Politics

ബഹുസ്വര സമൂഹത്തിലെ സമരങ്ങളുടെ രീതിശാസ്ത്രം: ഭാഗം രണ്ട്

Pinterest LinkedIn Tumblr

പ്രത്യയശാസ്ത്രപരമായി ഇസ്‌ലാം മുന്നോട്ടു വെക്കുന്ന ദർശനത്തിന്റെ നിരാകരണമാണ് ഇത്തരത്തിലുള്ള സ്വത്വവാദപരമായ  വാദഗതികൾ എന്ന് കരുതുന്നവരാണ് മറുവശത്തുള്ളത്. വിജാതീയരെ അപരവൽക്കരിക്കുകയോ അന്യവൽക്കരിക്കുകയോ ചെയ്തു കൊണ്ട് സ്വത്വപ്രകാശനം വേണോ എന്നുള്ള അടിസ്ഥാന പ്രശ്നം ഇവർ ഉന്നയിക്കുന്നു. വിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന ഐക്യത്തിന്റെയും ഏകതയുടെയും തത്വങ്ങൾക്ക് എതിരാണ് സ്വത്വവാദം. പൗരത്വ പ്രക്ഷോഭങ്ങളിൽ മുസ്ലിം ചിഹ്നങ്ങളിൽ ഊന്നിയുള്ള സമരമുറകളും, മുസ്ലിം പ്രശ്നമായി മാത്രം ഇതിനെ കാണുന്ന തരത്തിലുള്ള പ്രയോഗങ്ങളും മുസ്ലിംകൾ അല്ലാത്തവരെ  ഇത് തങ്ങളുടെ പ്രശ്നമല്ല എന്ന ചിന്തയിലേക്ക് നയിക്കുകയും, ആത്യന്തികമായി സർവ്വനാശത്തിലേക്കത് ചെന്നെത്തുകയും ചെയ്യുമെന്നും ഇവർ ഭയക്കുന്നു.

ഇന്ന് നമ്മുടെ രാജ്യത്തിൻറെ നിയന്ത്രണം  ഇസ്ലാമോഫോബിയയുടെ വക്താക്കളായ ഹിന്ദുത്വ ഫാസിസത്തിന്റെ കയ്യിൽ  ആണ്. അധികാരം കയ്യിലുള്ളത് കൊണ്ട് തന്നെ രാഷ്ട്രീയ പ്രചാരണങ്ങൾ (Propaganda) അനായാസം നടപ്പിലാക്കാനും നുണകളെ മനോഹരമായി അവതരിപ്പിക്കാനും  സാധാരണ ജനങ്ങളെ വിശ്വസിപ്പിക്കാനും ഇവർക്ക് സാധിക്കുന്നു. ഗീബൽസിയൻ നുണ പ്രചാരങ്ങളുടെ ഒരു തനിയാവർത്തനം തന്നെയാണ് ഇന്ത്യയിലെ ഫാസിസ്റ്റു ശക്തികൾ എടുത്തുപ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

നുണയുടെ സൈദ്ധാന്തികൻ ആണെന്ന് സ്വയം പ്രഖ്യാപിക്കുകയും ‘ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ അത് സത്യമാകും’ എന്ന് വിളംബരം ചെയ്യുകയും ചെയ്തയാളാണ് ഗീബൽസ്. എന്നിട്ടും ഗീബല്സിന്റെ ഒരു നുണയും ജനങ്ങൾ വിശ്വസിക്കാതിരുന്നിട്ടില്ല എന്ന് ഹിറ്റ്ലറുടേയും നാസി ജർമനിയുടെയും ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഫാസിസം നുണകളെ മനഃശാസ്ത്രപരമായി ഉപയോഗിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ വഴി സമൂഹത്തിനിടയിൽ പരസ്പര അവിശ്വാസം രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇത്തരം ഒരു ധ്രുവീകരണത്തിന്റെ  സന്ദർഭത്തിൽ നമ്മൾ ചെയ്യുന്നത് ഫലവത്തായിരിക്കണം എന്ന് മാത്രമല്ല പ്രതിസന്ധികളോട് മന:ശാസ്ത്രപരമായി ഏറ്റുമുട്ടുകയും വേണം.

പൊതുബോധം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് പ്രധാനമാണ്. മാറിയ സാമൂഹ്യസാഹചര്യങ്ങളിൽ സമരങ്ങളുടെ രീതിശാസ്ത്രങ്ങളും മാറ്റത്തിന് വിധേയമാക്കേണ്ടതുണ്ട്. സമരങ്ങളിലെ മുദ്രാവാക്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളെ സ്വാതന്ത്ര്യസമര കാലവുമായി തുലനം ചെയ്യുന്നത് ശരിയല്ല എന്നിവർ സമർത്ഥിക്കുന്നു. സമരങ്ങളിലെ ഇസ്ലാമിക സ്വത്വ പ്രകാശനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സമീകരണം കാര്യമായും എടുത്തിടാറുള്ളത്. ഖിലാഫത്തു പ്രസ്ഥാനം രൂപം കൊണ്ടത്  ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടല്ല, തുർക്കിയിലെ ഖിലാഫത്തിന്റെ പതനവുമായി ബന്ധപ്പെട്ടു മുസ്ലിംകൾക്കിടയിൽ അഖിലേന്ത്യാ തലത്തിൽ രൂപം കൊണ്ടതാണത് എന്നുള്ളത് പ്രത്യേകം സ്മരണീയവുമാണ്.  അതിന്റെ തന്നെ ഭാഗമായി നടന്ന 1921 ലെ സമരങ്ങൾ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കർഷക സമരമായി അംഗീകരിച്ചു. ഗാന്ധി ഉൾകൊണ്ട ഖിലാഫത്തു പ്രസ്ഥാനങ്ങൾക്ക് ഇസ്ലാമിക ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും വിളിക്കുന്നതിൽ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. RSS രൂപീകരിക്കപ്പെട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്നുള്ളയത്ര വർഗീയധ്രുവീകരണം അന്നുണ്ടായിരുന്നില്ല എന്നതാണ് വസ്തുത.

പുതിയ കാല ഇന്ത്യൻ സാഹചര്യം:

ഇന്ത്യൻ ജനസമൂഹത്തിനിടയിൽ  ധ്രുവീകരണം വളരെ ശക്തമാണിന്ന്. ഭരണകൂട സംവിധാനങ്ങളും മാധ്യമങ്ങളും വഴി മനഃശാസ്ത്രപരമായ ഒരു അകൽച്ചയും, പേടിയും ആളുകൾക്കിടയിൽ വളർത്താൻ ഫാസിസത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് ഒരു യാഥാർഥ്യമാണ്. സ്വത്വപ്രകാശനങ്ങൾ അനിവാര്യമാകുന്ന സന്ദർഭങ്ങൾ ഉണ്ടാകാം. പക്ഷെ  അത് ഏതു രീതിയിൽ വേണം എന്നുള്ള ചർച്ചകളാണ് നടക്കേണ്ടത്. ചിഹ്നങ്ങളെക്കാൾ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു രീതിയാവണം സ്വീകരിക്കപ്പെടേണ്ടത്.

പ്രത്യക്ഷത്തിൽ മുസ്ലിംകളെ മാത്രം ലക്ഷ്യം വെച്ചുള്ള ഈ നിയമത്തിനെതിരെ വലിയൊരു ജനസമൂഹം ഏറിയോ കുറഞ്ഞോ  പ്രതികരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഈ സമയത്തു സമരങ്ങളെ സ്വത്വ പ്രകാശനത്തിനായി ഉപയോഗിക്കാതെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഫാസിസം രണ്ടു രീതിയിലാണ് അതിന്റെ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നത്. ഒന്ന് – മുസ്ലിംകളിൽ ഭീതിയുണ്ടാക്കുക എന്നതാണ്. രണ്ടാമത്തേത് മുസ്ലിംകളെ കുറിച്ച് ഭീതിയുണ്ടാക്കുക എന്നതാണ്. ആദ്യത്തേതിനെ നമുക്ക് എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതാണെങ്കിൽ, രണ്ടാമത്തേതിനെ സൂക്ഷ്മമായി സമീപിക്കേണ്ടതാണ്. മുസ്ലിം എന്ന നിലക്ക് തന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്നത് മാത്രമാണ് ഇതിനുള്ള വഴി.

മുദ്രാവാക്യങ്ങളിലെ ആത്മീയ ആവേശം എന്നത് സമർത്ഥിക്കാവുന്ന ഒരു ന്യായം മാത്രമാണ്. താത്കാലികമായ വൈകാരിക ശമനം എന്നതിൽ കവിഞ്ഞു  രാഷ്ട്രീയമായോ സ്ഥിരമായോ ഒരു ഗുണവും അത് നൽകില്ല. മറിച്ചു നഷ്ടം  ഏറെ ഉണ്ട് താനും. വിഷയങ്ങളെ സ്ട്രാറ്റജിക്കൽ ആയി സമീപിക്കുമ്പോൾ മാത്രമേ  ശാശ്വതമായ ഫലം ഉണ്ടാകൂ.

identity politics and way of protests2

ഇൻഫിനിറ്റ് ഗെയിം:

സൈമൺ സൈനികിന്റെ ‘ഇൻഫിനിറ്റ് ഗെയിം’ എന്ന പുസ്തകത്തിൽ രണ്ട് തരം കളികളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഫൈനൈറ്റ് ഗയിമും, ഇൻഫിനിറ്റ് ഗയിമും, ഫുട്ബോൾ ക്രിക്കറ്റ് തുടങ്ങിയ കളികൾ  ആദ്യത്തെ ഗണത്തിൽ ഉൾപ്പെടുത്താം. ചുരുങ്ങിയ സമയത്തെ ജാഗ്രത മാത്രമാണ് അതിനു വേണ്ടത്. രാഷ്ട്രീയവും അതിജീവന പോരാട്ടങ്ങളുമൊക്കെ ഇൻഫിനിറ്റ് ഗയിം ആണ്. സൂക്ഷ്മമായ സംവിധാനവും പരിചിന്തനവും ആവശ്യമായ ഒന്നാണത്. ആയതിനാൽ തന്നെ പരിമിതമായ ആസൂത്രണം ഇതിനു യോജിക്കുന്നതല്ല. സ്റ്റേറ്റിന്റെ നയം അപരവൽക്കരണമാണെന്നിരിക്കെ അതിനെതിരെ സമരം ചെയ്യുന്നയാളുകളുടെ നിലപാട് ഉൾക്കൊളളലിന്റേതായിരിക്കണം. സമരങ്ങൾ ഉപരിപ്ലവമാകുന്നത് എന്തിനോടാണ് സമരം ചെയ്യുന്നത് എന്ന തിരിച്ചറിവില്ലാതാകുമ്പോഴാണ്.

INC ക്കു കീഴിൽ എല്ലാ സമരമുഖങ്ങളെയും ഏകോപിപ്പിച്ച ഗാന്ധിയുടെ സമരം ബ്രിട്ടീഷുകാരോടായിരുന്നില്ല, മറിച്ചു കോളോണിയലിസത്തിനെതിരെ ആയിരുന്നു. കൃത്യമായി ആ സംസ്കാരത്തിനെതിരെ സംസാരിച്ച ഗാന്ധിയുടെ നിതാന്ത  ജാഗ്രതയാണ് അഹിംസയിൽ അധിഷ്ഠിതമായ പ്രതിരോധങ്ങളിലും ബഹിഷ്കരണ സമരങ്ങളിലും കണ്ടത്. വർണ്ണ വിവേചനങ്ങൾക്ക് എതിരിൽ സമരം നയിച്ച മാർട്ടിൻ ലൂതർ കിങ്ങും വെള്ളക്കാരനെ തന്റെ ശത്രുവാണെന്നു മുദ്ര കുത്തിയല്ല പ്രതിരോധമുണ്ടാക്കിയത്. മണ്ടേലയുടെ ചരിത്രവും മറ്റൊന്നല്ല. പ്രവാചകന്റെ വളരെ പ്രസിദ്ധമായ ഒരു വചനമാണ് “അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നിന്റെ സഹോദരനെ സഹായിക്കുക” എന്നത്. തിന്മക്കെതിരെയാവണം സമരങ്ങൾ മറിച്ചു തെറ്റ് ചെയ്യുന്ന പാതകികൾക്കു നേരയാവരുത് എന്ന മഹത്തായ മാനവിക സന്ദേശമാണത് നൽകുന്നത്.

സമരങ്ങളുടെ പ്രധാനലക്ഷ്യം ഫാസിസ്റ്റു ഭരണത്തെ താഴെ ഇറക്കുക എന്നുള്ളതാണ്. ഭരണഘടനാമൂല്യങ്ങളുടെ നഗ്നമായ ലംഘനങ്ങൾക്കെതിരിൽ പൊതുസമൂഹത്തെ ഒരുമിച്ചു നിർത്തുന്ന സമരരീതികളാണ് ഇതിൽ ഉണ്ടാവേണ്ടത്.  ഉൾക്കൊള്ളലിന്റെയും ഏകതയുടെയും നിലപാടുകളെ തകർക്കുന്ന പ്രവണതകളും പ്രവർത്തനങ്ങളും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടത്. ഈ നിയമങ്ങളുടെ പ്രത്യക്ഷ ഇരകൾ എന്നുള്ള നിലക്ക് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം വിഷയങ്ങളിൽ കൂടുതൽ ജാഗ്രതയും അനുരഞ്ജനങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഹുദൈബിയ സന്ധിയുടെ സന്ദർഭത്തിൽ ശത്രുപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊടുത്ത പ്രവാചകമാതൃക കൂടിയാണത്. മുസ്‌ലിംഅസ്തിത്വത്തെ ചോദ്യംചെയ്യുന്ന ഫാസിസ്റ്റുചേരിയുടെ രാഷ്ട്രീയ നീക്കങ്ങൾക്കെതിരിൽ മാനവികലക്ഷ്യം മുൻനിർത്തി സ്വീകരിക്കപ്പെടുന്ന നിലപാടുകളും രീതികളും  പാഴാവില്ല എന്നത് തീർച്ചയാണ്.

ബഹുസ്വരതയെ ഉൾക്കൊണ്ടു കൊണ്ടുള്ള ഒരു രാഷ്ട്രീയ കൂട്ടായ്മയാണ് ഇതിനു ബദലായി ഉയർന്നു വരേണ്ടത്. അതിൽ മുസ്‌ലിംകൾക്കു നേതൃപരമായ പങ്കുവഹിക്കാൻ സാധിക്കേണ്ടതുണ്ട്. ചന്ദ്രശേഖർ ആസാദിനെപ്പോലുള്ളവരുടെ പരിശ്രമങ്ങളെ ആദരവോടെയാണ് കാണേണ്ടത്. ഇപ്പോൾ ഷാഹിൻബാഗടക്കമുള്ള സമരങ്ങൾക്ക് ആളും അർത്ഥവും നൽകി സഹായിച്ചു കൊണ്ടിരിക്കുന്ന സിഖ് സമുദായത്തെയും ഏറെ പ്രതീക്ഷയോടെയാണ് കാണേണ്ടത്.

ആത്യന്തികമായി, പ്രക്ഷോഭങ്ങളുടെ രീതിശാസ്ത്രം എന്നത് തികച്ചും സംവാദാത്മകമായ ഒന്നാണ്. തീവ്രമായ തീർച്ചപ്പെടുത്തലുകളും തള്ളിപ്പറയലുകളും ഒരുപോലെ അപകടകരമാണ്. വ്യത്യസ്ത വശങ്ങളിൽ നിന്നുള്ള ചർച്ചകളിലൂടെ മാത്രമേ വ്യക്തവും കൃത്യവുമായ നിലപാട് രൂപീകരണം സാധ്യമാവുകയുള്ളൂ.

ബഹുസ്വര സമൂഹത്തിലെ സമരങ്ങളുടെ രീതിശാസ്ത്രം: ഭാഗം ഒന്ന്

BYLINES is an online publication and public-access archival repository offering expert analysis on wide variety of issues for academic and public audiences alike.

7 Comments

  1. La compatibilité du logiciel de suivi mobile est très bonne et il est compatible avec presque tous les appareils Android et iOS. Après avoir installé le logiciel de suivi sur le téléphone cible, vous pouvez afficher l’historique des appels du téléphone, les messages de conversation, les photos, les vidéos, suivre la position GPS de l’appareil, activer le microphone du téléphone et enregistrer l’emplacement environnant.

  2. Vous pouvez également personnaliser la surveillance de certaines applications, et il commencera immédiatement à capturer régulièrement des instantanés de l’écran du téléphone.

Write A Comment