Tag

religion

Browsing

കഴിഞ്ഞ ഇരുപതുവർഷത്തോളമായി അമേരിക്കൻ മുസ്‌ലിംകൾ രണ്ട് സുപ്രധാന രാഷ്ട്രീയപാർട്ടികളുമായും അമേരിക്കൻ പ്രെസിഡന്റുമാരുമൊത്തും ക്രൂരമായ ഒരു റോളർകോസ്റ്റർ റൈഡിലാണ്.

2000 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നിരവധി മുസ്‌ലിംകൾ ജോർജ് ഡബ്ള്യു ബുഷിനും അദ്ദേഹത്തിന്റെ യാഥാസ്ഥിതികതയ്ക്കും അനുകമ്പ പ്രതീക്ഷിച്ച് വോട്ടുചെയ്തു. അതോടൊപ്പം തന്നെ അമേരിക്കൻ കോടതികളിൽ മുസ്‌ലിംകൾക്കെതിരായി വ്യാപകമായി ദുരുപയോഗം ചെയ്തിരുന്ന രഹസ്യ തെളിവുകൾ നിർത്തലാക്കുമെന്ന ബുഷിന്റെ വാഗ്ദാനവും ഒരു കാരണമായി.

എന്നാൽ സെപ്റ്റംബർ 11 നു ശേഷം, അമേരിക്കൻ മുസ്‌ലിംകളുടെ ഏറ്റവും വലിയ ദുസ്വപ്നമായി ബുഷ് ഭരണകൂടം മാറി. മുസ്‌ലിം ഭൂരിപക്ഷ അഫ്ഘാൻ, ഇറാക്ക് എന്നീ രാജ്യങ്ങളിൽ അതിദാരുണമായ രണ്ട് യുദ്ധങ്ങൾ ബുഷ് നടത്തി. അബു ഗുറാബ്, ഗിറ്റ്മൊ തുടങ്ങിയ പീഡന കേന്ദ്രങ്ങൾ സ്ഥാപിച്ചു, നിയമപരമായി നടത്തിക്കൊണ്ടിരുന്ന അമേരിക്കൻ മുസ്‌ലിംകളുടെ സ്ഥാപനങ്ങളും കാരുണ്യപ്രവർത്തനങ്ങളും നിയമവിരുദ്ധമാക്കി. അമേരിക്കൻ മുസ്‌ലിം നേതാക്കളെ നിസ്സാരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കഠിനമായ തടവുശിക്ഷക്ക് വിധിക്കുകയും, പൗരസ്വാതന്ത്ര്യത്തിനുമേൽ കൂച്ചുവിലങ്ങിടുന്ന പാട്രിയോട്ടിക് ആക്ട് കൊണ്ടുവരികയും ചെയ്തതും ബുഷ് ഭരണകൂടമാണ്.

“ഇസ്ലാം നമ്മെ വെറുക്കുന്നെന്നു” ബുഷ് പറഞ്ഞിട്ടുണ്ടാവില്ല. മറിച്ച്, “ഇസ്‌ലാം സമാധാനത്തിന്റെ മതമെന്ന്” തന്നെയാണദ്ദേഹം പറഞ്ഞിരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ചെയ്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിച്ചിരുന്നു.

ശേഷം വൈസ് പ്രസിഡന്റ് ജോ ബൈഡനോടൊപ്പം പ്രസിഡന്റ് ബാരാക് ഒബാമ പ്രതീക്ഷയുടെയും മാറ്റത്തിന്റെയും സന്ദേശപ്രചാരണത്തോടെ അധികാരത്തിൽ വന്നു. അപ്പോഴും അദ്ദേഹം മുസ്‌ലിംകളോട് കൃത്യമായ അകലം പാലിച്ചു. മുസ്‌ലിം സമുദായ അംഗമാണ് രഹസ്യമായി താനെന്ന് ആരെങ്കിലും കരുതുമോ എന്ന ഭയമായിരിക്കാം ഒരുപക്ഷെ അത്. എന്നിട്ടും മുസ്‌ലിം ഭൂരിപക്ഷം അദ്ദേഹത്തിന് വോട്ട് ചെയ്തു. കാരണം, അദ്ദേഹത്തിന്റെ വേരുകൾ, മുസ്‌ലിം സമുദായത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അറിവുകൾ, മൊത്തത്തിലുള്ള ക്യാമ്പയിൻ പദ്ധതികൾ എന്നിവ അമേരിക്കൻ മുസ്‌ലിംകൾക്ക് പ്രതീക്ഷ നല്കുന്നവയായിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine  obama and biden bylines
ജോ ബൈഡനും മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയും

ഒബാമ ശരിയായ കാര്യങ്ങൾ പറയുകയും, ശരിയായ അഭിപ്രായപ്രകടനങ്ങൾ നടത്തുകയും ചെയ്‌തു. എന്നാൽ അദ്ദേഹത്തിന്റെ നിലപാടുകൾ മുൻഗാമികളുടേതിന് സമാനമായതും, മുസ്‌ലിംകളിൽ ഭീതിയും അരക്ഷിതാവസ്ഥയും രൂഢമൂലമാക്കാൻ ഉതകുന്ന തരത്തിലുള്ളവയും ആയിരുന്നു. തീവ്രവാദത്തെ ചെറുക്കാനെന്ന പേരിൽ തുടങ്ങിയ പരിപാടികളെല്ലാം ബുഷ് ഭരണകൂടത്തെ സ്മരിപ്പിക്കുന്നതും മുസ്‌ലിം സ്ഥാപനങ്ങളെയും വ്യക്തികളെയും അപരാധികളാക്കുന്നതും ഉപദ്രവിക്കാനുള്ളവയുമായി.

അതേസമയം, വിദേശ രാജ്യങ്ങളിൽ മുസ്‌ലിംകൾക്കെതിരെ അനധികൃത ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതിന് അദ്ദേഹം ഉന്മുഖത കാണിച്ചു. ഒബാമ ഭരണത്തിലേറിയ മൂന്നാം ദിവസം തന്നെ, അത്താഴം കഴിച്ചുകൊണ്ടിരുന്ന സാധാരണക്കാരായ ഒൻപത് പാകിസ്ഥാൻ പൗരന്മാരെയാണ് ഒരു അമേരിക്കൻ ഡ്രോൺ കൊന്നുകളഞ്ഞത്.

ഡൊണാൾഡ് ട്രംപ് ആകട്ടെ മുസ്‌ലിം വിരോധം മറയൊന്നുമില്ലാതെ പ്രകടിപ്പിക്കാനാണു ശ്രമിച്ചത്. തീവ്ര വലതുപക്ഷം വർണവെറിയുടെയും മുസ്‌ലിം വെറുപ്പിന്റെയും പാരമ്യത്തിലെത്തിയത് ട്രംപ് ഭരണത്തിന് കീഴിൽ നാം കണ്ടു. മുസ്‌ലിംകൾ അമേരിക്കയിൽ പ്രവേശിക്കുന്നത് പോലും നിയമവിരുദ്ധമാക്കാനുള്ള നടപടികളാണ് ട്രംപ് കൈകൊണ്ടത്. കൂടാതെ ഡ്രോൺ ആക്രമണ വിവരങ്ങൾ പുറത്തു വിടാതിരിക്കാനുള്ള ഔദ്യോഗിക ശാസനകൾ അവയെ പൊതുജനങ്ങളിൽ നിന്ന് മറച്ചു വെച്ചു.

ഈ ചരിത്ര യാഥാർഥ്യങ്ങൾ മുന്നിലുള്ളതുകൊണ്ടാണ് ഡെമോക്രറ്റുകളെയും റിപ്പബ്ലിക്കന്മാരെയും മുസ്‌ലിംകൾ ഒരുപോലെ സംശയത്തോടെ വീക്ഷിക്കുത്. എന്നിരുന്നാലും, തങ്ങളുടെ സമുദായത്തോട് പരസ്യമായി ശത്രുത പുലർത്തിയിരുന്ന ഒരു പ്രസിഡന്റിന്റെ പുറത്താക്കൽ കണ്ട് മിക്ക മുസ്‌ലിംകളും ആശ്വസിക്കുന്നതോടൊപ്പം പ്രധാന സ്വിംഗ് സ്റ്റേറ്റുകളിലെ ട്രംപിന്റെ നഷ്ടത്തിന് കാര്യമായ സംഭാവന മുസ്‌ലിംകൾ നൽകിയതെങ്ങനെയെന്ന് അഭിമാനത്തോടെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

ട്രംപ് ഉണ്ടാക്കിയ ശത്രുത മാറ്റാൻ ബൈഡൻ നടത്തുന്ന ശ്രമങ്ങളെ നാം അഭിനന്ദിക്കുന്നു. ഔദ്യോഗികമായി ചുമതലയേൽക്കുന്ന ആദ്യ ദിവസം തന്നെ മുസ്‌ലിംകളുടെ മേലുള്ള വിലക്ക് നീക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന ബൈഡന്റെ വാഗ്ദാനം ആശാവഹമാണ്.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine drone strikes bylines
അമേരിക്കയുടെ ഡ്രോൺ ആക്രമണങ്ങൾക്കെതിരെ പാകിസ്ഥാനിൽ നടന്ന പ്രതിഷേധം

മുസ്‌ലിംകൾക്ക് പക്ഷെ വിലക്ക് മാത്രമല്ല അവസാനിപ്പിക്കേണ്ടത്. ബോംബിങ്ങും അവസാനിപ്പിക്കണം. വിവിധ രാജ്യങ്ങളിലുള്ള സാധാരണക്കാരും നിരപരാധികളുമായ മുസ്‌ലിംകൾക്ക് തങ്ങളുടെ മേൽ ഡ്രോണുകൾ അയക്കുന്നത് ഡെമോക്രാറ്റ് ആയ പ്രസിഡന്റ് ആണോ അതോ റിപ്പബ്ലിക്കൻ ആണോ എന്നത് ഒരു വിഷയമേ അല്ല. ആര് യുദ്ധം നടത്തിയാലും നാശനഷ്ടങ്ങൾ ഒരുപോലെയാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ യുദ്ധങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തുടർന്നും അഭയാർത്ഥി പ്രവാഹം ഉണ്ടായിക്കൊണ്ടേയിരിക്കും.

എല്ലാ അമേരിക്കക്കാരെയും ബാധിക്കുന്ന ഭരണകൂട അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കൻ മുസ്‌ലിംകൾ ആഗ്രഹിക്കുന്നു. പോലീസ് ഓഫീസർമാരുടെ അപ്രമാദിത്വം അവസാനിപ്പിക്കാനും അടിസ്ഥാനപരമായി മൊത്തത്തിൽ പൊലീസിംഗിനെ പുനർ‌ചിന്തനം ചെയ്യാനും ഞങ്ങൾ ആഗ്രഹിക്കുന്നു, അങ്ങനെ കറുത്ത വർഗ്ഗക്കാരായ യുവാക്കളുടെയും സ്ത്രീകളുടെയും മരണത്തെ അടയാളപ്പെടുത്തുന്ന ഹാഷ്‌ടാഗുകൾ അവസാനിക്കും. നിഷ്‌കരുണം കുടുംബങ്ങളെ വേർതിരിക്കുന്നതും അതിർത്തിയിൽ കൂടുകൾ നിറയ്ക്കുന്നതും വീടുകൾ റെയ്ഡ് ചെയ്യുന്നതുമായ നയങ്ങൾ ഇല്ലാതാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സ്കൂളിൽ പോകുന്ന കുട്ടികൾ തിരിച്ച് വീട്ടിലേക്ക് വരുമോ ഇല്ലയോ എന്ന് ആശങ്കപ്പെടാതെ ജീവിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മുസ്ലീങ്ങൾ ബൈഡനെക്കുറിച്ചും മുസ്ലീങ്ങളുമായുള്ള അദ്ദേഹത്തിൻറെ ബന്ധത്തെക്കുറിച്ചും ഉള്ള കഥകൾ കേൾക്കുന്നു. അറബിയിൽ “ദൈവേച്ഛ നടക്കട്ടെ ” എന്നർഥമുള്ള “ഇൻഷാ അല്ലാഹ് ” എന്ന വാക്ക് പ്രെസിഡെൻഷ്യൽ ഡിബേറ്റിൽ ട്രംപിനോട് പറഞ്ഞതിനപ്പുറം അത് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 1995 ലെ സെബ്രിനിക വംശഹത്യയിൽ മുസ്‌ലിം പക്ഷത്തു നിന്ന് വാദിക്കുന്ന അന്നത്തെ സെനറ്റർ ജോ ബൈഡന്റെ വീഡിയോ ക്ലിപ്പുകൾ ഉണ്ട്. മുസ്‌ലിംകൾക്കു പകരം കൂട്ടക്കൊലക്ക് വിധേയരായത് മറ്റാരെങ്കിലുമായിരുന്നെങ്കിൽ ലോകം മറ്റൊരു രീതിയിലായിരിക്കും പ്രതികരിക്കുന്നത് എന്നദ്ദേഹം അന്ന് തുറന്നുപറഞ്ഞിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine oyghur bylines
ഉയിഗൂർ വംശഹത്യക്കെതിരിൽ സ്വിസർലാണ്ടിൽ നടന്ന പ്രതിഷേധ പ്രകടനം

ഇന്ന് മുസ്‌ലിംകൾ നേരിടുന്ന വംശഹത്യകളോട് ബൈഡൻ ഇതേ രീതിയിൽ തന്നെയാവുമോ പ്രതികരിക്കുന്നത് എന്നറിയാനിരിക്കുന്നതേയുള്ളൂ. ചൈനയിലെ ഉയിഗൂർ മുസ്‌ലിംകളുടെ ദുരവസ്ഥയോടും റോഹിൻഗ്യൻ അഭയാർത്ഥികളോടും ഫാസിസ്റ്റു ഭരണത്തിൻകീഴിൽ ഇന്ത്യൻ മുസ്‌ലിംകൾ അനുഭവിക്കുന്ന പീഡനങ്ങളോടും ബൈഡന്റെ സമീപനം എന്താവും?

1986 ൽ സൗത്ത് ആഫ്രിക്കൻ അപ്പാർത്തീഡിനെതിരെ ചരിത്രത്തിന്റെ ശരിപക്ഷത്ത് നിലയുറപ്പിച്ച ബൈഡന്റെ വീഡിയോ ക്ലിപ്പും നമ്മൾ കണ്ടതാണ്. അതേസമയം ഫലസ്തീനിലെ ഇസ്രായേൽ അതിക്രമങ്ങളോടുള്ള പ്രതികരണങ്ങൾ നിരാശാജനകമാണ്. ഈ വിഷയത്തിൽ സമാധാനം, രണ്ടു രാജ്യങ്ങൾ ഉണ്ടാവണം എന്ന പരിഹാരം പറഞ്ഞു നടക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞയാഴ്ച ഇസ്രായേൽ നടത്തിയതുപോലുള്ള അതിക്രമങ്ങൾക്ക് (ഫലസ്തീൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭവന നശീകരണം) ശരിയായ പരിണിതഫലങ്ങൾ ഉണ്ടാവേണ്ടതുണ്ട്.

ഭൂതകാല പിഴവുകളിൽ നിന്ന് പാഠമുൾക്കൊണ്ട് അതിർത്തികൾക്കപ്പുറവും ഒരുപോലെ ധാർമ്മിക സ്ഥൈര്യത്തോടെ പെരുമാറുന്ന ഒരു പ്രസിഡണ്ടിനെയാണ് അമേരിക്കക്ക് വേണ്ടത്.

സ്വദേശത്ത് കൂട്ടത്തോടെ തടവിലാക്കപ്പെടുന്നതിനെതിരെ പോരാടുകയും കുറ്റകൃത്യ ബില്ലിന്റെ നാശനഷ്ടങ്ങൾ ഇല്ലാതാക്കുകയും നമ്മുടെ മനുഷ്യത്വരഹിതമായ കുടിയേറ്റവും വിദേശ നയങ്ങളും പുനർനിർമിക്കുകയും വേണം. ഒബാമ വാഗ്ദാനം ചെയ്തെങ്കിലും ചെയ്യാൻ പരാജയപ്പെട്ട ഗ്വാണ്ടനാമോ ബേ അടച്ചുപൂട്ടണം. യാതൊരു നിയമ പ്രക്രിയയുമില്ലാതെ 20 വർഷത്തോളം മനുഷ്യരെ കൂട്ടിൽ പാർപ്പിക്കുമ്പോൾ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കായി പോരാടാൻ നമുക്ക് കഴിയില്ല.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine guantanamo prison bylines
കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറ

അമേരിക്കൻ മുസ്‌ലിംകളുടെ മുറിവുകൾ സുഖപ്പെടുത്തുന്നതിനുള്ള സന്ദേശവുമായി ബൈഡൻ പ്രചാരണം നടത്തി. ഒരു രാജ്യമെന്ന നിലയിൽ ഉണങ്ങാൻ ഒരുപാട് മുറിവുകളുമുണ്ട്. വംശീയത, സൈനികത, സാമ്പത്തിക അസമത്വം എന്നിവയിൽ മുഴുകിയിരിക്കുന്ന നയപരമായ പല മുറിവുകളും ട്രംപ് മൂലമല്ല. അദ്ദേഹത്തിന്റെ വൃത്തികെട്ട വാചാടോപത്താൽ അവ ഭാഗികമായി വർദ്ധിച്ചു എന്നേയുള്ളു.

മനോഹരമായ വാചാടോപങ്ങൾ, ഇപ്പോൾ ഉന്മേഷദായകമാണെങ്കിലും നമ്മെ മുന്നോട്ട് നയിക്കില്ല. ഇവിടെയും വിദേശത്തും ദോഷം തുടരുന്ന നയങ്ങൾ മാറ്റുന്നത് മാത്രമേ നമ്മെ മുന്നോട്ടു നയിക്കൂ ,ഇൻഷാ അല്ലാഹ്.

വിവർത്തനം: ബൈലൈൻസ്

ജ്ഞാനം ശക്തിയാണെങ്കില്‍ മീഡിയയെ നിയന്ത്രിക്കുന്നവര്‍ ഏറ്റവും ശക്തരായി മാറുക സ്വാഭാവികം. മാധ്യമങ്ങളുടെ സ്വാധീനത്തെപ്പറ്റി അമേരിക്കന്‍ നേതാവ് മാല്‍കം എക്‌സ് പറഞ്ഞു: “ഭൂമുഖത്തെ ഏറ്റവും സ്വാധീനശക്തിയുള്ള സത്വമാണ് മാധ്യമം. നിരപരാധിയെ അപരാധിയാക്കാനും അപരാധിയെ നിരപരാധിയാക്കാനും അതിനു കഴിയും. അധികാരമാണ് ഇതിന് പിന്നില്‍, എന്തെന്നാല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നവര്‍ മനുഷ്യമനസ്സുകളെയാണ് നിയന്ത്രിക്കുന്നത്”.

വാര്‍ത്താമാധ്യമങ്ങള്‍ മുന്‍വിധിയോടെ നടത്തുന്ന വിചാരണ അവസാനിപ്പിക്കാതെ വര്‍ഗീയ വിപത്തില്‍ നിന്ന് പൂര്‍ണമായ മോചനം സാധ്യമല്ല. ഇസ്‌ലാം വിരുദ്ധമായ സൈദ്ധാന്തികാക്രമണം പടിഞ്ഞാറിന്റെ അപരനായി കണ്ടുകൊണ്ടുള്ളത് തന്നെയായിരുന്നു എന്ന് മുസ്‌ലിം പ്രതിനിധാനത്തെക്കുറിച്ച് വിശദമായ അവലോകനം നടത്തിക്കൊണ്ട് മീഡിയ വിദഗ്ധന്‍ പൂള്‍ തെളിയിക്കുന്നു.ഒരമേരിക്കന്‍ മീഡിയ വിദഗ്ധന്‍ അഭിപ്രായപ്പെട്ടതുപോലെ ഒരറബിയെ നിങ്ങള്‍ക്ക് ഭയലേശമന്യേ അടിക്കാം, എന്തെന്നാല്‍ അവന്‍ നിങ്ങളുടെ വില്ലനായ ശത്രുവാണ്. ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഒരു ജൂതനോടോ കറുത്ത വര്‍ഗക്കാരനോടോ പെരുമാറാന്‍ ആവില്ല.

ഭൂഗോളം കരവലയത്തിലൊതുക്കാനും എണ്ണയടക്കമുള്ള വിഭവങ്ങള്‍ രാജ്യത്തേക്ക് നിര്‍വിഘ്‌നം ഒഴുക്കാനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത് ഉപഭോഗതൃഷ്ണയെ കൂടുതല്‍ കൊഴുപ്പിച്ച് പ്രകൃതിയെ കൂടുതല്‍ ചൂഷണം ചെയ്യാനും മാത്രമാണ്. കോര്‍പ്പറേറ്റ് രാഷ്ട്രീയ നേതൃത്വങ്ങളുടെ ദുരാഗ്രഹങ്ങളുടെ ദാസ്യവേലയാണ് മീഡിയ നിര്‍വഹിക്കുന്ന ധര്‍മ്മം.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine newspaper bylines

ഭീകരതയെക്കുറിച്ച് തികച്ചും അയഥാര്‍ത്ഥമായ ചിത്രമാണ് ആഗോള മീഡിയ പ്രതിഫലിപ്പിക്കുന്നത്. 1980 മുതല്‍ 2005 വരെയുള്ള എഫ്.ബി.ഐ കണക്കുകള്‍ പ്രകാരം, മറ്റേത് വിഭാഗക്കാരെക്കാള്‍ ഭീകര പ്രവണത കുറഞ്ഞവരാണ് അമേരിക്കന്‍ മുസ്‌ലിംകള്‍. പ്രസ്തുത കാലയളവില്‍ നടന്ന മൊത്തം ഭീകരപ്രവര്‍ത്തനത്തിന്റെ 7%വും ജൂതര്‍ നടത്തിയപ്പോള്‍ മുസ്‌ലിം പങ്കാളിത്തം 6% മാത്രമായിരുന്നു. 42% ലാറ്റിനോകളും 24% തീവ്ര ഇടതുപക്ഷവും നടത്തി. എന്നാല്‍ മുസ്‌ലിംകള്‍ ഉള്‍പ്പെട്ട ഭീകരതക്ക് ലഭ്യമാകുന്ന ക്രമാതീതമായ കവറേജ് മൂലം (ഇതിന് പിന്നില്‍ വംശവെറി കൃത്യമായി പ്രവര്‍ത്തിക്കുന്നു) ഏതാണ്ട് മിക്ക ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ മുസ്‌ലിംകളുണ്ട് എന്ന പ്രതീതിയാണുള്ളത്. അപരനെ സൃഷ്ടിച്ച് വംശവെറുപ്പ് മൂര്‍ച്ഛിപ്പിക്കുകയാണ് ഇത്തരം റിപ്പോര്‍ട്ടിംഗിന്റെ പ്രധാന ലക്ഷ്യം. ഭീകരതക്കെതിരായ യുദ്ധം’എന്ന പേരില്‍ പലസ്തീനികളുടെ സ്വതന്ത്രസമരത്തെ തകര്‍ക്കാന്‍ ഉപയോഗിച്ചതിന്റെ പിന്നില്‍ ജൂതക്രൈസ്തവ സയണിസ്റ്റുകളുടെയും ആയുധ ലോബികളുടെയും ‘വെളുത്തകരങ്ങള്‍’ ദര്‍ശിക്കാം.

ഇന്ന് പാശ്ചാത്യ ലോകത്ത് വാര്‍ത്താ മാധ്യമങ്ങളിലൂടെ നടക്കുന്ന ഇസ്‌ലാം വിരുദ്ധമായ പ്രചാരണം അയഥാര്‍ത്ഥവും ഏകപക്ഷീയവും വംശീയപ്രോക്തവും ആണെന്നും, ആന്റിസെമിറ്റിസത്തിന്റെ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞെന്നും സാമൂഹ്യശാസ്ത്ര ചിന്തകന്‍ വില്യം ഡാര്‍ലിമ്പിള്‍ നിരീക്ഷിക്കുന്നു. 2005 ഏപ്രില്‍ 15ന് ഒക്‌ലഹോമയില്‍ ബോംബ് സ്‌ഫോടനം നടത്തി 168 പേരെ വധിക്കുകയും 680പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റ് തിമോത്തി മക്‌വെയെ ആരും വെള്ളക്കാരനായ ക്രൈസ്തവവാദി എന്ന് വിളിക്കാറില്ല. എന്നാല്‍ അത്തരത്തിലൊരു നിഷ്ഠൂര കൃത്യം ചെയ്യുന്ന മുസ്‌ലിം നാമധാരിയെ ‘ഇസ്‌ലാമിക ഭീകരന്‍’ എന്നു വിളിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മടിയില്ല.

1995 ഏപ്രില്‍ 19ന് ഒക്‌ലഹോമ നഗരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇസ്‌ലാമിക തീവ്രവാദികളുടെ മേല്‍ കുറ്റം ചാര്‍ത്തപ്പെട്ടു; കോര്‍പ്പറേറ്റ് പത്രങ്ങളും ചാനലുകളും ഇതേറ്റെടുത്തു. അന്ന് രാത്രി സ്റ്റീവ് എമേഴ്‌സണ്‍ എന്ന ‘ഇസ്‌ലാമിക തീവ്രവാദ വിദഗ്ധന്‍’ ഒക്‌ലഹോമ ബോംബിംഗിന് ഇസ്‌ലാമിക തീവ്രവാദ ബോംബിംഗുമായി സമാനതകളുണ്ടെന്ന് സി.ബി.എസ് ചാനലില്‍ വ്യക്തമാക്കി. ബോംബെന്ന പ്രതീതി ഉയര്‍ത്തിയ ഉപകരണവുമായി ജോര്‍ഡാനിയന്‍ അമേരിക്കക്കാരനെ ലണ്ടനില്‍ വെച്ച് പിടികൂടുകയും ചോദ്യം ചെയ്യാനായി അമേരിക്കയിലെത്തിക്കുകയും ചെയ്ത വാര്‍ത്ത പുറത്തു വന്നയുടനെ ഒക്‌ലഹോമയിലെ അയാളുടെ സമ്പാദ്യങ്ങള്‍ അക്രമണത്തിനിരയായി.

മധ്യ പൗരസ്ത്യ വംശജരായ ഒട്ടനവധി പേരെ സംശയിച്ച് കസ്റ്റഡിയിലെടുത്തതായി റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു (ഏപ്രില്‍ 20, 1995). ഒക്‌ലഹോമാ ഭീകരാക്രമത്തിന് ശേഷം അവക്ക് പിന്നില്‍ ഇസ്‌ലാമിക ഭീകരതയാണെന്ന പ്രചാരണം യാതൊരുളുപ്പുമില്ലാത്ത വിധം വ്യാപകമായി അമേരിക്കയിലും പാശ്ചാത്യ നാടുകളിലും നടന്നു; യഥാര്‍ത്ഥ പ്രതി പിടിയിലാകും വരെ. മുസ്‌ലിം വ്യക്തികളും സ്ഥാപനങ്ങളും അക്രമത്തിനിരയായി. യഥാര്‍ത്ഥ പ്രതി അമേരിക്കന്‍ ക്രൈസ്തവ ദേശീയ വാദിയാണെന്നറിഞ്ഞ മുഹൂര്‍ത്തത്തില്‍ മാധ്യമ ചര്‍ച്ച മിലീഷ്യ പ്രതിഭാസത്തിലേക്ക് വഴുതി മാറുന്നതാണ് പിന്നീട് കണ്ടത്. ഇസ്‌ലാമിക ഭീകരത’ എന്ന തലക്കെട്ട് ക്രമേണ ‘ഒക്‌ലഹോമ ദുരന്തം’എന്നാക്കി മാറ്റി! ഒക്‌ലഹോമ കേസുമായി ബന്ധപ്പെട്ട് ഇരകളാക്കപ്പെട്ട നിരപരാധികളോട് ഒരു മാപ്പപേക്ഷയും മാധ്യമങ്ങളോ യു.എസ്. ഭരണകൂടമോ നടത്തിയില്ല. വംശീയവെറി എല്ലാ അനീതികളെയും മറികടക്കാന്‍ പോന്നതാണല്ലോ!

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protests new bylines

സെര്‍ബ് ക്രൈസ്തവതയുടെ വൈതാളികര്‍ 1995 ജൂലൈയില്‍ ബോസ്‌നിയന്‍ സെബ്രിനിക്കയില്‍ നടത്തിയ മുസ്‌ലിം കുരുതിയില്‍ 8000 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഈ നരഹത്യയുടെ പേരില്‍ ക്രൈസ്തവ ഭീകരത എന്ന ആക്രോശം എവിടെ നിന്നും ഉയര്‍ന്നില്ല എന്ന വസ്തുത വില്ല്യം ഡാര്‍ലിമ്പിള്‍ ഓര്‍മ്മപ്പെടുത്തുന്നു. ബ്രിട്ടനില്‍ നടക്കുന്ന മുസ്‌ലിംകള്‍ക്കെതിരായ വംശീയാധിക്ഷേപങ്ങളുടെ ചെറിയൊരംശം പോലും ജൂതര്‍ക്കോ കത്തോലിക്കര്‍ക്കോ കറുത്ത വര്‍ഗക്കാര്‍ക്കെതിരോ നടന്നാല്‍ മാധ്യമ ലോകത്ത് കോളിളക്കമുണ്ടാക്ക പ്പെടുമെന്നതിനാല്‍ അസ്വീകാര്യമാകുമെന്നും ഡാര്‍ലിമ്പിള്‍ പറയുന്നു.

ഇസ്രായേലി അമേരിക്കന്‍ ബാന്ധവം ശക്തപ്പെടുത്താനും ഇസ്രായേലിനനുകൂലമായ സൈനിക സാമ്പത്തിക സഹായങ്ങള്‍ ത്വരിതപ്പെടുത്താനും 1970കള്‍ മുതല്‍ പലസ്തീന്‍ മുസ്‌ലിം ഭീകരത’ എന്ന പ്രയോഗം തുടങ്ങിയതായി അമേരിക്കന്‍ അക്കാദമീഷ്യന്മാര്‍ നിരീക്ഷിച്ചു തുടങ്ങിയിരുന്നു. മുസ്‌ലിം വിരുദ്ധ വംശവെറിയുടെ യു.എസ്. കോര്‍പ്പറേറ്റ് വേരുകള്‍ ചെന്നെത്തുന്നത് അമേരിക്കയുടെ ഇസ്രായേല്‍ ചങ്ങാത്തത്തിലാണെന്ന് വിഖ്യാത മാധ്യമ വിശാരദന്‍ എഡ്വേര്‍ഡ് ഹെര്‍മാന്‍ കണ്ടെത്തുന്നു. ഇതിന് നിദാനമായി നാല് കാരണങ്ങള്‍ അദ്ദേഹം നിരത്തുന്നു: 1. ഇസ്രായേല്‍ ചങ്ങാത്തത്തിലൂടെയുള്ള അമേരിക്കയുടെ നേട്ടങ്ങള്‍ 2. ഇസ്രായേല്‍ ലോബിയുടെ സ്വാധീനം 3. ജൂതരോടുള്ള ക്രൂരതകളോടുള്ള പാശ്ചാത്യന്‍ പശ്ചാതാപം 4. അറബ് വിരുദ്ധ വംശീയതയുടെ വ്യാപനം എന്നിവയാണവ. പരിഹാരമെന്ത്?

പ്രചണ്ഡമായ പ്രചാരണതന്ത്രങ്ങളിലൂടെ, ഇസ്‌ലാമിനെക്കുറിച്ച കുരിശുയുദ്ധ – കൊളോണിയന്‍ – ഓറിയന്റ്‌ലിസ്റ്റ് വാര്‍പ്പു മാതൃകകള്‍ സജീവമാക്കി നിര്‍ത്തുകയാണ് ആഗോള സാമ്രാജ്യത്വത്തിന്റെ ലക്ഷ്യം. ഇല്ലാത്ത ഒരു ശത്രുവിനെക്കുറിച്ച് ഏറെ പൊലിപ്പിച്ചു കാട്ടി പൗരന്മാരെ മുഴുവന്‍ ഭയപ്പെടുത്തിക്കൊണ്ട്, സാമ്രാജ്യത്വം അതിന്റെ അധിനിവേശ തന്ത്രങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമായി മുന്നേറുകയാണ്. ഈ ചെയ്തികളത്രയും ആഗോള ഭീകരതക്കെതിരായ മഹത്തായ പോരാട്ടമാണെന്ന നാട്യങ്ങളോടെ, ആ വിധം വരുത്തിത്തീര്‍ക്കാനാണ് ഇസ്‌ലാമോഫോബിയുടെ ത്രീവ്രമായ വ്യാപനം.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine israel solders new bylines

അതിഭീകരമായ ആണവായുധങ്ങള്‍ കയ്യിലേന്തി ഹിംസാത്മകതയോടെ പലസ്തീനികളുടെ മനുഷ്യാവകാശങ്ങളെ ചവിട്ടിയരക്കുന്ന ഇസ്രയേലിനെതിരെ ചെറുവിരലനക്കാത്ത പാശ്ചാത്യസമൂഹം, ആണവായുധങ്ങള്‍ നിര്‍മ്മിക്കാനിടയുണ്ട് എന്ന ഊഹത്തിന്റെ പേരില്‍ ഇറാനെ കടന്നാക്രമിക്കാനുള്ള വെമ്പലിലാണ്. ആസൂത്രിതമായ അപരത്വ നിര്‍മ്മിതിയിലൂടെ മാത്രമാണ് കൂര്‍ത്ത് മൂര്‍ത്ത കാപട്യത്തെ മറച്ചുവെക്കാനാവുക.

സ്വന്തം ജനതയെ എന്നും ഏതെങ്കിലും ആശങ്കയില്‍ തളച്ചിടുന്നത് രാഷ്ട്രീയ അധികാരികള്‍ക്ക് ആശ്വാസകരമാണ്. മധ്യേഷ്യയിലെ അധിനിവേശങ്ങള്‍ തുടരണമെങ്കില്‍ ഇസ്‌ലാമോഫോബിയ നിലനിന്നേ പറ്റൂ. അതുകൊണ്ട് തന്നെ സമാധാനശക്തികള്‍ വെറുപ്പിന്റെ ഈ രാഷ്ട്രീയം കൃത്യമായി തിരിച്ചറിഞ്ഞേ മതിയാകൂ. വിഭവ ശോഷണത്തിലൂടെയും മാലിന്യവര്‍ദ്ധനവിലൂടെയും യുദ്ധങ്ങളിലൂടെയും വംശീയവെറിയുടെ വ്യാപനത്തിലൂടെയും അസംസ്‌കാരത്തിന്റെ കാളിമപടര്‍ത്തിയ യു.എസ്. സാമ്രാജ്യത്വത്തിനകത്ത് തന്നെ നടക്കുന്ന പുത്തന്‍ സാമൂഹ്യ വിപ്ലവത്തിന്റെ തുടികൊട്ടിന് ലോകം ആവേശപൂര്‍വ്വം പിന്തുണ നല്‍കേണ്ടതുണ്ട്. മുസ്‌ലിം നാടുകളില്‍ യുദ്ധം പടര്‍ത്താന്‍ ആയുധവ്യാപാര ശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഇവാഞ്ചലിക്കല്‍ ക്രൈസ്തവ സയണിസ്റ്റ് വിഭാഗം ക്രൈസ്തവതയ്ക്ക് വരുത്തിവയ്ക്കുന്ന ദ്രോഹം എത്ര കനത്തതാണെന്ന് വിശ്വാസി സമൂഹം തിരിച്ചറിയണം.

വംശീയവിരുദ്ധവും ആധിപത്യവിരുദ്ധവുമായ ഒരു ചരിത്ര വായന അടിയന്തിരമായി നടക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, പരക്കെ പ്രചരിപ്പിക്കുന്നതുപോലെ, കൊളമ്പസിന്റെ അമേരിക്കന്‍ കണ്ടെത്തല്‍(1492) മനുഷ്യ ചരിത്ത്രിന്റെ പുരോഗതിയിലേക്കുള്ള കാല്‍വെപ്പായിരുന്നില്ല. വടക്കേ അമേരിക്കയില്‍ മാത്രം 10 മില്ല്യനോളം മനുഷ്യരാണ് ഈ കണ്ടെത്തല്‍’ മൂലം കൂട്ടക്കുരുതിക്കിരയായത്.

മുസ്‌ലിംകളുടെ സങ്കുചിത മതവ്യാഖ്യാനങ്ങൾക്ക്‌ ഇസ്ലാമോഫോബിയ വളർത്തുന്നത്തിലുള്ള പങ്ക് കാണാതിരിക്കരുത്. UNDP മനുഷ്യവികസന റിപ്പോർട്ട്‌ അനുസരിച്ചു സ്വാതന്ത്ര്യ വിജ്ഞാന വിനിമയം, സ്ത്രീ ശാക്തീകരണം എന്നിവയിൽ അറബി രാഷ്ട്രങ്ങൾ ഏറെ പിന്നിലാണ്. ഏകാധിപത്യമാണ് അവിടം അടക്കി വാഴുന്നത്. അത് ഉറപ്പിക്കുന്ന വിധമുള്ള മത വ്യാഖ്യാനങ്ങളെ ആണ് അറബ് ഷെയ്ഖ്ഡമുകൾ പ്രോത്സാഹിപ്പിക്കുക. സൃഷ്ടിയോന്മുഖ ഭാവനകൾ, കല, സംഗീതം എന്നിവക്ക്‌ മുസ്ലിം പ്യൂരിറ്റനുകളായ ഹമ്പലി വഹാബികൾ പൊതുവെ എതിരാണ്. ജീവനുള്ളവയെ വരക്കുന്നതിൽ നിന്ന് തടയുന്നവരാണ് മിക്ക മുസ്ലിം നിയമജ്ഞരും.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protests muslims against racism new bylines

മനുഷ്യപുരോഗതിക്ക് നിദാനമായ ഇച്ഛാസ്വാതന്ത്ര്യത്തെ നിഷേധിച്ചുകൊണ്ടുള്ള തലയിലെഴുത്ത്-വിധി വാദമാണ് മിക്ക മുസ്ലിം പണ്ഡിതർക്കും. സമാധാനത്തിനും സഹവർത്തിത്വത്തിനും ആഹ്വാനം ചെയ്യുന്ന ഖുർആൻ സൂക്തങ്ങളൊക്കെ റദ്ദുചെയ്യപ്പെട്ടുവെന്ന അതിവിചിത്രമായ സിദ്ധാന്തമാണ് പല മുസ്ലിം നിയമഞരും വെച്ചു പുലർത്തുന്നത്. അടിമത്തം ഇസ്‌ലാമിന്റെ ഭാഗമാണെന്നും അതിനെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർ ആവിശ്വാസികളാണെന്നും പ്രഖ്യാപിക്കുന്ന സാലെ അൽ ഫൗസാനെ പോലുള്ളവർ ആസ്ഥാനപണ്ഡിതരായി മുസ്ലിം രാജ്യത്തു വിലസുകയാണ്. മുസ്ലിംകൾക്ക് അവരുടെ ജ്ഞാന തൃഷ്ണ വിനഷ്ട്ടമായി അന്തർജീർണത ബാധിച്ചതാണ് കോളോണിയലിസത്തിന്റെ കാരണം.

ഇസ്‌ലാമോഫോബിയക്ക് പരോക്ഷമായി പിന്തുണ നല്‍കുന്നതില്‍ നിന്ന് മുസ്‌ലിംകള്‍ വിട്ടകലണം. നന്മകല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന അടിസ്ഥാന ധാര്‍മ്മിക ദൗത്യത്തില്‍ നിന്ന് (ഖുര്‍ആന്‍ 3:110, 9:71) ആര്‍ക്കും തങ്ങളെ പിന്തിരിപ്പിക്കാനാവില്ല എന്നവര്‍ ദൃഢപ്രതിജ്ഞ ചെയ്യണം. മതവൈവിധ്യങ്ങളും ബഹുസ്വരതകളും പുഷ്‌കലമായി നില്‍ക്കുന്ന, നീതിയിലും ധര്‍മ്മ ചിന്തയിലും ഐക്യപ്പെടുന്ന സൗഹൃദത്തിന്റെ ഒരു ലോകം പണിയാനാണ് മുസ്‌ലിം ധിഷണശാലികള്‍ യത്‌നിക്കേണ്ടത്. 2011ല്‍ ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ കോപ്റ്റിക് ക്രൈസ്തവരുടെ പ്രാര്‍ത്ഥനക്ക് മുസ്‌ലിംകള്‍ സുരക്ഷാവലയം തീര്‍ത്തുകൊണ്ട് ഇതിന്റെ പ്രായോഗികത അവര്‍ തെളിയിച്ചു.

വംശീയത നല്‍കുന്ന പൊള്ളിക്കുന്ന അനുഭവങ്ങളില്‍ നിന്ന് മനുഷ്യരാശിക്ക് ഒട്ടനവധി പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടായിരുന്നു. അവയില്‍ പ്രധാനം’വംശീയത’ എന്ന ആശയവും അതുപയോഗിച്ച് ഏതെങ്കിലും ഒരു ജനവിഭാഗത്തെ അപരവല്‍ക്കരിക്കുന്നതും ആ ജനവിഭാഗത്തെ മാത്രമല്ല, മനുഷ്യരാശിക്ക് പൊതുവില്‍ തന്നെ അപകടദായകമാണെന്നതാണ്. ഇക്കാര്യം വേദഗ്രന്ഥങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്: ദൈവത്തിനെതിരായ ധിക്കാരം നാടിനെ അശുദ്ധമാക്കും; അതിന്റെ ദുരന്തഫലങ്ങള്‍ തദ്ദേശവാസികള്‍ അനുഭവിക്കേണ്ടി വരും. (ലേവ്യര്‍ 20:22, ആവര്‍ത്തനം 4:25,26 28:63, ജോഷ്വ 23:15,16)

ഭൂമി പങ്കുവെക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കവെ എസക്കിയേല്‍ പ്രവാചകന്‍ പറഞ്ഞത് അനുസ്മരണീയമാണ്: നിങ്ങള്‍ക്കും നിങ്ങളുടെയിടയില്‍ താമസിക്കവെ കുട്ടികള്‍ ജനിച്ച് അവിടെ പാര്‍ക്കുന്ന വിദേശീയര്‍ക്കും പൈതൃകാവകാശമായി അത് പങ്കുവെക്കണം. അവര്‍ നിങ്ങള്‍ക്ക് സ്വദേശീയമായ ഇസ്രായേല്‍ മക്കളെപ്പോലെയായിരിക്കണം. ഇസ്രായേല്‍ ഗോത്രങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്കൊപ്പം അവര്‍ക്കും അവകാശം ലഭിക്കണം.’ (എസെക്കിയേല്‍ 47:22)

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protests islam and muslims new bylines

അടിച്ചമര്‍ത്തല്‍ നീതിക്ക് വഴിമാറുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ ജൂത-ക്രൈസ്തവ വേദഗ്രന്ഥങ്ങള്‍ ആഹ്വാനം ചെയ്യുന്നു: ‘നീതി സ്‌നേഹത്തെ ചുംബിക്കുന്ന ഒരു സാമൂഹിക സൃഷ്ട്രി മാത്രമാണ് കരണീയം’ (സങ്കീര്‍ത്തനങ്ങള്‍ 85:10); എന്തെന്നാല്‍ നീതിയില്ലാതെ സമാധാനം കൈവരിക്കാനാവില്ല (എശയ്യ 32:17). സ്വന്തത്തിന് വേണ്ടി ഇച്ഛിക്കുന്നതിനനുസൃതമായി മറ്റുള്ളവരോട് പെരുമാറേണ്ടതുണ്ടെന്ന സുവര്‍ണ്ണ നിയമം’ (മത്തായി 7:12) മനുഷ്യവര്‍ഗത്തെ ദേശം, വംശം, സമ്പത്ത് എന്നിവയുടെ പേരിലുള്ള ഭിന്നിപ്പില്‍ നിന്ന് തടയുന്നു.

തെരഞ്ഞെടുക്കപ്പെട്ട മതം, വംശം എന്നീ സങ്കല്പങ്ങള്‍ മാനവികതക്ക് എല്‍പ്പിച്ച പരിക്കിന്റെ ആഘാതം കനത്തതാണ്. ഈ ചരിത്രാനുഭവങ്ങളില്‍ നിന്നുള്ള ഉള്‍ക്കാഴ്ച്ച, വംശത്തെകുറിച്ച ശാസ്ത്രീയമായ അറിവ് എന്നിവക്ക് പുറമെ മനുഷ്യ സമത്വം, മാനവ സാഹോദര്യം, സഹവര്‍ത്തിത്തം, നീതി, കാരുണ്യം, സഹാനുഭൂതി, യുദ്ധവിരുദ്ധത, സമാധാനവാഞ്ഛ എന്നീ മാനവിക മൂല്യങ്ങളില്‍ ഊന്നിയുള്ള ആത്മീയതയും കൂട്ടിച്ചേര്‍ത്ത ധനാത്മകമായ സമീപനത്തിലൂടെ മാത്രമേ വെറുപ്പിന്റെയും ഛിദ്രീകരണത്തിന്റെയും ഭീകരതയുടെയും ശക്തികളെ ഫലപ്രദമായ മറികടക്കാനാവുകയുള്ളൂ.

ഇസ്ലാമോഫോബിയ: വംശീയ-വര്‍ഗീയ വിദ്വേഷത്തിന്റെ വേരുകള്‍

കുറിപ്പുകള്‍:

  • Anindya Bhattacharya, Racist Ideas Fuel the BNP, Socialist Worker, 20 June 2009
  • Susannah Heschel, The Aryan Jesus: Christian Theologians and the Bible in Nazi Germany, Princeton University Press: Princeton, NJ, 2008, p.3, 67
  • Malayala Manorama-Kochi Edition, 28 September 2011, p.5
  • Mark Mason, The Christian Holocaust, Markwell Press: Hong Kong, 1981, p.350
  • Golwalkar M.S, We or Our National Defined, Bharat Prakashan: Nagpur, 1939, p.37
  • Arthur Goldwag, The New Hate, Melbourne: Scribe, 2012, p.24
  • Mahmood Mamdani, Nalla Muslim Cheetha Muslim (Good Muslim Bad Muslim), Tran: Dr. ANP Ummerkutty, Kottayam: DC Books, 2008, p.19
  • Malayala Manorama, October 3, 2017, p.1
    11.Anders Behring Breivik, http://www.kevinislaughter.com/wp-content/uploads/2083++A European Declarationof Independence .pdf
  • Mukul Kesavan, Lessons from Norway: Terrorism should be Called by its Name Whoever the Killer is, The Telegraph, 11 August 2011
  • Jennifer Rubin, Norway Bombing, The Post, 22 Jul 2011
  • Adolf Hitler, The Speeches of Adolf Hitler, vol.1 (Tr: Norman H. Baynes), O.U.P: London, 1942, p.42
  • Adolf Hitler, Mein Kampf (Tr: Ralf Manheim), Houghton Miffin Company: Boston, 1943, p. 296
  • John L. Esposito, The Islamic Threat: Myth or Reality, O U P: Oxford, 1992, p.25, 38
  • Hall S, New Ethnicities in Race, In ‘Culture and Difference’ (Edited: Rattansi A, Donald J), Sage: London, 1992, p.298
  • Martin Barker, The New Racism: Conservatives and the Ideology of the Tribe, Junction Books: London, 1981, p.54-77
  • Jennifer Pitts, A Turn to Empire: The Rise of the Imperialist Liberalization in Britain and France, Princeton University Press: Princeton, 2005, p.133-162
  • Albert Hourani, History of the Arab Peoples, London: Faber & Faber, 2005, p.56
  • William Montgomery Watt, Freewill and Predestination in Early Islam, London: Luzack, 1948, p17-18
  • Khaled Abou El-fadl The Great Theft, New York: HarperCollins, 2007, p.240
  • Nonie Darwish, Cruel and Usual Punishment, Nashville: Thomas Nelson, 2008, p.108
  • Ziauddin Sardar, Merryl Wyn Davies, The No-Nonsense Guide to Islam, London: Verso, 2004, p.89

1990ന് ശേഷം ഇസ്‌ലാമോഫോബിയ ശക്തിപ്പെട്ടത് ഒരു സാംസ്‌കാരിക യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണെന്നും അവക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വംശീയ വികാരമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. മുസ്‌ലിം നാടുകളില്‍ അധിനിവേശം നടത്താന്‍ യു.എസ് സാമ്രാജ്യത്വം ഇസ്‌ലാമോഫോബിയ വ്യാപിപ്പിച്ചു. ഇതിനായി 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണങ്ങള്‍ വിദഗ്ധമായി ഉപയോഗിക്കപ്പെട്ടു. കൃത്രിമമായി നിര്‍മിച്ചെടുത്ത തെളിവുകള്‍ ഉപയോഗിച്ച് ഇറാഖ് ജനതയെ കൂട്ടക്കുരുതിക്കിരയാക്കി. അഫ്ഗാനിസ്താനിലും ഇറാഖിലുമായി 20 ലക്ഷത്തിലേറെ മനുഷ്യരെ യുഎസ് സാമ്രാജ്യത്വം കുരുതികഴിച്ചു. ഹീനത്വവും സംസ്‌കാര ശൂന്യതയും നിലീനമായ ഒരു ജനത ഈ വിധം തകര്‍ത്തെറിയപ്പെടുന്നത് ശരിയാണെന്ന പ്രതീതി ജനിപ്പിക്കുംവിധം അധിനിവേശ ശക്തികളെ ചെറുത്തുനില്‍ക്കുന്നവരെ ഭീകരര്‍ എന്ന് വിളിക്കാന്‍ മുഖ്യധാരാ മീഡിയ ആവേശം കാണിക്കുന്നു.

നൈസര്‍ഗികമായിത്തന്നെ ഒരു ജനത ഭീകര പ്രവര്‍ത്തനം നടത്തുന്നവരാണെന്ന ചിന്താഗതിയിലേക്ക് സാമാന്യ ജനങ്ങളെ എത്തിക്കുന്ന വിധമാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏത് സ്‌ഫോടനം നടന്നാലും നിമിഷങ്ങള്‍ക്കകം സംശയത്തിന്റെ നിഴലിലേക്ക് ഒരു പ്രത്യേക സമൂഹം മാറ്റിനിര്‍ത്തപ്പെടുന്നത് എത്ര സമര്‍ത്ഥമായും ആസൂത്രിതമായുമാണ്! മാധ്യമ നൈതികത തുടര്‍ച്ചയായി ലംഘിക്കപ്പെട്ടാലും ഇതിലെ കുറ്റവാളികള്‍ക്ക് ബൈലൈനില്‍ തുടരാം.

സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക-വിദ്യാഭ്യാസ പ്രാന്തവല്‍ക്കരണമല്ല, ഒരു പ്രത്യേക സമൂഹത്തില്‍ ‘നിലീനമായ’ ജൂഗുപ്‌സാവഹമായ സ്വഭാവ വൈകൃതങ്ങളാണ് അക്കൂട്ടരെ ഭീകരരാക്കി മാറ്റുന്നതെന്ന സിദ്ധാന്തം സ്വതന്ത്ര ഇന്ത്യയില്‍ ഫാഷിസ്റ്റുകളില്‍ മാത്രമുണ്ടായിരുന്ന ആശയമായിരുന്നു. ഇത് 1990 ന് ശേഷം ഇന്ത്യയില്‍ മുഖ്യധാരാവല്കരിക്കപ്പെടുന്നതാണ് നാം കാണുന്നത്. ആഗോളതലത്തില്‍ ഈ സമീപനരീതിക്ക് കിട്ടിയ അധികാര ശക്തികളുടെ ആശിര്‍വാദമാണ് ഇതിനു പിന്നില്‍.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine wtc attack bylines
സെപ്തംബർ 11 വേൾഡ് ട്രേഡ് സെന്റർ ആക്രമണം

‘മുസ്‌ലിം ഭീകരത’യില്‍ നിന്ന് മോചനം നല്കിയവരായി സ്വയം അവതരിപ്പിക്കാന്‍ ഒരു ‘ഹൈന്ദവ ഭൂതകാലം’ സൃഷ്ടിച്ചുകൊണ്ട് രക്ഷകരായി അവതരിക്കുക എന്നത് ബ്രിട്ടീഷ് കൊളോണിയല്‍ നയമായിരുന്നു. ഒരൂ കാലഘട്ടത്തെ മതവുമായി സാത്മീകരിച്ച് ചരിത്രവക്രീകരണം നടത്തി ഒരു ജനതയെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി വിചാരണ ചെയ്തുകൊണ്ടാണ് കൊളോണിയലിസ്റ്റുകള്‍ ചരിത്ര രചന നിര്‍വഹിച്ചത്. ഇന്ത്യയില്‍ ഇത് സവര്‍ണമേല്‍ക്കോയ്മ എന്ന വംശീയവാദത്തിന് അനുഗുണമായി പരിണമിച്ചത് സ്വാഭാവികമാണ്.

മുസ്‌ലിം ഭരണാധികാരികളൊക്കെ ഇസ്‌ലാമിന്റെ പ്രതിരൂപങ്ങളാണെന്നും അവരുടെ യുദ്ധങ്ങളുടെ പിന്നിലുള്ള ലക്ഷ്യം ഇസ്‌ലാമാണ് എന്ന് വരുത്തലുമായിരുന്നു കൊളോണിയല്‍ പദ്ധതി. ക്ഷേത്രക്കൊള്ള, ബലപ്രയോഗത്തിലൂടെയുള്ള മതം മാറ്റം എന്നിവ ഇസ്‌ലാമിക വിരുദ്ധമായിട്ട് കൂടി ഈ നെറികേടുകള്‍ മുസ്‌ലിംകളുടെ മേല്‍ ആരോപിക്കപ്പെട്ടു. ഇതിനായി ചരിത്രത്തെ വക്രീകരിച്ചു. സാമ്രാജ്യനിര്‍മിതിക്കായി പ്രവര്‍ത്തിച്ചവര്‍ ഇസ്‌ലാമിന്റെ പ്രതീകങ്ങളായി ചിത്രീകരിക്കപ്പെട്ടു. സവര്‍ണ താല്‍പര്യങ്ങള്‍ക്കനുഗുണമായ ഒരു പുഷ്‌കല കാലം തിരികെ കൊണ്ടുവരാനുള്ള അഭിനിവേശവുമായി ഇന്ത്യന്‍ ഫാഷിസം ശക്തിപ്പെടുന്നത് ഈ കൊളോണിയല്‍ ചരിത്ര സംവേദനത്തില്‍ നിന്ന് ഊര്‍ജ്ജം വലിച്ചെടുത്തുകൊണ്ടാണ്.

മതപരമായ അപരവത്കരണത്തിലും വിദ്വേഷത്തിലും മാത്രമാണ് ഫാഷിസം തഴച്ചുവളരുന്നത്. അപരവല്‍കരിക്കപ്പെട്ട ജനതയെക്കുറിച്ച് വിദ്വേഷജടിലമായ പ്രചാരണ യുദ്ധം നടത്തിക്കൊണ്ട് മാത്രമാണ് ഫാഷിസ്റ്റ് ശക്തികള്‍ക്ക് പ്രവര്‍ത്തിക്കാനാവുക. എല്ലാ തെറ്റുകള്‍ക്കും നിദാനമായ അപരനെ സൃഷ്ടിച്ച് വെറുപ്പിന്റെ മണ്ഡലം സൃഷ്ടിക്കപ്പെട്ടേ ഫാഷിസത്തിന് നിലനില്‍ക്കാന്‍ പോലുമാവൂ. ഇവയാണ് ഫാഷിസത്തിന്റെ പ്രാണവായുവും ഭക്ഷണവും. ഫാഷിസത്തിന്റെ പോപ്പുലിസ്റ്റ് രീതികളോട് മത്സരിക്കാന്‍ മതേതരം എന്ന് വിവക്ഷിക്കപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെടും. മാത്രമല്ല, തങ്ങളില്‍ തന്നെ അന്തഃസ്ഥിതമായ വംശീയ പക്ഷപാതിത്തം, ഫാഷിസത്തെ പരോക്ഷമായി സഹായിക്കും വിധം മതേതരത്വ ധ്വംസനത്തിന്റെ ചട്ടുകമായി മതേതര പ്രസ്ഥാനങ്ങളെപ്പോലും മാറ്റിയേക്കാമെന്ന് ദക്ഷിണേന്ത്യന്‍ അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine us iraq invasion bylines
അമേരിക്കയുടെ ഇറാഖ് അധിനിവേശം

വര്‍ഗീയ-കൊളോണിയല്‍ ചരിത്രപരിപ്രേക്ഷ്യമുല്പാദിപ്പിക്കുന്ന ചരിത്ര സംവേദനം ഏത് ജനതയുടെയും വര്‍ഗീയ വല്‍ക്കരണത്തെ ത്വരിതപ്പെടുത്തും. മതനിരപേക്ഷ ചരിത്രപഠനം വ്യാപിപ്പിക്കുകയാണ് ഇതിന് ഒരേയൊരൂ പ്രതിവിധി. ഇന്ത്യന്‍-ജര്‍മ്മന്‍ ഫാഷിസങ്ങള്‍ വളര്‍ന്നത് താരതമ്യപ്പെടുത്തിനോക്കൂ: ഇന്ത്യയില്‍ മുസ്‌ലിം അപരത്വവും ജര്‍മ്മനിയില്‍ ജൂത അപരത്വവും മുഖ്യധാരാ സമീപനമാക്കി ക്രമത്തില്‍ പരിവര്‍ത്തിപ്പിച്ചുകൊണ്ടാണ് കൃത്രിമമായ സ്വജന ഐക്യം’നിര്‍മ്മിച്ചെടുക്കുന്നത്. മുസ്‌ലിം അപരന്‍ എന്നും അക്രമാരിയും സമാധാന ഭഞ്ജകനും കുറ്റവാളിയുമായിരിക്കും. ഈ ഭാഷ്യത്തിന് പിന്നിലെ വര്‍ഗീയ-സാമ്രാജ്യത്വ-ഫാഷിസ്റ്റ് അജണ്ടകളെ കൃത്യമായി തിരിച്ചറിയുക എന്നതാണ് ജ്ഞാന ശാസ്ത്രപരമായി പ്രബുദ്ധനാവുക എന്നതിനര്‍ത്ഥം.

സാംസ്‌കാരിക വംശീയത

ഏതെങ്കിലും ഒരു ജനവിഭാഗത്തെ അധഃസ്ഥിതരാക്കി നിലനിര്‍ത്താനും അവര്‍ക്ക് അര്‍ഹിച്ച സാമ്പത്തികമോ സാമൂഹികമോ ആയ നീതി നിഷേധിക്കാനുമുള്ള ശ്രമം വംശവെറിയുടെ ഉല്‍പ്പന്നമാണ്. ഏതെങ്കിലും ജനവിഭാഗത്തെ അപരവല്‍കരിക്കാനും താഴ്ത്തിക്കെട്ടാനും അവരില്‍ കുറ്റവാളിത്തമോ ഭീകര പ്രവണതയോ ഉണ്ടെന്ന് നിരൂപിക്കും വിധം പ്രചാരണം നടത്തുന്നതിന്റെ പിന്നിലും പ്രര്‍ത്തിക്കുന്ന ഘടകം വംശവെറി തന്നെ. ഈ വംശീയ സമീപനത്തിന്റെ കൂടുതല്‍ അഭിശപ്തമായ രൂപമാണ് ഹിറ്റ്‌ലറില്‍ നാം ദര്‍ശിക്കുന്നത്. ഹിറ്റ്‌ലറുടെ വീക്ഷണത്തില്‍ ജനം അവരുടെ വംശത്തെ ജീര്‍ണിക്കാന്‍ അനുവദിക്കുമ്പോള്‍ മാത്രമാണത്രെ മഹത്വം വിനഷ്ടമാകുന്നത്. ലോക ചരിത്രത്തിലെ സംഭവങ്ങള്‍ മുഴുക്കെ വംശസംരക്ഷണത്തിനുള്ള തെറ്റോ ശരിയോ ആയ പ്രകടനങ്ങള്‍ മാത്രമാണെന്ന്’തറപ്പിച്ചു പറയാന്‍ ഹിറ്റ്‌ലര്‍ മടിച്ചില്ല.

ചരിത്രപരമായി പറഞ്ഞാല്‍ 1942ല്‍ ക്രൈസ്തവ സ്പാനിഷ് രാജവംശം രക്തശുദ്ധിയുടെ പേരില്‍ അറബികളെയും ജൂതരെയും സ്‌പെയിനില്‍ നിന്ന് പുറത്താക്കി. വംശീയതയുടെ പ്രകടമായ പ്രതിഫലനമായിരുന്നു ഈ ദുഷ്‌ചെയ്തി. എന്നാല്‍ ഹിജ്‌റഃ ആദ്യ നൂറ്റാണ്ടില്‍ തന്നെ മുസ്‌ലിം സാമ്രാജ്യത്വത്തിന്റെ വികാസം പടിഞ്ഞാറിന് മതപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഭീഷണി ഉയര്‍ത്തിയെന്ന് മതാന്തര ഡയലോഗ് വിദഗ്ധന്‍ എ‌സ്‌പോസിറ്റോ നിരീക്ഷിക്കുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine concentration camp bylines
ജർമനിയിലെ ഒരു കോൺസെൻട്രേഷൻ ക്യാമ്പ്

ജൈവ വംശീയവെറി ഏറെക്കുറെ അവസാനിച്ചുവെങ്കിലും സാംസ്‌കാരിക തലത്തില്‍ അത് മറ്റൊരു വേഷത്തില്‍ നിലനില്‍ക്കുന്നു. സാംസ്‌കാരിക വംശീയതയില്‍ വംശം’എന്ന പേര് ഒരിക്കലും പ്രയോഗിക്കപ്പെടുന്നില്ല; ഒരു ജനതയുടെ മേല്‍ സാംസ്‌കാരിക അധമത്വം വെച്ചുകെട്ടുകയാണ് അതിന്റെ മുഖ്യമായ പ്രത്യയശാസ്ത്ര പദ്ധതി. അപരവല്‍കരിക്കപ്പെട്ട വിഭാഗത്തിന്റെ വിശ്വാസം, പെരുമാറ്റം, മൂല്യങ്ങള്‍, ചേഷ്ഠകള്‍ എന്നിവയൊക്കെ സമ്പൂര്‍ണ്ണമായ അവഹേളനത്തിന് വിധേയമാവും. അധമത്വപരമായ ഈ അവസ്ഥ അവരില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നുവെന്നും കാലമോ സ്ഥലമോ ബാധിക്കാത്ത വിധം സ്ഥായീഭാവം പൂണ്ടതാണെന്നും സങ്കല്‍പ്പിക്കപ്പെടുന്നു.

ജൈവവംശീയ വാദത്തെപ്പോലെ സാംസ്‌കാരിക വംശീയതയിലും അസംസ്‌കൃതര്‍, പ്രാകൃതര്‍, അവികസിതര്‍, ഭീകരര്‍ എന്നിവ പ്രയോഗിക്കപ്പെടുമെങ്കിലും മതവിശ്വാസത്തെയാകും ഇവിടെ കൂടുതല്‍ അന്യവല്‍കരണത്തിന് ശരവ്യമാക്കുക. തങ്ങളുടെ അപരന്മാരായി റെഡ് ഇന്ത്യക്കാരെ നിരൂപിച്ചുകൊണ്ട് അവരുടെ സംസ്‌കൃതിയെ നിര്‍വചിച്ചു അമേരിക്കന്‍ വെള്ളക്കാര്‍. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ജനമാണെന്നും എല്ലാ യുദ്ധങ്ങള്‍ക്കും പിടിച്ചടക്കലുകള്‍ക്കും വ്യക്തമായ വിധി (മാനിഫെസ്റ്റ് ഡെസ്റ്റിനി) ഉള്ളതായും തങ്ങളുടെ സാഹിത്യത്തിലൂടെ വെള്ളക്കാരായ വംശീയവാദികള്‍ പ്രചരിപ്പിച്ചിരുന്നു.

നാസികള്‍ക്കെതിരായ സംഖ്യ ശക്തികളുടെ യുദ്ധം ജൂതരോട് ഹിറ്റ്‌ലര്‍ അനുവര്‍ത്തിച്ച നരഹത്യയുടെ പേരിലല്ല, ജര്‍മ്മന്‍ സാമ്രാജ്യ മോഹം യൂറോപ്യന്‍ – അമേരിക്കന്‍ ശക്തികള്‍ക്ക് മേലുയര്‍ത്തിയ ഭീഷണിമൂലമായിരുന്നു. 1942ല്‍ അമേരിക്കയിലെ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ നടത്തിയ ആക്രമണത്തിന് ശേഷം അതിനീചമാം വിധം പടര്‍ത്തിയ ജപ്പാന്‍ വിരുദ്ധ വംശീയത അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയവും മീഡിയയും കൂടി ഏറ്റെടുത്തു. തദ്ഫലമായി ഒരു ലക്ഷത്തിലേറെ ജപ്പാനീസ് അമേരിക്കക്കാര്‍ക്ക് നിരവധി വര്‍ഷങ്ങള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിയേണ്ടിവന്നു. ജപ്പാനീസ് ബന്ധമുള്ളവരൊക്കെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനുത്തരവാദികള്‍ എന്ന ബോധം വംശീയതയില്‍ നിന്നുയിരെടുത്തതായിരുന്നു. ഈ അനുഭവത്തെ വിസ്മരിക്കുന്നത് ചരിത്രപരമായ അംനേഷ്യ കൊണ്ടോ വംശവെറി കൊണ്ടോ മാത്രമായിരിക്കും.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine protest bylines

ഈ പ്രവണതയുടെ തനിയാവര്‍ത്തനമാണ് അറബ് മുസ്‌ലിം ജനതക്കെതിരെ ഇന്ന് അമേരിക്കയിലും യൂറോപ്പിലും നടക്കുന്നത്. മുസ്‌ലിം നാടുകളില്‍ നടത്തുന്ന സായുധാക്രമണത്തിന് ന്യായീകരണം ചമക്കാനുള്ള സാംസ്‌കാരിക യുദ്ധമാണിത്. ഇസ്രയേലിനെ ശാസിക്കുന്ന 40 പ്രമേയങ്ങളാണ് രക്ഷാസമിതിയില്‍ ഇതിനകം അമേരിക്ക വീറ്റോ ചെയ്തത് എന്നും ഓര്‍ക്കണം.

മദ്ധ്യ-പൗരസ്ത്യ ദേശത്തെ പ്രശ്‌നങ്ങളുടെ മുഴുവന്‍ വേര് കിടക്കുന്നത് ദൈവം ഇസ്രായേല്‍ ജൂതര്‍ക്ക് പതിച്ചു നല്‍കി എന്ന വിശ്വാസത്തിലാണ്. വംശീയ വാദത്തിന്റെ അടിത്തറയിലാണ് ജൂത ക്രൈസ്തവ സയണിസങ്ങള്‍ കെട്ടിപ്പടുത്തിട്ടുള്ളത്. ഈ വംശീയ നൃശംസതക്ക് ലഭ്യമായ അന്ധമായ സാമ്രാജ്യത്വ പിന്തുണയാണ് പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തെ നിഷേധിച്ചുകൊണ്ട് ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നത്. ഇസ്രായേലില്‍ പലസ്തീനികള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനത്തെ ചില അറബ് നാടുകളില്‍ അമുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വിവേചനമുദ്ധരിച്ചാണ് സയണിസ്റ്റു് അലന്‍ ദെര്‍ഷോവിസ്റ്റ് ന്യായീകരിക്കുന്നത്.

മൂന്ന് അല്‍ഖൈദക്കാരെ തിരഞ്ഞ് സോമാലിയയില്‍ 80000 പേരെയാണ് യു.എസ് സാമ്രാജ്യത്വം വധിച്ചത്. ഇല്ലാത്ത കൂട്ടനശീകര ണായുധത്തിന്റെ പേരിലും തെളിയിക്കപ്പെടാത്ത സെപ്തംബര്‍ 11 ബിന്‍ലാദന്‍ ബന്ധത്തിന്റെ പേരിലും ഇറാഖിലും അഫ്ഗാനിലുമായി ഇരുപത് ലക്ഷത്തിലേറെ മനുഷ്യരെയാണ് പാശ്ചാത്യ ശക്തികള്‍ കൊന്ന് തള്ളിയത്. ഇവക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഘടകമായി വംശീയതയും അതിന്റെ ആധുനിക രൂപങ്ങളിലൊന്നായ ഇസ്‌ലാമോഫോബിയയും പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
ഇറാനിയന്‍ ജനാധിപത്യത്തെ അറുകൊലചെയ്യാന്‍ 1953ല്‍ സി.ഐ.എ മുന്നിട്ടിറങ്ങി.

അള്‍ജീരിയയില്‍ 1991ല്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ വിജയിച്ചതിനെ പട്ടാളം അട്ടിമറിച്ചതിനെയും ഇസ്‌ലാമിസ്റ്റ് ഭരണകൂടത്തെ പലവുരു തുര്‍ക്കി പട്ടാളം അട്ടിമറിച്ചതിനെയും അമേരിക്കയും പാശ്ചാത്യ ശക്തികളും പിന്തുണക്കുകയായിരുന്നു. 2006ല്‍ ഹമാസ് വിജയിച്ചപ്പോള്‍ ജനാധിപത്യത്തിന്റെ പേരില്‍ സംസാരിക്കുന്ന അമേരിക്കയും ഇസ്രായേലും അതംഗീകരിച്ചില്ല. പലസ്തീനില്‍ നിന്നും വസൂലാക്കിയ റവന്യൂ നല്‍കാന്‍ വിസമ്മതിച്ച് ജനതയെ അമേരിക്കന്‍ പിന്തുണയോടെ കൂട്ടശിക്ഷക്ക് ഇസ്രായേല്‍ വിധേയമാക്കുകയും ചെയ്തു. തുനീഷ്യയിലും ഈജിപ്തിലും ഏകാധിപത്യ ഭരണകൂടങ്ങള്‍ നടത്തിയ തേര്‍വാഴ്ചയെ അമേരിക്കയും ഇസ്രായേലും പിന്തുണക്കുക യായിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine osama bin laden bylines

ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനില്‍ നിര്‍മ്മിതമാവുന്ന ഇസ്‌ലാമിക് സെന്ററില്‍ (ഗ്രൗണ്ട് സീറോ മസ്ജിദ് എന്ന് ശത്രുക്കള്‍) നിര്‍മ്മിതിയുമായി ബന്ധപ്പെട്ട വിവാദമെടുക്കുക. അവിടെ പണിയുന്ന ഇസ്‌ലാമിക കേന്ദ്രം 2001 സെപ്തംബര്‍ 11 ന്റെ ഇരകളുടെ ആത്മാവിനെ നോവിക്കുമെന്നായിരുന്നു പ്രചാരണം. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ ഇരകളുടെ ബന്ധുക്കളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന നടപടിയാണ് ഇതെന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്ന സാറാ പൗലിന്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. ഏതോ ഭീകരര്‍ നടത്തിയ അതിക്രമങ്ങള്‍ ഒരു ജനത മുഴുവന്‍ ഉത്തരവാദികളാണെന്ന ചിന്താഗതി വംശീയതയില്‍ നിന്നുയിര്‍കൊണ്ടതാണ്. അമേരിക്കന്‍ വലതുപക്ഷത്തിന്റെ ശക്തമായ പ്രചാരണായുധം ജനങ്ങളെ വ്യാപകമായി സ്വാധീനിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

പടിഞ്ഞാറും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും മതാന്തര ഡയലോഗിനുമുള്ള കൊര്‍ദോവ ഇനീഷ്യേറ്റീവ് എന്ന സംരംഭത്തെയാണ് ഈ വിധം അപകീര്‍ത്തിപ്പെടുത്തുന്നത് എന്നോര്‍ക്കണം. സ്പാനിഷ് അന്തലുസ്യയിലെ കൊര്‍ദോവയിലാണ് ജൂതക്രൈസ്തവ മുസ്‌ലിം ജനവിഭാഗങ്ങള്‍ നൂറ്റാണ്ടുകളോളം സഹിഷ്ണുതയോടെ സഹവര്‍ത്തിച്ച് ശാസ്ത്രവും സംസ്‌കാരവും സമ്പുഷ്ടമാക്കിയത്.

പാകിസ്താനില്‍ അബൊട്ടാബാദില്‍ വെച്ച് ഉസാമ ബിന്‍ലാദിനെ കൊന്നതിന് ശേഷവും അഫ്ഗാന്‍ അധിനിവേശം അവസാനിച്ചിട്ടില്ല. മുസ്‌ലിം വിരുദ്ധ ഹിസ്റ്റീരിയയുടെ അന്തരീക്ഷമാണ് അഫ്ഘാന്‍ ഇറാഖ് യുദ്ധങ്ങളുമായി പൊരുത്തപ്പെട്ട് അമേരിക്കക്കാരെ സജ്ജമാക്കി നിര്‍ത്താന്‍ കോര്‍പ്പറേറ്റ് മീഡിയ ശ്രമിക്കുന്നത്. കൂട്ട നശീകരണായുധങ്ങള്‍ ഇറാഖ് സമാഹരിച്ചു എന്ന വ്യാജാരോപണം തെറ്റാണെന്ന് തെളിഞ്ഞിട്ടും ഇറാഖ് അധിനിവേശം തുടരാന്‍ ഇസ്‌ലാം വിരുദ്ധമായ സാംസ്‌കാരിക പ്രചാരണം ശക്തിപ്പെടുത്തിയേ മതിയാകൂ. ഗ്വാണ്ടനാമോയിലും അബൂ ഗുറൈബിലും അഫ്ഘാനിലെ ബെഗ്രാമിലും നടന്ന മനുഷ്യ മന:സാക്ഷിയെ മരവിപ്പിച്ച പീഢനങ്ങള്‍ ഈ വിധത്തിലേ സ്വീകരിക്കപ്പെടുകയുള്ളൂ.

കറുത്ത ആഫ്രിക്കന്‍ ജനതയെ അടിച്ചമര്‍ത്തി ചൂഷണങ്ങള്‍ക്കിരയാക്കാന്‍ വെള്ളക്കാരന്റെ വംശീയമേധാവിത്വം എന്ന ആശയം വ്യാപിപ്പിച്ചത് പോലെ ഇസ്‌ലാമോഫോബിയ പടര്‍ത്തേണ്ടത് പാശ്ചാത്യ ആയുധശക്തിയുടെ പ്രത്യയശാസ്ത്ര നീതീകരണമായി മാറി. ഇതാണ് അപരിമേയമാം വിധമുള്ള പ്രവേഗത്തില്‍ ഇസ്‌ലാമോഫോബിയ വ്യാപിക്കുന്നതിന്റെ രഹസ്യം. അമേരിക്കന്‍ മുസ്‌ലിംകളിലെ ഭൂരിപക്ഷവും വെള്ളക്കാരല്ലാത്തതിനാല്‍ വെള്ളക്കാരന്റെ വംശവെറി പുതിയ ശത്രുവിനെതിരെ ചുഴറ്റാന്‍ എളുപ്പവുമായിരുന്നു. സെപ്തംബര്‍ 11 ആക്രമണത്തെപ്പറ്റി 90%ത്തിലേറെ അഫ്ഘാനികള്‍ക്കുമറിയില്ല എന്ന സത്യം ആരറിയുന്നു?

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine tahrir square bylines
അറബ് വസന്ത സമയത്തെ തഹ്‌രീർ സ്‌ക്വയർ, ഈജിപ്ത്

ഓറിയന്റലിസം

16, 17 നൂറ്റാണ്ടുകളില്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ കോളനികള്‍ വ്യാപിപ്പിച്ചതോടെ പിടിച്ചടക്കലിനുള്ള പ്രത്യയശാസ്ത്രപരമായ നീതീകരണങ്ങളും ശക്തിപ്പെട്ടു. പുതിയലോകത്തെ റെഡ് ഇന്ത്യക്കാര്‍ക്കെതിരായ നരഹത്യകളും അടിമത്തവും ചുഷണങ്ങളും ദൈവശാസ്ത്ര വംശീയ വ്യാഖ്യാനങ്ങള്‍ ചമച്ചുകൊണ്ട് ന്യായീകരിക്കപ്പെട്ടു.

മുസ്‌ലിം ലോകം ഏകാധിപത്യപരവും അനക്കമില്ലാത്തതും ജനായത്ത വിരുദ്ധവും സങ്കുചിതവുമാണെന്ന ചിത്രീകരണം വ്യാപകമായി. ഹോമോ ഇസ്‌ലാമിക്കസ് എന്നയിനം താഴ്ന്ന മനുഷ്യവര്‍ഗത്തെപ്പറ്റിപ്പോലും കൊളോണിയല്‍ കാലത്ത് നരവംശ ശാസ്ത്രപരമായ ചര്‍ച്ചകള്‍ നടന്നു. താഴ്ന്നതും ഭീഷണവുമായ ജനതയായി മുസ്‌ലിംകളെ അപരവല്‍കരിച്ചുള്ള ഓറിയന്റലിസ്റ്റ് പ്രതിപാദ്യങ്ങളുടെ നിരന്തരാവര്‍ത്തനങ്ങളാണ് കൊടിയ വിദ്വേഷത്തിന്റെ വിത്ത് സെര്‍ബുകളില്‍ സൃഷ്ടിക്കുകയും മുസ്‌ലിം കൂട്ടക്കുരുതിക്ക് 1990കളില്‍ പ്രേരണയാവുകയും ചെയ്തത് എന്ന് ചരിത്രകാരന്‍ നോര്‍മാന്‍ സിഗാര്‍ ഒരു പഠനത്തിലൂടെ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്.

നവോത്ഥാന ചിന്തകനായ ഡേവിസ് ഹ്യൂം പോലും നീഗ്രോകള്‍ ധൈഷണികമായി താഴ്ന്നവരാണെന്ന് സങ്കല്‍പ്പിച്ചിരുന്നു. ബ്രിട്ടീഷ് ലിബറലിസത്തിന്റെ താത്വികനും ഫെമിനിസ്റ്റുമായിരുന്ന ജോണ്‍ സ്റ്റുവര്‍ട്ട് മില്‍ പോലും കോളനികളിലെ ‘താഴ്ന്നവരായ ജനത’ എന്ന പ്രയോഗം നിരന്തരം നടത്തുന്നുണ്ട്.

അറബ് നാടുകളില്‍ ഏകാധിപതികളെ പ്രതിഷ്ഠിക്കുകയും അവര്‍ക്ക് ഒത്താശ നല്‍കുകയും ചെയ്ത പാശ്ചാത്യശക്തികള്‍ തന്നെ ജനാധിപത്യ വിരുദ്ധതയും സര്‍വ്വാധിപത്യവും അറബികളുടെ സ്വാഭാവിക അവസ്ഥയെന്ന് ആരോപിക്കുകയും ചെയ്യുകയായിരുന്നു. ഈ ധാരണയെ തകര്‍ത്തെറിയുകയാണ് തുനീഷ്യന്‍, ഈജിപ്ഷ്യന്‍ യമനീ ജനതകള്‍ അറബ് വസന്ത വിപ്ലവത്തിലൂടെ (2011) ചെയ്തത്. അറബ് വസന്തം’എന്ന പേരില്‍ വിഖ്യാതമായ ടുണീഷ്യ, ഈജിപ്ത്, ലിബിയ എന്നീ രാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളില്‍ നിന്ന് ആവേശമുള്‍കൊണ്ടാണ് ‘വാള്‍സ്ട്രീറ്റ് കയ്യടക്കുക’എന്ന പ്രക്ഷോഭപരിപാടി പോലും രൂപം കൊണ്ടത്. പടിഞ്ഞാറിന്റെ അപരനായി ഇസ്‌ലാമിനെ കാണാനുള്ള തുറന്ന പ്രവണതയുടെ ആധുനിക ഉദാഹരണമാണ് മുന്‍ യു.എസ്. പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സന്‍. അക്രമോല്‍സുകവും ശത്രുദായകവുമായ മുസ്‌ലിം ലോകത്തിനെതിരെ പടിഞ്ഞാറിന് പുതിയ ഐക്യനിര കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന്’ നിക്‌സന്‍ എഴുതി.

സ്വന്തം അധിനിവേശങ്ങള്‍ക്ക് ന്യായീകരണം നല്‍കാന്‍ സ്ത്രീ വിമോചനം പോലുള്ള പുരോഗമനപരമായ ആശയങ്ങളാവും സാംസ്‌കാരിക വംശീയവാദം ചിലപ്പോള്‍ ഉന്നയിക്കുക. ഉദാഹരണത്തിന് 2001ല്‍ നടന്ന അഫ്ഗാന്‍ അധിനിവേശത്തിന് നല്‍കിയ കാരണങ്ങളില്‍ ഒന്നായി വനിതാവിമോചനം പ്രസിഡണ്ട് ജൂനിയര്‍ ബുഷ് എടുത്തുപറഞ്ഞിരുന്നു. അതേസമയം ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റുകളുടെ സ്ത്രീ വിരുദ്ധ വ്യാഖ്യാനത്തെ തഴുകിത്തലോടുന്നതില്‍ ഒരു വൈരുദ്ധ്യവും ബുഷ് കണ്ടില്ല. രാഷ്ട്രീയവും സൈനികവുമായ പ്രാധാന്യത്തിന് പുറമെ, ദക്ഷിണേഷ്യയിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും നിയന്ത്രണവുമായി അഫ്ഗാന്‍ അധിനിവേശത്തിന് ബന്ധമുണ്ടെന്ന് അമേരിക്കന്‍ പോളിസിയെക്കുറിച്ച് പഠിച്ച അഹമ്മദ് റഷീദ് കണ്ടെത്തുന്നുണ്ട്. താലിബാന് ശേഷം 2001ല്‍ രൂപീകൃതമായ വടക്കന്‍ സഖ്യ ഭരണകൂടത്തിന്റെ ആദ്യ നടപടികളിലൊന്ന് രാജ്യാന്തര എണ്ണ വാതക കമ്പനികള്‍ക്ക് പൈപ്‌ലൈന്‍ സ്ഥാപിക്കാനുള്ള അവകാശമായിരുന്നു.

bylines malayalam, byline malayalam, bylines.in, byline.in, bylines online publication bylines malayalam publication bylines magazine, bylines malayalam magazine bosnia bylines
ബോസ്നിയ-സെബ്രെനിക കൂട്ടക്കൊലയിൽ മരണപ്പെട്ടവരുടെ ഖബറുകൾ

പ്രതിലോമകാരികളായ സാമ്രാജ്യത്വ നിര്‍മ്മിതാക്കള്‍ യുദ്ധ വ്യാപനത്തെ ന്യായീകരിക്കാനായി നടത്തുന്ന ഇസ്‌ലാം വിമര്‍ശനത്തിനുപയോഗിക്കുന്ന ചട്ടുകങ്ങള്‍ മാത്രമാണ് വഫാ സുല്‍ത്താന്‍, ഇബ്‌നു വറാഖ്, തസ്‌ലീമ നസ്‌റിന്‍, സല്‍മാന്‍ റുഷ്ദി, റോബര്‍ട്ട് സ്‌പെന്‍സര്‍, ഡാനിയേല്‍ പൈപ്‌സ് തുടങ്ങിയവര്‍. ഗോണ്ടനാമോ പീഡനം, അഫ്ഗാന്‍, ഇറാഖ്, സോമാലിയ, പാലസ്തീന്‍ അധിനിവേശങ്ങള്‍ എന്നിവയോട് ഇവര്‍ക്കാര്‍ക്കും എതിര്‍പ്പില്ല. നാസി പീഡനകാലത്ത് ജൂതമതത്തിന്റെ അപചയങ്ങളെക്കുറിച്ച ചര്‍ച്ചപോലെ അറപ്പുളവാക്കുന്ന വിധം ബീഭല്‍സമാണവരുടെ ചെയ്തികള്‍.

സാമ്രാജ്യത്തിന് ദാസ്യവേല ചെയ്യുന്ന ധൈഷണിക ഭീകരന്‍മാര്‍ എന്നോ ബൗദ്ധിക വ്യഭിചാരികള്‍ എന്നോ ഇക്കൂട്ടരെ വിളിക്കാം. അയാന്‍ ഹിര്‍സി അലി, പര്‍വീണ്‍ ദാരാബി പോലുള്ള ഇസ്‌ലാമോഫോബുകള്‍ക്ക് യാഥാസ്ഥിതികവും ഫണ്ടമെന്റലിസ്റ്റുമായ വ്യാഖ്യാനം മാത്രമേ പ്രസക്തമായുള്ളൂ; അഥവാ അത്തരമൊന്നു മാത്രമേ സാദ്ധ്യമാകൂവെന്നവര്‍ സങ്കല്‍പ്പിക്കുന്നു. നിയോകോണ്‍ സയണിസ്റ്റ് കുരിശുയുദ്ധ ശക്തികളുടെ ആയുധങ്ങളായി വര്‍ത്തിക്കാനവര്‍ക്ക് ലജജയില്ല.

ഇസ്ലാമോഫോബിയ, സാംസ്‌കാരിക വംശീയത: വ്യാഖ്യാനവും വർത്തമാനവും

ആധുനിക കാലത്തെ ദൈനംദിന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളെ നിയാമകമായി സ്വാധീനിക്കുന്ന വംശീയത എന്ന ആശയത്തെക്കുറിച്ച സാമാന്യമായ ഒരവലോകനമാണ് ഈ അദ്ധ്യായം. അമേരിക്കന്‍ ആദിവാസി ജനതക്കെതിരായ കിരാതമായ നരഹത്യക്കും, യൂറോപ്പില്‍ നിലനിന്ന ആന്റിസെമിറ്റിസത്തിനും, അതിന്റെ പാരമ്യമായി നടന്ന നാസി ഭീകരതക്കും, സയണിസ്റ്റുകളുടെ പലസ്തീന്‍, നിഗ്രഹണത്തിനും, 2002ലെ ഗുജറാത്ത് നരഹത്യക്കും, പാശ്ചാത്യ ലോകത്ത് കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയക്കും പിന്നില്‍ വംശവെറി എന്ന ഒരൊറ്റ വികാരമാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു ജനതയുടെ സാംസ്‌കാരിക ഔന്നത്യം നിര്‍ണ്ണയിക്കുന്ന ഘടകങ്ങളില്‍ പ്രധാനം ന്യൂനപക്ഷങ്ങളോടും ദുര്‍ബലരാക്കപ്പെട്ടവരോടുമുള്ള കരുണാവായ്പാണ്. ന്യൂനപക്ഷങ്ങളെ അപരാധികളും ശത്രുക്കളും അപകടകാരികളുമാക്കി ചിത്രീകരിക്കുക എന്നത് ഫാഷിസത്തിന്റെ മുഖ്യമായ പ്രത്യയശാസ്ത്ര പദ്ധതിയായിരിക്കുമ്പോള്‍, ന്യൂനപക്ഷങ്ങള്‍ക്ക് പരിരക്ഷയും സുരക്ഷിതത്വവും സാമൂഹ്യനീതിയും നേടിക്കൊടുക്കാന്‍ അത്യദ്ധ്വാനം ചെയ്യുക എന്നതാണ് മഹത്വമുള്ള ഒരു ജനതയുടെ ധര്‍മ്മം.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam muslims in europe
യൂറോപ്പിലെ ഒരു മുസ്ലിം പള്ളിക്കു മുകളിലെ ഗ്രാഫിറ്റി

ഇസ്‌ലാമോഫോബിയ

2001 സപ്തംബര്‍ 11ന് ശേഷം ഇസ്‌ലാമോഫോബിയ പാരമ്യതയിലെത്തിയതിനെപ്പറ്റി പലരും അന്ധാളിക്കുകയാണ്. അതിനാല്‍ ഇവക്ക് പിന്നിലെ സാംസ്‌കാരിക അന്തര്‍ധാരകളെ കുറിച്ച ചരിത്രപമായ ഒരു വിശകലനം ഏറെ പ്രസക്തമാണ്.

കുടിയേറ്റക്കാരെയും ചില വംശീയമതവിഭാഗങ്ങളെയും അപകടകാരികളായി ചിത്രീകരിക്കുന്ന നവനാസികളും ഫാഷിസ്റ്റുകളും നവയാഥാസ്ഥിതികരും അമേരിക്കയിലും യൂറോപ്പിലും പ്രബലസാന്നിധ്യമായി ഇന്ന് മാറിയിരിക്കുന്നു. വ്യാവസായികമായി ഇസ്‌ലാം വിരുദ്ധത പരത്താന്‍ കച്ചകെട്ടിയിറങ്ങിയ ഫൗണ്ടേഷനുകളുടെ നീണ്ട ശൃംഖലകള്‍ തന്നെ പടിഞ്ഞാറ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇസ്‌ലാം ഒരു മതമല്ലെന്നും വന്യനീതിയാണെന്നും ഇതരജനതക്കു മേലുള്ള ആധിപത്യത്തിനായി വെമ്പുന്ന രാഷ്ട്രീയ ദര്‍ശനമാണെന്നും ബലപ്രയോഗം അതിന്റെ സ്വാഭാവിക രീതിയാണെന്നുമാണ് പ്രചാരണം.

നിരവധി തിങ്ക്ടാങ്കുകള്‍ പരതിയെടുക്കുന്ന ഇസ്‌ലാം ഭീകരത ഗീബല്‍സിയന്‍ തന്ത്രത്തിലൂടെ ആവര്‍ത്തിച്ച് യാഥാര്‍ത്ഥ്യത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. ഇസ്‌ലാം വിരുദ്ധ ബ്ലോഗര്‍മാര്‍ക്ക് 7 മില്യനോളം വരുന്ന അമേരിക്കന്‍ മുസ്‌ലിംകളും 1.5 ബില്യണ്‍ വരുന്ന ലോകമുസ്‌ലിംകളും മുഴുക്കെ അപകടകാരികളും അക്രമികളും ഭീകരരുമാണ്, ഇസ്‌ലാം തന്നെ ഭീകരതയാണ്. ഇസ്‌ലാമിക സംസ്‌കാരം കൂമ്പടഞ്ഞതാണെന്നും ഖുര്‍ആന്‍ ഹിറ്റ്‌ലറുടെ മെയ്ന്‍ കാഫിനോട് തുല്യപ്പെടുത്താവുന്നതാണെന്നും മില്യന്‍ കണക്കിന് യൂറോപ്പ്യന്‍ മുസ്‌ലിംകളെ നാടുകടത്തണമെന്നും അവരുടെ എമിഗ്രേഷന്‍ തടയണമെന്നും ആക്രോശിക്കുന്ന ഗീര്‍ട്ട് വില്‍ഡേഴ്‌സ് നേതൃത്വം നല്‍കുന്ന നെതര്‍ലന്‍ഡിലെ ഫ്രീഡം പാര്‍ട്ടി, 2010 ഒക്‌ടോബര്‍ തെരഞ്ഞെടുപ്പില്‍ 150ല്‍ 24 സീറ്റുകള്‍ പിടിച്ചെടുത്ത് കിംഗ് മേക്കറുടെ റോളിലാണ്.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam obama speaking
മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ

പല അമേരിക്കന്‍ സംസ്ഥാനങ്ങളിലും ശരീഅത്ത് നിയമങ്ങളെ മുന്‍കൂട്ടിത്തന്നെ അസാധുവാക്കുന്ന നിയമനിര്‍മ്മാണം നടന്നു കഴിഞ്ഞിരിക്കുന്നു. ശരീഅത്ത് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മുസ്‌ലിംകള്‍ ആസൂത്രിതമായി പ്രവൃത്തിക്കുന്നു എന്ന ഭാവനാപരമായ ആക്ഷേപമുയര്‍ത്തിയാണ് ഈ നിയമ നിർമ്മാണം. മുസ്‌ലിംകളോട് രൂപസാദൃശ്യമുള്ളവര്‍ പോലും സെപ്തംബര്‍ 11ന് ശേഷം അക്രമങ്ങള്‍ ക്കിരയാവുന്നു.

ആധുനിക വംശീയതയുടെ ഏറ്റവും മുര്‍ത്തരൂപമായി ഇസ്‌ലാമോഫോബിയയെ അനിന്ത്യ ഭട്ടാചാര്യ വിശേഷിപ്പിച്ചു. ഖുര്‍ആന്‍ വിശുദ്ധ യുദ്ധത്തിന്റെ മാര്‍ഗരേഖയാണെന്നും മസ്ജിദുകള്‍ ഭീകരരുടെ പോറ്റുകേന്ദ്രങ്ങളാണെന്നും ‘തകിയ്യ”എന്ന തന്ത്രത്തിലൂടെ നുണപറയല്‍ ശീലമാക്കിയവരാണെന്നുമാണ് പ്രചാരണം. സ്വന്തം ജീവന് ആപല്‍ ഭീഷണി വന്നാല്‍, തികഞ്ഞ നിസഹായാവസ്ഥയില്‍ മാത്രം, വിശ്വാസം മറച്ചുവെക്കാമെന്ന് മാത്രമേ ഖുര്‍ആനികമായി സിദ്ധിക്കുന്നുള്ളൂ.

ഒരു ജനത ഒന്നാകെ ഏകശിലാഖണ്ഡമാംവിധം മാറ്റമില്ലാത്തതും അപരിഷ്‌കൃതവും ആധുനിക വിരുദ്ധവും ശാത്രവവും ഭീഷണവും സംഘട്ടനാത്മകവും തീവ്രവാദപരവും പുരുഷാധിപത്യപരവും സ്ത്രീ വിരുദ്ധവും പിന്നാക്കപ്രവണത നൈസര്‍ഗികമായി വഹിക്കുന്നതും സര്‍വ്വാധിപത്യപരവുമായി ഇകഴ്ത്തുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനോഘടകം വംശവെറിയുടേത് തന്നെയാണ്. സാങ്കല്‍പ്പികമായ ശരീഅത്ത് ഭീതിയും ഗൂഢതന്ത്രത്തിലൂടെ നുഴഞ്ഞുകയറി ലോകം ഭരിക്കാന്‍ ഇസ്‌ലാം ആസൂത്രണം നടത്തുന്നുവെന്ന ഭയവും ഉല്‍പ്പാദിപ്പിക്കുകയാണ് തീവ്ര വലതുപക്ഷ നിയോകോണ്‍ സയണിസ്റ്റ് കോര്‍പ്പറേറ്റ് ശക്തികള്‍.

ജൂത ഉടമസ്ഥതയിലുള്ള ബിസിനസിന് കാവൽ നിൽക്കുന്ന നാസി പട്ടാളക്കാർ. സ്റ്റോർ വിൻഡോയിലെ ഗ്രാഫിറ്റി പറയുന്നതിങ്ങനെ, “ജൂത പന്നികൾ, നിങ്ങളുടെ കൈകൾ ചീഞ്ഞ് പോകട്ടെ”

ഇതിന്റെയൊക്കെ ഫലമായി തൊഴിലിടങ്ങളില്‍ മാത്രമല്ല വിമാനയാത്രകളില്‍ പോലും ശക്തമായ വിവേചനങ്ങളാണ് ആഗോളതലത്തില്‍ മുസ്‌ലിംകള്‍ നേരിടുന്നത്. ‘ഫൈ്‌ളയിംഗ് വെയ്ല്‍ അറബ്”എന്ന പ്രയോഗം പോലും ഇതേ തുടര്‍ന്ന് സാധാരണമായി. 2001ല്‍ മാത്രം 1022 പരാതികളാണ് ഈയിനത്തില്‍ ലഭിച്ചതെന്ന് വാഷിംങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

താഴെ പറയുന്ന വ്യത്യസ്തമായ ഏതാനും സംഭവങ്ങള്‍ പരിശോധിക്കുക:

  1. യേശുക്രിസ്തുവിനെ ജൂതപാരമ്പര്യത്തില്‍ നിന്ന് വിമുക്തമാക്കി ആര്യ വംശജനാക്കാനായിരുന്നു ഹിറ്റ്‌ലറുടെ ശ്രമം. ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റുകാരുടെ 30ശതമാനവും (60ലക്ഷത്തോളം പേര്‍) ഫ്യൂററെ (ഹിറ്റ്‌ലറുടെ അപരനാമം) നമ്മുടെ കാലത്തെ ദൈവത്തിന്റെ പ്രതിപുരുഷനായി’കരുതിയിരുന്നു.
  2. അസീറിയന്‍ അധിനിവേശത്തിന് ശേഷം ഗലീലിയില്‍ ആര്യന്‍ ജെന്റൈല്‍ വംശക്കാരാണ് ബി.സി 8-ാം നൂറ്റാണ്ടുമുതല്‍ വസിച്ചിരുന്നതെന്നും അതുകൊണ്ട് തന്നെ യേശു ജൂതനല്ലായിരുന്നുവെന്നുമാണ് നാസി പക്ഷപാതികളായ ദൈവ ശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ചിരുന്നത്.
  1. വടക്കുകിഴക്കന്‍ ഇന്ത്യയിലെ മണിപ്പൂര്‍, മിസോറം സംസ്ഥാനങ്ങളില്‍ നിന്നുള്ള 7200ല്‍ പരം ജൂതര്‍ക്ക് ഇസ്രയേലിലേക്ക് കുടിയേറാന്‍ 2011ല്‍ അനുമതി നല്‍കി. അസീറിയന്‍ അധിനിവേശകാലത്ത് 27 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇസ്രയേല്‍ വിട്ടുപോയ 10 ഗോത്രങ്ങളിലൊന്നാണ് മിസോറമിലും മണിപ്പൂരിലുമുള്ള മനശെ വിഭാഗമെന്ന് കരുതപ്പെടുന്നു. ഇവരുടെ തിരിച്ചുവരവിനെ ജറുസലെമിലെ ഇവാഞ്ചലിക്കല്‍ ക്രൈസ്തവ ഗ്രൂപ്പുകള്‍ ആഹ്ലാദത്തോടെയാണ് കണ്ടത്.
  2. പോപ്പ് പിയൂസ് 12-ാമന്‍ 1941 ജൂലൈ 30ല്‍ നടത്തിയ പ്രസ്താവനയില്‍ ഹിറ്റ്‌ലറുടെ യുദ്ധം യൂറോപ്യന്‍ സംസ്‌കാരത്തെ പ്രതിരോധിക്കാനുള്ള വിശുദ്ധ യുദ്ധമാണെന്ന് ന്യായീകരിച്ചു.
  3. 1939 ല്‍ സംഘ്പരിവാര്‍ അമരക്കാരന്‍ ഗുരു ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചു: ‘ജര്‍മ്മന്‍ ദേശീയഭിമാനം ഇന്നിന്റെ പ്രധാന വിഷയമായിരിക്കുന്നു. ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും വിശുദ്ധി നിലനിര്‍ത്താന്‍ ജര്‍മ്മനി സെമിറ്റിക് വംശമായ ജൂതരെ ഒഴിവാക്കാനുള്ള തീരുമാനത്തോടെ ലോകത്തെ ഞെട്ടിച്ചു.

ജര്‍മ്മനിയില്‍ നടന്ന ജൂത മര്‍ദ്ദനം ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ ആവര്‍ത്തിച്ചു. അവരെ ഹിന്ദു രാഷ്ട്രത്തെ സമ്പൂര്‍ണമായി കീഴ്‌പ്പെടുന്നവരാക്കി മാറ്റാനും പൗരത്വം പോലും നിഷേധിക്കാനും തുറന്നാഹ്വാനം ചെയ്തു.

മുസ്ലിം പള്ളികൾ നിർമിക്കുന്നതിന് എതിരിൽ ഓസ്‌ത്രേലിയയിൽ നടന്ന പ്രതിഷേധം

ഭിന്നങ്ങളായ ഈ സംഭവങ്ങളില്‍ ഓളം വെട്ടുന്നത് ‘വംശീയത’എന്ന സങ്കല്പമാണ്. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ജനത ഒരു വംശീയ വിഭാഗമാണെന്നും അവര്‍ ഒരു പ്രത്യേക രാഷ്ട്രത്തിലേക്ക് ഒഴുകിയെത്തേണ്ടവരാണെന്നുമുള്ള വിശ്വാസമാണ് ഇവാഞ്ചലിക്കല്‍ സയണിസത്തെയും ജൂതസയണിസത്തെയും നയിക്കുന്നതെങ്കില്‍ ഒരൂ പ്രത്യേക മതവിശ്വാസത്തില്‍പെട്ടവര്‍ അഭിശക്തരും അക്രമികളും ആയതുകൊണ്ട് അവരെ സമൂഹത്തില്‍ നിന്ന് വിമുക്തമാക്കി നിര്‍ത്തലാണ് ആദര്‍ശാത്മകമെന്ന് സങ്കല്‍പിച്ചുകൊണ്ട് അവര്‍ക്കെതിരെ കടുത്ത വിവേചനങ്ങളും അതിക്രമങ്ങളും നടത്തേണ്ടത് ദൈവേഛയാണെന്നും ആന്റിസെമിറ്റിസം വിധിക്കുന്നു. ആന്റിസെമിറ്റിസം എന്ന വംശീയവാദം ജൂതവിഭാഗത്തെ ഇകഴ്ത്തുകയും അവരുടെ മേല്‍ കരിമുദ്ര ചാര്‍ത്തുകയും അവരെ ചേരികളിലേക്ക് തള്ളിയിടുകയും ചെയ്തു. സമൂഹത്തിലെ അപചയങ്ങളുടെയൊക്കെ നിദാനം ജൂതരാണെന്ന് ആന്റിസെമിറ്റിസം ആരോപിച്ചു.

യൂറോപ്പില്‍ ശക്തിപ്പെട്ടുവന്ന ഫാഷിസം ഈ ആശയത്തെ ഭീതിജനകമാം വിധം രൂക്ഷമാക്കിക്കൊണ്ട് ജര്‍മ്മനിയില്‍ ന്യൂറംബര്‍ഗ് നിയമങ്ങള്‍ മെനഞ്ഞെടുത്തു. ഔദ്യോഗികമായ അംഗീകാരത്തോടെ ജൂതമര്‍ദ്ദനവും പീഢനവും വ്യാപകമാക്കി. പതിനായിരക്കണക്കിന് നിരപരാധികള്‍ കുരുതിക്കിരയായി. യൂറോപ്പില്‍ ഒരു സഹസ്രാബ്ദത്തിലേറെ നീണ്ടുനിന്ന ഈ പ്രവണത നാസി ഭരണകാലത്ത് അതിന്റ പാരമ്യത്തിലെത്തി. ഹിറ്റ്‌ലറുടെ നിഷ്ഠൂരതകള്‍ക്ക് പിന്തുണ നല്‍കിയ പോപ്പിന്റെ നയം കത്തോലിക്കാ സഭയുടെ ചരിത്രത്തിലുടനീളം കാണുന്ന ആന്റിസെമിറ്റിസത്തെയാണ് എടുത്തുകാട്ടുന്നത്. എല്ലാ ക്രൂരതകളും അവര്‍ അര്‍ഹിച്ചിരുന്നതാണെന്ന പ്രചാരണം അതീവശക്തമായിരുന്നു. ജൂതരനുഭവിച്ച എല്ലാ ദൈന്യതകളും ദൈവഹിതമാണെന്ന് വിശദീകരിക്കപ്പെട്ടു. അതിക്രമകാരികള്‍ ധീര-വീര പരാക്രമികളായി കൊണ്ടാടപ്പെട്ടു.

ഈ ചരിത്രാനുഭവത്തിന്റെ തനിയാവര്‍ത്തനമാണ് ഇസ്‌ലാമോഫോബിയ. ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ പ്രചാരണയുദ്ധത്തിന്റെ രൂക്ഷതയാണ് 1991ല്‍ ഇസ്‌ലാമോഫോബിയ എന്ന പദം നിര്‍മ്മിക്കാന്‍ സാമൂഹ്യശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്. ജനിച്ച മണ്ണും നാടും വിനഷ്ടമായി അഭയാര്‍ത്ഥികളാക്കപ്പെട്ട ലക്ഷക്കണക്കിന് വരുന്ന പലസ്തീന്‍ ജനതക്കുമേല്‍ 1990വരെ ഭീകരന്മാര്‍ എന്ന കരിയടയാളം വിരളമായി മാത്രമേ പതിഞ്ഞിരുന്നുള്ളു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പലസ്തീന്‍കാര്‍ ‘പോരാളികള്‍”തന്നെയായിരുന്നു. എന്നാല്‍ 1990ല്‍ സോവ്യറ്റ് യൂനിയന്‍ എന്ന ശാക്തികച്ചേരി അന്യം നിന്ന് പോവുകയും ശാക്തികബന്ധങ്ങള്‍ യു.എസ് സാമ്രജ്യത്വത്തിനനുകൂലമായി മാറുകയും അവയെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം ക്രൈസ്തവ-ജൂത സയണിസമായി മാറുകയും ചെയ്ത പശ്ചാത്തലത്തില്‍ പലസ്തീനികള്‍ നടത്തുന്ന ദുർബലമായ ചെറുത്തുനില്‍പുകള്‍പോലും ഭീകര പ്രവര്‍ത്തനമായി സമീകരിക്കപ്പെടുകയായിരുന്നു. മിസൈലുകളേയും അത്യുജ്ജ്വലങ്ങളായ പോര്‍ വിമാനങ്ങളേയും കവചിത ടാങ്കുകളേയും കല്ലുകൊണ്ട് നേരിടുന്ന പലസ്തീന്‍ കുട്ടി ഭീകരവാദിയാകുന്ന അട്ടിമറിനടക്കുന്നത് എത്ര ലാഘവത്തോടെയാണ്!.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam palestine kids
ഇസ്രായേൽ ടാങ്കിനു നേരെ കല്ലെറിയുന്ന പലസ്തീൻ ബാലൻ

ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്നത്തിന്റെ ഉത്തരവാദിത്തവും പീഡിതർക്ക് തന്നെയാണെന്ന ഒരു നീതീകരണഭാഷ്യം ചരിത്രാതീത കാലം മുതലേ ആക്രമി ചമക്കാറുണ്ട്. മിക്ക മുസ്ലിം വിരുദ്ധ ആരോപണങ്ങളും ഇത്തരത്തിലുള്ളവയാണ്. വ്യാജപ്രചാരണത്തിലൂടെ യാഥാർഥ്യത്തിന്റെ പ്രതീതി സൃഷ്ടിക്കാനാകുമെന്നത്തിന്റെ ഉദാഹരണങ്ങളിൽ ഒന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമ മുസ്ലിം ആണെന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലെ മൂന്നിലൊന്ന് വിശ്വസിക്കുന്നുവെന്നത്.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ അപരവൽക്കരിക്കാനുള്ള കരിമുദ്രയായി ‘മുസ്‌ലിം’ ആരോപണം റിപ്പബ്ലിക്കൻ പാർട്ടി നിരന്തരം ഉയർത്തുകയായിരുന്നു. ആവർത്തിച്ച നുണ വലിയ വിഭാഗം യുഎസ് ജനത വിശ്വസിക്കുകയായിരുന്നു.വാർത്തകളുടെ റിപ്പോർട്ടിങ്ങിൽ അദൃശ്യമായ തലത്തിൽ വെറുപ്പ് പ്രകടമാകുന്നു. ഇതാണ് ഒരു ജനതയെ വെറുക്കാൻ ജനതയെ അബോധതലത്തിൽ പ്രേരിപ്പിക്കുന്നത്. നല്ലവൻ എന്ന് തെളിയിക്കപ്പെടുന്നത് വരെ എല്ലാ മുസ്‌ലിംകളും ചീത്തയാണെന്ന് സങ്കൽപ്പിച്ചുകൊണ്ടാകും മീഡിയ റിപ്പോർട്ടിങ്.

ഉദാഹരണത്തിന് സ്റ്റീഫൻ പാസക്ക് എന്ന 62 കാരൻ അമേരിക്കയിലെ ലാസ്‌ വേഗസിൽ 58 പേരെ കൊന്നു ജീവനൊടുക്കിയ സംഭവം മലയാള മനോരമ ഇവ്വിധം റിപ്പോർട്ട്‌ ചെയ്തു: “ഭീകരബന്ധം ഇത് വരെ കണ്ടെത്തിയിട്ടില്ലെന്ന് യുഎസ് അന്വേഷണ ഏജൻസിയായ FBI വ്യക്തമാക്കി.” 58 പേരെ കൊന്നത് എന്ത്കൊണ്ട് ഭീകരസംഭവമല്ല. മുസ്ലിം ബന്ധം കണ്ടെത്തിയില്ല എന്നത് മാത്രമാകും FBI, മനോരമ എന്നിവയെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്!

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam norway attack mosque
നോർവേ വെടിവെപ്പ് നടന്ന അൽ നൂർ ഇസ്ലാമിക് സെന്റർ

നോര്‍വേ ഭീകരാക്രമണത്തിന്റെ പിന്നാമ്പുറം

2011 ജൂലൈ 22ന് ആന്‍ഡേഴ്‌സ് ബെഹറിംഗ് ബ്രെവിക് എന്ന ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റ് നടത്തിയ കൂട്ടക്കുരുതിയില്‍ 77 നിരപരാധികളെ വധിച്ചത്. ആസൂത്രിതമായി വളര്‍ന്നുവരുന്ന മുസ്‌ലിം വിദ്വേഷത്തിന്റെ പ്രകാശനം കൂടിയായിരുന്നു അത്. സ്വന്തം ഗുരുക്കളായി യൂറോപ്യന്‍–ഇന്ത്യന്‍ ഫാഷിസ്റ്റുകളെയും യുഎസ് ഇസ്‌ലാമോഫോബോകളെയുമാണ് അയാള്‍ കണ്ടത്. സവര്‍കര്‍, ഗോള്‍വാള്‍ക്കര്‍, കൊന്റാഡ് എല്‍സ്റ്റ്, രാം സ്വരൂപ്, സീതാറാം ഗോയല്‍, ഡേവിഡ് ഫ്രോളി എന്നീ ഹിന്ദുത്വ ഫാഷിസ്റ്റുകളും ഡാനിയേല്‍ പൈപ്‌സ്, റോബര്‍ട്ട് സ്‌പെന്‍സര്‍, പമേലാ ഗെല്ലര്‍, ഡേവിഡ് ഹോറോവിറ്റ്‌സ്, ഗീര്‍ട്ട് വൈല്‍ഡേഴ്‌സ്, അലിസീനാ എന്നീ ഇസ്‌ലാമോഫോബുകളും ബ്രെവിക്കിന് ഹീറോകളാണ്. തന്റെ 1518 പേജ് വരുന്ന ‘2083: യൂറോപ്പ്യന്‍ സ്വതന്ത്ര്യ പ്രഖ്യാപനം’ എന്ന രചനക്ക് വേണ്ടിയുള്ള പ്രചാരണ തന്ത്രത്തിന്റെ ഭാഗമായാണ് നോര്‍വെയിലെ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ബ്രെവിക്കിന് പ്രേരണയായത്. അയാള്‍ പ്രതീക്ഷിച്ചതുപോലെ നിരവധി വെബ്‌സൈറ്റുകള്‍ പ്രസ്തുത കൃതി ഏറ്റെടുത്തു പ്രസിദ്ധീകരിച്ചു.

മറ്റെല്ലായിടത്തുമെന്നതുപോലെ മുസ്‌ലിം ഭീകരതയാണ് യൂറോപ്പിലുള്ളതെന്ന ധാരണ വ്യാപകമാണ്. ബ്രെവിക്കിന്റെ രചനയിലും ത്രസിച്ചുനില്‍ക്കുന്ന മുഖ്യമായ ആശയം ഇത് തന്നെയാണ്. എന്നാല്‍ ഇത് അടിമുടി അബദ്ധമാണ് എന്ന് 2007, 2008, 2009 വര്‍ഷങ്ങളിലെ യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സിയായ യൂറോപോള്‍ 2010ല്‍ പ്രസിദ്ധീകരിച്ച കണക്കുകളെ ഉദ്ധരിച്ച് വിഖ്യാത ചിന്തകന്‍ മുകുള്‍ കേശവന്‍ തെളിയിക്കുന്നു. ബ്രിട്ടനൊഴിച്ചുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ 2007ല്‍ നടന്ന 551 ഭീകരാക്രമണ പദ്ധതികളില്‍ 2 എണ്ണം മാത്രമാണ് മുസ്‌ലിം തീവ്രവാദികളുടേത്. 2008ലെ 441 ഭീകരാക്രമണത്തില്‍ ഒരെണ്ണംപോലും മുസ്‌ലിംകളുടെ വകയായില്ല. 2009ല്‍ നടന്ന 294 ഭീകരാക്രമണങ്ങളില്‍ ഒരെണ്ണം മാത്രമാണ് മുസ്‌ലിം നാമധാരി നടത്തിയത്. ഈ കണക്കുകള്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചതാണെന്നും മുകുള്‍ കേശവന്‍ ഓര്‍മപ്പെടുത്തുന്നു. എന്നിട്ടും നോര്‍വയില്‍ കനത്ത ഭീകരാക്രമണം നടന്ന ഉടന്‍ വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവ മുസ്‌ലിംകളുമായി ബന്ധപ്പെട്ട കഥകളുണ്ടാക്കിയതായും മുകുള്‍ കേശവന്‍ ചൂണ്ടിക്കാട്ടുന്നു. അന്‍സാര്‍ അല്‍ ജിഹാദ് അല്‍ ആലമി, നോര്‍വെ കൊലകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തതായും ന്യൂയോര്‍ക്ക് ടൈംസ് വേണ്ടത്ര തെളിവില്ലാതെ അവകാശപ്പെട്ടിരുന്നുവെന്നും ഓര്‍ക്കുക. ജെനിഫര്‍ റൂബിന്‍, ദി പോസ്റ്റില്‍ എഴുതിയ ലേഖനത്തിലും ഈ ആരോപണം ആവര്‍ത്തിച്ചിരുന്നു.

മുസ്‌ലിംകളെക്കൂടി ഉള്‍കൊള്ളുന്ന ബഹുസ്വര സാംസ്‌കാരികതയെ പിന്തുണച്ചു എന്നതാണ് വധിക്കപ്പെട്ടവരുടെ അപരാധമായി ബ്രെവിക്ക് കണ്ടത്. അമേരിക്കയിലെയും ഇസ്രായേലിലെയും പല മുഖ്യധാരാ പത്രങ്ങളും കൂട്ടക്കുരുതിയെ അപലപിച്ചു കൊണ്ട് തന്നെ അയാളുടെ ആശങ്കകള്‍ ഗൗരവമായെടുക്കാന്‍ ആഹ്വാനം ചെയതിരുന്നു. സയണിസ്റ്റ്–ഹിന്ദുത്വ–നാസീ അനുകൂലവും ഇസ്‌ലാം–കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായ വീക്ഷണങ്ങള്‍ കലവറയില്ലാതെ ബ്രെവിക്ക് പ്രഖ്യാപിക്കുന്നു. സയണിസ്റ്റ് കാപാലികരുടെ ഇരകളായി നിരാലംബരായിത്തീര്‍ന്ന ദശലക്ഷക്കണക്കിന് വരുന്ന പലസ്തീനികളെ ഭീകരര്‍ എന്ന് വിളിക്കാന്‍ നവ നാസിയായ ബ്രെവിക്കിന് അശേഷം ശങ്കയില്ല. നമ്മുടെ സാംസ്‌കാരിക അര്‍ധസോദരനായ ഇസ്രയേലിന് പിന്തുണ നല്‍കേണ്ടതുണ്ടെന്ന് അയാള്‍ അലറുന്നു. മുസ്‌ലിംകളും ബഹുസ്വര സംസ്‌കൃതിയും അപകടകരമാണെന്ന് പ്രഖ്യാപിക്കുന്ന ബ്രെവിക്ക് 359 പ്രാവശ്യമാണ് ഇസ്രയേലിന്റെ മഹത്വം പ്രഘോഷിക്കുന്നത്. ഖുര്‍ആന്‍ നിരോധിക്കാന്‍ ബ്രെവിക്ക് തുറന്നാഹ്വാനം നല്‍കുന്നു.

bylines malayalam bylines malayalam magazine bylines malayalam publication bylines.in bylines byline byline malayalam bylines malayalam bylines.in malayalam byline.in malayalam bylines kerala byline kerala byline malayalam bylines malayalam caa nrc protests
ഇന്ത്യയിൽ നടക്കുന്ന CAA-NRC പ്രക്ഷോഭം

ഹിന്ദുകുഷ്’ എന്ന പദത്തിന്റെ അര്‍ത്ഥം ‘ഹിന്ദുക്കളുടെ കൂട്ടകൊല’ ആണെന്ന ഫാഷിസ്റ്റ് മിത്ത് ഏറെ പ്രാധാന്യത്തോടെയും സുസ്ഥാപിത ചരിത്രയാഥാര്‍ത്ഥ്യം എന്ന നിലക്കുമാണ് പ്രതിപാദിച്ചിരിക്കുന്നത്. യൂറോപ്പ് മുസ്‌ലിം കുടിയേറ്റം നിരോധിക്കണമെന്നാണ് ബ്രെവിക്കിന്റെ പ്രധാന ആവശ്യം. എല്ലാ എത്‌നിക് സംസ്‌കാരങ്ങളും തുല്യമാണെങ്കില്‍ കറുത്ത ആഫ്രിക്കക്കാരും ആഫ്രോ കരീബിയക്കാരും പാകിസ്താനികളും ഇന്ത്യക്കാരും ചൈനക്കാരും തങ്ങളുടെ ജന്‍മഗേഹം വിട്ട് പടിഞ്ഞാറന്‍ നാടുകളില്‍ കൂട്ടമായി കുടിയേറുന്നതെന്തിന് എന്നയാള്‍ ചോദിക്കുന്നു. എല്ലാവരും തുല്യരാണെങ്കില്‍ ലോകത്തുള്ള വെള്ളക്കാരല്ലാത്ത ജനത, പടിഞ്ഞാറന്‍ ജനതയുടെ സ്റ്റൈല്‍ അനുകരിക്കുന്നതെന്തിന്? പാശ്ചാത്യ വംശീയതയുടെ എല്ലാ ബീഭല്‍സതകളും ബ്രെവിക്കില്‍ ആവാഹിച്ചിരിക്കുന്നു. നിരപരാധികള്‍ക്ക് നേരെ അയാള്‍ വെടിയുതിര്‍ത്തതില്‍ അല്‍ഭുതമില്ല.

ക്രൈസ്തവതയെ വിശ്വാസപരമായിട്ടല്ല സാമൂഹിക സാംസ്‌കാരിക സ്വത്വവും ധാര്‍മ്മിക പ്ലാറ്റ്‌ഫോമും മാത്രമായാണ് താന്‍ സ്വീകരിക്കുന്നത് എന്നും ഇത് തന്നെ ക്രൈസ്തവനാക്കുന്നുവെന്നും ബ്രെവിക്ക് തുറന്നടിക്കുന്നു. തിയഡോര്‍ ഹെര്‍സല്‍ ഈയര്‍ത്ഥത്തില്‍ ജൂതമതത്തെ സ്വീകരിച്ചപ്പോള്‍, മുഹമ്മദലി ജിന്ന ഇതേ അര്‍ത്ഥത്തില്‍ ഇസ്‌ലാമിനെയും വീര്‍ സാവര്‍ക്കര്‍ ഇതേ അര്‍ത്ഥത്തില്‍ ഹൈന്ദവതയെയും സ്വീകരിച്ചുവെന്നും ഓര്‍ക്കുക. വര്‍ഗീയ വാദികള്‍ തമ്മിലുള്ള സാധര്‍മ്യം ആരേയും അമ്പരപ്പിക്കുന്നതാണ്.

ഇസ്ലാമോഫോബിയ: വംശീയ-വര്‍ഗീയ വിദ്വേഷത്തിന്റെ വേരുകള്‍

ഭൂരിപക്ഷ  ക്രിസ്ത്യൻ വായനക്കാരുള്ള  ഒരു പത്രത്തിൽ ഒരു മുസ്‌ലിം എഴുതുക എന്നത് തന്നെ മതാന്തര സംഭാഷണങ്ങളുടെ പ്രാധാന്യത്തെയും മൂല്യത്തെയും കുറിക്കുന്നു. നിരന്തരം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, നമ്മുടെ  വിശ്വാസ വൈജാത്യങ്ങൾ പരസ്പരബന്ധത്തിന്റെയും ഇടപഴകലുകളുടെയും മാനദണ്ഡമാകാതിരിക്കുക എന്നത് അത്യാവശ്യമാണ്. മറ്റു മതങ്ങളെപ്പറ്റി അജ്ഞരായിരിക്കാൻ നമുക് നിർവാഹമില്ല. എന്റേത്  മാത്രമാണ് പ്രധാനം, അപരനില്ല, എന്ന് അവകാശപ്പെട്ടുകൊണ്ട് മതത്തിന്റെ വക്താവാകാൻ കഴിയില്ല.

വൈജാത്യങ്ങളിൽ ശ്രേഷ്ഠതയും അന്തസ്സുമുണ്ടെന്നു നാം മനസ്സിലാക്കണം. നമ്മളിൽ നിന്ന് വ്യത്യസ്തരായവരെ ബഹുമാനിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക എന്നത് നമ്മുടെ തന്നെ വിശ്വാസത്തിന്റെ ഭാഗമാക്കണം. മതാന്തര സംഭാഷണങ്ങളുടെ അടിസ്ഥാന പ്രമാണം ആണിത്. വിഭിന്നങ്ങളായ വിശ്വാസ സംസ്കാരങ്ങളെ പറ്റിയുള്ള പഠനമാണത്. വിവിധങ്ങളായ മതങ്ങളോടും സംസ്കാരങ്ങളോടും ലോകവീക്ഷണങ്ങളോടും സാഹോദര്യത്തോടെ സഹവർത്തിക്കുക എന്നതാണ് മതാന്തര സംഭാഷണങ്ങളുടെ കാതൽ.

ക്രിയാത്മക ജനാധിപത്യത്തിന്റെ താക്കോലാണു മതാന്തര സംഭാഷണങ്ങൾ. ഇതര മതസ്ഥരെ അവരുടെ വിശ്വാസങ്ങളുടെ പേരിൽ അരികുവൽക്കരിക്കാതിരിക്കുക എന്നത് സുപ്രധാനമാണ്. വിവിധ മതവിശ്വാസികൾ തമ്മിൽ മുൻധാരണകളില്ലാതെയും ശത്രുതയില്ലാതെയും തുറന്ന മനസ്സോടെ സംഭാഷണത്തിലേർപ്പെടുക എന്നതാണ് മതാന്തര സംഭാഷണങ്ങളുടെ അടിസ്ഥാനം. മതങ്ങൾ തമ്മിലുള്ള വീക്ഷണവ്യത്യാസങ്ങളെയും അഭിപ്രായഭിന്നതകളെയും പരിഹരിക്കുക എന്നതല്ല മതാന്തര സംഭാഷണങ്ങളുടെ ലക്ഷ്യം. മറിച്ച് എല്ലാമതവിശ്വാസങ്ങളെയും വിലമതിക്കുക എന്നതാണ്.

bylines malayalam magazine publication bylines.in  bylines bylines.in byline malayalam bylines malayalam debates image post

വിശ്വാസഭിന്നത  പുരോഗതിക്കായി ഒരുമിച്ചു പ്രവർത്തിക്കുന്നതിൽ തടസ്സമാകാവതല്ല. പരസ്പരധാരണയുടെ പാലം ആകാശത്ത് നിന്നിറങ്ങിവരില്ല, ഭൂമിയിൽ നിന്നുയർന്നു വരികയുമില്ല. ആരോഗ്യപരമായ സംഭാഷണങ്ങളിലൂടെയാണ് ഈ പാലം നിർമ്മിക്കേണ്ടത്. മതവൈവിധ്യങ്ങളുടെ ജനാധിപത്യപരമായ ഇടങ്ങൾക്ക് വിവിധ മതവിശ്വാസികൾക്കിടയിലുള്ള വിടവിന്റെ വ്യാപ്തി കുറക്കാനും അവർക്കിടയിൽ സ്നേഹവും സൗഹൃദവും വളർത്താനും സാധിക്കും.

ആയിരത്തി നാനൂറു വര്ഷങ്ങള്ക്കു മുന്നേ പ്രവാചക ജീവിതത്തിൽ നിന്നാണ് ഇതര മതവിശ്വാസികളുമായുള്ള സൗഹാർദ്ധപരമായ സഹവർത്തിത്വത്തിന്റെ പാഠങ്ങൾ മുസ്‌ലിംകൾ ഉൾക്കൊള്ളുന്നത്. മദീന കേന്ദ്രമായി പ്രവാചകൻ ഒരു രാഷ്ട്രം സ്ഥാപിക്കുമ്പോൾ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ജൂതരോടും ബഹുദൈവ വിശ്വാസികളോടുമൊപ്പം  മുസ്‌ലിംകൾ സമാധാനപരമായി ജീവിച്ചിരുന്നു. ക്രിസ്ത്യാനികൾ അന്ന് മദീനയിൽ ഉണ്ടായിരുന്നില്ല. ലോകത്തിലെ ആദ്യത്തെ ഭരണഘടന എന്നറിയപ്പെടുന്ന മദീന ചാർട്ടർ പ്രവാചകൻ മുഹമ്മദ് നടപ്പിലാക്കി. മുസ്‌ലിംകൾക്കും അമുസ്‌ലിംകൾക്കും ഒരുപോലെ വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഒന്നായിരുന്നു മദീന ചാർട്ടർ. എല്ലാവര്ക്കും നീതിയും തുല്യാവകാശങ്ങളും മദീന ചാർട്ടർ ഉറപ്പുവരുത്തി. രാജ്യനിവാസികൾ ഒരുമിച്ചുനിന്നു വൈദേശികാക്രമങ്ങളെ ചെറുക്കാനും നന്മ കല്പിക്കാനും തിന്മ വിരോധിക്കാനും ആവശ്യപ്പെട്ടുള്ള ഒന്നായിരുന്നു അത്.

നമ്മുടേത് ഒരു ബഹുസംസ്കാര, ബഹുമത സമൂഹമാണ്. ഈ ബഹുത്വങ്ങളുടെ സമൂഹത്തെ ഒരുമിച്ചു നിർത്തുന്ന പശയാണ്  മതാന്തര സംഭാഷണങ്ങൾ. വൈവിധ്യങ്ങളിലൂടെ നീന്തിത്തുടിക്കുമ്പോൾ, അപരനെ ശ്വാസം മുട്ടിക്കുന്നതിനു പകരം, അവരോടൊപ്പം നീന്താൻ നമുക്കാവണം. നമ്മുടെ തന്നെ വിശ്വാസങ്ങളുടെ ആഴത്തിലെത്തി ചേരാൻ, അപരന്റെ വിശ്വാസങ്ങളെ പറ്റിയുള്ള പഠനം സഹായിക്കും. ഒരു മതത്തെ അപായപ്പെടുത്തുന്നത് എല്ലാ മതങ്ങളെയും അപായപ്പെടുത്തുന്നതിനു തുല്യമാണെന്നും, അത് നമ്മെ ദൈവപാതയിൽ നിന്ന് വ്യതിചലിപ്പിക്കുമെന്നും വിസ്മരിക്കാവതല്ല. ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ പരിപോഷിപ്പിക്കുന്നതിനും,നമ്മിൽ സ്നേഹവും ദയയും കാരുണ്യവും നിറക്കുന്നതിനും  ഇതരരുടെ വിശ്വാസങ്ങളെ സംബന്ധിച്ചുള്ള ഉൾക്കാഴ്ച സഹായകരമായേക്കാം.

ഭിന്നതകൾക്കപ്പുറം ഒരുമിച്ചുജീവിക്കാൻ നമുക് സാധിക്കേണ്ടതുണ്ട്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് മറ്റുള്ളവരെ അന്ധമായി അവഗണിച്ച് ആർക്കും ഒറ്റക്ക് ജീവിക്കാൻ സാധിക്കില്ല. ക്രിയാത്മക സംവാദങ്ങളിലും സംഭാഷണങ്ങളിലും ഏർപ്പെട്ടുകൊണ്ട്, വരും തലമുറക്ക് മതിലുകൾക്ക് പകരം പാലങ്ങൾ പണിയുന്നത്തിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത നമുക്കുണ്ട്. സ്വന്തം വിശ്വാസപ്രമാണങ്ങളിൽ അഭിമാനിക്കുന്നതോടൊപ്പം അപരന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ സാധിക്കുന്ന ഒരു തലമുറ വളർന്നുവരേണ്ടത് അനിവാര്യമാണ്.

(ഡോ റൂഹുൽ അമീൻ മൊണ്ടാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫെസ്സറും ബോസെമൻ ഇസ്ലാമിക് സെന്റർ പ്രെസിഡന്റുമാണ്.)

കടപ്പാട്: http://bozemandailychronicle.com/

‘നാം ജീവിക്കുന്നത് മാറ്റത്തിന്റെ യുഗത്തിലല്ല, മറിച്ചു യുഗത്തിന്റെ മാറ്റത്തിലാണ്’ എന്ന് പോപ്പ് ഫ്രാൻസിസ് പറയുകയുണ്ടായി. ചരിത്രത്തിന്റെ വളരെ നിര്ണ്ണായകമായ കാലമാണ് കോവിഡ് 19 നമുക്ക് നൽകിയത്. നിലവിലെ പ്രതിസന്ധിയും വേദനകളും യാതനകളും നാശങ്ങളും പുതിയൊരു കാലഘട്ടത്തിന്റെ പേറ്റുനോവാണ്. വേര്‍പെട്ടു പോകുന്ന ദൈവങ്ങളുടെ കാലൊച്ചകൾ നമുക്കു പിന്നിൽ കേൾക്കാനാവുന്നുണ്ട്, അവർക്കു പകരമായി കടന്നുവരുന്ന ദേവഗണങ്ങളുടെ കാൽപ്പാടുകൾ നമുക്കുമുന്നിൽ വ്യക്തമല്ലെങ്കിലും.

ഈ കാലാന്തരത്തിന്റെ ആഘാതം നേരിടേണ്ടിവരുന്നത് മതങ്ങൾക്കാണ്. മതങ്ങൾ ഭൂതകാലത്തിൽ നിലനിൽക്കുന്നു എന്നതാണ് അതിന് കാരണം. എല്ലാ മതങ്ങളും സവിശേഷങ്ങളായ ആത്മീയ പാരമ്പര്യത്തിന്റെ അവകാശികളാണെന്നു സ്വയം അവകാശപ്പെടുന്നു. അവയെ അടഞ്ഞ സംവിധാനങ്ങളായി നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ചുറ്റുമുള്ള ലോകം തിരിച്ചറിയാൻ കഴിയാത്തവിധം മാറിയിട്ടുണ്ടെങ്കിലും, അക്ഷരങ്ങളെയും അതിന്റെ കൊള്ളരുതായ്മകളെയും മതം തീക്ഷ്ണതയോടെ ചേർത്തുപിടിക്കുന്നു. തൽഫലമായി, മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് മതങ്ങൾ അധഃപതനത്തിന്റെ ഒളിത്താവളങ്ങളായി തുടരുന്നു.

മതങ്ങൾ വിശ്വാസത്തിനു നൽകുന്ന മേൽക്കോയ്മ മൂലം സംഭവിക്കുന്ന ഒന്നാണിത്. മതത്തിൽ വിശ്വാസം യുക്തിയുടെ നിരാകരണമായി വർത്തിക്കുന്നു. തീർച്ചയായും ഇത് ദൈവവിശ്വാസം ആകില്ലെന്നുറപ്പാണ്. കാരണം ദൈവം എന്നത് പരമമായ യുക്തിയാകുന്നു. കേവല മതവിശ്വാസങ്ങളോ മതങ്ങളുടെ അജണ്ടകളോടുള്ള വിശ്വാസമോ അല്ല ഈശ്വരവിശ്വാസം.

bylines malayalam magazine publication bylines.in bylines byline byline malayalam bylines hindutwa rss

മതവിശ്വാസത്തിന്റെ പുറംമോടി ഉപയോഗിച്ച് മനുഷ്യനിലെ ദൈവീക ഗുണങ്ങളായ സത്യം, ധർമം, നീതി, സ്നേഹം, കാരുണ്യം എന്നിവയെ അടിച്ചമർത്തുന്നു. ഇത് വേദസത്തക്ക് എതിരാണ്. അതിനാൽ തന്നെ വേദഗ്രന്ഥങ്ങളുടെ വെളിച്ചം വിശ്വാസികളിൽ എത്തുന്നതിനു മതങ്ങൾ തടസ്സമായി മാറുന്നു. ചരിത്രപരമായി  പൗരോഹിത്യമാണ് ദൈവഗുണങ്ങൾക്ക് മേൽ വിശ്വാസത്തിന്റെ കരിമ്പടം ചാർത്തിയത്. തന്മൂലം ദൈവത്തെ സിംഹാസനഭ്രഷ്ടനാക്കിയതും മതപൗരോഹിത്യമാണ്.

വിശ്വാസത്തെയും മതസ്ഥാപനങ്ങളെയും ദുരുപയോഗപ്പെടുത്തികൊണ്ടും, വിശ്വാസത്തിന്റെ സംസ്കാരത്തെ കളങ്കപ്പെടുത്തിയും പൗരോഹിത്യം, മതത്തിന്റെ കേന്ദ്രസ്ഥാനത്ത് നിന്ന് ദൈവത്തെ ഉന്മൂലനം ചെയ്യുകയും, പകരമെവിടെ ആരാധനാലയങ്ങൾ പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതിന്റെ യുക്തിരാഹിത്യത്തെ മറച്ചുവെക്കാൻ പൗരോഹിത്യം ദൈവസങ്കല്പത്തെ വളച്ചൊടിച്ചു. തത്ഫലമായി  സർവ്വ വ്യാപിയായ ദൈവം, പൗരോഹിത്യത്തിന്റെ കുടിലതകൾക്കു മെരുങ്ങി കീഴൊതുങ്ങിയ ഒന്നായി മാറുകയും ചെയ്തു. മനുഷ്യരെ ഭിന്നിപ്പിച്ചുനിർത്തുന്നതിൽ കൂട്ടുപ്രതിയാവുകയും, സാമുദായിക/ വർഗ്ഗീയ വിഷം വമിപ്പിക്കുന്നത്തിന്റെ കാരണമാവുകയും ചെയ്തു.

“സ്നേഹത്തിന്റെ ദൈവം വെറുപ്പിന്റെ ദൈവമായി രൂപാന്തരപ്പെട്ടു. സത്യത്തിന്റെ ദൈവം അസത്യത്തിന്റെ വക്താവായി മാറി. വെളിച്ചത്തിന്റെ ദൈവം, ഇരുട്ടിന്റെ ശക്തിയായി.”

ഈ മനുഷ്യത്വരഹിതമായ മതഭ്രാന്തിൽ നിന്ന് നമ്മെ വിമോചിപ്പിക്കാൻ അവതരിച്ചതാണ് കോവിഡ് 19 എന്ന് തോന്നുന്നു. കാരണം, ഈ വൈറസ് നമ്മുടെ ക്ഷേത്രങ്ങളോടും പള്ളികളോടും മസ്ജിദുകളോടുമുള്ള ആസക്തികൾക്ക് വിരാമമിട്ടു. മതപൗരോഹിത്യത്തിനു വിറളിപിടിക്കുന്നുണ്ടെങ്കിലും, പൊതുജനങ്ങൾ ഈ ആരാധനാകേന്ദ്രങ്ങളുടെയും അവിടം വാണരുളുന്ന പൗരോഹിത്യപ്രഭുക്കളുടെയും നിരർത്ഥകതയെപ്പറ്റി ബോധവാന്മാരാവാൻ കൊറോണ വൈറസ് കാരണമായി. ഇത്തരത്തിലുള്ള മതാത്മകത ജനനന്മക്കു വേണ്ടിയല്ല, മറിച്ച് മതസ്ഥാപനങ്ങളെ പരിപോഷിപ്പിക്കാൻ ജനങ്ങളെ ചൂഷണം ചെയ്ത് കൊണ്ടിരുന്ന സംവിധാനങ്ങളായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുന്നുണ്ട്.

bylines malayalam magazine publication bylines.in bylines byline byline malayalam bylines religions emblem

വിശ്വവിശാലമായ സ്നേഹത്തിന് വിരുദ്ധമായി വിശ്വാസം അതീവ സങ്കുചിതമായാണ് പ്രവർത്തിക്കുന്നത്. വിശ്വാസം മതവിഭാഗങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ്. സ്വന്തം മതത്തോടുള്ള അന്ധമായ അഭിനിവേശം അപരന്റെ മതത്തോടുള്ള വെറുപ്പായി മാറുന്നു. ഇതിനെയാണ് പൗരോഹിത്യം മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ പാലൂട്ടി വളർത്തുന്നത്. കോവിഡാനന്തരവും തങ്ങളുടെ അഗണ്ടകൾ നടപ്പിലാക്കാൻ പൗരോഹിത്യം ശ്രമിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ മാനവികതയുടെ നിലനിൽപ്പും മനുഷ്യരാശിയുടെ നന്മയും മുൻനിർത്തി ഇക്കൂട്ടരെ തടയേണ്ടതുണ്ട്. പുതിയ കാലം ഇത്തരത്തിൽ ഒരു നവീന ആത്മീയ ഉൾക്കാഴ്ച തേടുന്നുണ്ട്.

ദൈവിക ഗുണങ്ങളായ സ്നേഹം, സത്യം, നീതി, കരുണ, ഇവയെ തെര്യപ്പെടുത്തുന്ന ആത്മീയഉൾക്കാഴ്ച തുടങ്ങിയവ പൗരോഹിത്യത്തിന് യാതൊരു പ്രയോജനവുമില്ലാത്തവയാണ് . പൗരോഹിത്യ താൽപര്യങ്ങൾക്കു വിരുദ്ധമായ മൂല്യങ്ങളുമാണിവ. പുതിയ ലോകത്തിനു ഭൂതകാലത്തെ അധോഗമനത്തിന്റെ പാതയിൽ വർത്തിക്കാനാവില്ല. മതങ്ങളല്ല, ആത്മീയതയാണ്, നവലോകത്തിന്റെ ആവശ്യം.

കൊറോണ വൈറസ് എല്ലാത്തരത്തിലും പൗരോഹിത്യമതത്തിന്റെ അടിത്തറതോണ്ടുന്നുണ്ട്. അമ്പലങ്ങളും, മസ്ജിദുകളും, ചർച്ചകളും അടഞ്ഞ് കിടക്കുന്നു. മിക്കയാളുകൾക്കും അതിൽ നഷ്ടബോധവുമില്ല. പവിത്രസ്ഥാനങ്ങളിൽ പണക്കിലുക്കം കേൾക്കാതായത് ദൈവങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നുമില്ല. മതവും രാഷ്ട്രീയവും തമ്മിലുള്ള ബാന്ധവം മരവിച്ച അവസ്ഥയിലുമാണ്. കോവിഡാനന്തരമുള്ള മതം പൗരോഹിത്യ മുക്തവും ആരാധനാകേന്ദ്രങ്ങളുടെ ഭാരം പേറാത്തതുമാവണം. ആചാരങ്ങളിൽ നിന്നും, പ്രമാണങ്ങളിൽ നിന്നും, പൗരോഹിത്യത്തിന്റെ ചൂഷണങ്ങളിൽ നിന്നും മോചിതമായ  ആരാധനാരീതി പരിപോഷിപ്പിക്കുന്ന ജീവിതമാവണം ഇനി. ശരീരത്തിന് ശ്വസനം പോലെയാകണം ആത്മാവിന് ആരാധന. ശ്വസിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലാത്തതുപോലെ ആരാധനക്കും ഇടനിലക്കാർ ആവശ്യമില്ല.

bylines malayalam magazine publication bylines.in bylines byline byline malayalam bylines peace religiosity

മോക്ഷത്തിൽ നിന്ന് സാമൂഹ്യനീതിയിലേക്കും, ഭക്തിയിൽ നിന്ന് സമാധാനത്തിലേക്കും, ആചാരങ്ങളിൽ നിന്ന് മനുഷ്യ പുരോഗതിയിലേക്കും, വിഭാഗീയ വിശ്വാസങ്ങളിൽ നിന്ന് വിശ്വമാനവികതയിലേക്കും സ്നേഹത്തിലേക്കും ശ്രദ്ധ തിരിയേണ്ടതുണ്ട്. ആത്യന്തികമായി യാതൊരു പക്ഷപാതിത്വവുമില്ലാത്ത നീതിയുടെ ദൈവത്തെ തിരിച്ചറിയാൻ പാകത്തിൽ ജനങ്ങൾ പൗരോഹിത്യമതങ്ങളിൽ നിന്ന് സ്വാതന്ത്ര്യം നേടുകയും വേണം.

(2020 ജൂൺ 30 നു ഇന്ത്യൻ എക്സ്പ്രസിൽ സ്വാമി അഗ്നിവേശും, വത്സൻ തമ്പുവും ചേർന്നെഴുതിയ ലേഖനത്തിന്റെ വിവർത്തനമാണ് മുകളിൽ. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിന്റെ മുൻ പ്രിൻസിപ്പൽ ആയിരുന്നു വത്സൻ തമ്പു.)

bylines malayalam magazine publication bylines.in bylines byline byline malayalam bylines swami agnivesh

വേദപണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് 2020 സെപ്തംബർ 11 ന് നിര്യാതനായി. ഹിന്ദുത്വ ഫാഷിസത്തിനെതിരിലെ നിലക്കാത്ത ശബ്ദമായിരുന്ന സ്വാമി അഗ്നിവേശിന്റെ, സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും വിയോഗ ദുഃഖത്തിൽ BYLINES ഉം പങ്ക് ചേരുന്നു.

ഏകദൈവ പാരമ്പര്യങ്ങളില്‍, പ്രത്യേകിച്ച് യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയ്ക്കിടയിലെ ഏകോപനത്തിന്റെ കണ്ണിയെന്ന നിലയില്‍ ഊന്നല്‍ നല്‍കപ്പെട്ടിരുന്നത് അബ്രഹാം പ്രവാചകനായിരുന്നു. ഈ വിഷയത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട അക്കാദമിക പ്രാധാന്യമുള്ള ഒരു പുസ്തകമാണ് എഫ്. ഇ. പീറ്റേഴ്‌സ് എഴുതിയ ‘ദി ചില്‍ഡ്രന്‍ ഓഫ് എബ്രഹാം: ജൂദായിസം, ക്രിസ്ത്യാനിറ്റി, ഇസ്ലാം’. ഭിന്നിച്ചു നില്‍ക്കുന്ന വിവിധ മതപാരമ്പര്യങ്ങള്‍ ഒരു ഏകത്തിന്റെ ഭാഗമാണെന്നു അദ്ദേഹം മനസ്സിലാക്കുകയും, അവയ്ക്കിടയില്‍ രഞ്ജിപ്പിന്റെ തലങ്ങള്‍ പുറത്തു കൊണ്ടുവരുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ഈ പുസ്തകത്തില്‍. ഇതിന്റെ ആമുഖത്തില്‍ അദ്ദേഹം എഴുതുന്നു, ‘യഹൂദമതം, ഇസ്ലാം, ക്രിസ്തുമതം എന്നിവയെല്ലാം ഒരേ പിതാവില്‍ നിന്ന് ജനിച്ചതും അബ്രഹാമിന്റെ മടിയില്‍ വളര്‍ത്തപ്പെട്ടവരുമാണ്. മിഡില്‍ഈസ്റ്റിലെ സമ്പന്നമായ ആത്മീയാന്തരീക്ഷത്തില്‍ വളര്‍ന്ന ഈ മതങ്ങള്‍ തങ്ങളുടെ ജീവിതകാലമത്രയും സഹവർത്തിത്വത്തോടു കൂടി കഴിഞ്ഞു കൂടിയെങ്കിലും, ഇപ്പോൾ തങ്ങളുടെ വളർച്ചയുടെ പൂർണ്ണതയിൽ അവ ഭിന്നിച്ചു നില്‍ക്കുകയും, തങ്ങളുടെ ഇടയിലെ സാമ്യവ്യത്യാസങ്ങളെ അത്ഭുതത്തോടെയും, അവിശ്വാസത്തോടെയും, അവജ്ഞയോടെയും കാണുകയും ചെയ്യുന്നു’. ഈ മതവിഭാഗങ്ങളുടെ ഉല്പത്തിവേരുകള്‍ ഒന്നാണെന്ന വസ്തുതയെ മുന്‍നിര്‍ത്തി, ഈ മതങ്ങളുടെ അനുയായികളേക്കാള്‍, പീറ്റേഴ്‌സ് അവയ്ക്കിടയില്‍ ഭിന്നതകളേക്കാള്‍ സമാനതകള്‍ കാണുന്നു.

പുസ്തകത്തിന്റെ അവതാരികയില്‍ ജോണ്‍ എസ്‌പോസിറ്റോ നിരീക്ഷിക്കുന്നത് 9/11 ന് ശേഷമുള്ള ആഗോളരാഷ്ട്രീയത്തില്‍, മതങ്ങള്‍, പ്രത്യേകിച്ചും സെമിറ്റിക് മതങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം നിര്‍ണായകമായ പങ്കുവഹിക്കുന്നു എന്നതാണ്. ‘അബ്രഹാം സന്തതികളെ സംബന്ധിച്ചെടുത്തോളം 9/11 നു ശേഷമുള്ള കാലഘട്ടം, തങ്ങള്‍ക്കിടയിലെ സമാനതകളെയും, മൂല്യങ്ങളെയും മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യുക എന്നത് വളരെ നിര്‍ണായകമായ ഒന്നാണ്. ഇത് മതപരമായ ബഹുസ്വരതയുടെയും മതങ്ങള്‍ക്കിടയിലെ ഊഷ്മളമായ പരസ്പരബന്ധങ്ങളുടെയും മാത്രം കാര്യമല്ല, മറിച്ചു അന്താരാഷ്ട്ര നയതന്ത്രബന്ധങ്ങളുടെ കൂടെ കാര്യമാണ്’ എന്നദ്ദേഹം എഴുതുന്നു.

9/11 ന് ശേഷമുള്ള ഏകോപനത്തിന്റെ ഈ പ്രാരംഭശ്രമം പക്ഷെ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കപ്പെട്ടത്. അതിന്റെ ഒരു പ്രധാന കാരണം, അബ്രഹാമിനെ ഒരു ഏകീകൃത കണ്ണിയായി കാണുന്നതില്‍ പരാജയപ്പെട്ടു എന്നതാണ്. മാത്രമല്ല ‘അബ്രഹാമിക് കുടുംബം’ എന്ന ആശയം അംഗീകരിക്കപ്പെടുകയും ചെയ്തില്ല. തന്റെ ‘Inheriting Abraham: The Legacy Of The Patriarch In Judaism, Christianity and Islam’ എന്ന പുസ്തകത്തില്‍, ജോണ്‍ ഡി. ലെവന്‍സണ്‍, അബ്രഹാം ഒരു കുലപതിയെന്ന നിലയില്‍ എങ്ങിനെ ജൂത-ക്രൈസ്തവ-മുസ്‌ലിം പാരമ്പര്യങ്ങളെ ഏകോപിപ്പിക്കുന്നു എന്നത് വിശകലനം ചെയുന്നുണ്ട്. ഈ മൂന്ന് മതങ്ങളോടും പൊതുവായി ഒരുപോലെ ഉത്തരവാദിത്തമുള്ള ഒരു നിഷ്പക്ഷനായ അബ്രാഹാമിനെ തേടുന്നതിന് പകരം, നമുക്കു കൂടുതല്‍ ഉപകാരപ്പെടുക, ഇവ തമ്മിലുള്ള അതിഗഹനമായ സമാനതകളും അത്രതന്നെ ഗഹനമായ ഭിന്നിപ്പും ഉടലെടുക്കാനുള്ള കാരണങ്ങളെ കണ്ടെത്തുകയും, ഈ സമാന ഭിന്നതകള്‍ എന്തുകൊണ്ട് അതുപോലെ തുടരുന്നു എന്ന് മനസിലാക്കലുമാണ് എന്നദ്ദേഹം എഴുതുന്നു. ഈ മതങ്ങളൊക്കെയും അബ്രഹാമിനെ ഒരുപോലെ പങ്കിട്ടെടുക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തെ മനസ്സിലാക്കുന്നത് വ്യത്യസ്ഥ രീതിയിലാണ്. ഓരോരുത്തരും തങ്ങളുടെ സ്വന്തം മതത്തിന്റെ കണ്ണാടിയിലൂടെ അദ്ദേഹത്തെ വായിച്ചെടുക്കുന്നു എന്ന് ലെവന്‍സന്‍ വളരെ ധൈര്യസമേതം പ്രസ്താവിക്കുന്നുണ്ട്. അബ്രഹാമിനുചുറ്റും ഓരോരുത്തരും ഒരു ‘പുതിയ മതം’ സൃഷ്ടിക്കുന്നതിനുപകരം, അദ്ദേഹത്തില്‍ നിന്നുടലെടുത്ത വിവിധ മതപാരമ്പര്യങ്ങള്‍ തങ്ങള്‍ തമ്മിലുള്ള സാമ്യതകളും വ്യത്യാസങ്ങളും കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും, എന്തുകൊണ്ട് ഈ വ്യത്യാസങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു എന്ന് മനസ്സിലാക്കുകയും വേണ്ടതുണ്ട്.

അബ്രഹാമിനെക്കാള്‍ അനുഗുണ മറിയമോ?

മരിയനിസ്‌റ് പഠനങ്ങളില്‍ അടുത്തകാലത്തായി ഉണര്‍വുണ്ടാവുകയും, ക്രിസ്ത്യന്‍മുസ്ലിം വിഭാഗങ്ങളെ കൂട്ടിയോജിപ്പിക്കുന്ന കണ്ണിയായി മറിയമിനെ കാണാന്‍ തുടങ്ങുകയും ചെയ്യുന്നുണ്ട്. ‘Mary in the Quran: A Literary Reading’ എന്ന തന്റെ പുസ്തകത്തില്‍, ഹുസ്ന്‍ അബൂദ് വിശുദ്ധഖുര്‍ആനിലെ മര്‍യം അധ്യായത്തെ കാണുന്നത് മര്‍യമിന്റെ കഥയായാണ്. പ്രസ്തുത അധ്യായത്തില്‍ യേശുവിന്റെ ജനനത്തെപറ്റി പ്രതിപാദിക്കുന്നുണ്ടെങ്കിലും, പ്രാഥമികമായി, മര്‍യമിന്റെ ചരിത്രമാണതിലെ കേന്ദ്രവിഷയമെന്നവര്‍ സമര്‍ത്ഥിക്കുന്നു. ഈ അധ്യായത്തില്‍ മറിയമിന്റെ പരിപ്രേക്ഷ്യത്തിലെ കഥാഖ്യാനമുണ്ട്. മക്കയിലെ പ്രവാചകന്‍ മുഹമ്മദ്‌നബിയുടെ ജീവിതവുമായി ഖുര്‍ആനിലെ മര്‍യമിന് സമാനതകളുള്ളതായി അവര്‍ സമര്‍ത്ഥിക്കുന്നു. മക്കന്‍ സൂറത്തുകള്‍ ഈസനബിയേക്കാള്‍ മര്‍യമിന്റെ ജീവിതത്തെയാണ് കൂടുതല്‍ പ്രതിപാദിക്കുന്നത് എന്നാണ് ഖുര്‍ആനിലെ ക്രിസ്തുമതം എന്ന ഡേവിഡ് മാര്‍ഷലിന്റെ രചനയെ ആസ്പദമാക്കി അബൂദ് പ്രസ്താപിക്കുന്നത്.

മുഹമ്മദ്‌നബിയുടെ മക്കിജീവിതത്തില്‍ മറിയം ഒരു ആദര്‍ശമാതൃകയാണെന്നവര്‍ എഴുതുന്നു. മറിയമിനെ ഒരു മാലാഖ സമീപിച്ചതും സമൂഹം അവളെ പുറന്തള്ളുന്നതും അപവാദം പറഞ്ഞതും വിശപ്പും ഭയവും അരക്ഷിതാവസ്ഥയും അനുഭവിച്ചതും എന്നാല്‍ ഒടുവില്‍ യേശുവിന്റെ വാക്കുകളിലൂടെ ദൈവം മര്‍യമിനെ ആരോപണമുക്തയാക്കുന്നതും എങ്ങനെയെന്ന് ഈ ഖുര്‍ആന്‍ അധ്യായത്തില്‍ ചര്‍ച്ചചെയ്യുന്നു. അതുപോലെ, മുഹമ്മദിനെ ഗബ്രിയേല്‍ സമീപിച്ചു, അദ്ദേഹത്തിന്റെ ആളുകള്‍ നിരസിക്കുകയും അപവാദം പറയുകയും എന്നാല്‍ ഒടുവില്‍ ഖുര്‍ആനിലൂടെ ദൈവം ന്യായം തെളിയിക്കുകയും ചെയ്തു.

അബൂദിനെ സംബന്ധിച്ചിടത്തോളം, അറേബ്യന്‍ പശ്ചാത്തലത്തിലും മുഹമ്മദിന്റെ ജീവിതത്തിലും, അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഖദീജയെ പോലുള്ള ശക്തരായ സ്ത്രീകളുണ്ടായിരുന്നതിനാല്‍ അത്തരമൊരു ബന്ധം, പ്രത്യേകിച്ച് ഒരു സ്ത്രീയോടുള്ള പുരുഷന്റെ ബന്ധം ‘വലിച്ചു നീട്ടിയ’ ഒന്നല്ല. അവരുടെ വീക്ഷണത്തില്‍, യേശുവിനേക്കാള്‍ കൂടുതല്‍ മറിയമില്‍ മുഹമ്മദ് സ്വന്തത്തെ തിരിച്ചറിഞ്ഞു.മക്കന്‍ അധ്യായങ്ങളില്‍ മര്‍യമിനോളം യേശു പ്രതിപാദിക്കപ്പെടുന്നില്ല എന്ന വസ്തുത ഈ വാദത്തിനു ബലം നല്‍കുന്നുണ്ട്. മറിയമും മുഹമ്മദും ‘പരിശുദ്ധ വാക്യത്തെ’ വഹിച്ചു; മറിയമിന്റെ കാര്യത്തില്‍ അത് യേശുവായിരുന്നു, മുഹമ്മദിനെ സംബന്ധിച്ചെടുത്തോളം അത് ഖുര്‍ആന്‍ ആയിരുന്നു.

നോസ്ട്ര എറ്റേറ്റ് സമകാലീന ലോകവും മര്‍യമും:

‘Christian, Muslims And Mary: A History’ എന്നൊരു സുപ്രധാന പുസ്തകം റീത ജോര്‍ജ് ട്വര്‍ട്‌കോവിച് എഴുതിയിട്ടുണ്ട്. ക്രിസ്ത്യാനികളെയും മുസ്ലിംകളെയും മറിയം എങ്ങിനെ വിഭജിക്കുന്നുവെന്നും, അതേസമയം അവരെ എങ്ങനെ കൂട്ടിയോജിപ്പിക്കുന്നു എന്നതിന്റെയും ഒരു സംക്ഷിപ്ത ചരിത്രമാണ് ഈ കൃതി. സമകാലീനങ്ങളില്‍ , പ്രശസ്തമായ വത്തിക്കാന്‍ കക രേഖയായ ‘നോസ്ട്ര എറ്റേറ്റ്’ ഇസ്ലാമുമായി ബന്ധപ്പെട്ടു മേരിയുടെ പേരും സ്മരിക്കുന്നതിനെ പറ്റി ട്വര്‍ട്‌കോവിച് രേഖപ്പെടുത്തുന്നു. അബ്രഹാമിനെയും യേശുവിനെയും പരാമര്‍ശിച്ചതിനും ശേഷം ഈ രേഖയില്‍, മുസ്ലിംകള്‍ മര്‍യമിനെ അത്യധികം ബഹുമാനാദരങ്ങളോടെയാണ് അനുസ്മരിക്കുന്നത് എന്നും എഴുതിയിട്ടുണ്ട്. മുസ്ലിംകള്‍ തങ്ങളുടെ ദേശങ്ങളില്‍ മര്‍യമിനെ വളരെയധികം ബഹുമാനിക്കുന്നുവെന്ന് കണ്ട ക്രിസ്ത്യന്‍ മിഷനറിമാരുടെ അനുഭവങ്ങളുടെ പ്രതിഫലനമാണ് ഈ പ്രസ്താവം . തുര്‍ക്കിയിലെ മെറിയം അന എവി ദേവാലയത്തിന്റെ നിര്‍മ്മിതിയും ജോര്‍ജ്ജ്ട്വര്‍ട്ട്‌കോവിച്ച് പരിശോധിക്കുന്നു. ഈ ദേവാലയം ഇന്ന് പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഇടമാണ്. ഇവിടെ ഒരു മുറിയില്‍ ക്രിസ്തുമതവിശ്വാസികള്‍ക്കായി ഒരു ബലിപീഠവും മറിയയുടെ പ്രതിമയും ഉള്ളപ്പോള്‍, മറ്റൊരു മുറി മുസ്ലിംകള്‍ക്കായി മര്‍യമിനെ കുറിച്ചുള്ള ഖുര്‍ആന്‍ സൂക്തങ്ങളാല്‍ അലംകൃതമാണ്. ഇസ്ലാമോഫോബിയയെ തുരത്തുന്നതിലും മറിയം ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. പ്രത്യേകിച്ചും പാശ്ചാത്യര്‍ക്കിടയില്‍, മര്‍യമിന്റെ ശിരോവസ്ത്രം മുസ്ലിംസ്ത്രീകളുടേതിന് തുല്യമാണെന്ന് പല മുസ്ലിംസംഘടനകളും ചൂണ്ടിക്കാണിക്കുന്നു.

മതാന്തര സംവാദങ്ങളിലും എക്യുമെനിക്കല്‍ ബന്ധങ്ങളിലും മറിയമിന്റെ പങ്കിനെ പറ്റിയുള്ള പ്രായോഗിക ഉദാഹരണങ്ങളുമായാണ് ജോര്‍ജ്ജ്ട്വര്‍ട്ട്‌കോവിച്ച് പുസ്തകം അവസാനിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഗബ്രിയേലിനെ ശ്രവിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ആ സന്ദേശത്തിലെ നന്മ സ്വീകരിക്കുകയും ചെയ്യുന്നത് പോലെ മേരി / മറിയം ഇന്ന് സമകാലിക ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കും ഇന്റര്‍ഫെയ്ത്ത് ഡയലോഗില്‍ ഒരു മാതൃകയാകാം. പരസ്പരം ശ്രവിക്കുന്നതിലും അപരനിലെ നന്മ സ്വീകരിക്കുന്നതിലും മറിയയുടെ നേതൃത്വം പിന്തുടരാം. ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലെ ബന്ധത്തില്‍ ബഹുമുഖ സാധ്യതയുള്ള പാലമാണ് മേരി / മറിയം എന്നും ജോര്‍ജ്ജ്ട്വാര്‍ട്ട്‌കോവിച്ച് നിഗമനം ചെയ്യുന്നു, എന്നാല്‍ വിശ്വാസികള്‍ മറിയമിനെ അത്തരത്തില്‍ സ്വീകരിക്കാന്‍ തയ്യാറാവുമ്പോള്‍ മാത്രമാണത്. ദൈവത്തിലോ വേദഗ്രന്ഥത്തിലോ അല്ല, മറിച്ചു വിശ്വാസികളുടെ ചുമലിലാണ് ഈബാന്ധവത്തിന്റെ ഭാരം നല്കപ്പെട്ടിട്ടുള്ളത്.

ചുരുക്കത്തില്‍, മാതൃത്വം, സ്ത്രീത്വം, സ്ത്രീയുടെ മതപരമായ അധികാരം തുടങ്ങിയ സ്ത്രീ പ്രശ്‌നങ്ങളെ ശ്രദ്ധാകേന്ദ്രമാക്കുന്നതിലൂടെ മറിയമിന്റെ വ്യക്തിത്വം ഈ വിഷയകമായി ഒരുപാട് പ്രയോജനപ്രദമാകുന്നുണ്ട്. അതിലുപരി, മറിയമിനു നല്‍കുന്ന ഊന്നല്‍ ക്രിസ്ത്യന്‍മുസ്ലിം മതങ്ങളില്‍ അബ്രഹാമിനും ഇസ്രായേല്‍ സന്തതികള്‍ക്കുമുള്ള പ്രാധാന്യത്തോടൊപ്പമുണ്ട്. ഈ രണ്ട് ലോകമതങ്ങള്‍ തമ്മിലുള്ള ബന്ധവും ഇവര്‍ക്കിടയില്‍ മര്‍യമിന്റെ സ്ഥാനവും വരുന്ന കാലങ്ങളില്‍ സുപ്രധാനമാണ് എന്നതാണ് വസ്തുത. ഒരു പ്യൂ റിസര്‍ച്ച് പോള്‍ അനുസരിച്ച്, 2050 ല്‍, ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും ആഗോള ജനസംഖ്യ ഏകദേശം ഒരുപോലെയാകും. യൂറോപ്പിലെ ജനസംഖ്യയുടെ പത്ത് ശതമാനവും, അമേരിക്കയിലെ ഏറ്റവും വലിയ മതന്യൂനപക്ഷവും മുസ്ലിംകള്‍ ആവുകയും ചെയ്യും. മതാനുയായികളുടെ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാനുപാതം, ഈ മതങ്ങളുടെ ബൗദ്ധീക പാരമ്പര്യങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്ന വ്യക്തികളിലേക്കു കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തുന്നതിന് പ്രേരകമാകേണ്ടതുണ്ട്. ഈ രണ്ടു വിശ്വാസപാരമ്പര്യങ്ങള്‍ തമ്മിലുള്ള ഐക്യം വളര്‍ത്തിയെടുക്കുന്നതിനു മര്‍യമിന്റെ വ്യക്തിത്വം സഹായകരമായേക്കാം.