Category

Ideology

Category

സ്വന്തം ആവശ്യം കഴിച്ച് മിച്ചമുളള ധനം കെട്ടിപ്പൂട്ടിവെക്കുകയല്ല വേണ്ടത് എന്നും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അത് സ്വന്തം കുടുംബത്തിനും, സമൂഹത്തിനും വേണ്ടി പ്രയോജനകരമാം വിധം ചെലവഴിക്കണം. സമൂഹത്തിന്റെ അടിസ്ഥാനഘടകമാണ് കുടുംബം. വ്യക്തിപരമായ ധനവിതരണത്തില്‍ (സകാത്തല്ലാത്ത സ്വദഖ അഥവാ ദാനധര്‍മ്മങ്ങള്‍) ഉറ്റവര്‍ക്കും ഉടയവര്‍ക്കും പ്രഥമസ്ഥാനം നല്‍കാന്‍ ഖുര്‍ആനും സുന്നത്തും ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ അവസ്ഥയില്‍ ഒരു സമ്പന്നനായ സത്യവിശ്വാസിയുടെ കുടുംബത്തിലും ബന്ധത്തിലും അഗതികളും ദരിദ്രരും ഉണ്ടാകാന്‍ ഇടവരുന്നില്ല. സാമൂഹികമായ ക്ഷേമവും സമാധാനവും സംജാതമാക്കുവാന്‍ അനിവാര്യമായ ധര്‍മ്മങ്ങളില്‍ മുന്‍ഗണന കുടുംബത്തിന് നല്‍കിയിരിക്കുന്നു.

മലയാളി വായനക്കാര്‍ക്ക് സുപരിചിതനായ എഴുത്തുകാരന്‍ വാണിദാസ് എളയാവൂര്‍ (ശ്രീ. ഗംഗാധരന്‍ നമ്പ്യാര്‍) ഇസ്ലാമിക്കെുറിച്ച് സത്യസന്ധമായ അന്വേഷണാനന്തരം പ്രസിദ്ധീകരിച്ച ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം എന്ന കൃതിയിലെ ഏതാനും വരികള്‍ ഇവിടെ ഉദ്ദരിക്കട്ടെ: ഇസ്ലാം അവതീര്‍ണ്ണമായപ്പോള്‍ സകാത്ത് വഴി ആരംഭിച്ച സാമ്പത്തിക വിപ്ലവത്തിന്റെ തുടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വിപ്ലവത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ടെന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. പാവപ്പെട്ട ജനവിഭാഗത്തിന്റെ അവകാശസംരക്ഷണത്തിന് വേണ്ടിയുള്ള ഒരു ഔദ്യോഗിക വിപ്ലവത്തിന്റെ പരിവേഷം അതിന്നവകാശപ്പെടാന്‍കഴിയും. സാധാരണനിലയില്‍ ഏത് ജനപഥവും സ്വയം സംഘടിച്ചു കൊണ്ടാണ് തങ്ങളുടെ അവകാശസംരക്ഷണത്തിന് വേണ്ടി പൊരുതുന്നത്. എന്നാല്‍ അവശവിഭാഗത്തിന് ലഭിക്കേണ്ട സകാത്ത് എന്ന അവകാശം പ്രയോഗത്തില്‍ വരുത്തുന്നതിന് വേണ്ടി അത് നിഷേധിച്ചവര്‍ക്കെതിരില്‍ സമരം ചെയ്തത് സമ്പന്നരും, സ്വഹാബികളും സമൂഹത്തിലെ സുപ്രധാനികളും ഉള്‍ചേര്‍ന്ന ഭരണവിഭാഗമായിരുന്നു എന്നത് സര്‍വാതിശായിയായ സവിശേഷതയത്രെ!’
‘സകാത്ത് വാങ്ങുകയും കൊടുക്കുകയും ചെയ്യേണ്ടത് ബൈത്തുല്‍മാല്‍ വഴിയാണ് എന്ന വ്യവസ്ഥപോലും എത്ര ഉദാത്തമാണ്!

പലിശയെപ്പററി അദ്ദേഹം ഇങ്ങനെ സംഗ്രഹിക്കുന്നു: ‘അദ്ധ്വാനത്തിന് മഹത്വം കല്‍പ്പിക്കുകയും ധര്‍മ്മനിഷ്ഠമായി സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിന് അനുവദിക്കുകയും ചെയ്യുന്ന ഇസ്ലാം, പണം പണത്തെ പെരുപ്പിക്കുന്ന ചൂഷണജന്യമായ പലിശ സമ്പ്രദായത്തെ അംഗീകരിക്കുകയോ പ്രോല്‍സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. നിസ്സഹായതയെ വാറ്റിയെടുത്തൊരുക്കുന്ന വിഷവസ്തുവാണ് പലിശ. ചിലന്തിവലയില്‍ കുടുങ്ങിയ ശലഭത്തെപ്പോലെ പലിശക്കെണിയില്‍ കുടുങ്ങിയ പാവപ്പെട്ടവന്‍ നശിക്കുന്നു. അവന് പിന്നെ മോചനമില്ല. പലിശയില്‍ ചൂഷണത്തിന്റെ വേതാളമുഖം കാണുന്ന ഇസ്ലാംസംസ്‌കൃതി എല്ലാ അര്‍ത്ഥത്തിലും പാവപ്പെട്ടവരോട് കരുണ കാണിക്കാന്‍ വ്യഗ്രത കൊളളുന്നു. പ്രവാചകനിയോഗകാലത്ത് പലിശനിരതമായ സമ്പദ്ഘടന ആയിരുന്നു അറേബ്യന്‍ ഉപദ്വീപിനെ അടക്കിഭരിച്ചിരുന്നത്.

പലിശയുടെ ചരിത്രം:

ഹ്രസ്വമായ വൈയക്തിക ഇടപാടുകളില്‍ പരിമിതമായിരുന്നില്ല പലിശസമ്പ്രദായം. ഖുറൈശികള്‍ക്ക് വേനല്‍ക്കാലത്ത് സിറിയയുമായും തണുപ്പുകാലത്ത് യമനുമായും വളരെ വലിയ വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു. അതിലെല്ലാം മുടക്കപ്പെട്ടിരുന്നത് ഖുറൈശികളുടെ മൂലധനമായിരുന്നു. ഈ കച്ചവടവും ധനവും അവ നിലനിന്നിരുന്ന സാമ്പത്തിക ക്രമവുമെല്ലാം മുച്ചൂടും പലിശ വ്യവസ്ഥിതിയിലധിഷ്ഠിതമായിരുന്നു. അങ്ങിനെയാണ് നബി(സ)യുടെ ദൗത്യത്തോടടുത്ത കാലത്ത് മക്കയില്‍ സ്വത്തെല്ലാം സ്വരൂപിക്കപ്പെട്ടിരുന്നത്. മദീനയിലെയവസ്ഥയും ഇതിന് അപവാദമായിരുന്നില്ല. ജൂതരായിരുന്നു അവിടത്തെ സാമ്പത്തികഘടനയെ നിയന്ത്രിച്ചിരുന്നത്. ഇസ്ലാമിന്റെ ആഗമന ശേഷം അക്രമപൂര്‍ണ്ണവും ചൂഷണാധിഷ്ഠിതവുമായ ഈ സാമ്പത്തികാടിസ്ഥാനങ്ങളെ നിഷേധിച്ചു. പകരം പുതിയ ക്രമങ്ങളെ സ്ഥാപിച്ചു. പരസ്പര സഹകരണത്തിന്റെയും, സഹായത്തിന്റെയും, സകാത്തിന്റെയും പുതിയ വ്യവസ്ഥയും സംവിധാനങ്ങളും നടപ്പാക്കി.

വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനമുള്‍ക്കൊണ്ട ആദിമവിശ്വാസി സമൂഹം ദൈവിക നിര്‍ദ്ദേശങ്ങളാണ് നിലവിലുള്ളതിനേക്കാള്‍ നല്ലതെന്ന് മനസ്സിലാക്കി, അവരുടെ സാമൂഹ്യജീവിതത്തെ നിയന്ത്രിച്ചിരുന്ന പലിശ സമ്പദ്ഘടനയില്‍ നിന്നും പുറത്തുകടന്നു. ദൈവിക നിയമങ്ങളുടെ ശക്ത മായ അടിത്തറയോടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സമ്പദ്‌സമൃദ്ധമായ ഒരു സാമൂഹ്യക്രമം അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിലവില്‍ വന്നു. മാനവതയുടെ ചരിത്രത്തിലും ജീവിതത്തിലും ആദ്യകാല മുസ്ലിം സമൂഹത്തിന്റെ മാതൃക സൃഷ്ടിച്ച പാടുകളും പ്രതിഫലനങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ദൈവികവ്യവസ്ഥയുടെ ശബ്ദം മുമ്പെന്നത്തേക്കാളും മാനവപ്രകൃതി ശ്രവിക്കുവാന്‍ സാദ്ധ്യതയുള്ള ഒരു കാലഘട്ടമാണ് നമ്മുടേത്. അജ്ഞാനകാലത്ത് ഉണ്ടായിരുന്നതിനേക്കാളേറെ ശക്തിയായി പലിശയെന്ന മാരകവിപത്ത് ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്നു. മുന്‍കാലങ്ങളില്‍ വ്യക്തികളും ചെറുകിട സ്ഥാപനങ്ങളുമായി തുടങ്ങിയ പലിശവ്യാപാരം ആധുനിക കാലത്ത് ബാങ്കുവ്യവസായ സ്ഥാപനങ്ങളായും ഏററവും ഒടുവില്‍ ബ്ലേഡുകമ്പനികളുമായും വളര്‍ന്നുപന്തലിച്ചിരിക്കുന്നു.

ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റം:

ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റം ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥയാണ്. ഖുര്‍ആനിക തത്വങ്ങള്‍ ബാങ്കിംഗ് രംഗത്ത് പ്രായോഗികവല്‍കരിക്കാ നുളള ആദ്യശ്രമം നടന്നത് 1963ല്‍ ഈജിപ്തിലായിരുന്നു. എണ്‍പതുകളുടെ തുടക്കമായതോടെ ബഹ്‌റൈന്‍ കേന്ദ്രമാക്കി ഫൈസല്‍ ഇസ്ലാമിക് ബാങ്കും, ജനീവ കേന്ദ്രമാക്കി അല്‍ ബറക്ക ബാങ്കും മുപ്പതിന് മേല്‍ രാജ്യങ്ങളില്‍ ശാഖകളുമായി ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. അധികം വൈകാതെ ഇസ്ലാമിക് ബാങ്ക് ഇന്റര്‍നാഷണല്‍ (IBI), ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റം (IBS) എന്നീ സ്ഥാപനങ്ങള്‍ ലക്‌സമ്പര്‍ഗ് കേന്ദ്രമാക്കിയും പിന്നീട് ഇസ്ലാമീ ബാങ്ക് ബംഗ്ലാദേശ്, ദാറുല്‍ മാലില്‍ ഇസ്ലാമി കുവൈത്ത്, ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, അബൂദാബി ഇസ്ലാമിക് ബാങ്ക്, തബങ്ക്ഹാജി മലേഷ്യ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ നിലവില്‍ വരികയുണ്ടായി. സൗദി അറേബ്യ ആസ്ഥാനമായി നിലവില്‍ വന്ന ആദ്യത്തെ ഇസ്ലാമിക വാണിജ്യ ബാങ്ക് എന്നത് അല്‍റാജ്ഹി ബാങ്കിന് മാത്രം അവകാശപ്പെട്ടതാണ്. 2006 ആയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 300ല്‍ പരം പലിശരഹിത വാണിജ്യ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു.

പലിശാധിഷ്ഠിത സാമ്പ്രദായിക ബാങ്കുകള്‍ പോലും ഇന്ന് തങ്ങളുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥമെങ്കിലും ഇസ്ലാമിക് ബാങ്കിംഗ് ഡിവിഷനുകള്‍ കാര്യക്ഷമമായി നടത്തിക്കൊണ്ട് പോകാന്‍ നിര്‍ബന്ധിതമാംവിധം ഇസ്ലാമിക് ബാങ്കുകള്‍ ജന ഹൃദയങ്ങളില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. ഈയവസ്ഥ സാമ്രാജ്യത്വശക്തികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റം ഒരു ബദല്‍ സാമ്പത്തിക സംവിധാനം എന്ന നിലയില്‍ മറ്റു ലോകരാജ്യങ്ങളോടൊപ്പം ഇന്ത്യയിലും വേരുപിടിച്ചു കൊണ്ടിരിക്കുകയാണ്. പരമ്പരാഗത ബാങ്കുകളോട് മല്‍സരിച്ചു വിജയിച്ചു പോരുന്ന ഇസ്ലാമിക ബാങ്കുകള്‍ ഈയിടെ ധനകാര്യ വിദഗ്ധരുടെയും സാമ്പത്തിക ലേഖകരുടെയും സജീവ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. 1997 നവംബര്‍ 19ന്റെ ഇക്കണോമിക് ടൈംസില്‍ ഇന്ത്യയിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായ ശ്രീ.മധുസുന്ദര്‍, ഈ സമ്പ്രദായത്തെ ശ്ലാഘിച്ചുകൊണ്ട് ലേഖനമഴുതിയത് വളരെ ശ്രദ്ധേയമാണ്.

ഏറെ വര്‍ഷം മുമ്പ്, നമ്മുടെ ധനകാര്യ മന്ത്രിയായിരുന്ന ശ്രീ. സന്ത്‌മേത്ത അദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ ‘അന്ത്യോദയ കേന്ദ്ര’ എന്ന പേരില്‍ സമൂഹത്തിലെ അവശവിഭാഗങ്ങളുടെ ഉന്നമനത്തിനായി ഒരു പലിശരഹിത ബാങ്ക് തുടങ്ങുകയുണ്ടായി. മേത്തയെ ഇതിന് പ്രേരിപ്പിച്ച ഘടകം പ്രമുഖ ഇസ്ലാമിക സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. നജാത്തുല്ലാ സിദ്ദീഖിയുടെ Banking Without Interest എന്ന കൃതിയായിരുന്നു. പലിശരഹിത സംരംഭങ്ങള്‍ക്ക് ഇന്ത്യയില്‍ വന്‍ സാധ്യതയുണ്ടെന്ന് അന്നൊരു പ്രസിദ്ധീകരണത്തിനനുവദിച്ച അഭിമുഖത്തില്‍
ശ്രീ. മേത്ത ചൂണ്ടിക്കാട്ടുകയുണ്ടായി.

ഇസ്ലാം മുന്നോട്ട് വെക്കുന്ന വ്യവസ്ഥ:

ഇന്ത്യയില്‍ ഇന്ന് സ്വകാര്യ മേഖലയില്‍ മുന്നൂറോളം പലിശരഹിതനിധികള്‍/സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബര്‍ക്കത്ത് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ്, ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന അല്‍അമീന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ്, ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഫലാഹ് എന്നിവ പ്രത്യേകം എടുത്തുപറയേണ്ട സംരംഭങ്ങളാണ്. ഹിന്ദു ധനശാസ്ത്രത്തെക്കുറിച്ച് ബൃഹത്തായ ഗ്രന്ഥമെഴുതിയ മഹാരാഷ്ട്രക്കാരനായ ഡോ. ബൊക്കാറെ ഇസ്ലാമിക സാമ്പത്തികവ്യവസ്ഥയുടെ സാദ്ധ്യതകളെക്കുറിച്ച് നൂറ് ശതമാനം പ്രതീക്ഷവെച്ചുകൊണ്ട് ഈ വിധം പറയുകയുണ്ടായി. ‘അത് പ്രയോഗത്തില്‍ വരുന്നതിനുളള കാലതാമസമേയുളളൂ, വിജയിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇസ്ലാം മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുക മാത്രമല്ല അത് നടപ്പില്‍ വരുത്താന്‍ കര്‍ശനമായ രീതി അവലംബിക്കുക കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് സംശയത്തിനടിസ്ഥാനമില്ല എന്ന് പറയാന്‍ കാരണം. വിവിധ മതങ്ങള്‍ തിന്മകളെക്കുറിച്ച് ഉല്‍ബോധിപ്പിക്കുന്നുണ്ടെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടി അവ വിട്ടുവീഴ്ചകള്‍ക്ക് പഴുതനുവദിക്കുന്നുണ്ട്. അചഞ്ചലമായി നില്‍ക്കുന്നത് ഇസ്ലാം മാത്രം’

മനുഷ്യന് തന്റെ അവകാശങ്ങള്‍ക്കൊപ്പം ബാധ്യതകള്‍ കൂടിയുണ്ടെന്ന് നിരന്തരം ബോധവല്‍ക്കരിക്കുന്ന, അവസര സമത്വത്തിലൂന്നിയ സാമ്പത്തിക നയത്തിലൂടെ സാമൂഹ്യനീതിയും ഭദ്രതയും ഉറപ്പുവരുത്തുന്ന ഒരു വ്യവസ്ഥയാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നത്. പ്രതിബദ്ധതയുടെ തിരിച്ചറിയല്‍ അടയാളങ്ങള്‍ സമൂഹത്തിന് ഇനിയും ലഭ്യമാക്കിയിട്ടില്ലാത്ത സിദ്ധാന്തങ്ങളുടെയും രാഷ്ട്രീയ മുദ്രാവാക്യങ്ങളുടെയും പ്രളയത്തിനിടയില്‍, ജൈവമനുഷ്യന്റെ വിശുദ്ധപ്രകൃതിയെ പ്രതീക്ഷാനിര്‍ഭരമായ സമൂര്‍ത്ത ജീവിതസമവാക്യത്തിലേക്ക് നയിക്കുകയാണ് ഇസ്ലാമിക സാമ്പത്തിക ബദല്‍.

ആത്മാര്‍ത്ഥയില്ലാത്ത അധരവ്യായമങ്ങള്‍ക്കിടയില്‍ ഇരിപ്പിടം കിട്ടാതെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ഓര്‍ക്കുവാന്‍ മാത്രമല്ല, അവര്‍ക്ക് തന്റെ അധ്വാന ഫലം പങ്കുവയ്ക്കുവാന്‍കൂടി ഈ ദര്‍ശനം സമ്പന്നനെ പരിശീലിപ്പിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ അപ്രതീക്ഷിതമായ അക്രമത്തില്‍ തകര്‍ന്നു നില്‍ക്കുന്ന ലോക സമ്പദ് വ്യവസ്ഥ തിരിച്ചു പിടിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ സര്‍വത്ര സജീവമാണ്. അതിരില്ലാത്ത കാരുണ്യത്തിലും സ്‌നേഹത്തിലും വിട്ടുവീഴ്ചയില്ലാത്ത നീതിയിലും ഉല്‍കൃഷ്ടമായ സമാധാനത്തിലും സര്‍വ്വോപരി ക്ഷേമസമ്പൂര്‍ണ്ണമായ ലോക- ക്രമത്തിലൂന്നിയുമുള്ള ദൈവീക സാമ്പത്തികവ്യവസ്ഥ (Divine Economic Theory) ആധുനിക ലോകത്ത് പരീക്ഷിക്കാനുള്ള ചരിത്ര സന്ദര്‍ഭമാണ് നമുക്കു മുന്നില്‍.

നവനൂററാണ്ടിനൊരു സാമ്പത്തിക ബദല്‍‌: ഭാഗം ഒന്ന്

സാമ്രാജ്യത്വ ശക്തികളുടെ ചൂഷണത്തിന് അറിഞ്ഞും അറിയാതെയും ഇരയായി, കടക്കെണി കളിലും നാണയപ്പെരുപ്പത്തിലും പെട്ടുഴലുന്ന വികസ്വര രാഷ്ട്രങ്ങളുടെ പരിതാവസ്ഥ മാനവികതയിലൂന്നിയ പുതിയൊരു ലോകക്രമത്തെക്കുറിച്ച അന്വേഷണത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.…

പ്രത്യയശാസ്ത്ര അടിത്തറയില്‍ പടുത്തുയര്‍ത്തിയ മൂല്യങ്ങളെ അനുധാവനം ചെയ്ത് പ്രായോഗിക ജീവിതം ചിട്ടപ്പെടുത്തുന്നവരാണ് മനുഷ്യര്‍. നിലനില്‍ക്കുന്ന പ്രത്യയശാസ്ത്ര വ്യവഹാര മണ്ഡലങ്ങളെ സ്വതന്ത്രമായും വിമര്‍ശനാത്മകമായും സമീപിക്കുകയും പ്രാപഞ്ചിക വീക്ഷണത്തിന്റെ…