Category

Politics

Category

മനുഷ്യ ചരിത്രത്തിൻറെ നൈരന്തര്യങ്ങളിലൂടെ കണ്ണോടിച്ചിട്ടുള്ള ഏതൊരാൾക്കും മനസ്സിലാകുന്ന വസ്തുത, അതെന്നും പാരസ്പര്യങ്ങളുടെയും ആദാനപ്രദാനങ്ങളുടെയും ആഖ്യാനമാണ് എന്നതാണ്. മൗലികമായി ഒരു വിഭാഗത്തിന്റെ പ്രശ്നം സ്വാഭാവികമായും എല്ലാവരുടേതുമായി മാറും എന്നതാണ് വസ്തുത. ഈ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായ  പൗരത്വസമരങ്ങളിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന വ്യത്യസ്ത സമരരീതികളെയും ചിന്താധാരകളെയും ആഴത്തിൽ വിശകലനം ചെയ്യുകയാണ് ഇവിടെ.

ഇടപെടലുകളുടെ രാഷ്ട്രീയം:

ഏതു സമരങ്ങളിലുമെന്നപോലെ, പൗരത്വ സമരങ്ങളിലും അതിൻ്റെ വ്യത്യസ്ഥമായ ഇടപെടലുകളുടെയും രാഷ്ട്രീയങ്ങളുടെയും ചർച്ചകൾ സജീവമാണ്. സമരങ്ങളുടെ സ്വഭാവങ്ങൾ വ്യത്യസ്ഥമാവുക എന്നത് സ്വാഭാവികവുമാണ്. സ്വാതന്ത്ര്യസമരങ്ങളുടെ കാലത്ത് തികച്ചും വ്യത്യസ്ഥമായ രണ്ട് ആശയധാരകളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഗാന്ധിജിക്കും അംബേദ്കറിനും ചരിത്രത്തിൽ അവരുടേതായ സ്ഥാനവും സംഭാവനകളും കാണാൻ കഴിയും. ആശയവ്യത്യാസങ്ങൾ പരസ്പരം റദ്ദ് ചെയ്തിരുന്നില്ല എന്ന് മാത്രമല്ല, അവ അംഗീകരിക്കപ്പെട്ടതും പരസ്പരം ഉൾക്കൊള്ളുന്നതുമായിരുന്നു. മുസ്ലിം സമുദായത്തിനകത്ത് നോക്കിയാൽ, മൗലാന മുഹമ്മദലി ജോഹറും ഇഖ്ബാലും സഞ്ചരിച്ചിരുന്ന പാതയിലൂടെയല്ല അബുൽ കലാം ആസാദിൻ്റെ ആദർശയാത്ര. (കോൺഗ്രസിൻ്റെയും മുസ്ലിംലീഗിൻ്റെയും രാഷ്ട്രീയ നിലപാടുകളിലെ വ്യതിരിക്തത ഈ ആശയവ്യത്യാസങ്ങളുടെ ഉദാഹരണമാണ്). ചുരുക്കിപ്പറഞ്ഞാൽ പ്രക്ഷോഭങ്ങൾക്കകത്ത് ഏകസ്വരം, ഏകാഭിപ്രായം എന്ന ഒരു രീതി സംഭവ്യമല്ല.

സവിശേഷമായ ബഹുസ്വര മുഖമുള്ള ഇന്ത്യൻ സാഹചര്യത്തിൽ, മുസ്‌ലിം സമുദായത്തിന്റെ പ്രക്ഷോഭങ്ങളും സമരരീതികളും ഏതു സ്വഭാവത്തിലുള്ളതായിരിക്കണം എന്ന ചർച്ചകൾ ഈ അവസരത്തിൽ ഉയർന്നു വന്നിരുന്നു. പൗരത്വ ഇടപെടലുകളിൽ ഒരു വിഭാഗം ഈ വിഷയത്തെ മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമാണെന്ന് വാദിക്കുകയും അപ്രകാരം സമര രീതികളെ  ആവിഷ്ക്കരിക്കുകയും സമരങ്ങളിൽ മുസ്ലിം മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും അടങ്ങുന്ന സ്വത്വ പ്രക്ഷേപണങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു. വിഭജനാനന്തര ചരിത്രത്തിൽ ഇന്ത്യയിൽ മുസ്ലിം സമുദായം അനുഭവിച്ചു പോന്ന കൃത്യമായ വംശീയ വിവേചനങ്ങളുടെ അടിസ്ഥാനം ഇസ്ലാമോഫോബിയ ആണെന്ന് കരുതുന്നവരാണ് ഇക്കൂട്ടർ. UAPA പോലുള്ള കരിനിയമങ്ങൾ ഇത്തരം വിവേചനങ്ങളുടെ പുതിയ  കാലത്തെ ആവിഷ്ക്കാരങ്ങളായാണ് മനസ്സിലാക്കേണ്ടത് എന്നവർ വാദിക്കുന്നു. അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഈ വർഗ്ഗവിവേചനങ്ങളെ പൊതുസമൂഹം പ്രശ്നവൽക്കരിക്കുകയോ അഡ്രസ് ചെയ്യുകയോ ചെയ്തിരുന്നില്ല.

ജാമിഅയിലെയും അലിഗറിലെയും വിദ്യാർത്ഥികൾ CAA സമരങ്ങളിൽ ഇസ്ലാമോഫോബിയക്കെതിരിൽ നടത്തുന്ന മുദ്രാവാക്യങ്ങൾ ഈ വിഷയങ്ങളെ ജനങ്ങൾ ഏറ്റെടുക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ദളിത് പ്രശ്നങ്ങളെ അവർ അവരുടെ സ്വത്വത്തിൽ ഉറച്ചു നിന്നുകൊണ്ട് അഡ്രസ് ചെയ്യുമ്പോൾ അതിനെ വർഗീയമായി മനസ്സിലാകാത്ത പൊതു സമൂഹം, മുസ്ലിംകൾ അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളേയും ചിഹ്നങ്ങളെയും (അടിസ്ഥാനപരമായി അവരുടെ സ്വത്വത്തെ) ഉയർത്തിപ്പിടിച്ചു സമരം ചെയ്യുമ്പോൾ അത് സാമുദായികവാദം ആയി മുദ്രകുത്തുന്നതു വിവേചനപരമാണ് എന്നിവർ വാദിക്കുന്നു. ഇത്തരം ചർച്ചകളും മുദ്രാവാക്യങ്ങളും പരസ്യമായി പ്രസ്താവിക്കുന്നത് നേരത്ത സൂചിപ്പിച്ച ഇസ്ലാമോഫോബിയയിൽ നിന്നുയർന്നു വരുന്ന പൊതുബോധങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും എന്നും ഇവർ കരുതുന്നു.. ഈയടുത്തു നടി പാർവതി മലയാള സിനിമാരംഗത്തെ ഇസ്ലാമോഫോബിയക്കെതിരെ സംസാരിച്ചത് ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.

തീവ്രമായ സാമുദായിക ധ്രുവീകരണത്തിന്റെ ഈ കാലത്തു ഇത്തരം നിലപാടുകൾക്ക് സാധുതയുണ്ട് എന്നവർ വിശ്വസിക്കുന്നു. അവരെ സംബന്ധിച്ചെടുത്തോളം ഇന്ത്യയിൽ ഇത് ആദ്യമായി സംഭവിക്കുന്ന ഒരു കാര്യമല്ല. മറിച്ചു, സ്വാതന്ത്ര്യാനന്തരം തന്നെ ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിഭജനം പോലും ആ പ്രശ്നങ്ങളുടെ ഉപോൽപ്പന്നം ആണ് എന്നവർ കാണുന്നു. മുസ്‌ലിം സമുദായം ഏതു രീതിയിൽ അവരുടെ പ്രശ്നങ്ങളെ സമീപിച്ചാലും അതിനെ വർഗീയമായി വായിക്കാൻ ഇസ്ലാമോഫോബിക്കുകൾക്കു സാധിക്കും എന്നും അവർ വിലയിരുത്തുന്നു. 

identity politics and way of protests4

പ്രക്ഷോഭങ്ങളിലെ ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും :

ഉത്തരേന്ത്യയിലെ വിദ്യാർത്ഥി രാഷ്ട്രീയം പൊതുവിൽ സ്വത്വപരമാണ്.  സമരങ്ങളിൽ ലാൽ സലാം, നീൽ സലാം, അസ്സലാം, അല്ലാഹു അക്ക്‌ബർ തുടങ്ങിയ മുദ്രാവാക്യങ്ങൾ അവർക്കു സുപരിചിതവുമാണ്. ദളിത് വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ ‘ജയ് ഭീം’ വിളിക്കാൻ മുസ്ലിംകൾക്കും മുസ്ലിം പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ ‘അല്ലാഹുഅക്ക്ബർ’ വിളിക്കുന്നതിൽ ദളിതർക്കും ഒരു അസ്വസ്ഥതയും തോന്നാറില്ല. സ്വാതന്ത്ര്യ സമര കാലത്തു രൂപംകൊണ്ട ഖിലാഫത്തു പ്രസ്ഥാനവും അതിന്റെ സമര മുറകളും (ബഹിഷ്കരണം, നിസ്സഹകരണം തുടങ്ങിയ സമരരീതികൾ) പിന്നീട് ഗാന്ധിജി പോലും ഏറ്റെടുത്തതാണ് ചരിത്രം. സായുധ  പോരാട്ടത്തിലേക്ക് നീങ്ങിയ ശേഷമാണ് ഗാന്ധി ഖിലാഫത്തുപ്രസ്ഥാനങ്ങളുമായി ബന്ധം വിച്ഛേദിക്കുന്നത്.  ഫാസിസത്തിനെതിരെയുള്ള സമരങ്ങളിൽ തക്ബീർ വിളികൾ മുസ്ലിമിന് നൽകുന്നത് വൈകാരിക ശമനമല്ല മറിച്ചു ആത്മീയാവേശമാണ് എന്നാണു ഇവരുടെ വാദം.

സമരങ്ങളുമായി ബന്ധപ്പെട്ടു പൂർണ്ണമായും ഒരു മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നതിൽ ഗോപ്യമായ മറ്റൊരു അപകടം കൂടെയുണ്ട്. ഈ സമരം വിജയിക്കുകയും പുതിയൊരു സർക്കാർ വരികയും ചെയ്താൽ മൂസ്ലിം സമുദായത്തിന്റെ ആചാരങ്ങളിലും മറ്റും ഇടപെടലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സ്വത്വ പ്രകാശനങ്ങൾ സംഘ് പരിവാറിന് വീണ്ടും ഉയരാനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്യുക എന്ന വാദങ്ങളും അതിന്റെ കൂടെ വരും.

ഇന്ത്യൻ രാഷ്ട്രീയത്തിൽ മുസ്ലിംകൾക്ക് വലിയൊരു പരിധി വരെ Negotiation Power ഉണ്ടായിരുന്നു. വിഭജനം ഏറ്റവും അധികം ബാധിച്ചതും മുസ്ലിം സമുദായത്തെ ആയിരുന്നു. ഇന്ത്യൻ മുസ്ലിമിന്റെ ഉള്ളിൽ ഭീകരമായ ഒരു അപകർഷതാ ബോധം ആണ് അത് സൃഷ്ടിച്ചത്. സ്വന്തമായി ഒരു രാജ്യം വരെ ലഭിച്ചു കഴിഞ്ഞപ്പോൾ പിന്നെയൊന്നും നേടാനില്ലാത്തവരായി സ്വയം ധരിക്കുകയും വേറെയൊന്നും ആവശ്യപ്പെടാനുള്ള ആത്മവിശ്വാസം പോലും നഷ്ടപ്പെടുകയും ചെയ്ത ഒരു അവസ്ഥയിലേക്ക് മുസ്ലിങ്ങൾ എടുത്തെറിയപ്പെടുകയും ചെയ്തു.  ഭരണഘടനയിൽ ദളിതർക്കു നയതന്ത്ര അവകാശങ്ങൾ പോലും വകവെച്ചു കൊടുത്തപ്പോൾ മുസ്ലിമിന് സാംസ്കാരികാവകാശങ്ങൾ മാത്രമാണ് ലഭിച്ചത്. ചുരുക്കത്തിൽ മുൻപ് അനുഭവിച്ച  വിശേഷാധികാരങ്ങൾ അയവിറക്കി നൽകപ്പെട്ടതിൽ തൃപ്തിപ്പെട്ടു ഇന്ത്യൻ മുസ്ലിമിന് ജീവിക്കേണ്ടി വന്നു എന്നതാണ് ചരിത്രം.

സെക്കുലർ ആയ നിലപാടുകളിൽ ഊന്നിയുള്ള പൗരത്വ പ്രക്ഷോഭ സമര രീതികൾ, ഇന്ത്യൻ മുസ്‌ലിംകൾക്കു ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ലെന്നും, പൊതുബോധത്തിൽ രൂഢമൂലമായ ഇസ്‌ലാമോഫോബിക് ബോധ്യങ്ങളെ തിരുത്താൻ ഇതുവഴി സാധിക്കില്ലെന്നും ഇവർ കരുതുന്നു.  സംഘപരിവാർ എന്ന ആശയത്തെ തന്നെ എതിർക്കുന്നതിന്  ഏറ്റവും ഉചിതം കുറച്ചു കൂടെ ഭാവി മുന്നിൽ കണ്ടുള്ള സമര നിലപാടുകൾ ആണ്. അത് ഏറ്റുമുട്ടുന്നത് ആശയങ്ങളോടും ബോധ്യങ്ങളോടുമായിരിക്കും. അതോടൊപ്പം മനസ്സിലാക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ഒന്ന്,  മുസ്ലിമാവുന്നതോടു കൂടി തന്നെ ഒരാൾ  ഒരു സ്വത്വത്തിനു ഉള്ളിൽ ആണുള്ളത്. അത് പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും അയാൾ  തീവ്രവാദി  ആയി മുദ്രകുത്തപ്പെടുന്നതാണ് കണ്ടുവരുന്നത്. ‘അല്ലാഹുഅക്ബർ’ പോലുള്ള മുദ്രാവാക്യങ്ങൾ പൊളിറ്റിക്കൽ മുദ്രാവാക്യങ്ങൾ ആയി തന്നെ ആണ് മനസ്സിലാക്കപ്പെടേണ്ടത് എന്നാണിവർ മുന്നോട്ടു വെക്കുന്ന ആശയം.

(തുടരും)

ബഹുസ്വര സമൂഹത്തിലെ സമരങ്ങളുടെ രീതിശാസ്ത്രം: ഭാഗം രണ്ട്

ലോകത്തിന്റെ സമസ്ത വ്യവഹാരങ്ങളെയും ഒരു വൈറസ് മാറ്റിമറിച്ചിരിക്കുന്ന അനുഭവപ്രതലങ്ങളിലൂടെയാണ് മനുഷ്യരാശി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നിസ്സാരമെന്ന് കരുതുന്ന ഒരു വൈറസ് അത്ര നിസ്സാരമല്ല എന്ന് ലോകത്തിനു ബോധ്യംവന്ന കാലം.…

അക്കാദമിക സാഹിത്യങ്ങളില്‍ അതോറിറ്ററിയന്‍ എന്നതിന് രണ്ടു വ്യത്യസ്ത അര്‍ത്ഥങ്ങളാണുള്ളത്. രാഷ്ട്രീയ താരതമ്യത്തില്‍ നിശ്ചിത കാലയളവില്‍ സ്വതന്ത്രവും കളങ്കരഹിതവുമായ തെരഞ്ഞെടുപ്പുകള്‍ നടത്തുക എന്നുള്ളതാണ് ഒന്ന്. ഈ അര്‍ത്ഥത്തില്‍…

അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധമായ ഇന്ത്യന്‍ മണ്ണിന്റെ മേല്‍മണ്ണ് മാത്രമാണ് ജനാധിപത്യ ഭരണസംവീധാനം – ബി ആര്‍ അംബേദ്കര്‍ ചരിത്രാതീത കാലം മുതല്‍ക്കേ, മനുഷ്യര്‍ ഭരണ നിര്‍വ്വഹണത്തിനായി പല…

മനുഷ്യജീവിതത്തിന്റെ നിഘില മേഖലകളെയും ചൂഴ്ന്ന് നില്‍ക്കുന്ന ഒന്നാണ് രാഷ്ട്രീയം. രാഷ്ട്രീയാവബോധം മനുഷ്യന്റ വ്യതിരിക്തതയുടെ തന്നെ ഭാഗമാണ്. വ്യക്തികളുടെ രാഷ്ട്രീയ നിലപാടുകളാണ് ആത്യന്തികമായി ഒരു പ്രദേശത്തിന്റെയും ഒരു…