരനെ ശ്വാസം മുട്ടിക്കുന്നതിനു പകരം, അവരോടൊപ്പം നീന്താൻ നമുക്കാവണം. നമ്മുടെ തന്നെ വിശ്വാസങ്ങളുടെ ആഴത്തിലെത്തി ചേരാൻ, അപരന്റെ വിശ്വാസങ്ങളെ പറ്റിയുള്ള പഠനം സഹായിക്കും. ഒരു മതത്തെ അപായപ്പെടുത്തുന്നത് എല്ലാ മതങ്ങളെയും അപായപ്പെടുത്തുന്നതിനു തുല്യമാണെന്നും, അത് നമ്മെ ദൈവപാതയിൽ നിന്ന് വ്യതിചലിപ്പിക്കുമെന്നും വിസ്മരിക്കാവതല്ല. ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ പരിപോഷിപ്പിക്കുന്നതിനും,നമ്മിൽ സ്നേഹവും ദയയും കാരുണ്യവും നിറക്കുന്നതിനും  ഇതരരുടെ വിശ്വാസങ്ങളെ സംബന്ധിച്ചുള്ള ഉൾക്കാഴ്ച സഹായകരമായേക്കാം.

ഭിന്നതകൾക്കപ്പുറം ഒരുമിച്ചുജീവിക്കാൻ നമുക് സാധിക്കേണ്ടതുണ്ട്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് മറ്റുള്ളവരെ അന്ധമായി അവഗണിച്ച് ആർക്കും ഒറ്റക്ക് ജീവിക്കാൻ സാധിക്കില്ല. ക്രിയാത്മക സംവാദങ്ങളിലും സംഭാഷണങ്ങളിലും ഏർപ്പെട്ടുകൊണ്ട്, വരും തലമുറക്ക് മതിലുകൾക്ക് പകരം പാലങ്ങൾ പണിയുന്നത്തിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്. സ്വന്തം വിശ്വാസപ്രമാണങ്ങളിൽ അഭിമാനിക്കുന്നതോടൊപ്പം അപരന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ സാധിക്കുന്ന ഒരു തലമുറ വളർന്നുവരേണ്ടത് അനിവാര്യമാണ്.

(ഡോ റൂഹുൽ അമീൻ മൊണ്ടാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫെസ്സറും ബോസെമൻ ഇസ്ലാമിക് സെന്റർ പ്രെസിഡന്റുമാണ്.)

കടപ്പാട്: http://bozemandailychronicle.com/

info@bylines.in

1 Comment

  1. Fantastic web site. A lot of helpful info here. I am sending it to a few pals ans also sharing in delicious. And of course, thanks to your effort!

Write A Comment