Category

Books

Category

പ്ലാറ്റോയോ അരിസ്റ്റോട്ടിലോ സെന്റ് അഗസ്റ്റിനോ ഒന്നും ഇബ്നു ഖൽദൂന് തുല്യരല്ല. സ്വന്തം അനുഭവങ്ങളിൽ നിന്ന് അദ്ധേഹം രൂപപ്പെടുത്തിയെടുത്ത ചരിത്ര ദർശനം ബുദ്ധിയുള്ള മനുഷ്യർ ആവിഷ്കരിച്ച ഏറ്റവും മഹത്തായ ചിന്താ സൃഷ്ടികളിലൊന്നാകുന്നു. മറ്റൊരു പ്രാചീന ചരിത്രകാരനും ഇബ്നു ഖൽദൂന്റെ പേരിനോട് ചേർന്നു നിൽക്കാനള്ള അർഹതയില്ല

ആർനോൾഡ് ടോയൻ ബി

നാഗരികതയുടെ ഉത്ഥാനപതനത്തിന്റെ അടിസ്ഥാന തത്വങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി വിത്യസ്ത സംഭവ വികാസങ്ങളെ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ  വിശദീകരിക്കുന്ന മുഖദ്ധിമ ചരിത്ര വിദ്യാർഥിയുടെ ആധികാരിക ഗ്രന്ഥമാണ്. മുൻ കാല പണ്ഡിതന്മാരിൽ നിന്നും സമകാലികരായവരിൽ നിന്നും ഇബ്നു ഖൽദൂൻ പ്രചോദനം ഉൾകൊണ്ടുവെങ്കിലും അവരിൽ നിന്നെല്ലാം വിത്യസ്തമായി ചരിത്ര പഠനത്തെ മനുഷ്യ സമുദായത്തിന്റെ നിലനിൽപിന്റെയും പുരോഗതിയുടെയും മുഖ്യ ഉപകരണമായി ഉയർത്തി കൊണ്ടുവന്നു. അത്  കൊണ്ട് തന്നെ ആത്യന്തികമായി അദ്ധേഹത്തിന്റെ മൗലിക ചിന്തയുടെയും ബുദ്ധികൂർമതയുടെയും അടയാളമായിട്ടാണ് മുഖദ്ധിമ ചരിത്രത്തിൽ രേഖപ്പെടുത്തിട്ടുള്ളത്.

bylines malayalam magazine publication bylines.in ibn khaldun statue algeria
അൾജീരിയയിലെ കസ്ബ ബെജിയയുടെ കവാടത്തിലെ ഇബ്നു ഖൽദൂന്റെ പ്രതിമ

പൂർണമായിട്ടല്ലെങ്കിലും അധികാരം മുഖ്യ പരികല്പനയും ചർച്ചയും ആയ ഈ ഗ്രന്ഥത്തിൽ രാഷ്ട്രീയ അധികാരത്തിന്റെ ജ്ഞാന തത്വങ്ങൾ വിശദീകരിക്കുന്നു. ചാക്രികമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന തത്വങ്ങൾ മനുഷ്യ സമുദായത്തിന്റെ വിജയപരാചയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നവയാണ്. ഖൽദൂനിന്റെ അപഗ്രഥനത്തിന്റെ ശക്തി നിലകൊള്ളുന്നത് വിത്യസ്ത വിജ്ഞാനശാഖയിലും ചലനാത്മക സ്വഭാവത്തിലുമാണ്. രാജ്യത്തിന്റെ ശക്തി നിയമവാഴ്ചയില്ലാതെ നിലനിൽക്കില്ല എന്നത് പോലെ പ്രധാനമാണ് രാജ്യമില്ലാതെ നിയമത്തിന് പ്രസക്തിയുമില്ല എന്ന തത്വം.

ആധിപത്യം ശക്തി പ്രാപിക്കുന്നത് ജനത നിലനിൽക്കുമ്പോഴാണ് എന്നും അതിനാൽ സമ്പത്ത് ആർജിച്ച് കൊണ്ട് മാത്രമെ ജനതയക്ക് നിലനിൽപുള്ളൂ. സമ്പത്ത് വികസനത്തിൽ കൂടിയും വികസനം നീതിയിലും അധിഷ്ഠിതമായിരിക്കണം. നീതി നാളെ വിലയിരുത്തപ്പെടുമെന്നും അധികാരം ഉത്തരവാദിത്ത നിർവഹണമാണെന്നു മുള്ള വിശ്വാസം ഖൽദൂനിയൻ തത്വസംഹിതയുടെ അന്ത:സത്തയാണ്. വർത്തമാനകാലഘട്ടത്തിൽ നാം എപ്പോഴും ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന രാഷ്ട്രം, നിയമം, ജനത, വിഭവം, വികസനം, നീതി തുടങ്ങിയ സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ പരസ്പരബന്ധിതവും ഒന്ന് മറ്റൊന്നിനെ സ്വാധീനിച്ച് മുന്നോട്ട് ചലിക്കുന്നവയുമാണ്. അതിനാൽ ഖൽദൂനിന്റെ വിശകലനം വികാസം പ്രാപിക്കുന്നത് ഒറ്റ വിജ്ഞാനശാഖയിലൂടെയല്ല. മറിച്ച് വ്യത്യസ്ഥ തരത്തിലുള്ള വിജ്ഞാനശാഖയുടെ വ്യവഹാരത്തിലൂടെയാണ്. രാഷ്ട്രീയം, ധാർമികം, സാമൂഹ്യം, സാമ്പത്തികം ,ജനസംഖ്യ തുടങ്ങിയ ഘടകങ്ങളും ഘടനകളും ഒരു കാലയളവിൽ പരസ്പരം പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുന്നു.

ഒരു ഘടകം മറ്റൊന്നിനെ ചലിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു ഘടകത്തിനും സ്ഥായിയായ നിലനിൽപില്ല. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ശൃംഖല പ്രതിപ്രവർത്തനത്തെ നിരീക്ഷിച്ച് ഒരു നാഗരികത വളർച്ചയിലേക്കാണൊ അതൊ തകർച്ചയിലാണൊ നയിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു ഘടകം യാന്ത്രികതയിൽ വീണ് കഴിഞ്ഞാൽ മറ്റുള്ള ഘടകം അതേദിശയിൽ പ്രതിപ്രവർത്തനം തുടരുകയും ചെയ്യുമ്പോൾ നാഗരികതയുടെ തകർചക്ക് സമാരംഭമായി. പ്രതിപ്രവർത്തനം ഒരേ ദിശയിലല്ലെങ്കിൽ ഒരു ഘടകത്തിന്റെ പതനം മറ്റുള്ളവയിലേക്ക് പ്രവഹിക്കില്ല മാത്രമല്ല കുറച്ച് സമയമെടുത്താലും തകരുന്ന ഘടകം പുനർനിർമ്മാണത്തിനും വിധേയമാക്കാം. അതുമല്ലെങ്കിൽ നാഗരികതയുടെ പതനത്തിന്റെ വീഴ്ച താരതമ്യേന കുറച്ച് കൊണ്ട് വരാം. മുഖദ്ധിമയിൽ ഇബ്നു ഖൽദൂൻ നൽകുന്ന വിവരണത്തിൽ മനുഷ്യനാണ് കേന്ദ്ര പ്രമേയം. കാരണം നാഗരികതയുടെ ഉയർചതാഴ്ചകളിൽ അഗാധമായി ബന്ധപ്പെട്ട് നിൽക്കുന്നത് മനുഷ്യരുടെ സുഖ: ദു:ഖങ്ങളാണ്.

bylines malayalam magazine publication bylines.in muqaddimah book
മുഖദ്ധിമ

ഇത് കേവല സാമ്പത്തിക ഘടകത്തെ ബദ്ധപ്പെടുത്തി കൊണ്ട് മാത്രമല്ല ധാർമികം, മന:ശാസ്ത്രം സാമൂഹ്യം തുടങ്ങിയ ഘടകങ്ങളും ചരിത്രത്തിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായിട്ടാണ്. മനുഷ്യർ അവരുടെ സ്വന്തത്തെ മാറ്റാത്തിടത്തോളം കാലം അല്ലാഹു അവരുടെ അവസ്ഥ മാറ്റുകയില്ല മനുഷ്യർ ചെയ്തതിൻ്റെ ഫലമായി കെടുതികൾ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. വിശുദ്ധ വേദഗ്രന്ഥത്തിലെ ഈ രണ്ട് വാക്യങ്ങളും മനുഷ്യരുടെ ഉയർചക്കും തകർച്ചക്കും അവർ തന്നെയാണ് ഉത്തരവാദി എന്ന് അടിവരയിടുന്നു. അത് കൊണ്ടാണ് എല്ലാ പ്രവാചകന്മാരും ചരിത്രത്തിൽ ഇടപെട്ടത് മനുഷ്യ സ്വഭാവ സംസ്കരണത്തിലും മനസ്സിന്റെ അവബോധത്തെ മാറ്റി പണിയുന്നതിലും ഊന്നൽ കൊടുത്ത് കൊണ്ടാണ്. മനുഷ്യൻ കേന്ദ്രസ്ഥാനത്ത് നിന്ന് കൊണ്ടുള്ള വിശകലനത്തിൽ പുരോഗതിയും നീതിയും കാര്യകാരണബന്ധത്തിൻ്റെ ശൃംഖലയില്‍ പ്രധാനപ്പെട്ട ഘടകങ്ങളാണ്.

മനുഷ്യൻ കൂടുതൽ നല്ലതിലേക്ക് പുരോഗമിക്കാൻ കാഴ്ചപ്പാട് സൃഷ്ടിക്കണമെങ്കിൽ വികസനം അത്യന്താപേക്ഷിതമാണ്. പക്ഷെ വികസനം സാധ്യമാവണമെങ്കിൽ നീതി അതിന്റെ കൂടെ സഞ്ചരിക്കണമെന്നാണ് ഖൽദൂൻ പറയുന്നത്. അത് കൊണ്ട് തന്നെ നീതി വികസനം പോലെ തന്നെ പരിമിതമായ സാമ്പത്തിക മാനദണ്ഡത്തിൽ പരിഗണിക്കാതെ മനുഷ്യന്റെ എല്ലാ മേഖലയിലുമുള്ള നീതിയുമായി വളരെ വിശാലമായ അർഥപരികൽപന ഉൾക്കൊള്ളേണ്ടത് .നമ്മുടെ സമൂഹം മനസ്സിലാക്കി വെച്ചത് പോലെ അനീതി എന്നത് പണമൊ സമ്പത്തൊ ഒരു കാരണവുമില്ലാതെ പിടിച്ചെടുക്കുക എന്നതിൽ പരിമിതപ്പെടുത്തരുത്. അനീതിയെ അതിനേക്കാൾ വിശാലമായ അർഥ കൽപനയിൽ വായിച്ചെടുക്കണം’ ഒരാൾ മറ്റൊരാളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതോ അല്ലെങ്കിൽ  അവന് വേണ്ടി നിർബന്ധമായി ജോലി ചെയ്യിക്കുകയൊ അതുമല്ലെങ്കിൽ അധിക്ഷേപത്തിൻ്റെയോ വിദ്വേഷത്തിൻ്റെ ഭാഷയോ അടിച്ചേൽപിക്കുന്ന അധിക നികുതികളൊ അനീതിയുടെ ഗണത്തിൽ എണ്ണേണ്ടതാണ്.

bylines malayalam magazine publication bylines.in basheer vaikkom
വൈക്കം മുഹമ്മദ് ബഷീർ

ഒരു നാഗരികതയുടെ അല്ലെങ്കിൽ ഒരു രാഷ്ട്രത്തിന്റെ തകർച്ചയുടെ തുടക്കം അനീതി വ്യാപകമാവുമ്പോഴാണ്. പണത്തിന്റെ ക്രയവിക്രയത്തിൽ ഏർപ്പെടുത്തുന്ന അധിക നിയന്ത്രണം നമ്മുടെ സാമ്പത്തിക ക്രമത്തിൽ ഏൽപിച്ച പരുക്ക് എത്ര ഭീകരമാണ് എന്ന് ഡീ മോണിറ്റൈസേഷനിലൂടെ നമുക്ക് ബോധ്യമായതാണ്. പരസ്പരം വിദ്വേഷവും വെറുപ്പും പ്രകടിപ്പിക്കുന്നതും ജനതയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ അമിത നിയന്ത്രണമേർപ്പെടുത്തുന്നതും സമൂഹ നാശത്തിന് കാരണമാണ്. അതിനാൽ മനുഷ്യർ പരസ്പരം സഹകരിച്ച് ജീവിക്കാനാണ് സ്രഷ്ടിക്കപ്പെട്ടതെന്ന അടിസ്ഥാന തത്വമാണ് ഇബ്നു ഖൽദൂൻ സ്വീകരിച്ചത്. അസബിയ്യ എന്ന പദമാണ് അദ്ധേഹം സംഘബോധത്തിന് കൊടുത്തിട്ടുള്ളത്. വ്യക്തികളുടെ മന:ശാസ്ത്രത്തിനല്ല മറിച്ച് സംഘങ്ങളുടെ മന:ശാസ്ത്രത്തിനാണ് ഖൽദൂൻ ഊന്നൽ കൊടുത്തത്. സംഘ ഗുണം കൂടുതൽ ഉള്ളവർ അതിജീവിക്കുകയും ആധിപത്യം നേടുകയും ചെയ്യും. ആധിപത്യം സ്ഥിരപ്രതിഷ്ട നേടി നിഷ്ക്രിയതയിലേക്ക് നീങ്ങുമ്പോൾ സർഗ്ഗാത്മക നശിക്കുകയും രാഷ്ട്രം അല്ലെങ്കിൽ സംഘം തകർച്ചയെ അഭിമുഖീകരിക്കും.

മാർക്സിയൻ രീതിശാസത്രത്തിന്റെ അടിസ്ഥാന തത്വമായി ചരിത്രവൽക്കരണത്തെ പല എഴുത്തുകാരും ഉയർത്തിക്കാട്ടാറുണ്ടെങ്കിലും രാഷ്ട്രീയത്തിന്റെ അല്ലെങ്കിൽ സാമൂഹ്യ ശാസ്ത്രത്തിന്റെ ഖൽദൂനിയൻ ജ്ഞാന ശാസത്രം ഇന്നും ചരിത്ര പഠനത്തിന്റെ മുഖ്യ സ്രോതസ്സായി പ്രവർത്തിക്കുന്നത് നമുക്ക് അനുഭവ ബോധ്യമാണ്. മാത്രമല്ല മാറി വരുന്ന കാലത്തോട് സസൂക്ഷ്മം സംവദിക്കാൻ കഴിയുന്ന മുഖദ്ധിമ ചരിത്ര വിദ്യാർഥിയുടെ സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെ റഫറൻസ് ഗ്രന്ഥമായി ഇന്നും നിലകൊള്ളുന്നു. അത് കൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ മുഖദ്ധിമയുടെ മലയാള വിവർത്തനത്തിന് ഒരു പേര് കൊടുക്കണമെന്ന് മുട്ടാണിശ്ശേരി കോയക്കുട്ടി മുസ്ലിയാരോട് ആവശ്യപ്പെടുകയും അവസാനം ബഷീർ തന്നെ പേര് കൊടുത്തു ‘മാനുഷ ചരിത്രത്തിന് ഒരു ആമുഖം’.

ബോധമെന്നൊന്നില്ലാത്ത, എന്നാൽ അതിബുദ്ധിയുള്ള അൽഗോരിതങ്ങൾ നാം സ്വയം മനസ്സിലാക്കുന്നതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ നമ്മെ മനസ്സിലാക്കി കഴിയുമ്പോൾ നിത്യജീവിതത്തിനും സമൂഹത്തിനും രാഷ്ട്രീയത്തിനും എന്താണ് സംഭവിക്കുക? യുവാൽ നോവാ…

ലോക് ഡൗൺ കാലത്ത് വായിച്ച ശ്രദ്ധേയമായ പുസ്തകങ്ങളിൽ ഒന്നായിരുന്നു പ്രമുഖ മാധ്യമ പ്രവർത്തകനായ എ റഷീദുദ്ദീന്റെ ‘അതിർത്തിയിലെ മുൻതഹാ മരങ്ങൾ’. ധീരനും സാഹസികനുമായ ഒരു മാധ്യമ…

ഇറാനിയൻ-അമേരിക്കൻ എഴുത്തുകാരനും, ചരിത്രകാരനും ടെലിവിഷൻ അവതാരകനുമായ റസാ അസ്ലന്റെ ലോകപ്രസിദ്ധമായ പുസ്തകങ്ങളിലൊന്നാണ് God: A Human History. 2013 ൽ ഇറങ്ങിയ ന്യൂയോർക്‌ ടൈംസ് അന്താരാഷ്ട്ര…

മതങ്ങളിലെ തത്ത്വജ്ഞാനപഠനങ്ങളിലും, വിജ്ഞാനശാസ്ത്രത്തിലും ഗവേഷണം നടത്തുന്ന ഒരു അമേരിക്കൻ തത്ത്വചിന്തകനാണ് ആൽവിൻ കാൾ പ്ലാന്റിംഗ. 1963 ൽ യൂണിവേഴ്സിറ്റി ഓഫ് നോറ്റഡാമിൽ പ്രൊഫസ്സർ ആയി നിയമനം…

നാല് പതിറ്റാണ്ടിനിടയിലെ മിഡിൽ ഈസ്റ്റ് പോരാട്ടങ്ങളുടെയും അത് ലോകമെമ്പാടുമുണ്ടാക്കിയ പ്രത്യാഘാതങ്ങളുടെയും സമ്പൂർണ്ണമായ രാഷ്ട്രീയ ചരിത്രമാണ് ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകൻ ഗില്ലസ് കെപലിന്റെ Away from Chaos…