2019 അവസാനിക്കുമ്പോൾ, വരാനിരിക്കുന്ന വർഷം കൊണ്ടുവരാൻ പോകുന്ന ദുരന്തത്തെപറ്റി അധികമാളുകളും ബോധവാന്മാർ ആയിരുന്നില്ല. ചില സൂചനകളൊക്കെ അവിടിവിടങ്ങളിലായി കണ്ടു തുടങ്ങിയിരുന്നുവെങ്കിലും ലോകത്തെ ബഹുഭൂരിഭാഗം മനുഷ്യർക്കുമത് ചൈനക്കാരുടെ മാത്രം പ്രശ്നമായിരുന്നു. 2019 നവംബർ പകുതിയിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കണ്ടെത്തിയ കോവിഡ് 19 വൈറസ്, ലോകത്തെ മുഴുവൻ അക്ഷരാർത്ഥത്തിൽ ലോക്ക് ഡൗണിൽ ആക്കാൻ ശേഷിയുള്ള അപകടകാരിയാണെന്ന അറിവുണ്ടായിരുന്നില്ല. വളരെ പ്രതീക്ഷയോടെയും, ആഹ്ളാദത്തോടെയുമാണ് “ഇരുപതേ ഇരുപത്” എന്ന വ്യതിരിക്ത വർഷത്തെ എതിരേറ്റത്.
എന്നാൽ തുടർന്നുവന്ന മാസങ്ങളിൽ ആധുനിക മനുഷ്യൻ തങ്ങളുടെ ജീവിതകാലത്ത് നേരിടേണ്ടിവരുമെന്ന് കരുതാത്ത മഹാമാരിയുടെ പിടിയിൽ ലോകം അമരുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ലക്ഷക്കണക്കിന് ആളുകൾ മരിച്ചു വീണ യൂറോപ്പും അമേരിക്കയുമാണ് ദുരന്തത്തിന്റെ ഏറ്റവും ഭയാനകമായ മുഖം നേരിട്ട് കണ്ടത്. അത്യാധുനിക ചികിത്സാ സംവീധാനങ്ങളും സാങ്കേതിക വിദ്യയും കൈയ്യിലുണ്ടായിരുന്നിട്ടും അവയൊക്കെയും ദുരന്തമുഖത്ത് അപര്യാപ്തമെന്നുകണ്ട് പകച്ചുനിന്നു ഒന്നാംലോക രാജ്യങ്ങൾ..!

മാർച്ച് 2020 ഓടെ യൂ എൻ കോവിഡ് 19 ഒരു മഹാമാരിയായി പ്രഖ്യാപിച്ചതോടെ രോഗബാധിത പ്രദേശങ്ങൾ ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുകയും രാജ്യങ്ങൾ അന്താരാഷ്‌ട്ര അതിർത്തികൾ അടക്കുകയും ചെയ്തു. ദൈനം ദിന ജീവിതം സ്തംഭിക്കുകയും ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലെ ജനങ്ങളും വീടുകളിൽ ലോക്കഡൗണിൽ കഴിയുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. സ്കൂളുകളും ഓഫീസുകളും ഇതര കാര്യാലയങ്ങളും അടഞ്ഞുകിടന്നു. ആവശ്യസാധണങ്ങൾ വിൽക്കുന്ന കടകൾ മാത്രം നിശ്ചിത സമയങ്ങളിൽ തുറന്നു പ്രവർത്തിച്ചു. പാർക്കുകളും, സിനിമാശാലകളും ഇതര വിനോദകേന്ദ്രങ്ങളും വിജനമായി. മാസങ്ങളോളം നീണ്ടുനിന്ന കർഫ്യു ഒരു ജീവിതശൈലിയായി മാറുകയും, “ന്യൂ നോർമൽ” അവസ്ഥയിലേക്ക് ജനങ്ങൾ മാനസികമായും ശാരീരികമായും പരിവർത്തിക്കപ്പെടുകയും ചെയ്തു. അന്തരീക്ഷ മലിനീകരണവും നൈട്രജൻ ഡൈഓക്‌സൈഡ് ഉദ്‌വമനവും തുലോം കുറഞ്ഞു എന്നത് ലോക്ക് ഡൗണിന്റെ പോസിറ്റീവ് വശമായി മാറി.

ലോകം വീട്ടിൽ നിന്ന് പ്രവർത്തിക്കുന്നു
ലോക്ക് ഡൌൺ മൂലം പുറത്തിറങ്ങാനാവാതെയായപ്പോൾ ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിച്ചാണ് ജനങ്ങൾ തങ്ങളുടെ കച്ചവടവും വിദ്യാഭ്യാസവും വിനോദവുമെല്ലാം. ഇതിനായി വിവിധ വീഡിയോ കോൺഫെറെൻസിങ് സോഫ്റ്റ് വെയറുകൾ ഉപയോഗപ്പെടുത്തുകയും ഇവയൊക്കെയും ജീവിതത്തിലെ അനിഷേധ്യ സാന്നിധ്യവുമായിമാറി. അടഞ്ഞു കിടന്ന ക്ലാസ്സ് മുറികൾക്കും കെട്ടിടങ്ങൾക്കും പകരമായി വെർച്ച്വൽ ഗൂഗിൾ ക്‌ളാസ് റൂമുകളും സൂം മീറ്റിങ്ങുകളും ഉപയോഗിച്ചുതുടങ്ങി. കോടിക്കണക്കിനു വിദ്യാർത്ഥികൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനം തുടർന്നു. വർക്ക് ഫ്രം ഹോം പുതിയ ജീവിത രീതിയായതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സൂം പോലുള്ള കമ്പനികൾ വൻ വരുമാനമാണുണ്ടാക്കിയത്. കോവിഡ് ദുരന്തത്തിൻറെ ബാക്കിപത്രമായി ആളുകളുടെ ജീവിതത്തിൽ വന്ന ഈ മാറ്റം സ്ഥായിയായി തുടരുമെന്നാണ് വിദഗ്ദാഭിപ്രായം. റിമോട്ട് വർക്കിംഗ് സിസ്റ്റം കോവിടാനന്തരവും തുടരാനുള്ള സാധ്യതകളാണ് കൂടുതലെന്ന് കരുതപ്പെടുന്നു.

സാമ്പത്തിക തകർച്ച
മഹാമാരിയുടെ പ്രഹരത്തിൽ ഒരു മില്യണിൽ അധികം മനുഷ്യർ മരിച്ചു വീണത് മാത്രമല്ല കടന്നുപോകുന്ന വര്ഷം കണ്ട ദുരന്തം. സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക തകർച്ചയും, എണ്ണ വില കുത്തനെ ഇടിഞ്ഞു ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ പ്രതിസന്ധിയിൽ ആവുകയും ചെയ്ത ഒരു വര്ഷം കൂടിയാണിത്. കോവിഡ് മൂലം രാഷ്ട്രങ്ങൾ അന്താരാഷ്‌ട്ര യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തതോടെ വമ്പൻ വിമാന കമ്പനികൾ നഷ്ടം നേരിടാനാവാതെ അടച്ചുപൂട്ടി. അതുപോലെ തകർന്ന മറ്റൊരു മേഖലയാണ് ടൂറിസം വ്യവസായം. മില്യൺ കണക്കിന് സഞ്ചാരികൾ എത്തിയിരുന്ന പാരിസിന്റെയും വെനീസിന്റെയും ഹോംഗ് കോങ്ങിന്റെയും തെരുവുകൾ മാസങ്ങളോളം വിജനമായിക്കിടന്നു. ആത്മീയ സഞ്ചാരകേന്ദ്രങ്ങളും തീർത്ഥാടനാ കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. 2020 ഈസ്റ്ററിൽ വിജനമായ വത്തിക്കാൻ സ്ക്വയറിലേക്ക് നോക്കി നിൽക്കുന്ന പോപ്പിന്റെ ചിത്രം കോവിഡ് ഭീകരതയുടെ പ്രതീകമായി. പ്രതിവർഷം ലക്ഷക്കണക്കിന് തീർത്ഥാടകർ ഒരുമിച്ചുകൂടിയിരുന്ന ഹജ്ജ് ഇത്തവണ ആയിരങ്ങൾ മാത്രം വരുന്ന ആഭ്യന്തര ഹാജിമാരിൽ സൗദി അറേബിയ പരിമിതപ്പെടുത്തി. അതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരുപാടാളുകൾ സാമ്പത്തികമായി പ്രതിസന്ധിയിലായി. “കോവിഡ് ക്രാഷ്” എന്നറിയപ്പെടുന്ന വിപണി തകർച്ച ലോക സാമ്പത്തിക വളർച്ചയുടെ ഗതി മന്ദീഭവിപ്പിച്ചു.
കോവിഡ് ലോക്ക് ഡൌൺ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ 22 ദശലക്ഷം ആളുകളാണ് അമേരിക്കയിൽ മാത്രം തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി രജിസ്റ്റർ ചെയ്തത്. രാജ്യത്തെ സാമ്പത്തിക തകർച്ചയിൽ പിടിച്ചുനിൽക്കാൻ ട്രില്യൺ കണക്കിന് ഡോളറിന്റെ സ്റ്റിമുലസ് പാക്കേജുകൾ പ്രഖ്യാപിക്കേണ്ടി വന്നു ഗവേൺമെന്റിനു.
ചരിത്രത്തിലാദ്യമായി എണ്ണവില നെഗറ്റീവിലേക്ക് കടന്നതിനും 2020 സാക്ഷിയായി. ഉൽപാദക രാജ്യങ്ങൾ തങ്ങളുടെ എണ്ണ വാങ്ങാനായി കച്ചവടക്കാർക്ക് കാശ് അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥയിലായി. സൗദിയും റഷ്യയും തമ്മിലുണ്ടായ തർക്കം ഈ രംഗത്തെ പ്രതിസന്ധി വർദ്ധിപ്പിച്ചു.

സമരങ്ങളുടെ വർഷം
2020 ഒരുപാട് പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും സാക്ഷിയായ വര്ഷം കൂടെയാണ്. ഈ വർഷത്തെ അവലോകനം ചെയ്യുമ്പോൾ ലോകമൊട്ടുക്കും ഉയർന്ന അഭൂതപൂർവമായ സമരങ്ങളെ ഓർക്കാതിരിക്കാൻ ആവില്ല. ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ വർണ്ണവെറിയിൽ പോലീസുകാരൻ മുട്ടുകള് കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും “I can’t breathe” എന്ന അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ലോകം മുഴുവൻ പ്രതിഷേധ ജ്വാലയായ് ഉയരുകയും ചെയ്തു. സംഭവം നടന്ന യു എസ്സിൽ മാത്രമല്ല, ലോകത്തിൻറെ വിവിധ ഭാഗങ്ങളിലും ഈ വിഷയത്തിൽ വൻ പ്രതിഷേധ റാലികളും സമരങ്ങളും ഉണ്ടായി. ബ്രിട്ടൻ തുടങ്ങി ഓസ്ട്രേലിയ വരെ ജനങ്ങൾ വംശീയതക്കും വർണ്ണവെറിക്കുമെതിരെ ശബ്ദമുയർത്തി. 2020 ഇന്ത്യയിൽ ആരംഭിച്ചതാവട്ടെ CAA / NRC പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധ സമരങ്ങളിലാണെങ്കിൽ 2020 അവസാനിക്കുമ്പോൾ, കർഷക ബില്ലിനെതിരെയുള്ള സമരത്തിൽ ആയിരക്കണക്കിന് കർഷകർ ഡൽഹിയിലെ തെരുവുകളിലാണ്.

ബെയ്‌റൂത് സ്ഫോടനം
2020 സാക്ഷിയായ മറ്റൊരു ദുരന്തമാണ് ബെയ്‌റൂത് സ്ഫോടനം. ആധുനിക ചരിത്രത്തിൽ മനുഷ്യ പിഴ മൂലം സംഭവിച്ച ഏറ്റവും വലിയ ആക്സിഡന്റ് ആണ് ബെയ്‌റൂത് സ്ഫോടനം. ബെയ്‌റൂത് പോർട്ടിൽ അമോണിയം നൈട്രേറ്റ് സംഭരണി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. 135 ഓളം ആളുകൾ മരിക്കുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും അസംഘ്യം കെട്ടിടങ്ങൾ തകരുകയോ കേടുപാടുകൾ സാമന്തഭവിക്കുകയോ ചെയ്തു. സ്ഫോടനം മൂലമുണ്ടായ നഷ്ടം ഏകദേശം പതിനഞ്ച് ബില്യൺ ഡോളറാണ്.

കാട്ടുതീ പടർന്ന വർഷം
വർഷാരംഭം മുതൽക്കേ ലോകം സാക്ഷിയായ മറ്റൊരു ദുരന്തമാണ് അനിയന്ത്രിതമായി പടർന്ന കാട്ടുതീ. ഓസ്‌ട്രേലിയയിൽ ഉണ്ടായ കാട്ടുതീ നശിപ്പിച്ചത് 18.6 മില്യൺ ഹെക്ടറാണ്. ഏകദേശം ക്യൂബയുടെ വലുപ്പത്തോളം വരുമിത്. എൺപത് ദിവസത്തോളം നീണ്ടുനിന്ന കാട്ടുതീ നശിപ്പിച്ചത് രണ്ടു ബില്യൺ വന്യജീവികളെയാണെന്നു കണക്കാക്കപ്പെടുന്നു. ആ രാജ്യത്തിന്റെ ജൈവ വൈവിധ്യത്തിന് തീരാനഷ്ടമാണിത്. നോർത്ത് അമേരിക്കയുടെ പടിഞ്ഞാറേ തീരത്ത് പടർന്ന തീ അണക്കാൻ മാസങ്ങളുടെ പരിശ്രമം വേണ്ടി വന്നു. ഇതിനേക്കാളൊക്കെ ഭീകരമാണ് ബ്രസീലിലെ ആമസോൺ, പാന്റനാൽ കാടുകളിൽ ഉണ്ടായ കാട്ടുതീ. ഏകദേശം നാൽപ്പത്തി നാലായിരം ഔട്ബ്രേക്കുകൾ ഉണ്ടാവുകയും മൂന്നു ലക്ഷത്തിലധികം ഹെക്ടർ കാടുകൾ നശിക്കുകയും ചെയ്തു എന്നാണു ഔദ്യോഗിക കണക്കുകൾ.

അമേരിക്കയിലെ പ്രസിഡണ്ട് തെരെഞ്ഞെടുപ്പും തുടർന്നുണ്ടായ വിവാദങ്ങളും പരാമർശിക്കാതെ 2020 പൂർത്തിയാവില്ല. വ്യക്തമായി തോറ്റിട്ടും തോൽവി സമ്മതിക്കാതെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കോടതി കയറിയെങ്കിലും അനുകൂല വിധിയുണ്ടായില്ല.
വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ ഒന്നിച്ചതായി നഗ്നനേത്രങ്ങൾക്കു ദൃശ്യമായ “ദി ഗ്രേറ്റ് കൺജംഗ്ഷൻ” സംഭവിച്ചതും ഈ വർഷമാണ്. 800 വർഷങ്ങൾ കൂടുമ്പോൾ മാത്രം സംഭവിക്കുന്ന അപൂർവ പ്രതിഭാസമാണിത്.

2020 ന്റെ നഷ്ടങ്ങൾ
കലാ സാംസ്കാരിക രംഗത്ത് ഒരുപാട് പ്രതിഭാധനരെ നഷ്ടമായ വർഷം കൂടെയാണ് കൊഴിഞ്ഞുപോകുന്നത്. കോവിഡ് മൂലവും അല്ലാതെയും ലോകത്തിലെ അതിപ്രശസ്തരായ പലരും ഈ വർഷം കാലയവനികക്കുള്ളിൽ മറഞ്ഞു. ഡിയേഗോ മറഡോണ, ജോൺ ലൂയിസ്, ഇർഫാൻ ഖാൻ, ഋഷി കപൂർ, എസ്. പി. ബാലസുബ്രഹ്മണ്യം, ചാഡ്വിക്ക് ബോസ്‌മാൻ , ഷോൺ കോണറി, കവയിത്രി സുഗതകുമാരി തുടങ്ങി ദൈർഘമേറിയ പട്ടികയാണ് 2020 ന്റെ നഷ്ടങ്ങളുടേത്

മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശമായ വർഷമായി ടൈം മാഗസിൻ തെരെഞ്ഞെടുത്ത 2020 അവസാനിക്കുമ്പോൾ, ലോകം ആശങ്കയിൽ നിന്ന് മുക്തമായിട്ടില്ല. കോവിഡ് പ്രതിരോധ വാക്സിനുകൾ ഇറങ്ങിയെങ്കിലും, യു കെയിൽ കണ്ടെത്തിയ പുതിയ കോവിഡ് വൈറസ് മ്യൂറ്റേഷൻറെ പ്രസരണശേഷിക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് ഇന്ന് ലോക രാജ്യങ്ങൾ. പുതുവർഷത്തെ എതിരേൽക്കാൻ തയ്യാറെടുക്കുന്നത് മറ്റൊരു ലോക്ക് ഡൗണിന്റെയും യാത്രാവിലക്കുകളുടെ ഇടയിലാണെന്നതും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നുവെങ്കിലും മനുഷ്യൻറെ അതിജീവനത്തിൻറെ പുത്തൻ ചരിത്രങ്ങൾ രചിക്കുന്ന വര്ഷമായിരിക്കും തുടർന്നുണ്ടാവുക എന്ന് പ്രത്യാശിക്കാം. കോവിഡ് മഹാമാരിയേൽപ്പിച്ച സാമ്പത്തികവും സാമൂഹികവുമായ പ്രഹരത്തിൽ നിന്ന് കരകയറാനുള്ള ശ്രമമായിരിക്കും വരാനിരിക്കുന്ന വർഷങ്ങളുടെ പ്രധാന ലക്ഷ്യം.