Tag

book reviews

Browsing

പ്ലാറ്റോയോ അരിസ്റ്റോട്ടിലോ സെന്റ് അഗസ്റ്റിനോ ഒന്നും ഇബ്നു ഖൽദൂന് തുല്യരല്ല. സ്വന്തം അനുഭവങ്ങളിൽ നിന്ന് അദ്ധേഹം രൂപപ്പെടുത്തിയെടുത്ത ചരിത്ര ദർശനം ബുദ്ധിയുള്ള മനുഷ്യർ ആവിഷ്കരിച്ച ഏറ്റവും മഹത്തായ ചിന്താ സൃഷ്ടികളിലൊന്നാകുന്നു. മറ്റൊരു പ്രാചീന ചരിത്രകാരനും ഇബ്നു ഖൽദൂന്റെ പേരിനോട് ചേർന്നു നിൽക്കാനള്ള അർഹതയില്ല

ആർനോൾഡ് ടോയൻ ബി

നാഗരികതയുടെ ഉത്ഥാനപതനത്തിന്റെ അടിസ്ഥാന തത്വങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി വിത്യസ്ത സംഭവ വികാസങ്ങളെ കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ  വിശദീകരിക്കുന്ന മുഖദ്ധിമ ചരിത്ര വിദ്യാർഥിയുടെ ആധികാരിക ഗ്രന്ഥമാണ്. മുൻ കാല പണ്ഡിതന്മാരിൽ നിന്നും സമകാലികരായവരിൽ നിന്നും ഇബ്നു ഖൽദൂൻ പ്രചോദനം ഉൾകൊണ്ടുവെങ്കിലും അവരിൽ നിന്നെല്ലാം വിത്യസ്തമായി ചരിത്ര പഠനത്തെ മനുഷ്യ സമുദായത്തിന്റെ നിലനിൽപിന്റെയും പുരോഗതിയുടെയും മുഖ്യ ഉപകരണമായി ഉയർത്തി കൊണ്ടുവന്നു. അത്  കൊണ്ട് തന്നെ ആത്യന്തികമായി അദ്ധേഹത്തിന്റെ മൗലിക ചിന്തയുടെയും ബുദ്ധികൂർമതയുടെയും അടയാളമായിട്ടാണ് മുഖദ്ധിമ ചരിത്രത്തിൽ രേഖപ്പെടുത്തിട്ടുള്ളത്.

bylines malayalam magazine publication bylines.in ibn khaldun statue algeria
അൾജീരിയയിലെ കസ്ബ ബെജിയയുടെ കവാടത്തിലെ ഇബ്നു ഖൽദൂന്റെ പ്രതിമ

പൂർണമായിട്ടല്ലെങ്കിലും അധികാരം മുഖ്യ പരികല്പനയും ചർച്ചയും ആയ ഈ ഗ്രന്ഥത്തിൽ രാഷ്ട്രീയ അധികാരത്തിന്റെ ജ്ഞാന തത്വങ്ങൾ വിശദീകരിക്കുന്നു. ചാക്രികമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന തത്വങ്ങൾ മനുഷ്യ സമുദായത്തിന്റെ വിജയപരാചയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നവയാണ്. ഖൽദൂനിന്റെ അപഗ്രഥനത്തിന്റെ ശക്തി നിലകൊള്ളുന്നത് വിത്യസ്ത വിജ്ഞാനശാഖയിലും ചലനാത്മക സ്വഭാവത്തിലുമാണ്. രാജ്യത്തിന്റെ ശക്തി നിയമവാഴ്ചയില്ലാതെ നിലനിൽക്കില്ല എന്നത് പോലെ പ്രധാനമാണ് രാജ്യമില്ലാതെ നിയമത്തിന് പ്രസക്തിയുമില്ല എന്ന തത്വം.

ആധിപത്യം ശക്തി പ്രാപിക്കുന്നത് ജനത നിലനിൽക്കുമ്പോഴാണ് എന്നും അതിനാൽ സമ്പത്ത് ആർജിച്ച് കൊണ്ട് മാത്രമെ ജനതയക്ക് നിലനിൽപുള്ളൂ. സമ്പത്ത് വികസനത്തിൽ കൂടിയും വികസനം നീതിയിലും അധിഷ്ഠിതമായിരിക്കണം. നീതി നാളെ വിലയിരുത്തപ്പെടുമെന്നും അധികാരം ഉത്തരവാദിത്ത നിർവഹണമാണെന്നു മുള്ള വിശ്വാസം ഖൽദൂനിയൻ തത്വസംഹിതയുടെ അന്ത:സത്തയാണ്. വർത്തമാനകാലഘട്ടത്തിൽ നാം എപ്പോഴും ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന രാഷ്ട്രം, നിയമം, ജനത, വിഭവം, വികസനം, നീതി തുടങ്ങിയ സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ പരസ്പരബന്ധിതവും ഒന്ന് മറ്റൊന്നിനെ സ്വാധീനിച്ച് മുന്നോട്ട് ചലിക്കുന്നവയുമാണ്. അതിനാൽ ഖൽദൂനിന്റെ വിശകലനം വികാസം പ്രാപിക്കുന്നത് ഒറ്റ വിജ്ഞാനശാഖയിലൂടെയല്ല. മറിച്ച് വ്യത്യസ്ഥ തരത്തിലുള്ള വിജ്ഞാനശാഖയുടെ വ്യവഹാരത്തിലൂടെയാണ്. രാഷ്ട്രീയം, ധാർമികം, സാമൂഹ്യം, സാമ്പത്തികം ,ജനസംഖ്യ തുടങ്ങിയ ഘടകങ്ങളും ഘടനകളും ഒരു കാലയളവിൽ പരസ്പരം പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുന്നു.

ഒരു ഘടകം മറ്റൊന്നിനെ ചലിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു ഘടകത്തിനും സ്ഥായിയായ നിലനിൽപില്ല. അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള ശൃംഖല പ്രതിപ്രവർത്തനത്തെ നിരീക്ഷിച്ച് ഒരു നാഗരികത വളർച്ചയിലേക്കാണൊ അതൊ തകർച്ചയിലാണൊ നയിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു ഘടകം യാന്ത്രികതയിൽ വീണ് കഴിഞ്ഞാൽ മറ്റുള്ള ഘടകം അതേദിശയിൽ പ്രതിപ്രവർത്തനം തുടരുകയും ചെയ്യുമ്പോൾ നാഗരികതയുടെ തകർചക്ക് സമാരംഭമായി. പ്രതിപ്രവർത്തനം ഒരേ ദിശയിലല്ലെങ്കിൽ ഒരു ഘടകത്തിന്റെ പതനം മറ്റുള്ളവയിലേക്ക് പ്രവഹിക്കില്ല മാത്രമല്ല കുറച്ച് സമയമെടുത്താലും തകരുന്ന ഘടകം പുനർനിർമ്മാണത്തിനും വിധേയമാക്കാം. അതുമല്ലെങ്കിൽ നാഗരികതയുടെ പതനത്തിന്റെ വീഴ്ച താരതമ്യേന കുറച്ച് കൊണ്ട് വരാം. മുഖദ്ധിമയിൽ ഇബ്നു ഖൽദൂൻ നൽകുന്ന വിവരണത്തിൽ മനുഷ്യനാണ് കേന്ദ്ര പ്രമേയം. കാരണം നാഗരികതയുടെ ഉയർചതാഴ്ചകളിൽ അഗാധമായി ബന്ധപ്പെട്ട് നിൽക്കുന്നത് മനുഷ്യരുടെ സുഖ: ദു:ഖങ്ങളാണ്.

bylines malayalam magazine publication bylines.in muqaddimah book
മുഖദ്ധിമ

ഇത് കേവല സാമ്പത്തിക ഘടകത്തെ ബദ്ധപ്പെടുത്തി കൊണ്ട് മാത്രമല്ല ധാർമികം, മന:ശാസ്ത്രം സാമൂഹ്യം തുടങ്ങിയ ഘടകങ്ങളും ചരിത്രത്തിൽ പ്രവർത്തിക്കുന്നതിന്റെ ഫലമായിട്ടാണ്. മനുഷ്യർ അവരുടെ സ്വന്തത്തെ മാറ്റാത്തിടത്തോളം കാലം അല്ലാഹു അവരുടെ അവസ്ഥ മാറ്റുകയില്ല മനുഷ്യർ ചെയ്തതിൻ്റെ ഫലമായി കെടുതികൾ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. വിശുദ്ധ വേദഗ്രന്ഥത്തിലെ ഈ രണ്ട് വാക്യങ്ങളും മനുഷ്യരുടെ ഉയർചക്കും തകർച്ചക്കും അവർ തന്നെയാണ് ഉത്തരവാദി എന്ന് അടിവരയിടുന്നു. അത് കൊണ്ടാണ് എല്ലാ പ്രവാചകന്മാരും ചരിത്രത്തിൽ ഇടപെട്ടത് മനുഷ്യ സ്വഭാവ സംസ്കരണത്തിലും മനസ്സിന്റെ അവബോധത്തെ മാറ്റി പണിയുന്നതിലും ഊന്നൽ കൊടുത്ത് കൊണ്ടാണ്. മനുഷ്യൻ കേന്ദ്രസ്ഥാനത്ത് നിന്ന് കൊണ്ടുള്ള വിശകലനത്തിൽ പുരോഗതിയും നീതിയും കാര്യകാരണബന്ധത്തിൻ്റെ ശൃംഖലയില്‍ പ്രധാനപ്പെട്ട ഘടകങ്ങളാണ്.

മനുഷ്യൻ കൂടുതൽ നല്ലതിലേക്ക് പുരോഗമിക്കാൻ കാഴ്ചപ്പാട് സൃഷ്ടിക്കണമെങ്കിൽ വികസനം അത്യന്താപേക്ഷിതമാണ്. പക്ഷെ വികസനം സാധ്യമാവണമെങ്കിൽ നീതി അതിന്റെ കൂടെ സഞ്ചരിക്കണമെന്നാണ് ഖൽദൂൻ പറയുന്നത്. അത് കൊണ്ട് തന്നെ നീതി വികസനം പോലെ തന്നെ പരിമിതമായ സാമ്പത്തിക മാനദണ്ഡത്തിൽ പരിഗണിക്കാതെ മനുഷ്യന്റെ എല്ലാ മേഖലയിലുമുള്ള നീതിയുമായി വളരെ വിശാലമായ അർഥപരികൽപന ഉൾക്കൊള്ളേണ്ടത് .നമ്മുടെ സമൂഹം മനസ്സിലാക്കി വെച്ചത് പോലെ അനീതി എന്നത് പണമൊ സമ്പത്തൊ ഒരു കാരണവുമില്ലാതെ പിടിച്ചെടുക്കുക എന്നതിൽ പരിമിതപ്പെടുത്തരുത്. അനീതിയെ അതിനേക്കാൾ വിശാലമായ അർഥ കൽപനയിൽ വായിച്ചെടുക്കണം’ ഒരാൾ മറ്റൊരാളുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതോ അല്ലെങ്കിൽ  അവന് വേണ്ടി നിർബന്ധമായി ജോലി ചെയ്യിക്കുകയൊ അതുമല്ലെങ്കിൽ അധിക്ഷേപത്തിൻ്റെയോ വിദ്വേഷത്തിൻ്റെ ഭാഷയോ അടിച്ചേൽപിക്കുന്ന അധിക നികുതികളൊ അനീതിയുടെ ഗണത്തിൽ എണ്ണേണ്ടതാണ്.

bylines malayalam magazine publication bylines.in basheer vaikkom
വൈക്കം മുഹമ്മദ് ബഷീർ

ഒരു നാഗരികതയുടെ അല്ലെങ്കിൽ ഒരു രാഷ്ട്രത്തിന്റെ തകർച്ചയുടെ തുടക്കം അനീതി വ്യാപകമാവുമ്പോഴാണ്. പണത്തിന്റെ ക്രയവിക്രയത്തിൽ ഏർപ്പെടുത്തുന്ന അധിക നിയന്ത്രണം നമ്മുടെ സാമ്പത്തിക ക്രമത്തിൽ ഏൽപിച്ച പരുക്ക് എത്ര ഭീകരമാണ് എന്ന് ഡീ മോണിറ്റൈസേഷനിലൂടെ നമുക്ക് ബോധ്യമായതാണ്. പരസ്പരം വിദ്വേഷവും വെറുപ്പും പ്രകടിപ്പിക്കുന്നതും ജനതയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ അമിത നിയന്ത്രണമേർപ്പെടുത്തുന്നതും സമൂഹ നാശത്തിന് കാരണമാണ്. അതിനാൽ മനുഷ്യർ പരസ്പരം സഹകരിച്ച് ജീവിക്കാനാണ് സ്രഷ്ടിക്കപ്പെട്ടതെന്ന അടിസ്ഥാന തത്വമാണ് ഇബ്നു ഖൽദൂൻ സ്വീകരിച്ചത്. അസബിയ്യ എന്ന പദമാണ് അദ്ധേഹം സംഘബോധത്തിന് കൊടുത്തിട്ടുള്ളത്. വ്യക്തികളുടെ മന:ശാസ്ത്രത്തിനല്ല മറിച്ച് സംഘങ്ങളുടെ മന:ശാസ്ത്രത്തിനാണ് ഖൽദൂൻ ഊന്നൽ കൊടുത്തത്. സംഘ ഗുണം കൂടുതൽ ഉള്ളവർ അതിജീവിക്കുകയും ആധിപത്യം നേടുകയും ചെയ്യും. ആധിപത്യം സ്ഥിരപ്രതിഷ്ട നേടി നിഷ്ക്രിയതയിലേക്ക് നീങ്ങുമ്പോൾ സർഗ്ഗാത്മക നശിക്കുകയും രാഷ്ട്രം അല്ലെങ്കിൽ സംഘം തകർച്ചയെ അഭിമുഖീകരിക്കും.

മാർക്സിയൻ രീതിശാസത്രത്തിന്റെ അടിസ്ഥാന തത്വമായി ചരിത്രവൽക്കരണത്തെ പല എഴുത്തുകാരും ഉയർത്തിക്കാട്ടാറുണ്ടെങ്കിലും രാഷ്ട്രീയത്തിന്റെ അല്ലെങ്കിൽ സാമൂഹ്യ ശാസ്ത്രത്തിന്റെ ഖൽദൂനിയൻ ജ്ഞാന ശാസത്രം ഇന്നും ചരിത്ര പഠനത്തിന്റെ മുഖ്യ സ്രോതസ്സായി പ്രവർത്തിക്കുന്നത് നമുക്ക് അനുഭവ ബോധ്യമാണ്. മാത്രമല്ല മാറി വരുന്ന കാലത്തോട് സസൂക്ഷ്മം സംവദിക്കാൻ കഴിയുന്ന മുഖദ്ധിമ ചരിത്ര വിദ്യാർഥിയുടെ സാമൂഹ്യ ശാസ്ത്ര പഠനത്തിന്റെ റഫറൻസ് ഗ്രന്ഥമായി ഇന്നും നിലകൊള്ളുന്നു. അത് കൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ മുഖദ്ധിമയുടെ മലയാള വിവർത്തനത്തിന് ഒരു പേര് കൊടുക്കണമെന്ന് മുട്ടാണിശ്ശേരി കോയക്കുട്ടി മുസ്ലിയാരോട് ആവശ്യപ്പെടുകയും അവസാനം ബഷീർ തന്നെ പേര് കൊടുത്തു ‘മാനുഷ ചരിത്രത്തിന് ഒരു ആമുഖം’.

ബോധമെന്നൊന്നില്ലാത്ത, എന്നാൽ അതിബുദ്ധിയുള്ള അൽഗോരിതങ്ങൾ നാം സ്വയം മനസ്സിലാക്കുന്നതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ നമ്മെ മനസ്സിലാക്കി കഴിയുമ്പോൾ നിത്യജീവിതത്തിനും സമൂഹത്തിനും രാഷ്ട്രീയത്തിനും എന്താണ് സംഭവിക്കുക?

യുവാൽ നോവാ ഹരാരി തൻ്റെ ലോക പ്രശസ്ത രചനയായ ഹോമോദിയസിലൂടെ (HOMO DEUS) അവസാനം ഉയർത്തുന്ന ചോദ്യത്തിൽ നിന്നാണ് ഹെർ (HER) എന്ന സിനിമയുടെ മണ്ഡലത്തിലേക്കു നാം പ്രവേശിക്കുന്നത്. ജീവിവർഗ്ഗങ്ങളെന്നാൽ അൽഗോരിതങ്ങളാണെന്നും ജീവിതം എന്നത് വിശകലനമാണെന്നുമുള്ള വിശ്വാസ സംഹിതയിലേക്ക് ശാസ്ത്രം ചുരുങ്ങി വരുമ്പോൾ ഹെർ ഉയർത്തുന്ന ചോദ്യങ്ങളെ നമുക്ക് തള്ളിക്കളയാനാവില്ല.

ജീവിതത്തിൽ ആരേയും കേൾക്കാൻ താല്പര്യമില്ലാത്ത ,ഭാര്യയുടെ ചോദ്യങ്ങളെ ഇഷ്ടപ്പെടാത്ത, തൻ്റെ ആകുലതകൾ പങ്കുവയ്ക്കുമ്പോൾ തിരിച്ച് തന്നോട് പരാതികൾ പറയുന്ന അമ്മയുടെ സ്വഭാവത്തെ കുറ്റമായി കാണുന്ന തിയോഡർ , തന്നെ മാത്രം കേൾക്കുന്ന, തന്നെപ്പറ്റി മാത്രം ചിന്തിക്കുന്ന ഒരു പ്രണയിനിയിൽ വീണു പോവുകയാണ്. അവൾ ശരീരമില്ലാത്ത ഡിഎൻഎയിൽ (DNA) നിന്നും നിർമ്മിച്ചെടുത്ത ഒരു ഓപ്പറേറ്റിംങ്ങ് സിസ്റ്റം ആണെന്നു തിരിച്ചറിഞ്ഞിട്ടു കൂടി.

സെക്കൻ്റിൻ്റ ഇരുന്നൂറിലൊരംശം കൊണ്ട് കുട്ടികൾക്ക് ഇടാൻ പറ്റിയ പേരുകളിൽ നിന്നും അവൾ തനിക്കായി സാമന്ത എന്ന പേരു കണ്ടെത്തുന്നു. സാമന്ത വെറും ഒരു ഓപ്പറേറ്റിംങ്ങ് സിസ്റ്റം അല്ല. സഹജാവബോധത്തിൽ ജനിച്ചവളാണ്. തിയോഡറിലൂടെ വളർന്ന് അവൾ അസ്തിത്വം തേടുകയാണ്, അവരുടെ ബന്ധം സമൂഹം അംഗീകരിച്ച ‘ഭ്രാന്തമായ’ പ്രണയത്തിലേക്ക് കടക്കുന്നു. മജ്ജയും മാംസവുമുള്ള ഭാര്യയായ കാതറീൻ അയാളെ മനസ്സിലാക്കിയതിൽ കൂടുതലായി സാമന്ത തിയോഡറിനെ അറിയുന്നു.

OS1 എന്ന ഓപ്പറേറ്റിംങ്ങ് സിസ്റ്റത്തിനപ്പുറം സാമന്ത, തിയോഡറിന് ജീവാത്മാവും, പരമാത്മാവും ആകുന്നു. ഓരോ നിമിഷവും ഭൂതകാലത്തിൻ്റെ വേദനകളിൽ നിന്നും അവൾ അവനെ ഉമ്മവച്ചുണർത്തുന്നു. തിയോഡറിൻ്റെ പ്രഭാതങ്ങൾ ഉൻമേഷവും ഉണർവ്വുമുള്ളതുമാക്കുന്നു. അവൻ്റെ രാത്രികളെ നിലാവിലെ ശയനം പോലെയും നക്ഷത്രങ്ങൾക്കിടയിലെ സ്വപ്നം പോലെയുമാക്കുന്നു. ഒരു കമ്പ്യൂട്ടർ അൽഗോരിതം വളർന്ന് സാമന്ത എന്ന സ്ത്രീയായി തിയോഡറിൽ വളർച്ച പൂർത്തിയായിക്കൊണ്ടിരിക്കുമ്പോൾ തിയോഡർ വലിയൊരു സത്യത്തെ തിരിച്ചറിയുകയായിരുന്നു…അവനെ.

bylines joaquin phoenix bylines.in
Joaquin Phoenix

ഹോമോ ദിയൂസും അത്തരം ഒരു തിരിച്ചറിവിൻ്റെ ഭീതിയിലാണ് അവസാനിക്കുന്നത്. ഡേറ്റായിസം ലോകത്തെ ഭരിക്കുമ്പോൾ, രക്തവും മാംസവുമുള്ള നശ്വരായ മനുഷ്യരെ ഇന്നും ആരാധിക്കുന്നവരോട് ഡാറ്റായിസ്റ്റുകൾ പറയാൻ ഇടയുള്ളത്, അവർ കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളോട് അനാവശ്യമായ മമത കാണിക്കുകയാണെന്നാണ്. തിയോഡർ കാലഹരണപ്പെട്ട ഒരു സാങ്കേതിക വിദ്യയാണ്, സാമന്ത അനശ്വരവും. ഒരേ സമയം എണ്ണായിരത്തി മുന്നൂറ്റി പതിനാറു പേരുമായി അവൾ ഊഷ്മളമായ ബന്ധം നിലനിർത്തുന്നു. അനു നിമിഷം അവൾ പുതുക്കി പണിതു കൊണ്ടിരിക്കുന്നു.

ഹെർ, ഹോമോദിയസ്

ഡേറ്റായിസത്തേ സംബന്ധിച്ച് ബോധവും, അവബോധവുമെല്ലാം സാങ്കേതികമായ ചില അൽഗോരിതങ്ങളാണ്. വികാരങ്ങളും അങ്ങിനെ തന്നെ, ഹരാരി ചോദിക്കുന്ന ചോദ്യവും ഇതു തന്നെയാണ്. അൽഗോരിതങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വികാരങ്ങളും വിചാരങ്ങളും കൈകാര്യം ചെയ്യുന്ന ഭൂമിയിൽ ബോധമുള്ള മനുഷ്യരുടെ ഗതിയെന്താണ്?

മനുഷ്യൻ്റെ സർഗാത്മകതയെ വെല്ലുവിളിക്കുകയും നിലംപരിശാക്കുകയും ചെയ്യുന്ന വർത്തമാനകാലത്തിലെ ഒരു സംഭവത്തെ ഹാരാരി വിവരിക്കുന്നു. സാൻ്റാക്രൂസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ സംഗീത ശാസ്ത്ര പ്രൊഫസറായ, ഡേവിഡ് കോപ്-കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ച് കച്ചേരികളും, സംഘഗാനങ്ങളും, സംഗീത ശില്പങ്ങളും, ഓപറേകളും സൃഷ്ടിച്ചിരുന്നു.

bylines harari bylines.in
Yuval Noah Harari

ഇ എം എ (EMA, Experiment in Musical Intelligent) അദ്ദേഹത്തിൻ്റെ ഒരു സംഗീത കമ്പ്യൂട്ടർ പ്രോഗ്രാമാണ്, ഇതു വികസിപ്പിക്കാൻ 7 വർഷം വേണ്ടിവന്നു. പ്രശസ്തനായ ജോൺ സെബാസ്റ്റ്യൻ ബാക്കിൻ്റെ (Johann Sebastian Bach) സംഗീത ശൈലിയായിരുന്നു പ്രോഗ്രാം അനുകരിച്ചിരുന്നത്. മനുഷ്യനാൽ അസാധ്യമായ രീതിയിൽ ഒറ്റ ദിവസം കൊണ്ട് 5000 സംഘഗാനങ്ങൾ കമ്പ്യൂട്ടർ പ്രോഗ്രാം ബാക്കിൻ്റെ അതേ ശൈലിയിൽ സൃഷ്ടിച്ചെടുത്തു. അവയിൽ നിന്നും തിരഞ്ഞെടുത്ത ചില സംഘഗാനങ്ങൾ സാൻ്റൊക്രൂസിലെ ഒരു സംഗീതോത്സവത്തിൽ ഡേവിഡ് കോപ് അവതരിപ്പിച്ചു. ആവേശഭരിതരായ സംഗീതപ്രേമികൾ നിർത്താതെ കരഘോഷം മുഴക്കുകയും അവ തങ്ങളുടെ ഹൃദയത്തെ കീഴടക്കിയെന്നും മറ്റും വാചാലരാകുകയും ചെയ്തു.

പക്ഷേ, ഇതൊരു കമ്പ്യൂട്ടർ പ്രോഗ്രാമാണ് ചെയ്തതെന്നറിഞ്ഞതോടെ ചിലർ കോപം കൊണ്ട് അലറി വിളിച്ചു. ചിലർ വിഷാദത്തോടെ മുഖം കുനിക്കുകയുമുണ്ടായി. ബാക്കിൻ്റെ സ്ഥാനത്ത് എ ആർ റഹ്മാനെ മാറ്റി ചിന്തിക്കുമ്പോൾ ഒരു പക്ഷേ നിങ്ങൾക്കാ വിഷാദം ഉൾക്കൊള്ളാനാവും എന്നു കരുതുന്നു. സാമന്ത സ്വയം നിർമ്മിച്ച സിംഫണി തിയോഡറിനെ കേൾപ്പിക്കുന്നുണ്ട്. അതിനു പറ്റിയ വരികൾ പാടാൻ അയാൾ ആവശ്യപ്പെടുമ്പോൾ മൂൺ സോങ് (Moon Song) ആരംഭിക്കുകയാണ്.

വാക്വിന്‍ ഫിനിക്‌സ് (Joaquin Phoenix) എന്ന നടൻ സമാനതകളില്ലാതെ, കഥാപാത്രത്തെ അത്രമേൽ ഉൾക്കൊണ്ട്, എന്നാൽ പരിധി ലംഘിക്കാതെ വൈകാരിതകളെ സൂക്ഷ്മമായി അവതരിപ്പിച്ച സിനിമയാണ് ഹെർ (HER). ഛായാഗ്രാഹണവും, എഡിറ്റിംങ്ങും, ഫ്രെയിമുകളുടെ ഭംഗിയും, കളർ കോമ്പിനേഷനും എടുത്തു പറയേണ്ട കാര്യങ്ങളിൽ പെടുന്നു. മൊണ്ടാഷുകൾ കൊണ്ട് കഥയെ ചുരുക്കി പറയുന്ന രീതി മനോഹരമായി ചെയ്തിരിക്കുന്നു. സാമന്ത തൻ്റെയുള്ളിലെ സ്ത്രീയുടെ പരിപൂർണ്ണത അറിയുന്ന നിമിഷം രാത്രി വെളിച്ചത്താൽ പ്രഭാപൂരിതമായ നഗരത്തിൻ്റെ മുകളിൽ നിന്നുള്ള ഹെലി ക്യാം ഷോട്ടും അതേ ഷോട്ടിൽ തന്നെ (Continue Shot) തുടരുന്ന പ്രഭാതത്തിലെ സൂര്യോദയവും എങ്ങിനെയാണ് സിനിമ കാഴ്ച്ചയുടെ കലയാവുന്നതെന്ന് അടിവരയിടുന്നു.

bylines her movie last scene bylines.in

മനുഷ്യൻ പഴകിയ മമത നഷ്ടപ്പെട്ട അൽഗോരിതമാകുമ്പോഴും ,ഒരു ആധുനിക കൃതൃമ അൽഗോരിതത്തെക്കാൾ ബഹുദൂരം പിന്നിലാകുമ്പോഴും, അടിസ്ഥാനപരമായ ഒരു ചോദന തിയോഡർ തിരിച്ചറിയുന്നുണ്ട്, “മനുഷ്യന് മറ്റൊരു മനുഷ്യനെ ആവശ്യമാണ്”. ബഹുനില കെട്ടിടങ്ങളുടെ പശ്ഛാത്തലത്തിൽ തിയോഡറിൻ്റെ തോളിൽ തല ചായ്ക്കുന്ന ആമി അവസാനത്തെ ആ പ്രതീക്ഷ ബാക്കി വയ്ക്കുന്നു.

“നിന്നിൽ നിന്നൊളിക്കാനായെനിക്കൊന്നുമില്ലല്ലോ
ഇരുട്ടിൽ തിളങ്ങുന്നൊരിടം.
പക്ഷേ, നീ എനിക്കൊപ്പമുണ്ടെങ്കിൽ പ്രിയനേ,
ഞാൻ കാതങ്ങൾക്കപ്പുറമെങ്കിലും സുരക്ഷിതയാണ്”

മൂൺ സോങ് പരിഭാഷ: ഡോ: ഗായത്രി മാടമ്പി

ലോക് ഡൗൺ കാലത്ത് വായിച്ച ശ്രദ്ധേയമായ പുസ്തകങ്ങളിൽ ഒന്നായിരുന്നു പ്രമുഖ മാധ്യമ പ്രവർത്തകനായ എ റഷീദുദ്ദീന്റെ ‘അതിർത്തിയിലെ മുൻതഹാ മരങ്ങൾ’. ധീരനും സാഹസികനുമായ ഒരു മാധ്യമ പ്രവർത്തകൻ മാത്രമെ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ പാകിസ്ഥാനിൽ നടത്തിയ യാത്രയെ കുറിച്ച് ഇത്തരത്തിലുള്ള ഒരു യാത്രാ വിവരണം എഴുതാനാവൂ. ഭീകരാക്രമണങ്ങളുടെ പേരിൽ മുസ്ലിംകൾ വ്യാപകമായി വേട്ടയാടപ്പെടുകയും അതിന് പശ്ചാത്തലമൊരുക്കി കൊണ്ട് ഇന്ത്യൻ മാധ്യമങ്ങൾ ഭീകരതയെ കുറിച്ച് യക്ഷി കഥകൾ പടച്ച് വിട്ട് കൊണ്ടിരിക്കുകയും ചെയ്ത അസാധാരണമായ ഒരു സഹചര്യത്തിൽ അതിനെയെല്ലാം ചോദ്യം ചെയ്യുന്ന ‘ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും’ എന്ന പുസ്തമെഴുതിയതും എ. റഷീദുദ്ദീനാണ്.

പാകിസ്ഥാൻ എന്ന ദേശത്തെ കുറിച്ചോ അവിടെ ജീവിക്കുന്ന മനുഷ്യരെ കുറിച്ചോ വല്ല നന്മയും പറഞ്ഞാൽ അത് മാത്രം മതി ഇന്ന് ഇന്ത്യയിൽ ഒരാൾ രാജ്യ ദ്രോഹിയാകാൻ. എന്നാൽ റശീദുദ്ദീന്റെ ഈ യാത്ര വിവരണം വായിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യം ഇന്ത്യക്ക് എന്തെല്ലാം നന്മകളുണ്ടോ അതെല്ലാം പാകിസ്ഥാനുമുണ്ട്. തിന്മകളും തഥൈവ. അതിൽ അത്ഭുതമൊന്നുമില്ല. കാരണം ഒരേ ഭൂമി ശാസ്ത്രവും സംസ്കാരവും ചരിത്ര പൈതൃകവുമാണല്ലോ രണ്ട് രാജ്യങ്ങൾക്കുമുള്ളത്. ഗ്രന്ഥകാരൻ പറയുന്നത് പോലെ ഡൽഹി കണ്ട ഒരു സഞ്ചാരി ലാഹോറിലെത്തിയാൽ അവിടം മറ്റാരു ഡൽഹി മാത്രമായേ അനുഭവപ്പെടൂ.

ഡൽഹിയുടെ എല്ലാ ആധുനിതകതയും പൗരാണികതയും ലാഹോറിനുമുണ്ട്. ശരിയാണ് ഇടക്കിടെ പട്ടാളം ബാരക്കിൽ നിന്ന് പുറത്തിറങ്ങി നിയന്ത്രണം കയ്യേൽക്കുന്ന ജനാധിപത്യമാണ് പാകിസ്ഥാനിലുള്ളത്. അതിന്റെ പ്രശ്നങ്ങൾ ഗ്രന്ഥകാരൻ ചൂണ്ടികാട്ടുന്നുമുണ്ട്. എന്നാൽ ഇന്ത്യയില് അത്തരമുള്ള ഒരു ജനാധിപത്യമല്ല ഉള്ളത്. നിരപരാധികളുടെ രക്തം ചിന്താന് ഒട്ടും മടിയില്ലാത്ത തീവ്രവാദവും പാകിസ്ഥാനിലുണ്ട്. എന്നാൽ ഇന്ത്യയിൽ ഹിന്ദുത്വ തീവ്രവാദം ഒഴുക്കിയ നിരപരാധികളുടെ രക്തം പാകിസ്ഥാനിലേക്കാൾ കൂടാനെ വഴിയുള്ളൂ. ഇന്ത്യ എല്ലാ നന്മകളുടെയും പൂങ്കാവനവും പാകിസ്ഥാൻ സകല തിന്മകളുടെയും നരക ഭൂമിയും എന്ന നമ്മുടെ ദേശീയത നിർമിച്ചെടുത്ത ജനപ്രിയ ആഖ്യാനത്തെ ഈ കൃതി സമർത്ഥമായി പൊളിച്ച് കളയുന്നുണ്ട്. ഈ കൃതി മുന്നോട്ട് വെക്കുന്ന പ്രധാന രാഷ്ട്രീയവും അത് തന്നെയാണ്. അത് പക്ഷെ ഗ്രന്ഥകാരന് ചെയ്യുന്നത് ഇന്ത്യയുടെ തിന്മകൾ ഓരോന്നായി ചൂണ്ടി കാണിച്ചോ പാകിസ്ഥാന്റെ നന്മ മാത്രം എടുത്ത് പറഞ്ഞ് കൊണ്ടോ അല്ല. മറിച്ച് പാകിസ്ഥാനിൽ താൻ അനുഭവിച്ച മോശം കാര്യങ്ങളോടൊപ്പം നല്ല കാര്യങ്ങൾ കൂടി എടുത്ത് പറഞ്ഞ് കൊണ്ടാണ്.

ദേശീയത നിർമിച്ചെടുത്ത അപര വിരോധം എന്ന മുഖം മൂടി എടുത്തുമാറ്റിയാൽ ഇന്ത്യയുടെ ദിലീപ് കുമാറും, ഷാറൂഖ് ഖാനും, അമിതാബച്ചനുമെല്ലാം പാകിസ്ഥാന്റെതും, പാകിസ്ഥാനികളായ ഗുലാം അലിയും, ഫതേഹ് അലി ഖാനും, ആബിദാ പര്വീനും ഇന്ത്യയുടേതും കൂടിയാണ്. ഇസ്ലാമാബാദിൽ നിന്ന് പെഷവാറിലേക്കുള്ള ഒരു ബസ്സ് യാത്രയിൽ മുഖം മൂടിയ ഒരു സഹയാത്രിക ടെലിവിഷനിൽ ഓടി കൊണ്ടിരുന്ന പാകിസ്ഥാൻ സിനിമ മാറ്റി പകരം ഇന്ത്യൻ സിനിമ പ്രദർശിപ്പിക്കാൻ ബസ്സ് അധികൃതരോട് ആവശ്യപ്പെടുന്നത് റശീദുദ്ദീൻ അത്ഭുതത്തോടെ വിവരിക്കുന്നുണ്ട്.

ലാഹോർ ,ഇസ്ലാമാബാദ്, റാവൽ പിണ്ടി, കറാച്ചി, പെഷാവർ, ബാലക്കോട്ട്, പാകധീന കശ്മീരിലെ മുസഫറാബാദ് എന്നീ പാക് നഗരങ്ങളിലൂടെയും ശ്രീനഗർ, ജമ്മു, അനന്ത നാഗ്, ജയ്സല്മീര് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലൂടെയുമുള്ള യാത്രയാണ് ഈ പുസ്തകം. പക്ഷെ ഒറ്റ യാത്രയായിട്ടല്ല മറിച്ച് പല സന്ദർഭങ്ങളിൽ നടത്തിയ യാത്രകളെ ഒറ്റ ചരടിൽ ചേർത്തു അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. കേവല കാഴ്ച്ചകളുടെ വിവരണവും അല്ല മറിച്ച് ചരിത്രവും ഭൂമി ശാസ്ത്രവും സംസ്കാരവും ഭൂത കാലത്തെയും വർത്തമാന കാലത്തെയും രാഷ്ട്രീയം എല്ലാം ഇതില് ഇഴ ചേർത്തിരിക്കുന്നു.

ബാലക്കോട്ടിനെ കുറിച്ച് പറയുമ്പോൾ കൊളോണിയൽ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തെ നിർണായകമായി സ്വാധീനിച്ച സയ്യിദ് അഹമ്മദ് ശഹീദിന്റെ സമരപോരാട്ടങ്ങളെയും ബാലക്കോട്ടിൽ വെച്ച് അദ്ദേഹം രക്ത സാക്ഷിയായതിനെയും കുറിച്ചും ജമ്മുവിനെ കുറിച്ച് പറയുമ്പോൾ സ്വാതന്ത്ര്യത്തിന് തൊട്ടുടനെ ദിവസങ്ങൾ കൊണ്ട് മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള ആ പ്രദേശത്തെ ഹിന്ദു ഭൂരിപക്ഷ പ്രദേശമാക്കി മാറ്റിയ ജമ്മൂ കൂട്ടക്കൊലയെ കുറിച്ചും പ്രതിപാദിക്കുന്നു. കശ്മീർ മഹാരാജാവും ആർ എസ് എസ്സും ചേർന്നാണ് പ്രസ്തുത കൂട്ടക്കൊല സംഘടിപ്പിച്ചത്. പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവും, പട്ടേലും മാത്രമല്ല നവഖാലിയിൽ വർഗീയ കലാപത്തിനെതിരെ സത്യാഗ്രഹം ഇരുന്ന സാക്ഷാൽ മഹാത്മാ ഗാന്ധി പോലും ഒരു പ്രദേശത്തിന്റെ വംശീയ സന്തുലനത്തിൽ രായ്ക്ക് രാമാനം മാറ്റം വരുത്തിയ ജമ്മുകൂട്ടക്കൊലയെ കുറിച്ച് മൗനം പാലിച്ചുവെന്ന് ഗ്രന്ഥകാരൻ കുറ്റപ്പെടുത്തുന്നുണ്ട്.

ഇന്ത്യയും പാകിസ്ഥാനും ചേർന്ന് കൊണ്ടുള്ള ഒരു കോൺഫെഡറേഷൻ എന്ന ബി ജെ പി നേതാവായ കുക്കർണിയുടെ സ്വപ്നത്തെ കുറിച്ച് റശീദുദ്ദീനൻ ഇതിൽ വിവരിക്കുന്നുണ്ട്. നടക്കാത്ത ഒരു സ്വപ്നമൊന്നുമല്ല അത്. അത് പോലെ പുതിയതുമല്ല .വിഭജനത്തിന് പരിഹാരമായി ഇഖ്ബാലിനെയും മൗദൂദിയയും പോലുള്ളവർ നേരത്തെ തന്നെ അത്തരം ഒരു പദ്ധതി മുന്നോട്ട് വെച്ചിരിന്നു. പക്ഷെ അപരത്വത്തെ സൃഷ്ടിക്കുന്ന ദേശിയതാ സങ്കല്പത്തിലും അതിനെ പ്രയോഗവൽക്കരിക്കാനുള്ള കേന്ദ്രീകൃതമായ അധികാരം എന്ന കോണ്ഗ്രസ് മോഹത്തിലും അതെല്ലാം തട്ടിത്തകരുകയായിരുന്നു. അതിന് കൊടുക്കേണ്ടി വന്ന വലിയ വിലയാണ് യഥാര്ത്ഥത്തിൽ വിഭജനം. ഇപ്പോഴും ഇന്ത്യ, പാകിസ്ഥാന് എന്നീ ശത്രു ദ്വന്ദങ്ങളിലൂടെ ഇരു രാജ്യങ്ങളും അതിന്റെ കെടുതികള് അനുഭവിക്കുകയാണ് .എന്നിരുന്നാലും ഇന്ത്യയും പാകിസ്ഥാനും സൗഹാർദത്തിൽ കഴിഞ്ഞ് കൂടുന്ന ഒരു കാലം വരുമെന്ന ശുഭാപ്തി വിശ്വാസം ജസ്വന്ദ് സിംഗിനെയാണെന്ന് തോന്നുന്നു, ഉദ്ധരിച്ച് കൊണ്ട് റശീദുദ്ദീൻ പങ്ക് വെക്കുന്നുണ്ട്.

ഇന്നത്തെ കലുഷമായ ഇന്ത്യൻ സാഹചര്യത്തിൽ വ്യാപകമായി വായിപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട ഒരു പുസ്തകമാണ് ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയ ‘അതിര്ത്തിയിലെ മുൻതഹാ മരങ്ങൾ’ എന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ വർത്തമാന കാല ഇന്ത്യയെ ആവരണം ചെയ്ത് നിൽക്കുന്ന ഭയം കൊണ്ട് തന്നെയായിരിക്കണം അർഹിക്കുന്ന പ്രചാരണം ഈ കൃതിക്ക് കിട്ടാതിരുന്നത്.

ഇറാനിയൻ-അമേരിക്കൻ എഴുത്തുകാരനും, ചരിത്രകാരനും ടെലിവിഷൻ അവതാരകനുമായ റസാ അസ്ലന്റെ ലോകപ്രസിദ്ധമായ പുസ്തകങ്ങളിലൊന്നാണ് God: A Human History. 2013 ൽ ഇറങ്ങിയ ന്യൂയോർക്‌ ടൈംസ് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ ZEALOT എന്ന കൃതിയിലൂടെയാണ് അദ്ദേഹം ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. മതങ്ങളുടെ ജനനവും വിശ്വാസത്തിന്റെ ചരിത്രവും തുടങ്ങി മനുഷ്യന്റെ ദൈവ സങ്കല്പങ്ങളുടെ പഠനത്തിലേക്ക് റസാ അസ്ലൻ വെളിച്ചം വീശുന്നു. മതങ്ങളുടെ താരതമ്യ പഠനത്തിലേർപ്പെടുന്നവർക്കും ദൈവാസ്ഥിത്വത്തിന്റെ മനുഷ്യചരിത്രം മനസ്സിലാക്കാനാഗ്രഹിക്കുന്നവർക്കും ഒരു നിർബന്ധ വായനയാണിത്.

ദൈവവും മതങ്ങളും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച പൊതു കാഴ്ചപ്പാടുകളെയും മിഥ്യാ ധാരണകളെയും വെല്ലുവിളിക്കുന്ന റസാ അസ്ലൻ ഒരു നല്ല വായനാനുഭവമാണ് സമ്മാനിക്കുന്നത്.  പരിണാമ പ്രക്രിയയിലൂടെ വികസിച്ചു വന്ന സാംസ്കാരിക മനുഷ്യന്റെ ഉത്ഭവവും ആദിമാതാപിതാക്കൾ ആയ ആദാമിന്റെയും ഹവ്വയുടെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നും തുടങ്ങുന്ന പര്യവേക്ഷണ യാത്രകളിലൂടെയുമാണ് പുസ്തകം ആരംഭിക്കുന്നത്. യൂറോപ്പ്  ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്ക് ഇവർ നടത്തുന്ന അന്യദേശസഞ്ചാരങ്ങളും അതിനിടെ വംശനാശം സംഭവിച്ചു പോകുന്ന മറ്റു മനുഷ്യ ജീവി വർഗ്ഗങ്ങളുമായുള്ള ഇടപെടലുകളും തുടക്കത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

വ്യത്യസ്ത മനുഷ്യവർഗ്ഗങ്ങളുമായുള്ള കൂടിക്കലരലിന്റെ ഫലമായി ഭൂമിശാസ്ത്രത്തിനും കാലഭേദങ്ങൾക്കുമനുസരിച്ചു ആദാമും ഹവ്വയും തങ്ങളുടെ  സ്വൈര്യ വിഹാരത്തിനായുള്ള ഇടങ്ങൾ കണ്ടെത്തുകയും യാത്ര തുടരുകയും ചെയ്തു. ആദം എന്ന പേര് ഓർക്കുമ്പോൾ തന്നെ വലതു കയ്യിൽ ചാട്ടുളിയുമായി നീങ്ങുന്ന ഒരു വേട്ടക്കാരനെയാണ് മനസ്സിൽക്കാണേണ്ടതു എന്ന് അസ്ലൻ ആദ്യമേ പറഞ്ഞു വെക്കുന്നുണ്ട്. സംഘമായി ജീവിക്കാൻ പഠിക്കുകയും തീ ഉണ്ടാക്കാനുള്ള സൂത്രം മുതൽ കൂടുതൽ സങ്കീർണ്ണമായ ആയുധ സാമഗ്രികൾ ഉപയോഗിക്കുകയും ചെയ്തു തുടങ്ങിയതോടെ തന്നെ മനുഷ്യൻ ഏതോ രൂപത്തിൽ ദൈവത്തെ കണ്ടെത്താനും തുടങ്ങി   എന്ന് ശാസ്ത്രീയമായിത്തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫ്രാൻസിലെ മോണ്ടെസ്ക്യു ഗുഹാഭിത്തികളില്‍ കണ്ടെത്തിയ 16000 BCE യിലെ ‘The Sorcerer’ എന്നറിയപ്പെടുന്ന ഗുഹാപെയിന്റിംഗുകൾ ഇതിനു തെളിവായി സമർത്ഥിക്കുന്നു. മനുഷ്യൻ തന്റെ വിവേകവും ജ്ഞാനവും ഉപയോഗിക്കാൻ തുടങ്ങിയത് മുതൽ തന്നെ ദൈവം എന്ന സംഞ്ജക്കു ഉത്തരം കണ്ടെത്താൻ ശ്രമിച്ചിരുന്നു എന്നും ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.

മനുഷ്യത്വവത്ക്കരിക്കപ്പെട്ട ദൈവം:

മൂർത്തമായ ആത്മാവ്, മനുഷ്യത്വവത്ക്കരിക്കപ്പെട്ട ദൈവം, എന്താണ് ദൈവം തുടങ്ങി മൂന്നു ഭാഗങ്ങളിലായിട്ടാണ് പുസ്തകം പുരോഗമിക്കുന്നത്. ആദ്യ ഭാഗത്തിൽ ദൈവത്തെ കണ്ടെത്താൻ ആദിമ മനുഷ്യൻ മുതൽ  നടത്തിയിട്ടുള്ള  പരിശ്രമങ്ങളെ പരാമർശിക്കുന്നു. ഇതിലേക്ക് വെളിച്ചം വീശാനായി ഫ്രാൻസിലെ അവെയ്‌റോണിൽ കണ്ടെത്തിയ ബലിപീഠങ്ങളും മറ്റു ചരിത്ര സ്മാരകങ്ങളും വിശദീകരണത്തോടെ തന്നെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. തുർക്കിയിലെ ഗോബാക്ക്‌ലിടേപ്പിയെ പരിചയപ്പെടുത്തി ആരംഭിക്കുന്ന രണ്ടാം ഭാഗം നാഗരികത രൂപപ്പെട്ടതിനു ശേഷം മനുഷ്യൻ എങ്ങനെയാണ് ദൈവത്തെ മാനുഷിക ഗുണങ്ങളുള്ള ഒരസ്തിത്വമാക്കി മാറ്റിയതെന്ന് വിവരിക്കുന്നു. മൂന്നാം ഭാഗത്തിൽ ഏകദൈവസിദ്ധാന്തത്തിന്റെ ആവിർഭാവവും ത്രിയേകത്വവും ഒടുവിൽ യഹൂദ മതം ക്രിസ്തു മതം ഇസ്ലാം മതം എന്നിവയിലൂടെ സർവ്വം ബ്രഹ്മ്മമയമെന്ന പാന്തിയിസ്റ്റിക് സങ്കൽപ്പത്തിലാണ് ഗ്രന്ഥകാരൻ ചെന്നെത്തുന്നത്.

മാനവരാശിയുടെ ദൈവാസ്ഥിത്വ ചരിത്രങ്ങളുടെ പഠനമെന്ന നിലയിൽ ഈ പുസ്തകം ഒരു നല്ല റഫറൻസ് ആയി ഉപയോഗപ്പെടുത്താം. മുന്നൂറു പുറങ്ങളുള്ള പുസ്തകത്തിന്റെ പകുതിയോളം ഗ്രന്ഥസൂചിക്കായി മാറ്റി വെച്ചത് തന്നെ ഈ രചനക്കായുള്ള ഗ്രന്ഥകാരന്റെ അധ്വാനത്തെ സൂചിപ്പിക്കുന്നു. ഇംഗ്ളീഷ് ഭാഷയിൽ പുറത്തിറങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പെൻക്വിൻ ബുക്ക്സ് ആണ്. Zealot, How To Win A Cosmic War, No God, But God: The Origins Of Evolution എന്നിവയാണ് റെസ അസ്ലൻറെ മറ്റു പ്രധാന പുസ്തകങ്ങൾ.

മതങ്ങളിലെ തത്ത്വജ്ഞാനപഠനങ്ങളിലും, വിജ്ഞാനശാസ്ത്രത്തിലും ഗവേഷണം നടത്തുന്ന ഒരു അമേരിക്കൻ തത്ത്വചിന്തകനാണ് ആൽവിൻ കാൾ പ്ലാന്റിംഗ. 1963 ൽ യൂണിവേഴ്സിറ്റി ഓഫ് നോറ്റഡാമിൽ പ്രൊഫസ്സർ ആയി നിയമനം സ്വീകരിക്കുന്നതിനു മുമ്പ് മിച്ചിഗനിലെ കാൽവിൻ കോളേജിൽ സേവനമനുഷ്ഠിച്ച പ്ലാന്റിംഗ അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ശാസ്ത്രവും മതവും തമ്മിലുള്ള പൊരുത്തത്തെക്കുറിച്ചു വിശദമായ വിവരണമാണ് ആൽവിൻ പ്ലാന്റിംഗയുടെ Where the Conflict Really Lies: Science, Religion, and Naturalism. കഴിഞ്ഞ ഇരുപതു വർഷത്തോളമായി സമാനമായ വിഷയങ്ങളിൽ പല പുസ്തകങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്ലാന്റിംഗയെപ്പോലെ സര്‍വ്വസമ്മതരായ ആളുകളുടെ രചനകൾ കുറവാണ്. മതം, ശാസ്ത്രം, പ്രകൃതിമാഹാത്മ്യ- വാദം തുടങ്ങിയവ വിശകലന വിധേയമാക്കുന്ന 300 പുറങ്ങളുള്ള ഈ പുസ്തകം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് ആണ് പ്രസിദ്ധീകരിച്ചത്.

ഒരു ഉന്നത ദാർശനികനെന്ന നിലയിലും മതവിശ്വാസങ്ങളിലെ യുക്തിപക്ഷവാദി എന്ന നിലയിലുമുള്ള പ്ലാന്റിംഗയുടെ സവിശേഷമായ സംഭാവനകളിലൊന്നാണ് ഈ പുസ്തകം. ശാസ്ത്രവും, ദൈവവിശ്വാസപരമായ മതങ്ങളും തമ്മിലുള്ള സംഘർഷം യഥാർത്ഥത്തിൽ ഉപരിപ്ലവമാണെന്നും ഗഹനമായ തലത്തിൽ അവ പരസ്പരം യോജിക്കുന്നുവെന്നുമാണ് ഈ ഹ്രസ്വപുസ്തകത്തിന്റെ പ്രമേയം.

പരിണാമം, പരിണാമസംബന്ധിയായ മനഃശാസ്ത്രം, വേദഗ്രന്ഥങ്ങളുടെ വിശകലനം, മതത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം, പരിണാമവും മതവിശ്വാസങ്ങളും പരസ്പരം സംഘട്ടനത്തിലാണെന്നും പൊരുത്തപ്പെട്ടു പോകില്ലെന്നുമുള്ള  ഡാൻ ഡെന്നറ്റ്, റിച്ചാർഡ് ഡോക്കിൻസ്, ഫിലിപ്പ് കിച്ചർ തുടങ്ങിയവരുടെ അവകാശവാദങ്ങളെയും പ്ലാന്റിംഗ പരിശോധിക്കുന്നു. ശാസ്ത്രം ഉപയോഗിക്കുന്ന രീതിശാസ്ത്രപരമായ നൈസർഗ്ഗികത കാരണം മുകളിലെ വാദഗതികൾ പരസ്പരവിരുദ്ധമല്ലെന്ന് മാത്രമല്ല, ആരോപിക്കപ്പെടുന്ന പൊരുത്തക്കേടുകൾ ഉപരിപ്ലവമാണെന്നും പ്ലാന്റിംഗ സ്ഥാപിക്കുന്നു.

എന്നാൽ മറുവശത്ത്, ശാസ്ത്രത്തിന് മതവിശ്വാസങ്ങളെ യുക്തിയുക്തം പിന്തുണക്കാൻ  കഴിയുമെന്നാണ് പ്ലാന്റിംഗ വാദിക്കുന്നത്. ഇതിനായി ജീവശാസ്ത്രപരമായും (Biological) പ്രപഞ്ചശാസ്ത്രപരമായുമുള്ള (Cosmological) ‘ഫൈൻ ട്യൂണിങ്’ എന്ന ആശയം അദ്ദേഹം ഉപയോഗിക്കുന്നു. ശാസ്ത്രത്തിലെയും മതത്തിലെയും വാദങ്ങളെക്കുറിച്ച് ഒരു പുതിയ രീതിയിൽ ചിന്തിക്കാമെന്നു പറയുന്ന പ്ലാന്റിംഗ ഈ വ്യവഹാരങ്ങളോടുള്ള ചോദ്യങ്ങളെ മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കിക്കാണാനും ദൈവശാസ്ത്രവും ശാസ്ത്ര ഗവേഷണങ്ങളും തമ്മിൽ ആഴത്തിലുള്ള സ്വരൈക്യം ബോധ്യപ്പടുത്താനും ശ്രമിക്കുന്നു. God and Other Minds, The Nature of Necessity, Warranted Christian Belief തുടങ്ങിയവ അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികളാണ്.

നാല് പതിറ്റാണ്ടിനിടയിലെ മിഡിൽ ഈസ്റ്റ് പോരാട്ടങ്ങളുടെയും അത് ലോകമെമ്പാടുമുണ്ടാക്കിയ പ്രത്യാഘാതങ്ങളുടെയും സമ്പൂർണ്ണമായ രാഷ്ട്രീയ ചരിത്രമാണ് ഫ്രഞ്ച് രാഷ്ട്രീയ നിരീക്ഷകൻ ഗില്ലസ് കെപലിന്റെ Away from Chaos എന്ന പുസ്തകം. യൂണിവേഴ്സിറ്റി പാരിസ് സയൻസസ് എറ്റ് ലെറ്റെറസിലെ മിഡിൽ ഈസ്റ്റ് മെഡിറ്ററേനിയൻ പഠനങ്ങളുടെ അദ്ധ്യക്ഷനും ലുഗാനോയിലെ University Della Svizzera Italiana യിൽ മിഡിൽ ഈസ്റ്റേൺ മെഡിറ്ററേനിയൻ സ്വതന്ത്രചിന്തക പ്ലാറ്റ്ഫോമിന്റെ ഡയറക്ടറുമായ ഫ്രഞ്ച് രാഷ്ട്രീയ ഗവേഷകൻ ഗില്ലസ് കെപൽ. ന്യൂയോർക്ക് ടൈംസ് “ഫ്രാൻസിന്റെ വിഖ്യാതനായ ഇസ്ലാമിക പണ്ഡിതൻ” എന്ന് വിശേഷിപ്പിച്ച ഗില്ലെസ് കെപൽ ദീർഘകാലമായി തുടരുന്ന മേഖലയിലെ സംഘര്ഷങ്ങളുടെയും അസ്ഥിരതയുടെയും കാരണങ്ങളെക്കുറിച്ച സ്പഷ്ടവും അനുനയപ്രദവുമായ വിവരണം ഈ പുസ്തകത്തിൽ നൽകുന്നു. മുൻകാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന ആളുകളിൽ നിന്നുമുള്ള വാക്കുകളും, നിരീക്ഷണങ്ങളും വ്യക്തിഗത അനുഭവങ്ങളും കൂട്ടിച്ചേർക്കലുകളില്ലാതെ ഉൾപ്പെടുത്തിയിട്ടുള്ള 376 പുറങ്ങളുള്ള പുസ്തകം കൊളംബിയ യൂണിവേഴ്സിറ്റി പ്രസ് ആണ് പ്രസിദ്ധീകരിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും അസ്ഥിരമായ പ്രദേശങ്ങളിലൊന്നാണ് മിഡിൽ ഈസ്റ്റ്. അറബ് വസന്ത പ്രക്ഷോഭങ്ങൾ മേഖലയിൽ ഉയർത്തിയ ശുഭപ്രതീക്ഷകളും അതിന്റെ നിരാശാജനകമായ അന്ത്യവും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉയർച്ചയും തകർച്ചയും അത് ബാക്കിയാക്കിയ അന്താരാഷ്ട്ര സുരക്ഷാ വെല്ലുവിളികളുമെല്ലാമാണ് ഗ്രന്ഥകാരന്‍ അവലോകനം ചെയ്യുന്നത്. എണ്ണ നിയന്ത്രങ്ങൾക്കായി നടക്കുന്ന മത്സരങ്ങളും, നിരന്തരമായ ‘ജിഹാദീ’ ചാവേർ ആക്രമണങ്ങളും, അവസാനിക്കാത്ത ആഭ്യന്തരയുദ്ധങ്ങളും ഇത് കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി അനുസ്യൂതം തുടർന്ന് കൊണ്ടിരിക്കുന്ന കുടിയേറ്റങ്ങളുമെല്ലാം കൊണ്ട് തീർത്തും കലുഷിതമായ ഒരു പ്രദേശമായി പശ്ചിമേഷ്യ മാറിയിട്ടുണ്ട്. ഈ അസ്ഥിരതയുടെ കാരണമന്വേഷിക്കുകയാണ് ഗ്രന്ഥകാരൻ.

73ലെ യോം കിപ്പൂർ യുദ്ധം മുതൽ അറബ് വസന്തം വരെയുള്ള മിഡിൽഈസ്റ്റ് രാഷ്ട്രീയ സംഭവ വികാസങ്ങളെ വിവിധ കഥാതന്തുക്കളുപയോഗിച്ചു ഒരുമിച്ച് നെയ്തെടുക്കുകയും അവയുടെ പ്രത്യാഘാതങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. മേഖലയിലെ പതിറ്റാണ്ടുകളുടെ രാഷ്ട്രീയവും സാമൂഹികവുമായ അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഉൾക്കാഴ്ചയോടെ, കെപൽ ഈ അസ്ഥിരതകളെ മറ്റൊരു പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണുകയും അവയുടെ അന്തർലീനമായ ചലനാത്മകതയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. ദീർഘകാലമായി തുടർന്ന് കൊണ്ടിരിക്കുന്ന ഈ പ്രക്ഷുബ്ധാവസ്ഥയിൽ നിന്നും പശ്ചിമേഷ്യക്കും ലോകത്തിനും പരിഹാരം തേടാമെന്നും കൂടുതൽ സുസ്ഥിരമായ ഒരു ഭാവി കൈവരിക്കാനുള്ള സാധ്യതകളെകുറിച്ച്‌ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നു. Jihad: The Trail of Political Islam, The War for Muslim Minds , The revenge of God, The Roots of Radical Islam തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന പുസ്തകങ്ങൾ.