Politics

അധീശാധിപത്യ പ്രവണത ഇന്ത്യന്‍ ജനാധിപത്യത്തില്‍

Pinterest LinkedIn Tumblr

അക്കാദമിക സാഹിത്യങ്ങളില്‍ അതോറിറ്ററിയന്‍ എന്നതിന് രണ്ടു വ്യത്യസ്ത അര്‍ത്ഥങ്ങളാണുള്ളത്. രാഷ്ട്രീയ താരതമ്യത്തില്‍ നിശ്ചിത കാലയളവില്‍ സ്വതന്ത്രവും കളങ്കരഹിതവുമായ തെരഞ്ഞെടുപ്പുകള്‍ നടത്തുക എന്നുള്ളതാണ് ഒന്ന്. ഈ അര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പുമൊക്കെ ജനാധിപത്യ തെരഞ്ഞെടുപ്പുകള്‍ വഴി നീതിപൂര്‍വം അധികാരത്തിലേറിയവരാണെന്നു പറയാം. അങ്ങിനെ നോക്കുമ്പോള്‍, ഇവരുടെ ഭരണം അക്കാദമിക ഏകാധിപത്യ നിര്‍വചനത്തിനു പുറത്താണ് . എന്നാല്‍ രാഷ്ട്രീയ മനശ്ശാസ്ത്രത്തില്‍, അപരനെ ഭയക്കുന്ന, ശ്രേണീബദ്ധമായ അധികാരത്തിനോടുള്ള അഭിവാജ്ഞയുള്ള ഏതൊരു വ്യക്തിയും അധീശത്വ മനസ്ഥിതിയുള്ളവരാണെന്നു കാണാം. ഈ അര്‍ത്ഥത്തില്‍ മേല്‍പ്പറഞ്ഞ അധികാരികള്‍ അധീശാധിപത്യ സ്വഭാവമുള്ളവരാണെന്നതിനു ഈ രാജ്യങ്ങളുടെ സമകാലീന സംഭവ വികാസങ്ങളും, ഈ വ്യക്തികളുടെ അധികാര ചേഷ്ടകളും സംസാരങ്ങളും പ്രവര്‍ത്തികളും നിരീക്ഷിച്ചാല്‍ മനസ്സിലാക്കിക്കാന്‍ സാധിക്കും.

ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തില്‍, പ്രത്യക്ഷത്തില്‍ ശ്രദ്ധയാകര്‍ഷിക്കാത്ത എന്നാല്‍ ആഴത്തില്‍ വേരൂന്നിയതും ദിനേനയെന്നോണം സംഭവിക്കുന്നതുമായ ഡീപ് സ്‌റ്റേറ്റിന്റെ ഏകാധിപത്യ പ്രവണതകളെപ്പറ്റി ബംഗാളി രാഷ്ട്രീയ നിരീക്ഷകനായ സുവോജിത് ചതോപാധ്യായ എഴുതുകയുണ്ടായി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മുനയൊടിക്കുന്ന തരത്തിലുള്ള നിയമങ്ങളുടെ ദുരുപയോഗം, സന്നദ്ധ സംഘടനകളുടെ മേല്‍ ചെലുത്തുന്ന നിയന്ത്രണങ്ങള്‍, സ്വകാര്യ സ്വത്തിന്റെ മേലുള്ള കൈകടത്തല്‍, വിവര സാങ്കേതിക വിദ്യയുടെയും ഇന്റര്‍നെറ്റിന്റെയും മേലുള്ള നിയന്ത്രണങ്ങള്‍, രാജ്യത്തെ പൗരന്മാര്‍ എന്ത് കഴിക്കണം /കഴിക്കരുത് എന്നത് പോലും സ്‌റ്റേറ്റ് തീരുമാനിക്കുക എന്നിവയെല്ലാം ഇന്ത്യന്‍ മണ്ണില്‍ അധികാര ഫാസിസത്തിന്റെയും ഏകാധിപത്യത്തിന്റെയും കടന്നുകയറ്റമായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. മേല്പറഞ്ഞവയൊക്കെയും ദിനചര്യയായി മാറിയിരിക്കുന്നു എന്നതാണ് വസ്തുത. രാജ്യത്തെ ബഹുഭൂരിഭാഗം ജനങ്ങളും ഇവയുമായി താദാത്മ്യം പ്രാപിക്കുകയും, ഇവയൊന്നും എതിര്‍ക്കപ്പെടേണ്ടാത്തവയായി മനസ്സിലാക്കുകയും ചെയ്യുന്നു.

ആധുനിക ഇന്ത്യയില്‍ അധീശത്വവ്യവസ്ഥയുടെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ചിലത് അതീവ നിഷ്ടൂരവുമാണ്. സമൂഹത്തിലെ താഴേക്കിടയിലുള്ളവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ് ഇരകളാക്കപ്പെടുന്നത്. ഒഡിഷയിലെയും ഛത്തീസ്ഗഡിലെയും പട്ടികജാതി വിഭാഗങ്ങള്‍ ഇന്ത്യന്‍ സ്വേച്ഛാധിപത്യത്തിന്റെ മുഴുവന്‍ ശക്തിയും അറിഞ്ഞവരാണ്. ഫോറസ്‌ററ് റൈറ്‌സ് ആക്ടിനെ ദുര്‍ബലപ്പെടുത്തി ആദിവാസികളുടെ വനമേഖല കൈവശപ്പെടുത്തിയത് രാജ്യത്തിന്റെ ഭരണകൂടമാണ്. ഇന്ത്യന്‍ ഡീപ് സ്‌റ്റേറ്റിന്റെ ഏകാധിപത്യത്തിന്റെ അതിദാരുണമായ ഉദാഹരണമാണ് കശ്മീര്‍. Armed Forces Special Powers നിയമം കൊണ്ടുവന്നു സൈനിക അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ സ്വൈരവിഹാരത്തിനു വിട്ടുകൊടുത്ത ഇന്ത്യന്‍ ഭരണകൂടം സ്വേച്ഛാധിപത്യപരമല്ലെന്നു പറയാന്‍ സാധിക്കില്ല. സ്‌റ്റേറ്റിന്റെ അധികാര തേര്‍വാഴ്ചക്ക് ഇരകളാക്കപ്പെട്ടവരല്ലാതെ ആരും ഇതില്‍ അസ്വസ്ഥരാകുന്നില്ലെന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിലേക്ക് നുഴഞ്ഞു കയറുന്ന ഏകാധിപത്യ പ്രവണതകള്‍ ഇന്ന് രാജ്യത്തിന്റെ ശാപമായി മാറിയിരിക്കുന്നു. ഇന്ത്യ, രൂപീകരണ കാലം മുതല്‍ക്കേ ഈ പ്രവണതകള്‍ പ്രകടിപ്പിച്ചിരുന്നു എന്ന് പ്രശസ്ത ചരിത്രകാരിയും ടഫ്‌റ്‌സ് യൂണിവേഴ്‌സിറ്റി ചരിത്ര പ്രൊഫസറുമായ ആയിഷ ജലാല്‍ തന്റെ ഡെമോക്രസി ആന്‍ഡ് ആതോറിറ്റേറിയനിസം ഇന്‍ സൗത് ഏഷ്യ എന്ന പുസ്തകത്തില്‍ അടിവര- യിടുന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാകിസ്താനെയും ബംഗ്ലാദേശിനെയും അപേക്ഷിച്ചു ഒട്ടും മികച്ചതല്ല ഇന്ത്യന്‍ ജനാധിപത്യം എന്നവര്‍ സമര്‍ത്ഥിക്കുന്നുണ്ട്.

അധീശാധിപത്യം ചരിത്രത്തിൽ:

ജര്‍മനിയില്‍ ഏകാധിപത്യം സ്ഥാപിക്കാന്‍ ദേശീയതാവാദം വലിയ ഹേതുവായിട്ടുണ്ട്. അതുപോലെത്തന്നെ ശുദ്ധതാവാദവും ജൂതന്മാരെക്കാള്‍ തങ്ങള്‍ ഉന്നതരാണെന്ന ബോധംബ ദൃഢമാക്കി എടുത്താണ് ജര്‍മനിയെ ഹിറ്റ്‌ലര്‍ ഫാസിസത്തിലേക്കു നയിച്ചത്. പല ഏകാധിപതികളും ഇത്തരം തീവ്ര ദേശീയതാബോധം വളര്‍ത്തിയെടുത്താണ് അധികാരമേറിയിട്ടുള്ളത്.

പലപ്പോഴും ദേശീയതാ അതിവാദങ്ങളാണ് വര്‍ഗ്ഗീയതയിലേക്കും വംശഹത്യയിലേക്കും നയിക്കുന്നത്. ഇതിനോടുള്ള പ്രതികരണങ്ങള്‍ ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളുമായി ഒരു ദൂഷിതവലയത്തില്‍ അകപ്പെട്ടു ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലാണെങ്കില്‍ യാഥാസ്ഥിതിക സാമൂഹിക സമവാക്യങ്ങള്‍, മത വ്യക്തിത്വങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍, തീവ്ര ദേശീയത എന്നിവയെല്ലാം ഏകാധിപത്യത്തിലേക്കുള്ള ചവിട്ടുപടികളായി അഴിച്ചുപണിയപ്പെടുന്ന ഒരു സ്ഥിതിവിശേഷമാണുള്ളത്. ഹിന്ദുത്വ അല്ലെങ്കില്‍ ഹിന്ദുനെസ്സ് എന്ന് പറയാവുന്ന ഒന്ന് ദേശിയ പൊതുബോധത്തില്‍ അടിച്ചേല്‍പ്പിച്ചു അധീശത്വത്തിനു ഒരു മതപരിവേഷം നല്‍കിക്കൊണ്ട് ബഹുഭൂരിപക്ഷ ഹിന്ദു രാഷ്ട്രമായ ഇന്ത്യയെ കൂടുതല്‍ മതപരവും വര്‍ഗീയമായും വിഘടിപ്പിച്ചു നിര്‍ത്തുക എന്ന തന്ത്രമാണ് പയറ്റപ്പെടുന്നത്

ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഹിന്ദുത്വ ഫാസിസം നടപ്പിലാക്കുന്ന അജണ്ടകള്‍ ജൂതര്‍ക്കെതിരെ ഹിറ്റ്‌ലര്‍ സ്വീകരിച്ച നയങ്ങള്‍ക്ക് സമാനമായതാണെന്നു കാണാം. ഹിന്ദുക്കളുടെ നാടും സമ്പത്തും അക്രമത്തിലൂടെയും അന്യായമായും കൈവശം വെക്കുന്നവരാണ് മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും മുസ്‌ലിംകള്‍ എന്ന ദുഷ്പ്രചാരണം വഴി സാമാന്യ ഹിന്ദുവിന് മുസ്ലീമിനെ ശത്രുവായി കാണുന്ന അവസ്ഥ സംജാതമാകുന്നു. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ചും മുസ്‌ലിംകള്‍, അതിക്രമകാരികളായ കൈയ്യേറ്റക്കാരാണെന്നും, അവര്‍ പാകിസ്ഥാനിലേക്ക് പോകേണ്ടവരാണെന്നും ഭരണപക്ഷ പാര്‍ലിമെന്റ് അംഗങ്ങള്‍ വരെ പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നു. ലൗ ജിഹാദ് തുടങ്ങി നിര്‍ബന്ധിത മത പരിവര്‍ത്തനം, തീവ്ര വാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വരെ ആരോപിക്കപ്പെട്ടു മുസ്‌ലിം ചെറുപ്പക്കാര്‍ വിചാരണ പോലും ഇല്ലാതെ ജയിലില്‍ അടക്കപ്പെടുകയോ കാണാതാവുകയോ ചെയ്യുന്നു. ഒരു ശരാശരി ഹിന്ദുവിന്റെ മത വികാരങ്ങളെ പ്രകോപിപ്പിച്ചു നിര്‍ത്തുന്നതില്‍ വിജയിച്ച അധികാര ഫാസിസം, ഇല്ലാത്ത പശു ഇറച്ചിയുടെ പേരില്‍ പോലും ആള്‍ക്കൂട്ടത്തെ കൊണ്ട് മതന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തി അവരുടെ സ്വേച്ഛാധിപത്യം സ്ഥാപിച്ചെടുക്കുന്നു. അപരവല്‍ക്കരണവും അപരനോടുള്ള ശത്രുതയും പദ്ധതിയാക്കി ആള്‍ക്കൂട്ടത്തെ വരുതിയില്‍ നിര്‍ത്തി ആധിപത്യം ഉറപ്പിക്കുന്നു. ജാത്യാധിഷ്ഠിത ഇന്ത്യന്‍ സാമൂഹിക സാഹചര്യം ഇത്തരം അജണ്ടകള്‍ നടപ്പിലാക്കാന്‍ ഏറ്റവും അനുയോജ്യ മണ്ണാണുതാനും. ഭരണ വരേണ്യ വര്‍ഗ്ഗത്തിന്റെ മേല്‍ക്കോയ്മാവാദം ആത്യന്തികമായി ഒരു വര്‍ഗ്ഗത്തിന്റെ അധീശാധിപത്യത്തില്‍ കലാശിക്കുന്നു.

ജാതീയതയും മതാത്മകതയും തുറുപ്പുചീട്ടുകളായി ഉപയോഗിച്ച അധീശത്വ ഫാസിസം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ മറുവശത്തു ഇതിന്റെ ഗുണഭോക്താക്കളായി വമ്പന്‍ കുത്തക മുതലാളിമാരാണുള്ളത് എന്നതാണ് വസ്തുത. ഒരു രാഷ്ട്രത്തെ എണ്ണത്തില്‍ വളരെ കുറവുള്ള സാമ്പത്തിക ശക്തികള്‍ നിയന്ത്രിക്കുന്ന അവസ്ഥയാണ് ഫാസിസം എന്ന ഒരു നിര്‍വചനവും സാധ്യമാണ്. കുത്തക രാഷ്ട്ര മുതലാളിത്തം എന്ന് വിളിക്കാം. രാജ്യത്തിന്റെ മേല്‍ സമഗ്രാധിപത്യം നേടുന്നതിന്റെ ഭാഗമായി ജനങ്ങളുടെ മേല്‍ നോട്ട് നിരോധം പോലുള്ളവ അടിച്ചേല്‍പ്പിച്ചും ജി എസ ടി പോലുള്ള അധികനികുതി ഭാരം നല്‍കിയും പൗരന്മാരുടെ സമ്പത്തിന്റെ മേലുള്ള അധികാരികളുടെ നിയന്ത്രണം ശക്തമാക്കുന്നു. ചോദ്യം ചെയ്യാന്‍ ഭയക്കുന്ന ജനങ്ങള്‍ തങ്ങള്‍ക്കുമേല്‍ വരുന്ന ജാതീയവും വംശീയവും മാത്രമല്ല സാമ്പത്തികവുമായ ഭാരം വഹിക്കാനാവാതെ ആത്മഹത്യയിലേക്കു നീങ്ങുന്നു. ഒരു വിഭാഗത്തിന്റെ ആധിപത്യം സ്ഥാപിച്ചെടുക്കാനായി രാജ്യത്തിന്റെ ചരിത്രം തന്നെ തിരുത്തപ്പെടുന്ന അതീവ ഗുരുതരമായ സാഹചര്യമാണുള്ളത്. വളരെ വ്യവസ്ഥാപിതമായും എന്നാല്‍ സാവധാനത്തിലും വിദ്യാലയങ്ങളിലെ പാഠ പുസ്തകങ്ങളിലൂടെ തിരുത്തിയെഴുതിയ ചരിത്രം പുതു തലമുറയിലേക്കു പകരുന്നു.

സമഗ്രാധിപത്യത്തിന്റെ നാള്‍വഴികള്‍ :

ചരിത്രവിജ്ഞാനീയവും ദേശീയതയും തമ്മില്‍ ഗാഢമായ ബന്ധമുണ്ട്. ദേശീയ രാഷ്ട്രം എന്ന ആധുനിക അധികാരയന്ത്രത്തിന്റെ ഏറ്റവും ഫലപ്രദവും സാധൂകരണക്ഷമവുമായ ജ്ഞാനമണ്ഡലമെന്ന നിലക്കാണ് ചരിത്രവിജ്ഞാനീയം തന്നെ ആവിര്‍ഭവിക്കുന്നത്. ഒരു വംശത്തെയോ ജാതിയെയോ മതത്തെയോ ദേശീയവത്കരിക്കുന്ന സൈദ്ധാന്തിക ധര്‍മമാണ് ചരിത്രവിജ്ഞാനീയം നിര്‍വഹിക്കുന്നത്. ഇന്ത്യയിലെ സവര്‍ണജാതികളെയും അവരുടെ സംസ്‌കാരത്തെയും ദേശീയ പദവിയിലേക്കുയര്‍ത്തുന്നതിനുവേണ്ടി ഏറ്റവുമധികം വിന്യസിക്കപ്പെട്ട വ്യവഹാരരൂപം ചരിത്രവിജ്ഞാനീയമാണ്.

ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ക്കു മുമ്പില്‍ സ്വന്തം ദേശീയ പ്രതിനിധാനാവകാശം സ്ഥാപിച്ചുറപ്പിക്കുന്നതിന് സവര്‍ണക്ക് ആദിമവും അനുസ്യൂതവുമായ ഒരു ദേശീയ ചരിത്രം ആവശ്യമായിരുന്നു. അങ്ങനെയാണ് വേദകാലത്തുനിന്നാരംഭിക്കുന്ന ഒരു രാഷ്ട്രത്തെ നിര്‍മിക്കുകയും അതിന്റെ ചരിത്രത്തെ ദേശീയ ചരിത്രമായി വ്യാഖ്യാനിക്കുകയും ചെയ്തത്. വ്യത്യസ്ത മതവിശ്വാസാചാരങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ചുള്ള ചരിത്ര സ്മരണകളെ നശിപ്പിക്കുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്തുകൊണ്ടു മാത്രമേ ഇങ്ങനെയൊരു അഖണ്ഡ ഹിന്ദുരാഷ്ട്രത്തിന്റെ ചരിത്രബോധത്തിനു നിലനില്‍ക്കാനാവൂ. ഓര്‍മകളുടെ ബഹുത്വങ്ങളെ പുലരാന്‍ അനുവദിക്കാത്ത ഈ ദേശീയ ചരിത്രം അതിനാല്‍ അടിമുടി ജനാധിപത്യവിരുദ്ധവും അധാര്‍മികവുമാണ്. ദലിത്പിന്നാക്ക ജനവിഭാഗങ്ങള്‍ അവരുടെ മതപരവും സാംസ്‌കാരികവുമായ വ്യതിരിക്തതസ്ഥാപിക്കുന്നതിനുവേണ്ടി നടത്തുന്ന എല്ലാ ശ്രമങ്ങളെയും അസാധുവാക്കുകയെന്നതാണ് ഈ ദേശീയ- ചരിത്രത്തിന്റെ പരമമായ ധര്‍മം.

ഹാരപ്പന്‍ സംസ്‌കാരത്തെക്കുറിച്ചുള്ള കണ്ടെത്തലുകളും തുടര്‍ന്നുണ്ടായ ഗവേഷണങ്ങളും ഹിന്ദുദേശീയ ചരിത്രാഖ്യായികയുടെ ‘ആദിമധ്യാന്തപ്പൊരുത്ത’ത്തെ തകര്‍ക്കുകയും അതില്‍ ആഴമേറിയ വിള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു, ഹാരപ്പന്‍ നാഗരികതയുടെ ഭിന്നചരിത്രം നിലനില്‍ക്കുവോളം ഈ വിടവുകള്‍ അടയ്ക്കുക അസാധ്യമാണ്. വ്യതിരിക്ത ചരിത്രവിജ്ഞാനങ്ങളുടെ വികാസത്തിലൂടെ ഈ വിടവുകള്‍ വലുതാവുകയും ക്രമേണ ഹിന്ദുദേശീയചരിത്രംതന്നെ അപ്രത്യക്ഷമാവുകയും ചെയ്യാനിടയുണ്ട്. അത് ഹിന്ദുകൊളോണിയലിസത്തിന്റെയും സംഘപരിവാറിന്റെയും അന്ത്യത്തിനു വഴിവെക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ സംഘപരിവാറിനുമുമ്പിലുള്ള ഏക പോംവഴി ദേശീയ ചരിത്രാഖ്യായികയിലെ വിടവുകള്‍ ബലംപ്രയോഗിച്ച് അടയ്ക്കുകയെന്നതുമാത്രമാണ്. ഹാരപ്പന്‍ സംസ്‌കാരത്തെ വൈദികവത്കരിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നത് അതുകൊണ്ടാണ്.

ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി:

ശ്രാവണബുദ്ധ പാരമ്പര്യങ്ങളെയെല്ലാം ഇപ്രകാരം തുടച്ചുനീക്കാനും ഇന്ത്യാചരിത്രങ്ങളെ ഹിന്ദുവിന്റെ ഏകചരിത്രമാക്കിമാറ്റാനുമുള്ള വലിയൊരു ഫാഷിസ്റ്റു ഗൂഢാലോചനയുടെ പ്രാരംഭമാണ് ഇപ്പോള്‍ നടക്കുന്നത് ജനശ്രദ്ധ രാഷ്ട്രീയ സാമ്പത്തിക പ്രശ്‌നങ്ങളിലുണ്ടെങ്കില്‍ ആര്‍ക്കും ജനദ്രോഹകരമായ നടപടികള്‍ നടപ്പാക്കാനാവില്ല. അതുകൊണ്ട് ജനശ്രദ്ധ മാറ്റേണ്ടത് ഏത് സര്‍ക്കാരുകളേക്കാളും ഫാസിസ്റ്റ് സര്‍ക്കാരിന് അത്യന്തം പ്രധാനപ്പെട്ടതാണ്. റോഡിന്റെ പേര് മാറ്റല്‍, പശുവിന്റെ പേരില്‍, സ്ത്രീകള്‍ ആര്‍ഷഭാരത സംസ്‌കാരം പിന്‍തുടരണം, മുസ്ലീങ്ങള്‍ ഇന്ത്യ വിട്ട് പോകണം, ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കണം തുടങ്ങി അനേകം വിവാദപരമായ പ്രസ്ഥാവനകള്‍ ഫാസിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. മേലധികാരികളുടെ ഇത്തരം വിവാദ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ അതീവപ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്നു. വലിയ ചര്‍ച്ചാപരിപാടികളും മറ്റും അതിനെക്കുറിച്ച് അവര്‍ സംഘടിപ്പിക്കുന്നു.

ഇതോടൊപ്പം ഇന്ത്യക്കകത്തു സമൂലമായ സര്‍ക്കാര്‍ പരിഷ്‌കരണങ്ങളും നടക്കുകയാണ്. എല്ലാ സ്ഥാപനങ്ങളിലും ഫാസിസ്റ്റ് അനുകൂലികളെ നേതൃത്വ സ്ഥാനത്ത് നിയോഗിക്കുന്നു. പൂനെയിലെ വിദ്യാലയത്തില്‍ നടത്തിയ അത്തരമൊരു ശ്രമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ദീര്‍ഘകാലമായി സമരത്തിലാണ് . ഫാസിസത്തിന്റെ വളര്‍ച്ചക്ക് സഹായകമല്ലാത്തതിനാലും, ജനത്തെ കോര്‍പ്പറേറ്റുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനാലും, വിദേശികള്‍ക്ക് കൊള്ള നടത്താന്‍ കഴിയാത്തതിനാലും സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയും ഭരണസംവിധാനവും ഒന്നൊന്നായി മാറ്റപ്പെടുകയാണ്.

അധീശത്വ ഫാസിസം ഇന്ത്യന്‍ ജനാധിപത്യത്തില്‍ നുഴഞ്ഞുകയറി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും, ജനാധിപത്യ ധ്വമസനവും നടക്കുമ്പോഴും ഇതിനെതിരെയുള്ള പ്രതിരോധം ശക്തമല്ല എന്നുള്ളതാണ് വസ്തുത. ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവം ഇന്ത്യന്‍ ജനാധിപത്യം ഇന്ന് നേരിടുന്ന ഒരു വലിയ ഭീഷണിയാണ്. ജനാധിപത്യം ദുരുപയോഗം ചെയ്തു രാജ്യത്തെ ഏകാധിപത്യത്തിന്‍കീഴില്‍ ആക്കുന്നതിനു പ്രതിലോമ ശക്തികള്‍ക്ക് പ്രതിരോധം നേരിടാനില്ല എന്നത് തന്നെ ജനാധിപത്യത്തിന്റെ ആസന്ന മരണത്തിന്റെ അശുഭ സൂചികയാണ്.

പ്രമുഖ പൊളിറ്റിക്കല്‍ സയന്റിസ്‌റ് Dr. ലോറന്‍സ് ബ്രിട്ട് ഒരു ഫാസിസ്റ്റു രാജ്യത്തിന്റെ 14 ലക്ഷണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്:

 • അതിശക്തവും നിരന്തരമായി ഉന്നയിക്കുന്നതുമായ തീവ്ര ദേശീയതാവാദം ദേശിയ ഗാനം, പതാക, മുതല്‍ ദേശീയതയുടെ ആപ്തവാക്യങ്ങളുടെ നിരന്തരമായ ഉപയോഗം.
 • രാജ്യ സുരക്ഷയുടെ പേരില്‍ അതിഭയാനകമായ തരത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍.
 • ഐക്യപ്പെടുന്നതിനായി പൊതുശത്രുവിനെ സൃഷ്ടിക്കല്‍.
 • സൈന്യത്തിന്റെ അപ്രമാദിത്വം.
 • ക്രമാതീതവും അക്രമാസക്തവും ആയ ലിംഗ വിവേചനം.
 • ബഹുജന മാധ്യമങ്ങളിന്മേലുള്ള നിയന്ത്രണം.
 • രാജ്യ സുരക്ഷയോടുള്ള അമിതമായ ആസക്തി.
 • മതത്തെയും ഭരണകൂടത്തെയും കൂട്ടിക്കലര്‍ത്തല്‍.
 • കുത്തക മുതലാളിമാരുടെ താല്പര്യ സംരക്ഷണം.
 • തൊഴിലാളികളെ അടിച്ചമര്‍ത്തല്‍.
 • ബുദ്ധിജീവികളെയും കലാകാരന്മാരെയും അധിക്ഷേപിക്കല്‍.
 • കുറ്റം, ശിക്ഷ എന്നിവയുടെ മേല്‍ അമിത ശ്രദ്ധ.
 • അതിവിപുലമായ അഴിമതി.
 • ഇലക്ഷനില്‍ കൃത്രിമത്വം.

പ്രത്യക്ഷത്തില്‍ തന്നെ ഫാസിസത്തിന്റെ ഈ ലക്ഷണങ്ങള്‍ ഇന്ത്യന്‍ ഭരണ വര്‍ഗ്ഗത്തിന് ചേരുന്നു എന്നത് ഏറ്റവും ഗുരുതരമായി കാണേണ്ടതുണ്ട്. ഹിന്ദുത്വ ഫാസിസത്തിന്റെ അധീശാധിപത്യ അജണ്ടകള്‍ നടപ്പിലാക്കാന്‍ സാധാരണ ഹിന്ദു പൗരനെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി വരുതിയിലാക്കുന്നു എന്നത് ഗൗരവതാരമാണ്. ഭൂരിപക്ഷം വരുന്ന നന്മേഛുക്കളായ സാധാരണക്കാരെ ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന ഈ ഹിഡന്‍ അജണ്ടകളെപ്പറ്റി ബോധവല്‍ക്കരിക്കുക എന്നത് അടിയന്തിര ശ്രദ്ധ അര്‍ഹിക്കുന്നു. ഒരു ജനത തങ്ങളുടെ അമൂല്യമായ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യാന്‍ തയ്യാറാവാത്ത കാലത്തോളം, അവരുടെ ഭരണകര്‍ത്താക്കള്‍ കൂടുതല്‍ അധികാരത്തിനും ആധിപത്യത്തിനും അവര്‍ക്കുമേല്‍ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ സമ്മര്‍ദ്ധം ചെലുത്തിക്കൊണ്ടേയിരിക്കും എന്നത് സമകാലീന ഇന്ത്യയുടെ നേര്‍സാക്ഷ്യമാണ്.

കാര്യങ്ങളെ ശെരിയായ രീതിയില്‍ മനസ്സിലാക്കുകയും ജനങ്ങളിലേക്ക് കടത്തിവിടുന്ന നുണപ്രചാരങ്ങളെയും വിധ്വംസക പ്രവൃത്തികളെയും കൃത്യമായി തിരിച്ചറിഞ്ഞു വികാരത്തെ വിവേകത്തിനു അടിയറവു വെച്ചുകൊണ്ടുള്ള ജനാധിപത്യപരമായ പ്രതിരോധ മുന്നേറ്റങ്ങള്‍ക്കായി സമാന മനസ്‌കരെ ഒരുമിപ്പിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. തിന്മയെ നന്മകൊണ്ട് നേരിടുകയും കുപ്രചാരങ്ങള്‍ക്കു വശംവദരാകുന്ന സാമാന്യ ജനത്തിനു കാര്യങ്ങളുടെ നിജസ്ഥിതിയെപ്പറ്റി അറിവ് നല്‍കുകയും ചെയ്യുക എന്നത് ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനു സുപ്രധാനമാണ്.

സമഗ്രാധിപത്യത്തിന്റെ നാള്‍വഴികള്‍

BYLINES is an online publication and public-access archival repository offering expert analysis on wide variety of issues for academic and public audiences alike.

4 Comments

 1. Que dois-je faire si j’ai des doutes sur mon partenaire, comme surveiller le téléphone portable du partenaire? Avec la popularité des téléphones intelligents, il existe désormais des moyens plus pratiques. Grâce au logiciel de surveillance de téléphone mobile, vous pouvez prendre des photos à distance, surveiller, enregistrer, prendre des captures d’écran en temps réel, la voix en temps réel et afficher les écrans du téléphone mobile.

Write A Comment